Friday 12 August 2022 10:56 AM IST : By സ്വന്തം ലേഖകൻ

ആളിറങ്ങും മുന്‍പ് ബസ് വേഗതയില്‍ മുന്നോട്ടെടുത്തു; റോഡിലേക്കുള്ള വീഴ്ചയില്‍ പത്താം ക്ലാസുകാരനു മുഖത്ത് പരുക്കേറ്റു

Student-Bus-2.jpg.image.845.440

ആളിറങ്ങും മുന്‍പ് ബസ് വേഗതയില്‍ മുന്നോട്ട് നീങ്ങിയതിനാല്‍ സ്വകാര്യ ബസില്‍ നിന്ന് വീണ് പത്താം ക്ലാസുകാരന് പരുക്കേറ്റു. പാലക്കാട് മുണ്ടൂർ സ്വദേശിയും മുട്ടിക്കുളങ്ങര സ്കൂള്‍ വിദ്യാര്‍ഥിയുമായ അഭിഷേക് ഷാജിക്ക് വീഴ്ചയിൽ മുഖത്ത് സാരമായി പരുക്കേറ്റു. നിര്‍ത്താതെ പാഞ്ഞ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അഭിഷേകിന്റെ കുടുംബം ആര്‍ടിഒയ്ക്കും പൊലീസിനും പരാതി നൽകി. 

കഴിഞ്ഞദിവസം സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടയായിരുന്നു അപകടം. പൊരിയാണി ബസ്റ്റോപ്പിൽ ഇറങ്ങണമെന്നായിരുന്നു കുട്ടിയുടെ ആവശ്യം എന്നാൽ ആവശ്യം അംഗീകരിക്കാതെ ബസ് ജീവനക്കാർ കുട്ടിയോട് കയർത്തുവെന്നാണ് കൂടെയുണ്ടായിരുന്ന യാത്രികരുടെ മൊഴി. രണ്ട് സ്റ്റോപ്പിനപ്പുറം ബസ് വേഗത കുറച്ചു. കുട്ടിയോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. പുറത്തിറങ്ങും മുന്‍പ് വേഗത്തില്‍ ബസ് നീങ്ങി. 

റോഡിലേക്കുള്ള വീഴ്ചയില്‍ അഭിഷേകിന് മുഖത്ത് സാരമായി പരുക്കേറ്റു. മുഖത്ത് തുന്നലുണ്ട്. അത്യാപത്തിന് ഇടയാക്കുന്ന മട്ടില്‍ പെരുമാറിയ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കുടുംബം പരാതി നല്‍കിയത്. സ്വകാര്യ ബസുകളുടെ മല്‍സരയോട്ടം പതിവാണ്. നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും ബസ് ജീവനക്കാരുടെ ശൈലിയില്‍ മാറ്റം വരാത്തത് ഗുരുതര വീഴ്ചയാണ്. പെര്‍മിറ്റ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടി ആവശ്യമെന്ന് യുവജനക്ഷേമ ബോര്‍ഡ് അംഗം.

ബസ് ജീവനക്കാരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടതായും പെര്‍മിറ്റ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. 

Tags:
  • Spotlight