Wednesday 12 August 2020 04:30 PM IST

‘ബൈബിളേ’ എന്നാണ് നാട്ടുകാർ കളിയാക്കി വിളിക്കുന്നത്, അതിലെനിക്ക് വിഷമമില്ല: വിശുദ്ധ ഗ്രന്ഥങ്ങൾ സ്വന്തം കൈപ്പടയിൽ പകർത്തിയെഴുതിയ ഷാന്ദു പറയുന്നു

Tency Jacob

Sub Editor

shanthu778

ബൈബിളും ഖുർആനും രാമായണവും സ്വന്തം കൈപ്പടയിൽ പകർത്തിയെഴുതിയതിന്റെ നിർവൃതിയിലാണ് ഇടുക്കി വെള്ളത്തൂവൽ അമ്പഴച്ചാലുള്ള ഷാന്ദു ബോബി. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ നാലു ഭാഷകൾ മാത്രമേ ഷാന്ദുവിനറിയൂ. പക്ഷേ,  ഇറ്റാലിയൻ, ഫ്രഞ്ച്, പോർച്ചുഗീസ്, സ്പാനിഷ്, തമിഴ്, കന്നട, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ഇരുപതു ഭാഷകളിൽ ബൈബിൾ പർത്തിയെഴുതിയിട്ടുണ്ട്. അറിയാത്ത ഭാഷകളിലെഴുതുമ്പോൾ ബൈബിളിൽ കൊടുത്തിരിക്കുന്ന അക്ഷരങ്ങളുടെ ആകൃതിയിൽ പകർത്തി വയ്ക്കുകയാണ് ചെയ്യുന്നത്. വീട്ടുകാർക്ക് ബുദ്ധിമുട്ടാവാതിരിക്കാൻ പുലർച്ചെ മൂന്നുമണിക്ക് എഴുന്നേറ്റ് മെഴുകുതിരി വെട്ടത്തിലാണ് ഷാന്ദുവിന്റെ പകർത്തിയെഴുത്ത്.

‘‘ഞങ്ങളുടെ നാട് കോട്ടയമാണ്. വിവാഹത്തിനുശേഷം ജോലി തേടിയാണ് വെള്ളത്തൂവലിലെത്തുന്നത്. ഞാൻ ഫാർമസിസ്റ്റായതുകൊണ്ടു ഇവിടെ വന്നു മെഡിക്കൽഷോപ്പ് തുടങ്ങാനായിരുന്നു ഉദ്ദേശം. പക്ഷേ, അതു നടന്നില്ല. പിന്നെ കാന്തല്ലൂർ വട്ടവടയിലെ ഒരു മെഡിക്കൽ സ്േറ്റാറിൽ ജോലിക്കു കയറി. ഭർത്താവ് ബോബി ഡ്രൈവറായി ജോലി നോക്കുന്നു. രണ്ടായിരത്തി പതിമൂന്നിലാണ് ഞാൻ നാലാമത്തെ മകളെ പ്രസവിക്കുന്നത്. പ്രസവിച്ചു അധികം കഴിയും മുൻപേ കുഞ്ഞ് മരിച്ചുപോയി. രണ്ടുദിവസം മുഴുവൻ സമയവും ഇരുന്നു കരഞ്ഞു. ആ നീറ്റലിൽ നിന്നു മറികടക്കാനാണ് ബൈബിൾ വാങ്ങി വായിക്കാൻ തുടങ്ങിയത്. മൂന്നാമത്തെ വട്ടം വായിച്ചു കഴിഞ്ഞപ്പോഴേയ്ക്കും മുഴുവൻ വചനങ്ങളും മനപ്പാഠമായി. പിന്നെ ഞാൻ കരഞ്ഞിട്ടില്ല.’’-ഷാന്ദു വിശേഷങ്ങളിലേക്കു കടന്നു. 

‘‘വെളുപ്പിനു മൂന്നുമണി തൊട്ട് വൈകീട്ട് രണ്ടര വരെ ഭക്ഷണം പോലും കഴിക്കാതെ ഇരുന്നെഴുതി, മുപ്പത്തിയേഴു ദിവസം കൊണ്ടാണ് പകർത്തിയെഴുതുന്നത് പൂർത്തിയാക്കിയത്. രണ്ടായിരത്തി പതിന്നാറിൽ ഇംഗ്ലീഷ് ബൈബിൾ ഇരുപതു ദിവസം കൊണ്ടെഴുതി. അതു ആലുവ ബൈബിൾ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. പിന്നീടതുപോലെയൊന്നു ഞാൻ വീണ്ടും എഴുതി. അ‍ഞ്ചാമത്തെ മകനെ ഗർഭിണിയായിരിക്കുമ്പോഴാണ് അഞ്ചു ഭാഷകളിലേക്ക് പകർത്തിയെഴുതുന്നത്. പുലർച്ചെ മൂന്നുമണിക്കെഴുന്നേറ്റ് രാവിലെ ആറുമണിവരെയിരുന്നെഴുതും. പിന്നെ എഴുന്നേറ്റ് മക്കളുടെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും ചെയ്യും. ഒരു പണിയും പിറ്റേദിവസത്തേക്ക് മാറ്റി വെക്കില്ല. പകലും രാത്രിയുമൊന്നും എഴുതാനിരിക്കില്ല. അതു വീടിനുള്ള സമയമാണ്. 

shanthu775688

ഭർത്താവ്, മക്കളായ പ്രിൻസ്, ബിൻസ്, ബിനിറ്റ്, ചാൾസ് എന്നിവരാണ് വീട്ടിലുള്ളത്. ബോബി പതിന്നാലു വയസ്സിൽ കണ്ടതാണ് എന്നെ. പത്തുവർഷത്തെ പ്രണയത്തിനു ശേഷമാണ് കല്യാണം. എന്റെ എല്ലാ സന്തോഷത്തിനും സങ്കടത്തിനും അദ്ദേഹം ഫുൾ സപ്പോർട്ടാണ്. പേപ്പറിനും പേനയ്ക്കുമായി ജോലിയിലെ വരുമാനത്തിൽ നിന്നു അ‍ഞ്ഞൂറു രൂപയൊക്കെയെടുക്കും. അടുത്തുള്ള പ്രസ്സുകാരും സഹായിക്കും. തുടക്കത്തിൽ എല്ലാവരും എതിരായിരുന്നു.‘എഴുതിയിട്ടു എന്താണ് പ്രയോജനം’ എന്നാണ് എല്ലാവരുടെയും ചോദ്യം. എന്താണ് പ്രയോജനം എന്നു ചോദിച്ചാൽ എനിക്കു പറയാനറിയില്ല. ഒരു ദിവസം എഴുതിയില്ലെങ്കിൽ എന്തോ പോലെയാണ്. ആറു വർഷമായി എല്ലാ ദിവസവും ഞാൻ എഴുതുന്നുണ്ട്. ഇതാണ് എന്റെ പ്രാർത്ഥന. എന്റെ കടമയാണ് ഇത് എന്ന തോന്നലാണ്. ‘ബൈബിളേ’ എന്നാണ് നാട്ടുകാരെല്ലാം കളിയാക്കി വിളിക്കുന്നത്. എനിക്കതു കേട്ടാലും സങ്കടമൊന്നും തോന്നാറില്ല. 

ഖുറാനിൽ യേശുവിനെപ്പറ്റി എഴുതിയിട്ടുണ്ടെന്നു കേട്ടു. അതറിയാനുള്ള ആഗ്രഹമാണ് ഖുറാൻ എഴുതാൻ കാരണം. അടുത്തുള്ള മുസ്ലീം സഹോദരനാണ് ഖുറാൻ സമ്മാനിച്ചത്. തുറന്നു നോക്കിയപ്പോൾ എൺപതാം പേജാണ് കിട്ടിയത്. അങ്ങനെ എൺപതു ദിവസം കൊണ്ടാണ് ഖുറാൻ പൂർത്തിയാക്കിയത്. നാല്പതു പ്രാവശ്യം യേശുവിനെ കുറിച്ച് ഖുറാനിൽ പറയുന്നുണ്ട്. ഞാൻ ഖുറാൻ എഴുതിയതറിഞ്ഞ് അവരുടെ ചടങ്ങിൽ എന്നെ വിളിച്ച് അഭിനന്ദിച്ചു. ബൈബിളും ഖുറാനും എഴുതിയപ്പോൾ ഹിന്ദുമതത്തെ ഒഴിവാക്കിയതെന്താണെന്നു പലരും ചോദിച്ചു. എനിക്കു ഒരു മതത്തോടും പക്ഷപാതമില്ല. എല്ലാ മതത്തിലെ ദൈവങ്ങളും ഒന്നാണെന്നാണ് ബൈബിളും ഖുറാനും ഭഗവദ്ഗീതയും പകർത്തിയെഴുതിയതിൽ നിന്നു ഞാൻ മനസ്സിലാക്കിയെടുത്തത്. 

തൊട്ടടുത്തുള്ള മലയാള മനോരമ ഏജന്റാണ് രാമായണം തന്നത്. മുപ്പതു ദിവസം കൊണ്ട് തീർക്കേണ്ട ഗ്രന്ഥമാണല്ലോ രാമായണം. ലോക്ഡൗൺ കാലത്താണ് എഴുത്തു തുടങ്ങിയത്. ഒരുദിവസം അഞ്ഞൂറ്റി ഇരുപതു പേജ് എഴുതും. അങ്ങനെ മുപ്പത്തിമൂന്നു ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. എല്ലാ പുസ്തകങ്ങളും ബയന്റ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. എഴുതാനുപയോഗിച്ച പേനകളും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. ഇതു കാണാനായി വീട്ടിലേക്ക് ആളുകൾ വരുന്നുണ്ട്. ഈ വർഷം പത്തു ഭാഷയിൽ കൂടി ബൈബിൾ പകർത്തിയെഴുതി പൂർത്തിയാക്കണം.’’- ഷാന്ദു പകർത്തെഴുത്തിന്റെ തിരക്കിലേക്കു മടങ്ങി. 

Tags:
  • Spotlight