Saturday 27 March 2021 04:00 PM IST

കല്യാണത്തിന് മേക്കപ്പിടല്‍ മാത്രമല്ല കോസ്മറ്റോളജി: നാഗവല്ലിയെ ക്യാമറ ക്ലിക്കില്‍ പുനര്‍ജനിപ്പിച്ച് അര്‍ച്ചനയുടെ സിഗ്നേച്ചര്‍ ഫൊട്ടോഷൂട്ട്: വൈറല്‍

Binsha Muhammed

nagavalli

തെക്കിനിയിലെ കിളിവാതിലൂടെ രാമനാഥന്റെ പ്രണയം തേടിയ സുന്ദരി.. മന്ത്രവാദ കളത്തില്‍ പ്രതികാര ദാഹിയായി ഉറഞ്ഞുതുള്ളിയ തമിഴത്തി പെണ്ണ്. പെണ്ണ് അബലയല്ല അഗ്നി ഉള്ളില്‍ ഒളിപ്പിച്ചവളാണെന്ന് മലയാളി പ്രേക്ഷകര്‍ക്ക് കാട്ടിക്കൊടുത്ത  നാഗവല്ലി ഇന്നും നമ്മുടെ ഓര്‍മകളുടെ റീലില്‍ ഒളിമങ്ങാതെ നില്‍ക്കുന്നു. ശോഭന അനശ്വരമാക്കിയ ആ കഥാപാത്രം കാലമെത്ര കഴിഞ്ഞിട്ടും മനസില്‍ ഒളിമങ്ങാതെ നില്‍ക്കുന്നുണ്ടെങ്കില്‍ ഒറ്റക്കാരണമേയുള്ളൂ, മണിച്ചിത്രത്താഴിന് മുമ്പും ശേഷവും നാഗവല്ലിയെ ഫലിപ്പിക്കാന്‍ തക്കവണ്ണമുള്ള മറ്റൊരു കഥാപാത്രം പിറവികൊണ്ടിട്ടില്ല എന്നതാണ്.

മലയാളികളുടെ ഹൃദയം കവര്‍ന്ന ആ കഥാപാത്രം ഇവിടെയിതാ പുനര്‍ജനിക്കുകയാണ്. കല്ലില്‍ കൊത്തിയതു പോലെ മനസില്‍ പതിഞ്ഞുകിക്കുന്ന ആ കഥാപാത്രത്തിന് പുതുജീവന്‍ നല്‍കുന്നതാകട്ടെ അര്‍ച്ചന ചന്ദ്രന്‍ എന്ന കോസ്മറ്റോളജിസ്റ്റ്. ചമയങ്ങളുടെ ലോകത്ത് അഭിരമിക്കുന്ന അര്‍ച്ചന എന്തിനീ 'സാഹസത്തിന്' മുതിര്‍ന്നു എന്ന് ചോദിച്ചാല്‍ അര്‍ച്ചന ഇങ്ങനെ പറയും.  നമ്മുടെ പ്രതിഭ അടയാളപ്പെടുത്തുന്ന എന്തെങ്കിലും ഈ ലോകത്ത് ബാക്കി വയ്ക്കണ്ടേ.' വെറും 350 രൂപയുമായി ആ വലിയ സാഹസത്തിനിറങ്ങിയ കഥ വനിത ഓണ്‍ലൈനോട് പറയുമ്പോള്‍ ആത്മവിശ്വാസത്തിന്റെ തിളക്കമുണ്ടായിരുന്നു അര്‍ച്ചനയുടെ മുഖത്ത്....

ar-5
ar-4
ar-3

മണിച്ചിത്രത്താഴ് റീലോഡഡ്

പഠനം കഴിഞ്ഞ് എല്ലാവരും തിരിയുന്ന വഴി, അത് ബ്യൂട്ടിഷ്യന്‍ എന്ന മേല്‍വിലാസത്തിലേക്കാണ്. എനിക്കൊപ്പം പഠിച്ചവരും ഒപ്പം നടന്നവരും ഇന്ന് ബ്യൂട്ടീഷ്യനായി മേഖലയില്‍ സജീവമാണ്. എന്റെ കാര്യവും അങ്ങനെ തന്നെയായിരുന്നു. ഒത്തിരി വര്‍ക്കുകള്‍ ചെയ്തു. ബ്രൈഡല്‍ മേക്കപ്പ് ഉള്‍പ്പെടെയുള്ള വര്‍ക്കുകള്‍ ദൈവം സഹായിച്ച് കിട്ടി. പക്ഷേ അതെല്ലാം ചെയ്ത് ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യുന്നതല്ല തൊഴിലിന്റെ സംതൃപ്തി എന്ന് തിരിച്ചറിവ് ഒരു ഘട്ടത്തില്‍ കിട്ടി. മേക്കോവറിന്റെയും മേക്കപ്പിന്റെയും സാധ്യതകള്‍ ക്രിയേറ്റീവായി ഉപയോഗിക്കുക എന്ന ചിന്തയാണ് നാഗവല്ലി മേക്കോവര്‍ ഷൂട്ടിലേക്ക് എന്നെ കൊണ്ടെത്തിച്ചത്.- അര്‍ച്ചന പറഞ്ഞു തുടങ്ങുകയാണ്.  

ar-1
ar-2

മലയാളി മനസുകളില്‍ ഇടംനേടിയ ഒരു കഥാപാത്രം പുനരാവിഷ്‌ക്കരിക്കു അതായിരുന്നു പ്ലാന്‍. അത് ഒടുവില്‍ നാഗവല്ലിയില്‍ എത്തിച്ചത് ആ കഥാപാത്രത്തോടുള്ള അടങ്ങാത്ത പ്രേമം കൊണ്ടാണ്. മനസില്‍ ആ ആഗ്രഹം നിറയുമ്പോള്‍ മൂലധനം വെറും 350 രൂപ മാത്രമായിരുന്നു. പക്ഷേ വെറും മേക്കപ്പും ചെയ്ത്, ബ്രൈഡല്‍ ഒരുക്കങ്ങളും മാത്രമായി ജീവിച്ചാല്‍ മതിയോ എന്ന ചോദ്യം വീണ്ടും വീണ്ടും തികട്ടി വന്നു കൊണ്ടേയിരുന്നു. ആദ്യം ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായി ഒരു പ്ലാനുണ്ടാക്കി.  ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളെ സ്‌ക്രിപ്റ്റാക്കി. തെക്കിനിയിലെ തമിഴത്തിയെ കണ്ട് ഭ്രമിച്ചു നിന്ന ഗംഗയുടെമുഖവും, ചിലങ്കകണ്ട് മതി മറന്ന നിമിഷവും, മന്ത്രവാദ കളവുമെല്ലാം മനസില്‍ സിനിമാ റീലെന്ന പോലെ മിന്നിമറഞ്ഞു. മനസില്‍കുറിച്ചിട്ട പ്ലാന്‍ രണ്ടു മാസത്തോളം നീണ്ടു പോയി. അത്രത്തോളം അതിനെ കുറിച്ച് ആഴത്തില്‍ പഠിച്ചുവെന്ന് വേണം കരുതാന്‍. സംശയം തോന്നിയപ്പോഴൊക്കെ വീണ്ടും വീണ്ടും മണിച്ചിത്രത്താഴിലെ രംഗങ്ങള്‍ ആവര്‍ത്തിച്ചു കണ്ടു കൊണ്ടേയിരുന്നു. പറ്റിയ ഒരു മോഡലിനെ കണ്ടെത്തുക എന്നതായിരുന്നു അടുത്ത കടമ്പ. കണ്ടുമറഞ്ഞ മുഖങ്ങളെല്ലാം ഭംഗിയുള്ളതായിരുന്നു. പക്ഷേ നാഗവല്ലിയുടെ മുഖത്തെ തീക്ഷ്ണതയും രൗദ്രഭാവവും ഫലിപ്പിക്കാന്‍ പോന്ന കുട്ടിക്കായുള്ള അന്വേഷണം നീണ്ടു. ആ അന്വേഷണം എത്തിനിന്നത് തുഷാര പിള്ള എന്ന സിനിമാ താരത്തിലാണ്. താക്കോല്‍, മണിയറയിലെ അശോകന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അവര്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. അവരുടെ ചിത്രങ്ങള്‍ കണ്ടാണ് അവര്‍ ഈ മേക്കോവര്‍ ഷൂട്ടിന് അനുയോജ്യയാണെന്ന് തോന്നിയത്. ഒടുവില്‍ കാത്തിരുന്ന നിമിഷത്തിലേക്കെത്തി. ഞാനാഗ്രഹിച്ച എന്റെ സ്വപ്‌നത്തിലേക്ക്. 

ar-6

ക്യാമറ ക്ലിക്കില്‍ നാഗവല്ലി

ആറ്റിങ്ങല്‍ പാലസില്‍ വച്ചാണ് ഷൂട്ട് നടത്തിയത്. ഫൊട്ടോഗ്രാഫര്‍മാരായ ജയന്‍ അയിലം, പ്രേംജിത്ത് കല്ലുവാതുക്കല്‍ എന്നിവരാണ് ലൊക്കേഷന്‍ നിര്‍ദ്ദേശിച്ചത്. അവിടെ സെറ്റിട്ടാണ് മണിച്ചിത്രത്താഴിലെ ദൃശ്യങ്ങള്‍ പുനരാവിഷ്‌ക്കരിച്ചത്. തുഷാരയില്‍ ഞാന്‍ നടത്തിയ മേക്കോവറിനോട് അവര്‍ മികച്ച പെര്‍ഫോം കാഴ്ചവച്ച് നീതി പുലര്‍ത്തി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നാഗവല്ലിയുടെ ചിലങ്ക കണ്ട് കൊതിയോടെ നിന്നപ്പോഴും പ്രതികാര ദാഹിയായപ്പോഴും അവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. പിന്നെ ഫൊട്ടോഗ്രാഫര്‍മാരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 

സോഷ്യല്‍ മീഡിയ എന്റെ ചിത്രങ്ങള്‍ സ്വീകരിക്കുന്നു എന്നറിയുമ്പോള്‍ വളരെ ചാരിതാര്‍ത്ഥ്യമുണ്ട്. ജീവിതത്തില്‍ അധികമൊന്നും ബാക്കിയാക്കാന്‍ഇല്ലാത്തവളാണ് ഞാന്‍. ഭര്‍ത്താവും രണ്ടു കുട്ടികളും അടങ്ങുന്നതാണ് എന്റെ കുഞ്ഞ്ജീവിതത്തിലെ വലിയ സമ്പാദ്യം. എന്നിട്ടും കയ്യിലുള്ളതെല്ലാം നുള്ളിപ്പെറുക്കി ഇങ്ങനെയൊരു ഉദ്യമത്തിന് മുതിര്‍ന്നത് എന്‍റെ സംതൃപ്തിക്കും സന്തോഷത്തിനും വേണ്ടിയാണ്. വെറും ചമയക്കാരിയായി ഒതുങ്ങിപ്പോകാന്‍ താത്പര്യമില്ലാത്തതു കൊണ്ടാണ് ഇങ്ങനെയൊരു സിഗ്നേച്ചര്‍ ജീവിതത്തില്‍ അടയാളപ്പെടുത്തിയത്. അതില്‍ ഞാനേറെ സന്തോഷവതിയാണ്. എന്റെ ഈ നാഗവല്ലിയെ സ്വീകരിച്ചവരോട് നന്ദി. 

കൊല്ലം പാരിപ്പള്ളിയാണ് എന്റെ സ്വദേശം. ഭര്‍ത്താവ് വിമല്‍കുമാര്‍. കുട്ടികള്‍ അമൃത, അമല.

ar-2