Thursday 10 June 2021 04:11 PM IST : By സ്വന്തം ലേഖകൻ

ഏഴു പേര്‍ മരണത്തിലേക്ക് പോകുന്നത് മരവിപ്പോടെ നോക്കിനിന്നു: വധശിക്ഷയുടെ വക്കില്‍ നിന്നും കരകയറി ബെക്‌സ്

beks-home

'ജയിലില്‍ വധശിക്ഷ കാത്ത് ഒപ്പമുണ്ടായിരുന്ന 7 പേരെ മരണത്തിലേക്കു കൊണ്ടുപോകുന്നതു കണ്ടു മനസ്സു മരവിച്ചിരുന്നിട്ടുണ്ട്. ഒറ്റ മുറി സെല്ലില്‍ കഴിഞ്ഞിരുന്ന പാക്കിസ്ഥാന്‍കാരന്റെ വധശിക്ഷ നടന്നത് ഈ മാസം ആദ്യം. ഒരുനാള്‍ ഇതുപോലെ ഞാനും തീരുമെന്നുറപ്പിച്ചു കഴിയുകയായിരുന്നു''- അബുദാബിയിലെ ജയിലില്‍ വധശിക്ഷയുടെ വക്കില്‍നിന്നു രക്ഷപെട്ടെത്തിയ ബെക്‌സ് കൃഷ്ണന്‍ ഇരിങ്ങാലക്കുടയില്‍ വീട്ടുകാരുടെ സ്‌നേഹവലയത്തില്‍ ഇരുന്നു പറഞ്ഞു.

'' 7 വര്‍ഷം ജയിലില്‍ ഓഫിസ് അസിസ്റ്റന്റായി ജോലി ചെയ്തു. മേലധികാരികളാരും ഞാന്‍ ഒരു കുട്ടിയെ കൊല്ലുമെന്നു വിശ്വസിച്ചില്ല. പക്ഷേ, സുപ്രീം കോടതി വിധിയായതിനാല്‍ നിര്‍വാഹമുണ്ടായിരുന്നില്ല. എം.എ യൂസഫലി നല്‍കിയതാണ് ഈ രണ്ടാം ജന്മം. മരണം വരെ കടപ്പാടുണ്ടാകും. അദ്ദേഹത്തിനും കുടുംബത്തിനും ദൈവം ആരോഗ്യവും ദീര്‍ഘായുസ്സും നല്‍കട്ടെ എന്നാണു പ്രാര്‍ഥന''- ബെക്‌സ് പറഞ്ഞു.കാര്‍ അപകടത്തില്‍ സുഡാനി കുട്ടി മരിച്ച കേസില്‍ ലഭിച്ച വധശിക്ഷ ഒഴിവായി ഇന്നലെ പുലര്‍ച്ചെയാണ് ബെക്‌സ് കൊച്ചിയില്‍ വിമാനമിറങ്ങിയത്.

ഭാര്യ വീണ, മകന്‍ അദ്വൈത്, സഹോദരന്‍ ബിന്‍സന്‍, ബന്ധു സേതുമാധവന്‍ എന്നിവര്‍ സ്വീകരിക്കാനെത്തിയിരുന്നു. നടവരമ്പിലെ വീട്ടിലെത്തി അച്ഛനെയും അമ്മയെയും കണ്ട ശേഷം ക്വാറന്റീനില്‍ പോയി.യൂസഫലിക്ക് യുഎഇയിലുള്ള ബന്ധങ്ങളും സ്വാധീനവുമാണ് ആ കുടുംബത്തെ മാപ്പു നല്‍കാന്‍ ഒരുക്കിയെടുത്തതെന്നും ബെക്‌സ് പറയുന്നു. കീഴ്‌ക്കോടതികള്‍ 15 വര്‍ഷം ശിക്ഷ വിധിച്ച കേസില്‍ സുപ്രീം കോടതിയാണു വധശിക്ഷ വിധിച്ചത്. നാട്ടില്‍ അവസരം കിട്ടിയാല്‍ ഇവിടെ നില്‍ക്കണമെന്നാണ് ആഗ്രഹം. യുഎഇ ഒഴിച്ചുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ലുലു ഗ്രൂപ്പിന്റെ സ്ഥാപനത്തില്‍ ജോലി നല്‍കാന്‍ തയാറാണെന്ന് യൂസഫലി അറിയിച്ചിട്ടുണ്ടെന്നും ബെക്‌സ് പറഞ്ഞു.

More