Monday 13 February 2023 12:57 PM IST

പീരിയഡ്സിന്റെ മാറ്റങ്ങളെന്നു കരുതി, അറിഞ്ഞപ്പോൾ ഞാൻ കരഞ്ഞു പറഞ്ഞു, ‘അമ്മാ നമുക്കീ വാവയെ വേണം...’: ആര്യ ‘ചേച്ചിയമ്മ’ ആകുമ്പോൾ

V.G. Nakul

Sub- Editor

arya-parvathy

‘‘ഞാൻ ഭയങ്കര സന്തോഷത്തിലാണ്. ഒരു സഹോദരനോ സഹോദരിയോ വേണമെന്ന് ഒത്തിരി ആഗ്രഹിച്ചിരുന്നു. പണ്ടൊക്കെ അതോർത്തു കരയുമായിരുന്നു. കൂട്ടുകാരൊക്കെ അനിയന്റെയും അനിയത്തിയുടെയും വിശേഷങ്ങൾ പറയുമ്പോൾ സങ്കടം വന്നിരുന്നു. ഡിഗ്രി ഒക്കെ ആയപ്പോൾ മനസ്സിലെ ആഗ്രഹം മാഞ്ഞു. ‘ഇനിയിപ്പോൾ എന്ത്...’ എന്നൊരു ചിന്തയായി. ഇപ്പോഴിതാ, ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ഗുരുവായൂരപ്പൻ എന്റെ പ്രാർഥന കേട്ടിരിക്കുന്നു. എന്റെ ആഗ്രഹം യാഥാർഥ്യമായിരിക്കുന്നു. മോനായാലും മോളായാലും അവർക്കുള്ള പേരുകളും കണ്ടു വച്ച് ഞാൻ കൊതിയോടെ കാത്തിരിക്കുകയാണ്...’’.–

‘വനിത ഓൺലൈനോട്’ സംസാരിച്ചു തുടങ്ങുമ്പോൾ, ആര്യ പാർവതിയുടെ വാക്കുകളില്‍ സന്തോഷത്തിന്റെ നിലാവ് പരക്കുന്നു.

23 വയസ്സിൽ ചേച്ചിയാകുവാനൊരുങ്ങുന്നതിന്റെ സന്തോഷം കുറിച്ചു, അമ്മ ഗര്‍ഭിണിയാണെന്ന വിശേഷം നടിയും നര്‍ത്തകിയുമായ ആര്യ പാര്‍വതി കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

‘23 വര്‍ഷത്തിന് ശേഷം എനിക്കൊരു സഹോദരിയോ സഹോദരനോ വരുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. ഒരു അമ്മയുടേയും വല്ല്യേച്ചിയുടേയും റോള്‍ ഏറ്റെടുക്കാന്‍ തയ്യാറായിക്കഴിഞ്ഞു. വേഗം വരൂ, എന്റെ കുഞ്ഞുവാവേ...’ എന്നാണ് അമ്മയുടെ നിറവയറില്‍ മുഖം ചേര്‍ത്തിക്കുന്ന ഒരു മനോഹര ചിത്രം പങ്കുവച്ച് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

തൃപ്പൂണിത്തുറയിലാണ് താരത്തിന്റെ കുടുംബം. ദീപ്തി ശങ്കർ – ശങ്കർ ദമ്പതികളുടെ മകൾ. ആര്യ പാര്‍വതിയുടെ അമ്മ ദീപ്തി ശങ്കർ ഇപ്പോൾ 9 മാസം ഗർഭിണിയാണ്.

‘‘ആദ്യം അറിഞ്ഞിരുന്നില്ല. അപ്രതീക്ഷിതമായി വന്ന സന്തോഷമാണ്. അഞ്ചാം മാസത്തിലാണ് അമ്മ ഗർഭിണിയാണെന്ന് മനസ്സിലായത്. പീരിയഡ്സ് നിൽക്കുന്നതിന്റെ ഭാഗമായുള്ള ശാരീരികമാറ്റങ്ങളുടെ ഭാഗമായാണ് വയർ വീർത്തതെന്നാണ് അമ്മ കരുതിയിരുന്നത്.

പ്രോഗ്രാമുകളുടെയും പഠനത്തിന്റെയുമൊക്കെ തിരക്കിനിടെ, ഏഴു മാസം മുമ്പ് ഞാൻ ഒടുവിൽ വീട്ടിലെത്തിയപ്പോൾ അമ്മയോടു തമാശ പോലെ ചോദിച്ചിരുന്നു, ‘അമ്മാ ഇങ്ങനെയെന്തെങ്കിലും ഉണ്ടോ...’ എന്ന്. ‘ഒരിക്കലും ഇല്ല ആര്യാ...’ എന്ന് അമ്മ അപ്പോൾ തർക്കിച്ചതുമാണ്. പക്ഷേ, ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ അമ്മ അൽപ്പം ഡിപ്രഷനിലേക്കു പോയി. എനിക്ക് 23 വയസ്സാണല്ലോ. അപ്പോള്‍ ഉത്തരവാദിത്വങ്ങളൊക്കെ തീരുന്നു, എന്നെ കല്യാണം കഴിപ്പിക്കണം, പേരക്കുട്ടികളെ സ്നേഹിച്ചു ജീവിക്കണം എന്നൊക്കെ വിചാരിച്ചിരുന്ന ആൾ പെട്ടെന്നു വീണ്ടും അമ്മയാകുവാൻ ഒരുങ്ങുന്നു എന്നറിയുമ്പോൾ, ആ കുഞ്ഞിനെ സ്നേഹിക്കാനാകുമോ എന്നൊക്കെ തോന്നുന്ന ഒരു മാനസികാവസ്ഥ ഉണ്ടല്ലോ. അതായിരുന്നു കാരണം...

arya-parvathy

ഞാൻ നാട്ടിലേക്കു വരുന്നു എന്നറിഞ്ഞപ്പോൾ, ആറാം മാസമൊക്കെ ആയപ്പോള്‍, അച്ഛൻ എന്നെ വിളിച്ചു കാര്യം പറഞ്ഞു. അതുവരെ എന്നെ അറിയിച്ചിരുന്നില്ല. കാണുമ്പോൾ ഒരു ഷോക്ക് ആകരുതല്ലോ. കാര്യം അറിഞ്ഞപ്പോൾ ഞാൻ അമ്മയെ കരഞ്ഞ് കൺവിൻസ് ചെയ്തു, ‘അമ്മാ നമുക്കിതു വേണം...’ എന്ന്. അങ്ങനെ അമ്മ ഓക്കെയായി. അമ്മയ്ക്ക് വേണം എന്നുണ്ട്, പക്ഷേ, ഇനിയൊരു കുഞ്ഞിനെ അംഗീകരിക്കാനാകുമോ എന്നൊക്കെയുള്ള സംശയങ്ങളായിരുന്നു. ഒട്ടും പ്രതീക്ഷിച്ചതല്ലല്ലോ. ഗുരുവായൂർ അമ്പലത്തിൽ തൊഴാൻ പോയപ്പോൾ അമ്മ തലകറങ്ങി വീണ്, അടുത്തുള്ള ഒരു ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് അറിയുന്നത്. അമ്മയ്ക്ക് ഇപ്പോൾ നാൽപത്തി അഞ്ച് വയസ്സ്. അമ്മയുടെ 22 വയസ്സിലാണ് ഞാൻ ജനിച്ചത്. പ്രായം അധികമൊന്നും ആയിട്ടില്ലെങ്കിലും അമ്മയുടെ ആരോഗ്യത്തിൽ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ എന്നു ടെൻഷനുണ്ടായിരുന്നു. കുടുംബത്തിലെ എല്ലാവർക്കും അമ്മയുടെ ഹെൽത്ത് മാത്രമായിരുന്നു പ്രധാനം. പരിശോധനയിൽ കുഴപ്പമൊന്നുമില്ല. കുഞ്ഞും അമ്മയും ആരോഗ്യത്തോടെയിരിക്കുന്നു. അതുകൊണ്ടാണ് നമ്മളും ധൈര്യത്തോടെ മുന്നോട്ടു പോകുന്നത്. ഞാൻ ഉണ്ടാകും മുമ്പേ അമ്മ ഒരു തവണം ഗർഭിണിയായിരുന്നു. ആ കുഞ്ഞ് ഏഴാം മാസത്തിൽ വയറ്റിൽ വച്ചു തന്നെ പോയി. അതിന്റെ ടെൻഷന്‍ കൂടിയുള്ളതിനാൽ ഞങ്ങൾ വിശദമായി ഡോക്ടറോട് സംസാരിച്ചിരുന്നു. കുഴപ്പം ഒന്നുമില്ലെന്ന് ഉറപ്പു തന്നിട്ടുണ്ട്. ഇപ്പോൾ 9 മാസം കഴിഞ്ഞു. 16 ആം തീയതിയാണ് ഡേറ്റ്’’. – ആര്യ പറയുന്നു.

‘‘അച്ഛന് ആദ്യം വലിയ ചമ്മലായിരുന്നു. അമ്മയുടെ കാര്യത്തിൽ ടെൻഷനുമുണ്ടായിരുന്നു. രണ്ടു പേരുടേയും ചിന്ത ഞാൻ എങ്ങനെ പ്രതികരിക്കും എന്നായിരുന്നു. ഞാൻ സന്തോഷത്തിലാണെന്ന് അറിഞ്ഞപ്പോൾ അവരും സന്തോഷത്തിലായി’’. – ആര്യ പറയുന്നു.

ചെമ്പട്ട്, ഇളയവള്‍ ഗായത്രി എന്നീ സീരിയലുകളിലൂടെ ആരാധകരുടെ മനം കവര്‍ന്ന നടിയാണ് ആര്യ. ഇന്‍സ്റ്റഗ്രാമില്‍ ഏറെ ആരാധകരുള്ള ആര്യ പങ്കുവെയ്ക്കുന്ന റീലുകളും ഡാന്‍സ് ഷോര്‍ട്ട് വിഡിയോകളും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോൾ ബാംഗ്ലൂരില്‍ ശാസ്ത്രീയ നൃത്തത്തിൽ ഉപരിപഠനം നടത്തുന്നു.