Thursday 19 November 2020 02:49 PM IST

‘അന്നെനിക്ക് തോന്നി ഓഫിസ് ജോലിയല്ല എന്റെ ലക്ഷ്യം’; ഗവൺമെന്റ് ജോലി വേണ്ടെന്ന് വച്ചു സ്വന്തം കമ്പനി തുടങ്ങി വിജയിച്ച നഫീസ്ത്തുൾ മിശ്രിയ പറയുന്നു

Lakshmi Premkumar

Sub Editor

THA00218 ഫോട്ടോ: സരിൻ രാംദാസ്

ജീവിതത്തിലെ  സാഹചര്യങ്ങളോട്  യാതൊരു പരാതിയുമില്ലാത്തയാളാണ് നഫീസുത്തുൾ മിശ്രിയ. ജനിച്ച് രണ്ട് വയസായപ്പോഴാണ് ഇടതു കാലിന്റെ ചലനം നഷ്ടമാകുന്നത്. അതുവരെ ഓടി നടന്നയാൾ പെട്ടെന്നൊരു ദിവസം ഇഴയാൻ തുടങ്ങി. പോളിയോ ആയിരുന്നു ജീവിതത്തെ മാറ്റി മറിച്ച വില്ലൻ. പക്ഷേ, ഉറച്ച വിശ്വാസവും കഠിന പരിശ്രമവും നഫീസുത്തുളിനെ ഇന്ന് ഒരു കണ്‍സ്ട്രഷൻ കമ്പനിയുടെ തലപ്പത്ത് എത്തിച്ചു.

ട്വിസ്റ്റുള്ള ജീവിതം

‘‘ഷൊർണ്ണൂര് തലശ്ശേരിയാണ് എന്റെ നാട്. വീടിനടുത്തൊക്കെ സ്കൂളുകളുണ്ടായിരുന്നതു കൊണ്ട് പത്താം ക്ലാസു വരെയുള്ള വിദ്യാഭ്യാസം വലിയ പ്രശ്നങ്ങളില്ലാതെ കഴിഞ്ഞു. പ്രീഡിഗ്രി പാലക്കാട് വിക്ടോറിയ കോളേജിലായിരുന്നു. പക്ഷേ, ഓരോ കാലത്തും വില്ലനായി അസുഖങ്ങൾ കൂടെയുണ്ടായിരുന്നു. പ്രീഡിഗ്രി രണ്ടാം വർഷം ന്യുമോണിയ ബാധിച്ച് ലാബ് പ്രാക്ടിക്കൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ആ വർഷം അങ്ങനെ നഷ്ടമായി.

തിരികെ നാട്ടിലെത്തി സിവിൽ എൻജിനീയറിങ് കോഴ്സ് രണ്ടു കൊല്ലം പഠിച്ചു. പഠിച്ചിറങ്ങിയപ്പോൾ തന്നെ എനിക്ക് കുന്ദംകുളം മുൻസിപ്പാലിറ്റിയിൽ വർക്ക് സൂപ്രണ്ടായി ജോലി ലഭിച്ചു. 22 പേരെ പിന്തള്ളിയാണ് ഇന്റർവ്യൂവിൽ ഞാൻ ഒന്നാമതെത്തിയത്. അന്നെനിക്ക് പതിനെട്ടര വയസ് മാത്രമാണ് പ്രായം. അവിടെ നിന്നും ഞാൻ തൃശ്ശൂര് കോർപ്പറേഷൻ ഓഫിസിലേക്കാണ് ജോലി കിട്ടി പോയത്. അടുത്ത നാലു കൊല്ലം തൃശ്ശൂർ കോർപറേഷനിലെ വർക്ക്  സൂപ്രണ്ടായിരുന്നു. ആ ജോലിക്കൊപ്പം തന്നെ സിവിൽ എൻജിനീയറിങ്ങിൽ ബിരുദവും പാർട് ടൈമായി പഠിക്കാൻ ചേർന്നു. ജോലി കഴിഞ്ഞ് ഉടനെ വണ്ടി പിടിക്കും ക്ലാസിലേക്ക്. അഞ്ചരയാകുമ്പോഴാണ് ക്ലാസിൽ എത്തുക. പോരാത്തതിന് കുറേ പടികൾ കയറണം. ശാരീരിക ബുദ്ധിമുട്ടിന്റെ എല്ലാ പ്രശ്നങ്ങളും നേരിട്ടാണ് ആ വർഷങ്ങൾ കഴിച്ചു കൂട്ടിയത്. ഈ ഓട്ടത്തിനിടയിൽ എന്റെ വിവാഹവും കഴിഞ്ഞു.

സ്വന്തം കമ്പനി

തൃശ്ശൂര് വടുതലയാണ് ഭർത്താവ് ഷാഫിയുടെ വീട്. രാവിലെ ആറരയാകുമ്പോൾ അദ്ദേഹത്തിന്റെ  വീട്ടിൽ നിന്നിറങ്ങി ഏഴരയാകുമ്പോൾ കോളേജിൽ എത്തും. പത്താകുമ്പോൾ നേരെ ഓഫീസിലേക്കും. വൈകിട്ട് അഞ്ചരയ്ക്ക് ഓഫീസിൽ നിന്നിറങ്ങി ക്ലാസിന് പോയി ഒമ്പതാകുമ്പോൾ വീട്ടിൽ തിരികെയെത്തും. എട്ടര മാസം ഗർഭിണിയായിരിക്കുമ്പോഴാണ് പരീക്ഷയെഴുതുന്നത്. പിന്നീട് യാത്ര ദുസ്സഹമായി മാറി.  മോൻ മുഹമ്മദ് മിൽഹാജ് ഉണ്ടായ ശേഷമാണ് ഞാൻ ബാക്കി പരീക്ഷയൊക്കെ എഴുതി ജയിക്കുന്നത്.

ആ സമയത്ത് എനിക്ക് തോന്നി ഇങ്ങനെയൊരു ഓഫിസ് ജോലിയല്ല എന്റെ ലക്ഷ്യം. എന്റെ ആഗ്രഹം വലുതായിരുന്നു. ഒരുപാട് വീടുകളും കൺസ്ട്രഷൻ വർക്കുകളും ചെയ്ത് എന്റേതായ ഒരു ബ്രാൻഡ് ഉണ്ടാക്കാനായിരുന്നു ഇഷ്ടം. എന്ത് തീരുമാനമെടുത്താലും ഒപ്പം നിൽക്കുന്ന നേർപാതിയും സമ്മതം നൽകി. അങ്ങനെ ആ ഗവൺമെന്റ് ജോലി വേണ്ടെന്ന് വെച്ചു.  

മിൻഹാജ് ബിൽഡേഴ്സ്  എന്ന കൺസ്ട്രഷൻ കമ്പനി സ്വന്തമായി തുടങ്ങി. എല്ലാവരും തന്ന ധൈര്യമായിരുന്നു ബലം. അതു വെറുതെയായില്ല. നിലവിൽ മിൻഹാജിന് തൃശ്ശൂരിൽ രണ്ടും പാലക്കാട് ഒന്നും ബ്രാഞ്ചുണ്ട്. കേരളത്തിലങ്ങോളമിങ്ങോളം വർക് ചെയ്യാറുണ്ട്. എത്ര വയ്യെങ്കിലും  കേരളത്തിലെല്ലായിടത്തും ഞാൻ സൈറ്റ് വിസിറ്റ് ചെയ്യാറുണ്ട്. എല്ലായിടത്തും എന്റെയൊരു മേൽനോട്ടം വേണമെന്നുള്ളത് നിർബന്ധമാണ്.’’ തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്ന് കേട്ടിട്ടില്ലേ... അതാണ് നഫീസ്ത്തുൾ മിശ്രിയ

Tags:
  • Spotlight
  • Inspirational Story