Monday 04 July 2022 12:56 PM IST

‘ബലാത്സംഗത്തിന് ഇരയാകേണ്ടിയിരുന്ന എനിക്ക് കിട്ടുന്നതിനേക്കാൾ ‘മനുഷ്യാവകാശം’ അവനാണ് കിട്ടുന്നത്...’: ആലിസ് മഹാമുദ്ര പറയുന്നു

V.G. Nakul

Sub- Editor

alice-mahamudra1

കഴിഞ്ഞ മാസം എട്ടാം തീയതി ചിത്രകാരി ആലിസ് മഹാമുദ്ര ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പ് കേരളത്തിന്റെ പൊതുസമൂഹത്തെയാകെ ഞെട്ടിക്കുന്നതായിരുന്നു.

കോഴിക്കോട് കുന്നമംഗലത്ത്, രാത്രിയില്‍ താൻ ബലാത്സംഗ ശ്രമത്തിന് ഇരയായതിനെക്കുറിച്ചായിരുന്നു ആലിസിന്റെ കുറിപ്പ്. തലെന്നു രാത്രി 8.30 ന് കുന്നമംഗലത്ത് ബസ്സ് ഇറങ്ങി വീട്ടിലേയ്ക്ക് നടന്നു പോകുന്ന വഴിയിൽ ആലിസിനെ പിന്തുടർന്ന ചെറുപ്പക്കാരൻ ജങ്ഷൻ വിട്ട് ഇടവഴിയിലേയ്ക്ക് തിരിഞ്ഞതും സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്ത ഇടത്തെത്തിയപ്പോൾ ആക്രമിക്കുകയും റേപ്പ് ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.

‘റോഡിലിട്ടു വലിച്ചിഴച്ചു. അവനെ ഞാൻ ചവിട്ടിത്തെറിപ്പിച്ചലറി. എന്റെ അലർച്ചയിൽ ആളുകൾ ഓടി വരാൻ സാധ്യതയുള്ളതിനാൽ അവൻ ഓടി. ഞാൻ അവന്റെ പുറകെ അലറിക്കൊണ്ടോടി. മെയിൻ റോഡിൽ അവന്റെ പുറകെ ഓടി. അലർച്ച കേട്ടു ആളുകൾ ഓടിക്കൂടി. രണ്ടു കൊച്ചു പയ്യന്മാർ ബൈക്ക് എടുത്ത് അവന്റെ പുറകെ പാഞ്ഞു. അവനെ പിടിച്ചുകൊണ്ടു വന്നു’.– താന്‍ നേരിട്ട ആക്രമണത്തെക്കുറിച്ച് ആലിസ് കുറിച്ചതിങ്ങനെ...

പൊലീസിൽ ഏൽപ്പിച്ചെങ്കിലും പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നതായിരുന്നു കിട്ടിയ മറുപടി. അതോടെ എങ്ങനെയെങ്കിലും ആലിസിനെ ഈ കേസിൽ നിന്നു പിൻതിരിപ്പിക്കാനും പ്രതിയെ രക്ഷിക്കാനുമുള്ള ശ്രമങ്ങൾ പലനിലകളിൽ നിന്നുണ്ടായി. പലതരം സമ്മർദ്ദങ്ങൾ, പൊലീസിന്റെ മൗനം...പക്ഷേ, താൻ നേരിട്ട അപമാനത്തിനും വേദനയ്ക്കും ഒരു കോംപ്രമൈസും പരിഹാരമാകില്ലെന്ന് ഉറച്ചു നിൽക്കുകയാണ് ആലിസ്. കേസുമായി മുന്നോട്ട് പോകാനാണ് അവരുടെ തീരുമാനം. കോഴിക്കോട് വനിത സെല്ലിനാണ് ഇപ്പോൾ കേസിന്റെ അന്വേഷണച്ചുമതല.

‘‘താൻ നേരിട്ട ലൈംഗിക അതിക്രമത്തെക്കുറിച്ച് പറഞ്ഞ് പൊതുവിടത്തേക്ക് വരുന്ന ഒരു സ്ത്രീ നേരിടുന്ന സൈബർ അറ്റാക്ക് എന്റെ കാര്യത്തിൽ തീരെ കുറവായിരുന്നു. എന്തുകൊണ്ടാണെന്ന് അറിയില്ല. പക്ഷേ, സമാനമായ അനുഭവങ്ങൾ പറയുന്ന പലരും നേരിടുന്ന സൈബർ ബുള്ളിയിങ് ചെറുതൊന്നുമല്ല. അവരെ തകർത്ത് തരിപ്പണമാക്കിക്കളയും’’. – താൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് ആലിസ് വനിത ഓൺലൈനോട് പറഞ്ഞു തുടങ്ങിയതിങ്ങനെ.

‘‘സാമൂഹികമായ പല ഇടങ്ങളിൽ നിന്നും ഈ കേസുമായി ബന്ധപ്പെട്ട് പല കളികളും നടക്കുന്നുണ്ട്. ഒന്നാമത്, കുന്നമംഗലം എന്ന നാട്ടിൽ ഞാൻ അത്ര പരിചിതയല്ല. കോഴിക്കോട്ടേക്ക് വന്നിട്ട് മൂന്ന് വർഷമേ ആകുന്നുള്ളൂ. ഇവിടെ പൊതുവേ ഞാൻ നിശബ്ദയാണ്. തിരുവനന്തപുരത്ത് അങ്ങനെയായിരുന്നില്ല. കരുത്തുള്ള ഒരു പൊതുവിടം എനിക്ക് അവിടെ ഉണ്ടായിരുന്നു. നിരന്തരമായി സാഹൂമിക പ്രശ്നങ്ങളിൽ ഇടപെട്ടിരുന്നു. ഏകദേശം 15 വർഷത്തോളം ഞാൻ ജീവിച്ച ആ ജീവിതമാണ് എന്നെ കരുത്തയാക്കിയത്. ഒറ്റയ്ക്ക് ജീവിച്ചതിലൂടെ സ്വയം ആർജിച്ച കരുത്താണത്. ബലാത്സംഗ ശ്രമത്തിൽ നിന്നു രക്ഷപ്പെട്ടതും ആ ആർജവത്തിലൂടെയാണ്’’.– ആലിസ് തുടരുന്നു.

നിയമപാലത്തിന്റെ നിശബ്ദത

ഈ നാട്ടുകാർ ഇങ്ങനെ പ്രതികരിക്കുന്ന ഒരു സ്ത്രീയെ കണ്ടിട്ടില്ലെന്നതാകും യാഥാർഥ്യം. പ്രതിയുടെ പിന്നാലെ ഓടി അവനെ പിടികൂടാൻ ശ്രമിക്കുന്ന പെണ്ണ് അവർക്ക് പുതുമയാകാം. ഞാൻ അവരുടെ മുന്നിൽ പോയിരുന്ന് കരഞ്ഞിരുന്നെങ്കില്‍ ഉണ്ടായേക്കാവുന്നതല്ല, അലറിക്കൊണ്ട് അവന്റെ പിന്നാലെ ഓടിയപ്പോൾ ഉണ്ടായ ഇംപാക്ട്.

ഈ കേസിൽ എന്നെ പിന്തുണയ്ക്കുന്ന രീതിയിലായിരുന്നില്ല കുന്നമംഗലം പൊലീസിന്റെ ഇടപെടൽ. ആദ്യ പന്ത്രണ്ട് ദിവസത്തോളം എനിക്ക് അവരുമായി പോരാടേണ്ടി വന്നു. ഈ കേസിൽ നിന്ന് മാറാൻ പലവഴിക്കുണ്ടായ സമ്മർദ്ദം വളരെ വലുതായിരുന്നു. പൊലീസ് എന്നോട് എന്തെങ്കിലും സംസാരിക്കാന്‍ തയാറാകുന്നില്ലായിരുന്നു. അവർ പൂർണമായി നിശബ്ദരായി. അവർക്ക് ഇതിനെക്കുറിച്ച് ഒന്നുമറിയില്ല എന്ന ഭാവത്തിലായിരുന്നു.

മൈനർ കാർഡ്

അവൻ മൈനറാണെങ്കിൽ അതിന് കൃത്യമായ തെളിവ് വേണമല്ലോ. പക്ഷേ, അവനെ സ്റ്റേഷനിൽ എത്തിച്ചതു മുതൽ അവർ പ്രതി മൈനറാണെന്ന തരത്തിൽ പ്രചരണം തുടങ്ങി. മൈനർ ആണെങ്കിൽ തന്നെ അത്ര നേരത്തിനിടെ എങ്ങനെ തെളിയിക്കാൻ പറ്റും. ഞങ്ങള്‍ അവിടെ എത്തുമ്പോൾ തന്നെ അവർ മൈനർ കാർഡ് എടുത്തു പ്രയോഗിക്കുകയായിരുന്നു. ഇപ്പോൾ കുന്നമംഗംലം സ്റ്റേഷനില്‍ നിന്നു കേസ് വനിത സെല്ലിലേക്ക് മാറ്റി. അതിനു പിന്നിലും ശക്തമായ സമ്മർദ്ദം വേണ്ടിവന്നു.

ഒറ്റയ്ക്ക് നിൽക്കുന്ന പെണ്ണ്

ഒറ്റയ്ക്ക് നിൽക്കുന്ന പെണ്ണ് സമൂഹത്തിന് വലിയ പ്രശ്നമാണല്ലോ. അവരോടുള്ള സമീപനം മറ്റൊന്നാണ്. പ്രാദേശികമായി എനിക്ക് യാതൊരു പിന്തുണയും കിട്ടിയില്ല. അവർക്കൊക്കെ ഈ കേസ് എങ്ങനെയെങ്കിലും ഇല്ലാതാക്കണം എന്നാണ്. അപ്പോഴും ഒന്നു രണ്ടു മനുഷ്യർ എനിക്കൊപ്പം ഉറച്ചു നിന്നു.

എന്നെ സംബന്ധിച്ച് എന്നെ ആക്രമിച്ചവന്റെ പ്രായമോ, മതമോ, ജാതിയോ ഒന്നും പരിഗണിക്കേണ്ട ആവശ്യമില്ല: ഒരു ക്രിമിനൽ മാത്രമാണ്. കേസുമായി ഞാൻ ഏത് അറ്റം വരെയും പോകും.

ഞാൻ നിരന്തരം ഇതിനു വേണ്ടി പൊരുതിയിട്ടും ലഭിക്കുന്ന പ്രതികരണങ്ങൾ നിരാശാജനകമാണ്. പ്രതിയുടെ മനുഷ്യാവകാശം, പ്രതിയുടെ സ്റ്റാറ്റസ്, പ്രതിയുടെ മാനസികാവസ്ഥ ഇങ്ങനെ പ്രതിക്കു വേണ്ടിയുള്ള വാദങ്ങളാണ് കൂടുതൽ. ഇവരാരും ആക്രമിക്കപ്പെട്ട സ്ത്രീയുടെ നീതിയെക്കുറിച്ച് സംസാരിക്കുന്നില്ല. അതായത്, റേപ്പിന് ഇരയാകേണ്ടിയിരുന്ന എനിക്ക് കിട്ടുന്നതിനേക്കാൾ ‘മനുഷ്യാവകാശം’ അവനാണ് കിട്ടുന്നത്. എന്നോട് എല്ലാ വക്കീലൻമാരും പറയുന്നത്, കൂടിപ്പോയാൽ അവന് കിട്ടാവുന്നത് നല്ല നടപ്പ് ആണെന്നാണ്. അപ്പോൾ എന്റെ ചോദ്യം ഇതാണ്, ഞാൻ നേരിട്ട ആക്രമം എവിടെയാണ് റദ്ദ് ചെയ്യപ്പെടുന്നത് ?