Saturday 19 November 2022 02:56 PM IST

‘72 മണിക്കൂര്‍ കഴിഞ്ഞേ എന്തെങ്കിലും പറയാനാകൂ, ചികിത്സാ ചെലവ് ദിവസം ഒന്നരലക്ഷം’: പ്രാർഥനയോടെ പ്രിയപ്പെട്ടവർ

V.G. Nakul

Sub- Editor

beeyar-prasad-1

മലയാളത്തിന്റെ പ്രിയഗാനരചയിതാവും കവിയുമായ ബീയാര്‍ പ്രസാദ് ഗുരുതരാവസ്ഥയില്‍. മസ്തിഷ്കാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ആണ് അദ്ദേഹം. ദിവസം ഒന്നരലക്ഷം രൂപയോളമാണ് ആശുപത്രി ചെലവ്. സാമ്പത്തിക സ്ഥിതി വളരെ മോശമായ അവസ്ഥയിലായതിനാൽ, അദ്ദേഹത്തിന്റെ ചികിത്സക്കായി സുമനസുകളുടെ സഹായം തേടുകയാണ് പ്രിയപ്പെട്ടവർ.

രണ്ട് വർഷം മുൻപ് ഒരു വൃക്ക മാറ്റി വച്ച് അദ്ദേഹം വിശ്രമത്തിലായിരുന്നു. ഇതിനിടെ ഒരു നോവൽ എഴുതി. മറ്റൊരു നോവലിന്റെ പണിപ്പുരയിലുമായിരുന്നു.

‘‘പതിനാറാം തീയതി തിരുവനന്തപുരത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതാണ്. അതു തുടങ്ങും മുമ്പേ ശരീരം തളർന്നു കുഴഞ്ഞു വീണു. ഉടൻ‌ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അവിടെ ചികിത്സാസൗകര്യങ്ങൾ കുറവായതിനാൽ പെട്ടെന്നു മറ്റൊരു ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

ഇപ്പോൾ വെന്റിലേറ്ററിലാണ്. 72 മണിക്കൂര്‍ കഴിഞ്ഞേ എന്തെങ്കിലും പറയാനാകൂ എന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. അതു കഴിഞ്ഞു വേണം സർജറി വേണോ എന്നു തീരുമാനിക്കാൻ. വൃക്ക മാറ്റി വച്ചതിനു ശേഷം വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ പോകുകയായിരുന്നു. പെട്ടെന്നു ബി.പി ഷൂട്ട് ചെയ്തതാണ് ഇപ്പോഴത്തെ കാരണം. വിശദമായ പരിശോധനയിൽ മസ്തിഷ്കാഘാതം ആണെന്നു കണ്ടെത്തി. തുടർന്ന് വെന്റിലേറ്ററിലേയ്ക്കു മാറ്റി. ’’. – ബീയാര്‍ പ്രസാദിന്റെ ബന്ധു ‘വനിത ഓൺലൈനോട്’ പറഞ്ഞു.
വെട്ടത്തിലെ ‘ഒരു കാതിലോല ഞാൻ കണ്ടീല’യും കിളിച്ചുണ്ടൻ മാമ്പഴത്തിലെ ‘ഒന്നാം കിളി പൊന്നാൺകിളി’യും മാത്രം മതി ബീയാർ പ്രസാദിനെ മലയാള സിനിമാ സംഗീത രചയിതാക്കളുടെ പട്ടികയുടെ മുൻനിരയിൽ ഉൾപ്പെടുത്താൻ. കാവ്യമധുരമായ ഒരു പിടി മികച്ച ഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ പാട്ടെഴുത്തുകാരനാണ് അദ്ദേഹം. മലയാള ചലച്ചിത്ര ഗാനരചനാ രംഗത്ത് പതിറ്റാണ്ടുകളായി ബീയാർ പ്രസാദ് നിറഞ്ഞു നിൽക്കുന്നു.

beeyar-prasd-2

ബീയാര്‍ പ്രസാദിനു സഹായം അഭ്യര്‍ത്ഥിച്ച് കൊണ്ടുള്ള സുഹൃത്തുക്കളുടെ കുറിപ്പ് –

പ്രിയരെ,
സുഹൃത്തും,എഴുത്തുകാരനും, കവിയും, പ്രഭാഷകനുമായ പ്രിയപ്പെട്ട ശ്രീ.ബീയാർ പ്രസാദ് വളരെ സീരിയസ് ആയി തിരുവനന്തപുരം KIMS Hospital ലിൽ വെന്റിലേറ്ററിൽ ആണ്. ഒരു ദിവസം Hospital ചിലവിനായി ഏകദേശം 1.5 ലക്ഷം രൂപയോളം വേണ്ടി വരുന്നുണ്ട് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായ അവസ്ഥയിലുമാണ്. അദ്ദേഹത്തിന്റെ ഭാര്യ വിധുവിന്റെ (സനിതാ പ്രസാദ് ) അക്കൗണ്ട് വിവരം താഴെ കൊടുക്കുന്നു. അവരവർക്ക് ചെയ്യുവാൻ പറ്റുന്ന സാമ്പത്തിക സഹായം ചെയ്താൽ നന്നായിരുന്നു.നമ്മുക്ക് അറിയാവുന്ന എല്ലാവരെയും ഈ വിവരം വ്യക്തിപരമായി അറിയിക്കാം, പ്രാർത്ഥിക്കാം.
നന്ദി
ACCOUNT DETAILS
Sanitha Prasad alias Vidu Prasad
Ac/ No. 67039536722
State Bank of India
Thekkekara, Moncompu
IFSE: SBIN0071084
OR
GPay No. 9447101495.