Wednesday 08 July 2020 11:10 AM IST : By സ്വന്തം ലേഖകൻ

രാത്രി മുഴുവൻ കരച്ചിൽ, വിഡിയോ കോളിലൂടെ ഉമ്മ; അഞ്ചു മാസം മുൻപ് പോയതാണ്, അമ്മ വരുന്നതും കാത്ത് എമിൽ!

kannur-neethu-with-family

കുറച്ചു നാളുകളായി രാത്രി കിടന്നുറങ്ങും മുൻപു കരച്ചിൽ പതിവാണ് മൂന്നാം ക്ലാസുകാരൻ എമിലിന്. അമ്മയെ കാണണം എന്ന വാശിയിലാണ് അവന്റെ കരച്ചിൽ. അമ്മ വരുമെന്നു പറഞ്ഞ് അച്ഛൻ മനു അവനെ ആശ്വസിപ്പിക്കും. കരച്ചിലിനൊടുവിൽ അച്ഛന്റെ നെഞ്ചിൽ കിടന്ന് അവനുറങ്ങും. ആ ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങളിലത്രയും അവന്റെ അമ്മയാകണം. ആ സമയം, കോട്ടയം അതിരമ്പുഴ മറ്റക്കവല മുണ്ടിയാപറമ്പിൽ വീട്ടിൽ നിന്ന് 311 കിലോമീറ്റർ അകലെ, തലശ്ശേരി ജനറൽ ആശുപത്രിയിലെ കോവിഡ് ഐസലേഷൻ വാർഡിൽ ഡ്യൂട്ടിയിലാണ് എമിലിന്റെ അമ്മ നീതു ജോസ്‌ലിൻ‌.

കഴിഞ്ഞ 5 മാസമായി വീട്ടിൽ പോകാതെ, മകനെയും ഭർത്താവിനെയും കാണാതെ കോവിഡ് ഡ്യൂട്ടിയിലാണു നീതു. കോട്ടയത്തു നഴ്സിങ് അധ്യാപികയായിരുന്ന നീതുവിനു പിഎസ്‌സി മുഖേന ലഭിച്ച ആദ്യനിയമനമാണു തലശ്ശേരി ജനറൽ ആശുപത്രിയിൽ. ഫെബ്രുവരി ആദ്യ ആഴ്ച ജോലിയിൽ പ്രവേശിച്ചു. രണ്ടാഴ്ചയിലൊരിക്കൽ മകനെയും ഭർത്താവിനെയും കാണാൻ അതിരമ്പുഴയിലെ വീട്ടിലെത്താമെന്നാണു കരുതിയത്. എന്നാൽ കോവി‍ഡ് കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു.

ജോലിയിൽ പ്രവേശിച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ കോവിഡ് ഡ്യൂട്ടി ആരംഭിച്ചു. 3 കോവിഡ് ഐസലേഷൻ ഡ്യൂട്ടിയും ക്വാറന്റീനും പൂർ‌ത്തിയാക്കി. ഇതിനിടെ, മൂന്നു മാസം മുൻപ് വീട്ടിൽ പോകാനായി അവധിയെടുത്തു, എന്നാൽ ആ സമയത്തു തലശ്ശേരി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതോടെ പോകാൻ സാധിച്ചില്ല. ഇനിയെന്നു പോകാനാകുമെന്ന കാര്യത്തിലും നീതുവിന് ഉത്തരമില്ല. 

അമ്മയെ കാണണമെന്നു പറഞ്ഞു കരയുന്ന മകനെ ഫോണിലൂടെ ആശ്വസിപ്പിക്കും. നാട്ടിലെ സ്ഥിതി പറഞ്ഞു മനസ്സിലാക്കും. കോവിഡ് ഒന്നടങ്ങി കഴിയുമ്പോൾ അമ്മ ഓടിയെത്താമെന്ന ഉറപ്പുനൽകും. ഇതു കേൾക്കുമ്പോൾ വിഡിയോ കോളിലൂടെ എമിൽ അമ്മയ്ക്ക് ഉമ്മ നൽകും. സങ്കടം കൊണ്ടു കണ്ണു നിറഞ്ഞാലും വീട്ടിലേക്ക് ഓടിയെത്തി മകനെ മാറോടണച്ച് ഉറങ്ങുന്ന ദിവസത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണു നീതുവിപ്പോൾ.

Tags:
  • Spotlight