Friday 05 November 2021 04:47 PM IST

ആ ‘ചുള്ളത്തിക്ക്’ വയസ് 50! ഈ മാറ്റത്തിനു പിന്നിലുണ്ട് വലിയൊരു സങ്കടകഥ: ‘സന്തൂർ മമ്മി’ അനിത പറയുന്നു

Binsha Muhammed

anitha-cover

ടീ ഷർട്ടും ജീൻസുമണിഞ്ഞ രണ്ട് സുന്ദരക്കുട്ടൻമാർക്കു നടുവിൽ നിന്ന ആ ‘ചുള്ളത്തിയെ’ കണ്ട് ചേച്ചിയാണോ എന്നാണ് സോഷ്യൽ മീഡിയ ആദ്യം ചോദിച്ചത്. യുവസുന്ദരൻമാരോട് കട്ടയ്ക്ക് പിടിച്ചു നിൽക്കുന്ന കക്ഷി ചേച്ചിയല്ലാതെ മറ്റാരും ആകാൻ വഴിയില്ലല്ലോ? ചോദ്യമാരാഞ്ഞെത്തിയവരോട് ഇതു ഞങ്ങളുടെ അമ്മയാണെന്ന് മൂത്തയാൾ റിതു പറഞ്ഞപ്പോഴാണ് കണ്ടു നിന്നവരുടെ കിളിപോയത്. 

‘അമ്മയോ... ഇതോ?’ എന്ന് വിശ്വാസം വരാതെ പിന്നെയും പിന്നെയും ചോദ്യമെറിഞ്ഞവരും ഏറെ. ഒടുവിൽ ആ ഫോട്ടോയിലെ ‘ചെറുപ്പക്കാരി’ക്ക് വയസ് 50 ആയെന്നും മുപ്പതും ഇരുപത്തിനാലും വയസുമുള്ള രണ്ട് ആൺമക്കളുടെ അമ്മയാണെന്നും കൂടിയാണെന്നറിഞ്ഞതോടെ പുതിയൊരു പേര് കൂടി സോഷ്യൽ മീ‍ഡിയ ചാർത്തിക്കൊടുത്തു. ‘സന്തൂർ മമ്മി...’ പ്രായത്തെ നാണിപ്പിക്കുന്ന ആ സ്റ്റൈലൻ ലുക്കിന്റെ ഉടമയെ മറ്റു ചിലരാകട്ടെ ‘ലേഡീ മമ്മൂട്ടിയെന്നും’ വിളിച്ചു. 

കൊല്ലം അഞ്ചാലുംമൂട് സ്വദശിയായ അനിത 50 കടന്ന് 51ന്റെ പടിവാതിലിലാണ്. പക്ഷേ സോഷ്യൽ മീഡിയയിലെ അവരുടെ സ്റ്റൈലൻ ലുക്ക് കണ്ടാൽ സങ്കൽപ്പങ്ങളിലെ ടൈം ട്രാവലറിൽ കയറി കക്ഷി യൗവനത്തിലേക്ക് തിരികെ ലാൻഡ് ചെയ്തതാണെന്ന് തോന്നും. സോഷ്യൽ മീഡിയ കണ്ണുവച്ച ഗ്ലാമറിന്റെ കഥയന്വേഷിച്ച് ‘വനിത ഓൺലൈൻ’ എത്തുമ്പോൾ നിഷ്ക്കളങ്കമായി അനിതയുടെ മറുപടിയിങ്ങനെ. 

‘ബാഹ്യസൗന്ദര്യത്തിലെന്തു കാര്യം? മനസു നന്നായാൽ ലുക്കൊക്കെ താനേ വരും.’

മേക്കോവർ നടത്തിയിട്ടില്ല, ബ്യൂട്ടി പാർലർ പരീക്ഷണങ്ങൾക്കും നിന്നു കൊടുത്തിട്ടില്ല. എന്നിട്ടും ഒരു സാധാരണ വീട്ടമ്മയെങ്ങനെ‘സന്തൂർ മമ്മിയായി.’അഞ്ചാലുംമൂട്ടിലെ തിരുമുറ്റം വീട്ടിലിരുന്ന് അനിത പറയുന്നു ആ വൈറൽ കഥ. 

പ്രായം മനസാണ് 

ഒരു പ്രായം ആയിക്കഴിഞ്ഞാ... ഒതുങ്ങണം. സ്ത്രീകളുടെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട. ചിലർ വയസായി, കോലം കെട്ടു എന്ന് പറഞ്ഞ് തങ്ങളിലേക്ക് തന്നെ ഒതുങ്ങും. സാഹചര്യം കൊണ്ട് ഒതുങ്ങിപ്പോകുന്നുമുണ്ട്. ഇവിടെയെന്നെ കൈപിടിച്ചു നടത്തുന്നത് എന്റെ മക്കളാണ്. മറ്റൊരാൾക്കു കൂടി നന്ദി പറയണം. എന്റെ ഇഷ്ടങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കും വില കൽപ്പിക്കുന്ന ഭർത്താവ്. ഇവരെല്ലാം കൂടിയാണ് എന്റെ ജീവിതത്തെ സന്തോഷപൂർണമാക്കുന്നത്.– അനിത പറഞ്ഞു തുടങ്ങുകയാണ്. 

കൊല്ലം അഞ്ചാലുംമൂടാണ് ഞങ്ങളുടെ സ്വദേശം. ഭർത്താവ് ബിന്ദുജി. മക്കൾ ഋതു, റൈമ. ഭർത്താവ് ബിന്ദുജി ഏറെക്കാലം ഗൾഫിലായിരുന്നു. ഇപ്പോൾ അത്യാവശ്യം പൊതുപ്രവർത്തനങ്ങളൊക്കെയായി നാട്ടിലുണ്ട്. നാട്ടിൽ ഞങ്ങൾക്ക് മാട്രസുകളുടേയും ഹോം അപ്ലയൻസിന്റെയും ബിസിനസാണ്. മൂത്ത മകൻ റിതുവിനോടൊപ്പം ഞാനും ആ സംരംഭത്തിൽ സജീവമായുണ്ട്. ഇളയയാൾ റൈമ എംഎസ്‍സിക്ക് പഠിക്കുന്നു. 

അദ്ഭുതങ്ങളൊന്നും എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ലെന്ന് ആദ്യമേ പറയട്ടേ. പ്രായം മറയ്ക്കാൻ കുറുക്കു വഴികൾ ഞാൻ തേടിയിട്ടുമില്ല. ഏതൊരു ശരാശരി സ്ത്രീയും കടന്നു പോകുന്ന പോലുള്ള ജീവിത സാഹചര്യങ്ങളിലൂടെ തന്നെയാണ് ഞാനും കടന്നു പോയത്. 1999ൽ 20–ാം വയസിലായിരുന്നു എന്റെ വിവാഹം. രണ്ട് കൊല്ലം കഴിഞ്ഞപ്പോൾ ജീവിതത്തിലെ ആദ്യ സന്തോഷമെത്തി. മൂത്ത മകൻ ഋതുവിന്റെ രൂപത്തിൽ. 27–ാം വയസിൽ അടുത്തൊരാൾ കൂടിയെത്തി. ഇളയയാൾ റൈമ. പ്രസവാനന്തരം സ്ത്രീകളെ ബാധിക്കുന്ന ശാരീരിക മാറ്റങ്ങൾ എനിക്കുമുണ്ടായി. വൈറലായ ഫൊട്ടോയിലെ സാരിയുടുത്ത് നിൽക്കുന്ന ചിത്രം ഇളയവൻ റൈമയ്ക്ക് ഒരു വയസുള്ളപ്പോള്‍ എടുത്തതാണ്. അന്ന് സാരിയൊക്കെ ഉടുത്ത് തനി നാട്ടിൻപുറത്തുകാരി വീട്ടമ്മയായിരുന്നു ഞാൻ. 

anitha-4

പാരമ്പര്യമായി വണ്ണമുള്ള പ്രകൃതമാണ് ഞങ്ങളുടേത്. വെള്ളം കുടിച്ചാൽ പോലും വണ്ണം വയ്ക്കും. അന്നെത്തെ എന്നെയും ഇന്നത്തെ എന്നെയും ഒരു പക്ഷേ പലരും കണ്ടാൽ പോലും വിശ്വസിച്ചുവെന്നു വരില്ല. തടിച്ച് തടിച്ച് ഗുണ്ടുമണി പോലെയാകുമ്പോൾ ഉള്ളിൽ ഒരു അപകർഷതാ ബോധം തലപൊക്കും. കഴിവതും വണ്ണം കുറയ്ക്കാൻ നോക്കും. പക്ഷേ എന്തു ചെയ്യാനാ... പതിവിലും തടിയുമായി ശരീരം തിരികെയെത്തും. കൊളസ്ട്രോളിന്റെ പ്രശ്നങ്ങൾ തലപൊക്കിയതോടെ  തുടങ്ങിയതോടെ ഭക്ഷണ നിയന്ത്രണം കർശനമാക്കി. മധുരം പാടെ ഉപേക്ഷിച്ചു. എന്നാലാവുന്ന വിധം എക്സർസൈസ് ചെയ്തു തുടങ്ങി. വീട്ടിലെ ഒരു വിധം ജോലിയൊക്കെ ഞാൻ തന്നെയാണ് ചെയ്തിരുന്നത്. ഋതുവിന്റെയും റൈമയുടേയും പ്രായത്തിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നെങ്കിൽ ഞാനിത്രയും ആക്ടീവ് ആകില്ലായിരുന്നു. ശരിക്കും മടിപിടിച്ചിരുന്നേനെ എന്റെ ജോലി മകൾക്കു കൂടി പകുത്ത് കൊടുത്ത് ഞാന്‍ റിലാക്സ് ആയേനെ. എങ്കിലും എന്റെ ആൺമക്കളെയും വീട്ടുജോലികൾ ചെയ്യാൻ ഞാൻ പഠിപ്പിച്ചിട്ടുണ്ട്. ഇടയ്ക്ക് യൂട്രസിന്റെ ഓപ്പറേഷൻ കഴിഞ്ഞ് ഞാൻ വിശ്രമത്തിലായിരുന്നപ്പോൾ അവരായിരുന്നു, വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. 

പ്രായമങ്ങനെ കടന്നു പോകെ, 36–ാം വയസിലാണ് ലൈഫിൽ അടിമുടി മാറ്റം വന്നുതുടങ്ങുന്നത്. കൃത്യമായി പറഞ്ഞാൽ ഇന്ന് കാണുന്ന മാറ്റങ്ങളുടെ തുടക്കം അവിടെ നിന്നാണ്. മുമ്പ് പറഞ്ഞ എക്സർസൈസുകളും ഭക്ഷണ നിയന്ത്രണങ്ങളും കുറച്ചു കൂടി ഉഷാറാക്കി. രാവിലെ അര മണിക്കൂർ വ്യായാമം ഒരിക്കൽ പോലും മുടക്കിയിട്ടില്ല. സോഷ്യല്‍ മീഡിയയെ അടുത്തറിഞ്ഞതോടെ പിന്നെയുള്ള എക്സർസൈസ് പാഠങ്ങൾ യൂ ട്യൂബിൽ നോക്കി പഠിച്ചു. അതില്‍ പിന്നെ ആ പഴയ നാട്ടിൻപുറത്തുകാരി അമ്മ, ഫ്രീക്ക് അമ്മയായി. ദേ... ഈ അമ്പതാം വയസിലും ഈ പറഞ്ഞ ഭക്ഷണ നിയന്ത്രണത്തിനും എക്സർസൈസിനും ഒരു മാറ്റവും വന്നിട്ടില്ല. പലരും വയസായി തുടങ്ങിയെന്ന് പറയുന്ന പ്രായമാണ് 36. അവിടെ നിന്നും ഞാനിങ്ങനെ മാറി എന്ന് ആലോചിക്കുമ്പോൾ അഭിമാനമാണ്. 

anitha-3

ലേഡീ മമ്മൂട്ടി... ആ വിളി ഇഷ്ടം

സന്തോഷങ്ങളിലേക്ക് തിരികെ നടക്കാൻ ഒരു സങ്കടം എപ്പോഴും നമ്മുടെ ജീവിതത്തിൽ കാരണമാകാറുണ്ട്. ടിക് ടോക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെ പ്രസരിപ്പോടെ നിറഞ്ഞു നിൽക്കാനുള്ള പോസിറ്റീവ് എനർജി ഞങ്ങൾക്ക് തന്നതും ഒരു സങ്കടമാണ്. മൂത്ത മകൻ ഋതുവിന്റെ വിവാഹം, അതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ കുടുംബത്തെ വല്ലാതെ ഉലച്ചു. പരസ്പരം പൊരുത്തപ്പെടാനാകാതെ പോയ ആ ബന്ധം ആറു മാസമാണ് നീണ്ടു നിന്നത്. അതിന്റെ പേരിൽ സത്യമറിയാതെ കുത്തുവാക്കുകൾ പറഞ്ഞവരും ഏറെ. അന്ന് ഒരുപാട് വേദനിച്ചു. 

പക്ഷേ എല്ലാ വേദനയിൽ നിന്നും തിരികെ കൊണ്ടു വന്നത് മക്കളാണ്. ടിക് ടോക് വിഡിയോ ചെയ്യാനും ഫൊട്ടോയ്ക്ക് പോസ് ചെയ്യാനും ഋതു വിളിച്ചപ്പോൾ മടിച്ചു നിന്നില്ല. ആക്ടീവായി തന്നെ ചെന്നു. ടിക് ടോക് വിടപറഞ്ഞ് ഇൻസ്റ്റഗ്രാം റീൽസിലേക്കെത്തിയപ്പോഴും വിട്ടു കൊടുത്തില്ല. മക്കളോടൊപ്പം കട്ടയ്ക്കു തന്നെ നിന്നു. മക്കളുടെ കുട്ടിക്കാലത്തോടൊപ്പമുള്ളതും ഇപ്പോഴുള്ളതുമായ ചിത്രങ്ങൾ ചേർത്തു വച്ച് ചെയ്ത ‘ബ്രിങ് ബാക്ക് മെമ്മറീസ്’ റീൽസിന് വലിയ സപ്പോർട്ട് കിട്ടി. അന്ന് കിട്ടിയ പിന്തുണ വലിയ ഊർജമായിരുന്നു. അതിൽ പിന്നെ ഒത്തിരി റീൽസ് ചെയ്തു. പലതിനും നല്ല ലൈക്സ് കിട്ടി. സത്യം പറഞ്ഞാൽ പല വിഷമങ്ങളും മറന്നത് മക്കളോടൊപ്പമുള്ള ഈ സോഷ്യൽ മീഡിയ ആക്ടിവിറ്റികളെ തുടർന്നാണ്. ഉള്ളതു പറയാല്ലോ... അവർ വിളിച്ചാൽ ഞാനൊരിക്കലും നോ പറയില്ല. കട്ടയ്ക്ക് കൂടെ നിൽക്കും. നമ്മളെ കൊണ്ട് ഇതൊക്കെയല്ലേ പറ്റൂ...

anitha-1

ഏകദേശം ഒരേ കളറിലുള്ള ടീ ഷര്‍ട്ടുകൾ സംഘടിപ്പിച്ച് ഞങ്ങൾ അമ്മയും മക്കളും ഒരു ഫൊട്ടോ ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പിലിട്ടിരുന്നു. അതാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഫൊട്ടോ കണ്ട് പലരും അനിയത്തിയാണോ എന്നൊക്കെ ചോദിച്ചു. അമ്മയാണെന്ന് പറഞ്ഞപ്പോൾ പലരും വിശ്വസിച്ചില്ല എന്നതാണ് സത്യം. ചിലർ സന്തൂർ മമ്മിയെന്ന് വിളിച്ചു. മറ്റു ചിലർ ലേഡീ മമ്മൂട്ടിയെന്നും. സത്യം പറഞ്ഞാൽ ആ വിളിയാണ് ശരിക്കുമെന്നെ സന്തോഷിപ്പിച്ചത്. കാരണം മമ്മൂട്ടിയെന്നാൽ എനിക്ക് ജീവനാണ്. ഇവിടെ ഞാനും ഈ പിള്ളേരും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പേരു പറഞ്ഞാണ് തല്ലു കൂടുന്നത്, എന്നെങ്കിലും ഒരിക്കൽ മമ്മൂട്ടിയെ കാണണം, ഫൊട്ടോ എടുക്കണം എന്നൊരു ആഗ്രഹം കൂടിയുണ്ടേ...

ഇതിനിടയിലും അവിടവിടയായി കുത്തു വാക്കുകളും ഉണ്ട്. 50 വയസിലും ഇതെന്തോന്ന് വേഷം കെട്ട്. ഇങ്ങനെയൊക്കെ ഡ്രസ് ധരിക്കാൻ നാണമില്ലേ എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. ‘എന്റെ അമ്മയ്ക്ക് 50 വയസായി. അവരിങ്ങനെ കോലം കെട്ടില്ല’ എന്ന് ഒരു പെൺകുട്ടിയുടെ കമന്റ് കണ്ടു. ഞാൻ ആ കുട്ടിയെ കുറ്റം പറയുന്നില്ല. അതൊക്കെ ഓരോരുത്തരുടെ കാഴ്ചപ്പാടല്ലേ. ആ കുട്ടിയുടെ അമ്മ അങ്ങനെയൊരു ചുറ്റുപാടിലായിരിക്കും ജീവിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ഞാൻ ഭാഗ്യവതിയാണ്. പിന്നെ കോലം കെട്ടൽ, എനിക്ക് കംഫർട്ടല്ലാത്ത ഒരു വേഷം ഇന്നു വരെ ഞാൻ ധരിച്ചിട്ടില്ല. ഇനി ധരിക്കുകയുമില്ല. 

പറഞ്ഞതു തന്നെ വീണ്ടും ആവർത്തിക്കുന്നു. ബാഹ്യ സൗന്ദര്യത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. എപ്പോഴും പോസിറ്റീവായിരിക്കുക. നമ്മള് വയസായോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് നമ്മുടെ മനസാണ്. ഈ സന്തോഷങ്ങളെ നിലനിർത്തുന്ന ജീവിതത്തിന് നന്ദി.– അനിത പറഞ്ഞു നിർത്തി. 

anitha-2