Wednesday 24 November 2021 05:25 PM IST : By സ്വന്തം ലേഖകൻ

കാത്തിരിപ്പിന്റെ കൺമണി ‘ചെറുജ്വാല’: പൈതലിന് പേരിട്ട് അനുപമ

anupama-bab

ദത്തു നല്‍കപ്പെട്ട കുഞ്ഞിനെ തിരികെ അമ്മയായ അനുപമയ്‌ക്ക്‌ കൈമാറാനുള്ള കോടതി വിധിയെ ഐതിഹാസികമെന്ന് തന്നെ വിശേഷിപ്പിക്കണം. ജഡ്‌ജിയുടെ സാന്നിധ്യത്തില്‍ തന്നെ കുഞ്ഞിനെ അനുപമയ്‌ക്ക്‌ കൈമാറുന്ന അപൂര്‍വ്വ മൂഹൂര്‍ത്തത്തിനാണ് കോടതി സാക്ഷിയായത്. വൈകിട്ട്‌ നാലുമണിയോട്‌ അടുത്ത്‌ അനുപമയും പങ്കാളി അജിത്തും കുഞ്ഞിനെ കോടതിയില്‍ ഏറ്റുവാങ്ങി.

കുഞ്ഞ്‌ അനുപമയുടെതാണെന്ന ഡി.എന്‍.എ. പരിശോധനാ ഫലം അടങ്ങിയ റിപ്പോര്‍ട്ട്‌ ശിശുക്ഷേമസമിതി ഇന്ന്‌ രാവിലെ കോടതി കൈമാറിയിരുന്നു. കേസ്‌ വേഗത്തില്‍ പരിഗണിക്കണമെന്നും സിഡബ്ല്യുസി ആവശ്യപ്പെട്ടിരുന്നു.

ഇപ്പോഴിതാ തങ്ങളുടെ കുഞ്ഞിന് എയ്ഡൻ അനു അജിത്ത് എന്ന് പേരിടുമെന്ന് അനുപമ വ്യക്തമാക്കിയിരിക്കുകയാണ്. എയ്ഡൻ എന്ന വാക്കിന് അർഥം !‘ചെറുജ്വാല’ എന്നാണ്. ഐറിഷ് ഐതിഹ്യത്തിൽ നിന്നാണ് എയ്ഡൻ എന്ന പേര് വന്നത്.

നീണ്ട സമര പോരാട്ടത്തിലൂടെ തനിക്കരികിലെത്തിയ പൊന്നോമനയെ നെഞ്ചോട് ചേർത്താണ് അനുപമ കോടതി പടി കടന്നത്. ഒപ്പം മൂന്നാം നാള്‍ പിരിഞ്ഞ മകന്റെ പേരും അനുപമ മാധ്യമങ്ങളോട് പങ്കുവെച്ചു- എയ്ഡന്‍ അനു അജിത്. ഗർഭിണിയായിരിക്കെ തന്നെ തീരുമാനിച്ചതാണ് പേരെന്നും എയ്ഡനെ ചേർത്തുപിടിച്ച് അനുപമ പറഞ്ഞു.

എന്തായാലും സൈബർ ആക്രമണങ്ങളും വിമർശനങ്ങളും താണ്ടിയെത്തിയ ഒരമ്മയുടെ അചഞ്ചലമായ പോരാട്ടമാണ് വിജയത്തിലെത്തിയിരിക്കുന്നത്.