Friday 04 June 2021 10:29 AM IST

പ്രണയകാലത്തെ പ്രതിജ്ഞ, ആറര വര്‍ഷം കൊണ്ട് 80 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍: കുടുംബം ട്രസ്റ്റായി മാറിയ കഥയിങ്ങനെ

Binsha Muhammed

arm-cover

രണ്ട് പേര്‍ ഒരുമിച്ചു കണ്ട സ്വപ്‌നം, അത് ഒരു കൂട്ടം അശരണര്‍ക്ക് മുന്നില്‍ വഴിവിളക്കായി തെളിഞ്ഞ കഥയാണിത്. പ്രണയം ഇതള്‍ വിരിഞ്ഞ് ജീവിത പാന്ഥാവില്‍ ഒരുമിച്ച് കൈപിടിച്ചപ്പോള്‍ കോഴിക്കോട് സ്വദേശിയായ അനൂപ് ഗംഗാധാരനും നല്ലപാതി രേഖയും ഒരു പ്രതിജ്ഞയെടുത്തു. 

'ആശ്രയവും ആശയുമറ്റ് ജീവിക്കുന്നവര്‍ക്ക് തങ്ങളാലാകുന്നത് ചെയ്യും, മറ്റുള്ളവരുടെ കണ്ണീരൊപ്പാന്‍ കൈമെയ് മറന്ന് പ്രവര്‍ത്തിക്കും.'

ചങ്കില്‍ തൊട്ട് പറഞ്ഞ ആ വാക്കുകള്‍ സത്യമായി പുലര്‍ന്നപ്പോള്‍ പുഞ്ചിരി വിടര്‍ന്ന് ആയിരക്കണക്കിന് പേരുടെ മുഖത്താണ്.  ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് കഴിഞ്ഞ 6 വര്‍ഷത്തിനിടയ്ക്ക് ഇരുപത്തിയഞ്ചോളം പ്രോജക്ടുകള്‍ക്കാണ് അനൂപിന്റെയും രേഖയുടെയും നേതൃത്വത്തിലുള്ള ആം ഓഫ് ജോയ് നേതൃത്വം നല്‍കിയത്. 80 ലക്ഷത്തിലധികം രൂപയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി മനവും മിഴിയും നിറച്ച് മുന്നേറുന്ന ഈ നന്മക്കൂട്ടം പിറവിയെടുത്ത കഥ അനൂപ് വനിത ഓണ്‍ലൈനോട് പറയുകയാണ്...

 സ്‌നേഹക്കൂട്ട്

ഒരേ കാലഘട്ടത്തില്‍ കോഴിക്കോട് ഗവ. ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ പഠിച്ചവരായിരുന്നു ഞാനും രേഖയും.  BSc മാത്തമാറ്റിക്സുകാരനായ എന്റെ ഒരു വര്‍ഷം ജൂനിയറായി BCom പഠിക്കുകയായിരുന്നു രേഖ. ഒരുമിച്ച് ജീവിക്കണം എന്ന തീരുമാനമെടുത്തതിന് ശേഷം ക്യാംപസിലെ തണല്‍ മരങ്ങള്‍ക്ക് കീഴിലിരുന്ന് ഭാവിയെ കുറിച്ച് സ്വപ്നങ്ങള്‍ പങ്കുവെക്കുമ്പോള്‍ തന്നെ ഒരു തീരുമാനമെടുത്തിരുന്നു. സമൂഹത്തില്‍ സഹായം ആവശ്യമുള്ള ജനവിഭാഗങ്ങള്‍ക്ക് ഞങ്ങളാല്‍ കഴിയുന്ന രീതിയില്‍ എന്തെങ്കിലും ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തണം എന്ന ദൃഢപ്രതിജ്ഞ കൂടിയായിരുന്നു അത്.- അനൂപ് പറഞ്ഞു തുടങ്ങുകയാണ്. 

arm

എംബിഎ ബിരുദം നേടിയതിന് ശേഷം മലയാള മനോരമയിലെ മാര്‍ക്കറ്റിങ്ങ് ഡിവിഷനില്‍ ഞാന്‍ ജോലിക്ക് കയറിയപ്പോള്‍, രേഖ എല്‍എല്‍ബി കഴിഞ്ഞ് വക്കീലായി പ്രാക്ടീസ് തുടങ്ങി. 2007 ജനുവരി 28 നായിരുന്നു ഞങ്ങളുടെ വിവാഹം. 2008 മാര്‍ച്ച് 13 ന് ഒരു മകന്‍ പിറന്നു. മാധവന്‍ എന്നായിരുന്നു പേര്. മാധവന്റെ ഒന്നാം പിറന്നാളിന് ഒരു പാര്‍ട്ടി വെയ്ക്കുകയും, അതിലേക്ക് മാധവന് ഒരു സമ്മാനം വേണമെന്നും പറഞ്ഞ് സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുകള്‍ക്കും ഒക്കെ ഒരു സന്ദേശം അയക്കുകയും ചെയ്തിരുന്നു. പുസ്തകങ്ങള്‍ ആയിരുന്നു സമ്മാനമായി ചോദിച്ചത്. വെറും 10 ദിവസത്തിനുള്ളില്‍ അരലക്ഷം രൂപയുടെ പുസ്തകങ്ങള്‍ അന്ന് കുഞ്ഞു മാധവന്റെ പേരില്‍ ഞങ്ങളുടെ അഡ്ഡ്രസ്സില്‍ എത്തി. മനോരമയിൽ നിന്ന് മാത്തുക്കുട്ടിച്ചായനും മാമ്മൻ സാറും ചാക്കോ സാറും അടക്കം ഒട്ടനവധി പേര്‍ പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി. കോഴിക്കോട് വെള്ളിമാടുകുന്നിലെ ഗവ. ബോയ്സ് ഹോമില്‍ 'മാധവം' എന്ന പേരില്‍ ഒരു ബുക്ക് ഷെല്‍ഫ് നിറയെ പുസ്തകങ്ങള്‍ സജ്ജമാക്കി.

മറ്റുള്ളവര്‍ക്ക് സഹായകരമാവുന്ന സംഗതികള്‍ക്കായി നമ്മള്‍ മുന്‍കൈ എടുക്കുകയും അതിന് വേണ്ട പ്ലാറ്റ് ഫോം ഒരുക്കുകയും ചെയ്താല്‍ ധാരാളം പേര്‍ കൂടെയുണ്ടാവും എന്നൊരു വിശ്വാസം മാധവന്റെ ഒന്നാം പിറന്നാളോടെ മനസ്സിലുറച്ചു. വൈകാതെ മാനേജിങ് ഡയറക്ടർക്ക് കത്തെഴുതി. സമൂഹത്തിന് വേണ്ടി എന്നാല്‍ കഴിയുന്ന വിധം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നും, ജോലിയില്‍ നിന്നുകൊണ്ട് അതിന് സാധിക്കുകയില്ലെന്നും പറഞ്ഞ് അയച്ച കത്തിന് ഉടൻ മറുപടി വന്നു. സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ മനസ്സുള്ള ആളുകളെ തങ്ങളൊരിക്കലും തടഞ്ഞു നിര്‍ത്തില്ല എന്ന്. ജോലിയില്‍ നിന്നും പിന്‍വാങ്ങാനുള്ള പൂര്‍ണ്ണ സമ്മതം ലഭിച്ചതോടെ ഞാൻ പിന്നെ മടിച്ചു നിന്നില്ല. ഇനി മറ്റൊരു സ്ഥാപനത്തിനും വേണ്ടി ജോലി ചെയ്യാനില്ല എന്നു തീരുമാനിച്ചതു കൊണ്ടുതന്നെ 28 ആം വയസ്സില്‍ റിട്ടയര്‍ ചെയ്യുന്നു എന്ന് പറഞ്ഞാണ് അന്ന് ഞാന്‍ എല്ലാവര്ക്കും വിടവാങ്ങൽ മെയില്‍ അയച്ചത്.

സ്വന്തം നാടായ കോഴിക്കോട് തിരിച്ചെത്തിയതിന് ശേഷം രണ്ട് വര്‍ഷത്തോളം സ്‌കൂള്‍ കലോത്സവ ചരിത്രം ഡോക്യുമെന്റ് ചെയ്യാനുള്ള ഉദ്യമവുമായി കേരളം മുഴുവന്‍ അലഞ്ഞു. ഓര്‍മ്മ ബുക്ക്സ് എന്ന പേരില്‍ കലോത്സവ ചരിത്രം സ്വന്തമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഭാര്യ രേഖ കോഴിക്കോട് തന്നെ ട്രേഡ്മാര്‍ക്ക് റജിസ്ട്രേഷന്‍ നടപടികള്‍ ചെയ്യുന്ന അറ്റോണിയായി സ്വന്തം സ്ഥാപനം തുടങ്ങുകയും ചെയ്തു.

arm-3

മറ്റുള്ളവര്‍ക്ക് സഹായമെത്തിക്കുന്ന പല രീതിയിലുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ സ്വന്തം നിലയ്ക്ക് ചെയ്തു പോന്നെങ്കിലും സ്വന്തമായി ഒരു ട്രസ്റ്റ് തുടങ്ങി, കലാലയ കാലത്തെ ഞങ്ങളുടെ സ്വപ്നം സഫലമാക്കണം എന്ന തീരുമാനത്തോടെ 2015 ജനുവരി 28ന്, ഞങ്ങളുടെ എട്ടാം വിവാഹവാര്‍ഷിക ദിനത്തില്‍ ആം ഓഫ് ജോയ് (Arm of Joy) എന്ന പേരില്‍ ട്രസ്റ്റ് റജിസ്റ്റര്‍ ചെയ്തു. Anoop, Rekha, Madhavan എന്നീ പേരുകളിലെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് വെച്ചാണ് ARM എന്ന വാക്കില്‍ എത്തിയത്. ചാരിറ്റി എന്ന വാക്ക് ഒരു തരം ഔദാര്യം വിളിച്ചോതുന്ന ഒന്നായതിനാല്‍ Joy എന്ന വാക്ക് മതിയെന്നും തീരുമാനമെടുത്തു. ആത്യന്തികമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ ലഭിക്കുന്നവര്‍ക്കും കൊടുക്കുന്നവര്‍ക്കും ലഭിക്കുന്നത് ആനന്ദമാണ് എന്നതാണ് എക്കാലവും ആം ഓഫ് ജോയുടെ തത്വം. നന്മ, കരുണ, ദയ പോലുള്ള വാക്കുകളേക്കാള്‍ ലഭിക്കുന്നവര്‍ക്കും കൊടുക്കുന്നവര്‍ക്കും അന്തസ്സുള്ള വിശേഷണം ആനന്ദം തന്നെയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

വിരിയട്ടെ പുഞ്ചിരി

കോഴിക്കോട് നഗരത്തില്‍ തന്നെയുള്ള ഫ്രീ ബേഡ്സ് ഓപ്പണ് ഷെല്‍ട്ടര്‍ ഹോം എന്ന സ്ഥാപനത്തിലെ കുട്ടികളെ വയനാട്ടിലേക്ക് വിനോദയാത്ര കൊണ്ട് പോയതായിരുന്നു ആം ഓഫ് ജോയുടെ ആദ്യ ആക്റ്റിവിറ്റി. പിന്നീടിങ്ങോട്ടുള്ള ആറര വര്‍ഷക്കാലം കോഴിക്കോട് നഗരത്തില്‍ തന്നെയുള്ള മറ്റ് അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, സ്പെഷ്യല്‍ സ്‌കൂളുകള്‍, റീഹാബിലിറ്റേഷന്‍ സെന്ററുകള്‍, കാന്‍സര്‍ വാര്‍ഡിലെ കുട്ടികള്‍ എന്നിങ്ങനെ നിരവധി സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഇത്തരത്തിലുള്ള മുന്നൂറോളം ആക്റ്റിവിറ്റികള്‍ ആം ഓഫ് ജോയ് സംഘടിപ്പിച്ചു.

വിനോദയാത്രയ്ക്ക് കൊണ്ടുപോവുക, സിനിമ കാണാന്‍ കൊണ്ടുപോവുക, ആഡംബര റെസ്റ്റോറന്റുകളില്‍ പോയി ഭക്ഷണം കൊടുക്കുക, ഇഷ്ടപ്പെട്ട തുണിത്തരങ്ങളും ചെരുപ്പും പോലുള്ള സംഗതികള്‍ ഷോ റൂമുകളില്‍ ചെന്ന് അവരെക്കൊണ്ട് തന്നെ സെലക്റ്റ് ചെയ്ത് വാങ്ങിക്കുക എന്നിങ്ങനെ നിരവധി ആക്റ്റിവിറ്റികള്‍. കൂടാതെ അവരുടെ സ്ഥാപനങ്ങളിലെ അവരുടെ ദൈനംദിന ജീവിതത്തിന് സഹായകരമാവുന്ന സംഗതികള്‍ ഒരുക്കുകയും ചെയ്യുന്നു. കഴിഞ്ഞ നാല് വര്‍ഷത്തോളമായി ഇത്തരം സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യം വികസിപ്പിച്ച് കൊണ്ടുള്ള നിരവധി നിര്‍മ്മാണ-നവീകരണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. അനാഥാലയങ്ങളിലെ പഠനമുറികള്‍, ഡൈനിങ്ങ് റൂമുകള്‍, ഡ്രെസ്സിങ്ങ് റൂമുകള്‍, കളിസ്ഥലങ്ങള്‍, വൃദ്ധസദങ്ങളില്‍ പാര്‍ക്കുകള്‍, കലാപരിപാടികള്‍ക്കായുള്ള സ്റ്റേജുകള്‍ എന്നിങ്ങനെ 25 ലധികം വലിയ പോജക്റ്റുകള്‍ ആം ഓഫ് ജോയ് ഇതിനോടകം പൂര്‍ത്തീകരിച്ച് കഴിഞ്ഞു.

ഫ്രീ ബേഡ്‌സിന് വായനപ്പുര 

കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ഫ്രീ ബേഡ്‌സ് ഓപ്പണ്‍ ഷെല്‍ട്ടര്‍ ഹോമിന് വായനപ്പുര ഒരുക്കി നല്‍കിയതാണ് ഏറ്റവും ഒടുവിലത്തെ പ്രവര്‍ത്തനം. ശ്രദ്ധയും സംരക്ഷണവും വേണ്ട  പാവംകുട്ടികളുടെ അവസ്ഥ അറിയാമല്ലോ. സ്മാര്‍ട് റൂമും ഓണ്‍ലൈന്‍ ക്ലാസുമൊക്കെ അവരുടെ ജീവിതത്തിന്റെ സിലബസിലേ എത്തി നോക്കാറില്ല. അവര്‍ക്കു വേണ്ടി 12 ലക്ഷം രൂപ ചെലവിട്ട് പഴയ തറവാടിന്റെ മാതൃകയില്‍ വായനപ്പുരയൊരുക്കി.ഷെല്ട്ടർ ഹോമിലെ ഇരുപത്തിയഞ്ചോളം കുട്ടികളിലേക്കാണ്  വായനപ്പുര എത്തിയത്.   അദ്ധ്യയന വര്‍ഷമാരംഭിക്കുന്നതിന് തൊട്ടുമുന്‍പായി  തന്നെ അവര്‍ക്കത് സമര്‍പ്പിക്കാനായി എന്നത് ഏറെ സന്തോഷം നല്‍കുന്നു.  കഴിഞ്ഞ 10 മാസം കൊണ്ടാണ് ഞങ്ങള്‍ ഇങ്ങനെയൊരു പഠനബ്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു വര്‍ഷമായി ഓണ്‍ലൈനായി പഠിക്കേണ്ട അവസ്ഥയിലാണല്ലോ നമ്മുടെ കുട്ടികള്‍. ഒരുപാട് കുട്ടികള്‍ ഒരുമിച്ച് കഴിയുന്ന ഷെല്‍ട്ടര്‍ ഹോമുകളില്‍ ഇത്തരത്തില്‍ പഠിക്കേണ്ടി വരുമ്പോഴുള്ള പരിമിതികള്‍ക്കും വെല്ലുവിളികള്‍ക്കും ഒരു പരിഹാരം എന്ന നിലയ്ക്കാണ് ഇവിടെ 'വായനപ്പുര' എന്ന പേരില്‍ ഈ ബ്ലോക്ക് പണി കഴിപ്പിച്ചിട്ടുള്ളത്.

arm-2

ഓാട് മേഞ്ഞ മേല്‍ക്കൂരയ്ക്ക് താഴെയായി ഒരു വലിയ കോലായും ഉള്ളില്‍ സ്മാര്‍ട്ട് റൂം സൗകര്യങ്ങളോട് കൂടിയ വലിയൊരു ഹാളും വായനപ്പുരയിലുണ്ട്. അമ്പതോളം കുട്ടികള്‍ക്ക് വിശാലമായിരുന്ന് പഠിക്കാനുള്ള സൗകര്യം വായനപ്പുരയിലുണ്ട്. സ്മാര്‍ട്ട് ടിവിയും കേബിള്‍ കണക്ഷനും ഇന്റര്‍നെറ്റ് കണക്ഷനുമെല്ലാം ആം ഓഫ് ജോയ് ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ബാഗും പുസ്തകങ്ങളുമെല്ലാം വെയ്ക്കാനുള്ള സൗകര്യമുണ്ട്. ലോക്ക്ഡൗണ്‍ കഴിഞ്ഞയുടന്‍ ഒരു വലിയ ബുക്ക് ഷെല്‍ഫ് കൂടെ ഇവിടെ തയ്യാറാവും.

പ്രവാസി മലയാളികളായ രാജേഷ്-മുംതാസ് എന്നീ ദമ്പതികളുടെ ആഗ്രഹപ്രകാരം അവരുടെ സംഭാവന കൊണ്ടാണ് ആം ഓഫ് ജോയ് ഇങ്ങനെ ഒരു നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് സൗകര്യത്തോടെ പഠിക്കാന്‍ ഗൃഹാന്തരീക്ഷമുള്ള ഒരു സാഹചര്യം ഒരുക്കുക എന്നതായിരുന്നു 'വായനപ്പുര'യിലൂടെ ആം ഓഫ് ജോയ് ലക്ഷ്യമിട്ടത്. രാജേഷ്-മുംതാസ് ദമ്പതികളുടെ ഇരട്ടക്കുട്ടികളായ അബ്നറിന്റെയും അദ്രിത്തിന്റെയും പേരിലുള്ള ഒരു വലിയ സമ്മാനമായി 'വായനപ്പുര', ഫ്രീ ബേഡ്സിലെ കുട്ടികള്‍ക്കായി ആം ഓഫ് ജോയ് തുറന്നുകൊടുത്തു.

ഇനിയും പരക്കും പ്രകാശം

ആറര വര്‍ഷം കൊണ്ട് ഇതുവരെ 80 ലക്ഷത്തിലധികം രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ആം ഓഫ് ജോയ് നടത്തിയത്. മറ്റ് സന്നദ്ധ സംഘടനകളില്‍ നിന്നും പ്രധാനപ്പെട്ട രണ്ട് വ്യത്യാസങ്ങളാണ് ആം ഓഫ് ജോയ്ക്ക് ഉള്ളത്. ഒന്ന് - എന്തെങ്കിലും പ്രവര്‍ത്തനത്തിനായി ഫണ്ട് റെയ്സ് ചെയ്യാന്‍ ശ്രമിക്കാറില്ല. രണ്ട് - വോളണ്ടിയര്‍മാര്‍ ഒന്നുമില്ലാതെ ഞങ്ങള്‍ രണ്ട് പേരും 13 വയസ്സുള്ള മാധവനും ചേര്‍ന്ന് കൊണ്ട് മാത്രം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

ആം ഓഫ് ജോയ് എന്നതിന് പൊതുവായി ഒരു സംഘടനാപരമായ സ്വഭാവം അല്ല ഉള്ളത്. ഞാനും രേഖയും മാത്രമുള്ള ഒരു ട്രസ്റ്റാണ് അത്. വോളണ്ടിയര്‍മാര്‍ ആരുമില്ല. ഞങ്ങളുടെ സുഹൃദ് വലയങ്ങളിലും കുടുംബങ്ങളിലുമുള്ള പരിചയമുള്ളവര്‍ക്ക്, അനാഥാലയങ്ങളിലോ വൃദ്ധസദനങ്ങളിലോ മറ്റോ എപ്പോഴെങ്കിലും എന്തെങ്കിലും കാര്യം ചെയ്യണമെന്ന് തോന്നുമ്പോള്‍, അതിനുള്ള ഒരു പ്ലാറ്റ് ഫോം മാത്രമായാണ് ആം ഓഫ് ജോയ് പ്രവര്‍ത്തിക്കുന്നത്. അവര്‍ മാറ്റിവെയ്ക്കുന്ന തുക കൊണ്ട്, അവര്‍ക്ക് സ്വമേധയാ ചെയ്യാന്‍ പ്രയാസമുള്ള കാര്യങ്ങള്‍ ഞങ്ങള്‍ ഏറ്റെടുത്ത് അവര്‍ക്ക് വേണ്ടി ചെയ്യുന്നു. ഞങ്ങളുടെ അടുത്ത് തുകയുമായി വരുന്നവര്‍, അവരുടെ മക്കളുടെ പിറന്നാളിനോ വിവാഹവര്‍ഷികങ്ങള്‍ക്കോ ഒക്കെ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹവുമായി ചെറിയ തുകയുമായി വരുന്നവരാണ്. അവരുടെ ആഗ്രഹപ്രകാരമുള്ള ഒരു ആക്റ്റിവിറ്റി ഞങ്ങള്‍ പ്ലാന്‍ ചെയ്യുകയാണ് ചെയ്യുന്നത്.