Wednesday 21 August 2019 05:30 PM IST

പാത്രവുമായി വന്നാൽ പാല് വാങ്ങാം, കുപ്പിയുമായി എത്തുന്നവർക്ക് 5 രൂപയ്ക്ക് മിനറൽ വാട്ടർ! ഇത് ലക്ഷങ്ങളുടെ ശമ്പളം വേണ്ടെന്നു വച്ച് എംടെക്കുകാരൻ തുടങ്ങിയ ‘പലചരക്കു’ കട

V.G. Nakul

Sub- Editor

b1

എം.ടെക്കുകാരൻ പലചരക്കുകട നടത്തിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ, അതും കുറച്ചു വെറൈറ്റിയായിട്ടായാൽ ?

കോതമംഗലംകാരന്‍ ബിട്ടു ജോണ്‍ എന്ന മുപ്പത്തിയൊന്നുകാരനോടാണ് ചോദ്യമെങ്കിൽ ‘‘ ഒരു കുഴപ്പവുമില്ല, ഞാൻ ഗ്യാരണ്ടി’’ എന്നാകും ഉത്തരം. കാരണം എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക്കും ഇൻഡസ്ട്രിയൽ എന്‍ജിനീയറിങ്ങില്‍ എം. ടെക്കും നേടി, ബാംഗ്ലൂരില്‍ കിട്ടിയ കലക്കൻ ജോലിയും വിട്ടാണ് ബിട്ടു നാട്ടിലെത്തി പലചരക്കു കച്ചവടം തുടങ്ങിയത്. അതും വെറും പലചരക്കു കടയല്ല, കേരളത്തിലെ ആദ്യത്തെ ‘പ്ലാസ്റ്റിക്ക് വിരോധ’ സൂപ്പർമാർക്കറ്റ്.

‘‘കോയമ്പത്തൂർ പാർക്ക് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയില്‍ നിന്നാണ് ബി.ടെക്ക്. അതു കഴിഞ്ഞാണ് ബെംഗലുരുവിേക്ക് പോയത്. അവിടെ എച്ച്എഎല്ലിൽ ട്രെയിനിയായി ജോയിൻ ചെയ്തു. അപ്പോഴും നാട്ടിൽ നിൽക്കണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ മടങ്ങി വന്നു, വാഴക്കുളത്തെ വിശ്വജ്യോതി എന്‍ജിനീയറിങ് കോളെജില്‍ നിന്നു എം.ടെക്ക് നേടി. പപ്പയെ ബിസിനസ്സിൽ സഹായിക്കാം, നാട്ടിൽ നിൽക്കാം, എവിടെയെങ്കിലും അധ്യാപകനാകാം എന്നൊക്കെയായിരുന്നു ലക്ഷ്യം. പക്ഷേ...’.– ബിട്ടു ‘വനിത ഓൺലൈനോ’ട് തന്റെ ‘ബിസിനസ് എൻട്രി’ പറഞ്ഞു തുടങ്ങിയതിങ്ങനെ. ആ ‘പക്ഷേ’ ആയിരുന്നു ട്വിസ്റ്റ്.

അവനായിരുന്നു എന്റെ ആദ്യ പ്രണയം, പക്ഷേ വീട്ടുകാർ നിർബന്ധിച്ചപ്പോൾ അവൻ ഒരു ‘പെണ്ണിനെ’ വിവാഹം ചെയ്തു! ഈ ‘കുടുംബ’ത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്

40 വർഷത്തെ പാരമ്പര്യം

ബിട്ടുവിന്റെ പപ്പ യോഹന്നാനും പപ്പയുടെ പപ്പയ്ക്കും പലചരക്ക് കച്ചവടമായിരുന്നു. യോഹന്നാനും ഭാര്യ ലില്ലിയും മക്കളായ ബിട്ടുവിനെയും ടിറ്റുവിനെയും പഠിപ്പിച്ച് എന്‍ജിനീയർമാരാക്കിയത് ഈ വരുമാനം കൊണ്ടാണ്. അതുകൊണ്ടു തന്നെ കുടുംബ ബിസിനസിൽ കുട്ടിക്കാലം മുതൽ ബിട്ടുവിനും താൽപര്യമുണ്ടായിരുന്നു.

b4

‘‘ഞങ്ങളുടെ കുടുംബത്തിന് 40 വർഷമായി കോതമംഗലം ട്രെഡേഴ്സ് എന്ന പേരിൽ ഒരു ഹോൾസെയിൽ പലചരക്കു കടയുണ്ട്. അതുകൊണ്ടു തന്നെ ജോലി വിട്ടു, എം.ടെക്കിനു ജോയിൻ ചെയ്തപ്പോൾ കോഴ്സ് കഴിഞ്ഞ് എവിടെയെങ്കിലും അധ്യാപകനായി ജോയിൻ ചെയ്യാം, ഒപ്പം പപ്പയെ ബിസിനസ്സിൽ സഹായിക്കാം എന്നൊക്കെയായിരുന്നു പ്ലാൻ. അത് മൊത്തം മാറി മറിഞ്ഞ് സ്വന്തം സ്ഥാപനം എന്ന ഐഡിയയിലേക്കെത്തിയത് ഒരു ലണ്ടന്‍ യാത്രയോടെയാണ്’’.

ട്വിസ്റ്റ് സംഭവിച്ച ലണ്ടൻ യാത്ര

ആ ലണ്ടൻ യാത്രയാണ് എൻജിനീയറിങ് ഉപേക്ഷിച്ച് പലചരക്ക് കട തുടങ്ങാന്‍ ബിട്ടുവിനെ പ്രേരിപ്പിച്ചത്. അതാണ് മേൽ പറഞ്ഞ ‘പക്ഷേ’. ലണ്ടനിലെ ‘എര്‍ത്ത്, ഫൂഡ്, ലവ്’ എന്ന സൂപ്പർമാർക്കറ്റ് കണ്ടതോടെ അത്തരമൊന്ന് നാട്ടിലും തുടങ്ങണമെന്ന് മനസ്സിലുറപ്പിച്ചു. ‘എര്‍ത്ത്, ഫൂഡ്, ലവ്’ ഒരു ചെറിയ കടയാണ്. പക്ഷേ, ആ കടമുറിക്കുള്ളില്‍ പ്ലാസ്റ്റിക് എന്ന സാധനമേയില്ല. അത് ബിട്ടുവിനെ ആകർഷിച്ചു.

അങ്ങനെ പ്ലാസ്റ്റിക് വിമുക്ത സൂപ്പര്‍മാര്‍ക്കറ്റ് എന്ന ലക്ഷ്യത്തോടെ നാട്ടിൽ തിരിച്ചെത്തിയ ബിട്ടു കോലഞ്ചേരി മെഡിക്കല്‍ കോളജിനടുത്തായി ‘7 റ്റു 9 ഗ്രീന്‍ സ്റ്റോര്‍’ എന്ന കട തുടങ്ങി. നാട്ടില്‍ പ്ലാസ്റ്റിക് വേസ്റ്റുകള്‍ കുമിഞ്ഞുകൂടുന്നതും ഈ വേറിട്ട ആശയം പ്രാവർത്തികമാക്കാൻ ബിട്ടുവിനു പ്രചോദനമായി.

b2

‘‘ഞങ്ങളുടെ പഴയ കട തുടങ്ങിയ, ചെറിയ മുറിയിലാണ് ‘7 റ്റു 9 ഗ്രീന്‍ സ്റ്റോര്‍’ പ്രവർത്തിക്കുന്നത്. 500 സ്ക്വയര്‍ ഫീറ്റിലുള്ള ഒരു ഷോപ്പ്. ഇവിടെ ബഹുഭൂരിപക്ഷം സാധനങ്ങളും ലൂസ് ആയാണ് കൊടുക്കുന്നത്. പ്ലാസ്റ്റിക്ക് പാക്കറ്റിലുള്ള സാധനങ്ങൾ തീരെ കുറവാണ്. പ്ലാസ്റ്റിക് കവറുകളിലിരിക്കുന്ന വെളിച്ചെണ്ണയോ മുളകുപ്പൊടിയോ മല്ലിപ്പൊടിയോ അരിപ്പൊടിയോ കടുകോ ഒന്നും ഇവിടെ ഇല്ല. കടയിലെ 80 ശതമാനം സാധനങ്ങളും പ്ലാസ്റ്റിക് മുക്തമാണ്’’.

വിജയകരമായ 6 മാസം

പ്ലാസ്റ്റിക് മാലിന്യത്തിന്റെ നല്ലൊരു ശതമാനം കുറയ്ക്കാന്‍ പറ്റിയ ഷോപ്പിങ് രീതിയാണ് കടയിൽ അവലംബിച്ചിരിക്കുന്നത്. ഷോപ്പ് ആരംഭിച്ചിട്ട് ഇപ്പോൾ 6 മാസമാകുന്നു. ലണ്ടനിലെ ഡൗണ്‍ ടൗണില്‍ കണ്ട ഷോപ്പിന്റെ അതേ ശൈലി തന്നെയാണ് ഇവിടെയും കൊണ്ടുവന്നിരിക്കുന്നതെങ്കിലും അവിടുത്തെ പോലെ എല്ലാം പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ സാധിച്ചിട്ടില്ല. ഉടൻ തന്നെ 100 ശതമാനം പ്ലാസ്റ്റിക് മുക്ത സൂപ്പർമാർക്കറ്റ് എന്ന തന്റെ ലക്ഷ്യത്തിലേക്കെത്തണം എന്നാണ് ബിട്ടുവിന്റെ ആഗ്രഹം.

‘‘45 ലക്ഷം മുടക്കിയാണ് ഷോപ്പ് തുടങ്ങിയിരിക്കുന്നത്. വളരെയധികം റിസ്ക് ഉള്ള, മത്സരം കടുത്ത, ലാഭവിഹിതം കുറവുള്ള കച്ചവടമാണിത്. പക്ഷേ, തുടക്കക്കാരന്റെ പ്രശ്നങ്ങൾ ബാധിക്കാതിരിക്കാൻ പപ്പയുടെ കടയുടെ ബാക്ക് അപ്പ് തുണയായി. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ സാധനങ്ങൾ വിൽക്കാനും ഇതു സഹായകമാണ്.

b3

സൂപ്പർമാർക്കറ്റ് സംസ്ക്കാരം വ്യാപകമായതോടെ പലചരക്കു കടകളുടെ കാര്യം കഷ്ടത്തിലായി. പലചരക്കു കടകളിൽ സാധനം വാങ്ങാൻ പോകുമ്പോഴുള്ള സമയ നഷ്ടം, വൃത്തിയുടെ പ്രശ്നം ഒക്കെയാണ് സൂപ്പർമാർക്കറ്റ്–പ്ലാസ്റ്റിക് പാക്കറ്റ് സമ്പ്രദായത്തിലേക്കു മലയാളികളെ അതിവേഗം പരുവപ്പെടുത്തിയത്. പക്ഷേ, അതു പതിയെപ്പതിയെ പ്ലാസ്റ്റിക് എന്ന വലിയ വിപത്തിലേക്ക് നാടിനെ കൊണ്ടെത്തിച്ചു’’.

പ്ലാസ്റ്റിക് എന്തിന്

മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, അരിപ്പൊടികള്‍, റവ, അവല്‍, എണ്ണകള്‍, കടുക്, ജീരകം, ഉള്ളി എന്നിങ്ങനെ ഒട്ടുമിക്ക സാധനങ്ങളും വില്‍ക്കുന്നത് ലൂസ് ആയിട്ടാണ്. പ്ലാസ്റ്റിക് കുപ്പിയിലെ മിനറല്‍ വാട്ടറും ഇവിടെ കിട്ടില്ല. പൊടികളും എണ്ണകളും മാത്രമല്ല ലോഷനുകളും ലൂസാണ്. ക്ലീനിങ്ങ് ലോഷനുകള്‍, സ്റ്റിഫ് ആന്‍ഡ് ഷൈന്‍, ഹാന്‍ഡ് വാഷ് ഇതൊക്കെ ആവശ്യക്കാര്‍ കാലിക്കുപ്പി കൊണ്ടുവന്ന് വാങ്ങി കൊണ്ടുപോകുകയാണ് പതിവ്. കുപ്പിയുമായി വന്നാല്‍ അഞ്ചു രൂപയ്ക്ക് ഒരു ലിറ്റര്‍ തണുത്ത വെള്ളവും വാങ്ങാം. ഫ്രീസറിലെ ബിന്നിലാണ് പാല്‍ സൂക്ഷിക്കുന്നത്. ബോട്ടില്‍ കൊണ്ടുവന്ന് കസ്റ്റമര്‍ക്ക് ബിന്നില്‍ നിന്നു ആവശ്യത്തിന് പാല്‍ എടുക്കാം. പക്ഷേ കവര്‍ പാല്‍ കുറച്ചുണ്ട്. പൊടികളും എണ്ണകളുമൊക്കെ വാങ്ങുന്നതിന് ചില്ലുകുപ്പികളും കടലാസു കവറുകളും തുണി സഞ്ചികളുമൊക്കെ കടയിൽ നിന്നു കിട്ടും. ഓരോ ഐറ്റത്തിനും ആവശ്യമായ ചില്ലുക്കുപ്പികള്‍ തയാർ.

50 രൂപ മുതല്‍ 150 രൂപ വരെയാണ് ചില്ലു കുപ്പികള്‍ക്ക് വില. ബോട്ടില്‍ ഉപയോഗിച്ച ശേഷം വൃത്തിയാക്കി തിരികെ തന്നാല്‍ പണം തിരിച്ചു നല്‍കും. 15 മുതൽ35 രൂപ വരെയാണ് തുണിസഞ്ചിയുടെ വില. കടലാസ് കവറിന് വില ഈടാക്കുന്നില്ല.

ഇപ്പോള്‍ ബിട്ടുവിന്റെ സൂപ്പര്‍മാര്‍ക്കെറ്റിലേക്ക് വരുന്ന പലരും വീട്ടില്‍ നിന്നു സഞ്ചിയും കുപ്പിയുമൊക്കെ കൊണ്ടുവരാന്‍ തുടങ്ങിയിട്ടുണ്ട്.

എന്നാൽ ഇവിടെ നിന്നു നേരത്തെ വാങ്ങിയ കുപ്പിയോ തുണി സഞ്ചികളോ സാധനങ്ങള്‍ വാങ്ങാന്‍ വീണ്ടും കൊണ്ടു വരുന്നവര്‍ക്കു ചെറിയൊരു കിഴിവുണ്ട്. അവരുടെ ബില്ലില്‍ രണ്ടു ശതമാനം കുറയ്ക്കും. കൂടുതല്‍ ആളുകളെ തുണി സഞ്ചിയും കുപ്പിയുമൊക്കെ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

‘‘പല സൂപ്പർമാർക്കറ്റുകളും ഇപ്പോൾ തുണി സഞ്ചിയാണ് സാധനങ്ങൾ കൊണ്ടു പോകാൻ കൊടുക്കുക. പക്ഷേ, അതിൽ നിറച്ചു കൊണ്ടു പോകുന്നതൊക്കെ പ്ലാസ്റ്റിക് കവറുകളിലെ സാധനങ്ങളാണല്ലോ. അതാണ് മാറേണ്ടത്. ഇത്തരം പ്ലാസ്റ്റിക് കവറുകളാണ് 90 ശതമാനം പ്രശ്നമുണ്ടാക്കുക. അതാണ് നമ്മുടെ പരിസരങ്ങളെ അപകടമായി ബാധിക്കുന്നതും കൂടുതലുള്ളതും’’.

b5

ഇതിനോടകം രണ്ട് ലക്ഷത്തിലധികം പ്ലാസ്റ്റിക് പാക്കിങ് കവറുകള്‍ ഒഴിവാക്കാനായിട്ടുണ്ടെന്നു ബിട്ടു പറയുന്നു. മിനറല്‍ വാട്ടര്‍ കുപ്പികളും ക്ലീനിങ്ങ് ലോഷന്‍ കുപ്പികളുമടക്കം 12,000 പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഒഴിവാക്കാനായിട്ടുണ്ടത്രേ.

എല്ലാം മാറ്റിയെടുക്കാം

ഈ ചെറിയ ഷോപ്പിലൂടെ ഇത്രയും പ്ലാസ്റ്റിക് ഒഴിവാക്കാന്‍ സാധിച്ചുവെങ്കില്‍ വലിയ സൂപ്പര്‍മാര്‍ക്കറ്റുകളൊക്കെ ഈ രീതിയിലേക്ക് വരികയാണെങ്കില്‍ വലിയ മാറ്റം തന്നെ കൊണ്ടുവരാനാകും എന്നാണ് ബിട്ടു പറയുന്നത്.

‘‘സർക്കാർ പിന്തുണ വന്നാൽ ഇത്തരം ഷോപ്പുകൾ ധാരാളമായി വരും. ഇപ്പോഴുള്ള, അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന പലചരക്കുകടകൾ നവീകരിച്ച് ആവശ്യമായ ഉപകരണങ്ങൾ നൽകിയാൽ വലിയ ശതമാനം പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാം. പണ്ടൊക്കെ പേപ്പർ കുമ്പിൾ കുത്തി ആവശ്യമുള്ള സാധനങ്ങൾ വേണ്ടുന്ന അളവിൽ പൊതിഞ്ഞു നൽകുന്ന രീതിയായിരുന്നല്ലോ. അതിനെ നവീകരിച്ച്, സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതുക്കിയെടുത്താൽ, കസ്റ്റമേഴ്സ് ആവശ്യമുള്ള സാധനങ്ങൾ സ്വയം അളന്നെടുത്ത്, സമയ നഷ്ടം, വൃത്തിയില്ലായ്മ എന്നീ പ്രശ്നങ്ങൾ അനായാസം പരിഹരിച്ച് പ്ലാസ്റ്റിക് മുക്ത കടകൾ ധാരാളമായി നടപ്പിലാക്കാം’’.

സാധാരണക്കാർക്കു വേണ്ടിയും

പൂര്‍ണമായും പ്ലാസ്റ്റിക് രഹിത, ഓര്‍ഗാനിക് വസ്തുക്കള്‍ മാത്രമെന്നൊക്കെ കേള്‍ക്കുമ്പോള്‍ സമ്പന്നർ മാത്രമാകും സാധാരണ വരുക. ഓര്‍ഗാനിക് വസ്തുക്കള്‍ക്ക് വില കൂടുതലാണെന്നതാണ് കാരണം. എന്നാൽ, താങ്ങാവുന്ന വിലയിൽ സാധനങ്ങൾ കിട്ടുന്നതിനാൽ സാധാരണക്കാരും ഇവിടേക്കു വരുന്നു.

ജര്‍മനി, അമേരിക്ക, ചൈന എന്നിവിടങ്ങളില്‍ നിന്നൊക്കെ കൊണ്ടുവന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് ഷോപ്പ് തയാറാക്കിയിരിക്കുന്നത്. ജാറില്‍ നിന്നു ലോഷൻ പമ്പ് ചെയ്ത് എടുക്കുന്ന മെഷീന്‍ യുഎസില്‍ നിന്നു കൊണ്ടുവന്നതാണ്. ചില്ലുകുപ്പികള്‍ ചൈനയില്‍ നിന്നുള്ളതാണ്.

‘‘വലിയ ലാഭം വരുന്ന കച്ചവടമല്ല ഇത്. എങ്കിലും കട ഇതിനോടകം ചെറിയ ലാഭത്തിലേക്കെത്തിക്കഴിഞ്ഞു. ശരാശരി 250 കസ്റ്റമേഴ്സ് ദിവസേന കടയിലെത്തുന്നുണ്ട്’’.

പ്ലാസ്റ്റിക് അവബോധ ക്ലാസുകള്‍ എടുക്കാനും ഇപ്പോള്‍ ബിട്ടു പോകുന്നുണ്ട്.

കോലഞ്ചേരിയില്‍ ഡെന്റല്‍ ക്ലിനിക്ക് നടത്തുന്ന ഡോ. നിഷ ബിട്ടുവാണ് ബിട്ടുവിന്റെ ഭാര്യ. മകൾ മാർത്ത.