Tuesday 30 June 2020 02:57 PM IST : By സ്വന്തം ലേഖകൻ

‘റിസൽറ്റ് വരും മുമ്പേ പലരും മഹാരോഗിയാക്കി ചിത്രീകരിച്ച് ഒറ്റപ്പെടുത്തി’; മനസുനീറിയ നിമിഷം; യുവാവിന്റെ കുറിപ്പ്

salman

കോവിഡിനെ നേരിട്ട വിധം വികാരനിർഭരമായ കുറിപ്പിലൂടെ പങ്കുവയ്ക്കുകയാണ് സൽമാൻ എന്ന യുവാവ്. പ്രതിസന്ധികളെ അതിജീവിക്കാനുള്ള ഊർജമായിരുന്നു പോയകാലത്തിലൂടെ താൻ ആർജ്ജിച്ചെടുത്തതെന്ന് സൽമാൻ പറയുന്നു. അതേസമയം കോവിഡ് പോസിറ്റീവ് റിസൽറ്റ് വരും മുന്നേ തന്നെ പലരും ഒറ്റപ്പെടുത്തിയെന്നും സൽമാൻ വേദനയോടെ കുറിക്കുന്നു.

സൽമാന്റെ വാക്കുകള്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ;

അങ്ങിനെ ഒരു കോവിഡ്-19 പോസിറ്റീവിന്റെ ഓർമ്മയ്ക്ക്...

അനുഭവക്കുറിപ്പ്

കഴിഞ്ഞ ഒരു മാസത്തോളമായി ഞാൻ കോവിഡ്-19 എന്ന ട്രെൻഡിങ് വൈറസിനോട്‌ പൊരുതുകയായിരുന്നു. എന്റെ ജീവിതത്തിൽ മുമ്പൊരിക്കലും ഞാൻ ഇതുപോലുള്ള ഒരു അവസ്ഥ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല.

ചെറിയ പെരുന്നാളിന്റെ മൂന്ന് ദിവസം മുമ്പാണ് ഞാൻ ജോലി ചെയ്യുന്ന ഓഫീസിലെ ഒരു വ്യക്തിക്ക് കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചത്. അതിനു ശേഷം ഓഫീസിലുള്ള എല്ലാവരും ടെസ്റ്റിന് വിധേയരായി. രണ്ടാം പെരുന്നാൾ ദിവസമാണ് അതിൻറെ റിസൽട്ട് വന്നത്, അത് പ്രതീക്ഷിച്ച പോലെ നെഗറ്റീവ് തന്നെയായിരുന്നു. പിന്നീട് പെരുന്നാൾ ലീവ് കഴിഞ്ഞ് ബുധനാഴ്ചയാണ് വീണ്ടും ഡ്യൂട്ടിക്ക് പോയി തുടങ്ങുന്നത്. ബുധൻ, വ്യാഴം അങ്ങിനെ കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ തന്നെ പോയി. വെള്ളിയാഴ്ച കാലത്ത് മുതലാണ് എനിക്ക് അസ്വസ്ഥതകൾ കണ്ടു തുടങ്ങുന്നത്. പതിവില്ലാത്ത വിധം ക്ഷീണം തോന്നി. തലവേദന ഉണ്ടായതുകൊണ്ട് ഞാൻ പനഡോൾ കഴിച്ചിരുന്നു. പിന്നെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ രുചി മനസ്സിലാക്കാൻ കഴിയുന്നില്ല, അത് പോലെ മണം പിടിക്കാനും സാധിക്കുന്നില്ല. കണ്ണടക്കുമ്പോൾ വല്ലാത്തൊരു ചൂട് ശരീരത്തിൽ. സമയം പോകും തോറും അസ്വസ്ഥതകൾ കൂടി കൂടി വന്നു. എന്തായാലും ശനിയാഴ്ച കാലത്ത് ഡോക്ടറെ കാണാൻ തന്നെ തീരുമാനിച്ചു. അങ്ങിനെ ഇരിക്കുമ്പോഴാണ് അബൂദാബി പോലീസ് ഞങ്ങളുടെ ക്യാമ്പ് വിസിറ്റ് ചെയ്യുന്നതും താമസക്കാരായ എല്ലാവരോടും നിർബന്ധമായും പുറത്ത് പാർക്ക് ചെയ്തിരിക്കുന്ന ബസിൽ കയറി സ്ക്രീനിംഗ് സെന്ററിലേക്ക് പോകണമെന്നും അഭ്യർത്ഥിക്കുന്നത്. കേൾക്കേണ്ട താമസം ഞാൻ ഉടനെ പോയി വരിയിൽ നിന്ന് ബസിൽ കയറി കൂടി.

ബസിൽ അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നെങ്കിൽ കൂടി അവസാനം നേഷണല്‍‌ സ്ക്രീനിംഗ് സെന്റർ മുസഫയിൽ എത്തി ടെസ്റ്റിന് വിധേയനായി. ആദ്യം ടെമ്പറേച്ചർ നോക്കിയപ്പോൾ അവർ ടെസ്റ്റ് ചെയ്യാൻ വിസമ്മതിച്ചുയെങ്കിലും എന്റെ നിർബന്ധത്തിന് വഴങ്ങി സമ്മതിച്ചു. നമ്മുടെ നാട്ടിലെ പോലെ അത്ര എളുപ്പമല്ല ഇവിടെ ടെസ്റ്റിംഗ്. നല്ല ശ്വാസതടസം ഉള്ളവരെയും, കഫമില്ലാത്ത ശക്തമായ ചുമയുള്ളവരെയും, പനി കൂടിയവരെയും മാത്രമേ അവർ കോവിഡ് പരിശോധനയ്ക്കായി പരിഗണിച്ചിരുന്നുള്ളൂ.
ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലാത്ത കാരണം എന്റെ കൂടെ വന്ന പലരെയും ടെസ്റ്റ് ചെയ്യാൻ എടുത്തില്ല. എങ്കിലും കമ്പനിയിലുള്ള ഒത്തിരി പേര് ലക്ഷണങ്ങൾ ഉണ്ടെന്ന് കള്ളം പറഞ്ഞു എന്റെ കൂടെ ടെസ്റ്റിന് വിധേയരായിരുന്നു. അങ്ങിനെ ടെസ്റ്റ് കഴിഞ്ഞ് റൂമിൽ തിരിച്ചെത്തി. പിന്നീട് റിസൽറ്റ് അറിയാനുള്ള കാത്തിരിപ്പായിരുന്നു. റിസൾട്ട് വരുന്നത് വരെ പുറത്ത് ഇറങ്ങില്ല എന്ന തീരുമാനത്തിൽ തന്നെയായിരുന്നു ഞാൻ. അത്കൊണ്ട് തന്നെ എനിക്ക് ഉറപ്പിച്ച് പറയാനാകും ഞാൻ കാരണം ഒരാൾക്കും ഇൗ അസുഖം വന്നിട്ടില്ല എന്ന്.

ശനിയാഴ്ച രാവിലെ 10 മണി മുതൽ വെള്ളിയാഴ്ച ടെസ്റ്റ് ചെയ്തവരുടെ റിസൽറ്റ് ഓരോന്നോരോന്നായി അവരുടെ ഫോണിലേക്ക് വരാൻ തുടങ്ങി. ഞാൻ കാത്തിരുന്നു, എന്റേത് ഉടൻ തന്നെ വരും വരും എന്ന് കരുതി. ഒടുവിൽ ഞായറാഴ്ച വൈകീട്ടോട് കൂടി എല്ലാവരുടെയും വന്നു. പക്ഷേ എന്റെ മാത്രം വന്നില്ല.

പിന്നീടുള്ള സമയം വളരെയധികം മാനസിക പ്രശ്നങ്ങൾ നേരിടേണ്ടി വന്ന ഒരു സാഹചര്യമാണ് എനിക്കുണ്ടായത്. എനിക്ക് മാത്രം റിസൽട്ട് വരാത്ത കാര്യം ക്യാമ്പിലും, ഓഫീസിലുമുള്ള എല്ലാവരും അറിഞ്ഞു. പലരുടെയും കോളുകൾ ഓരോന്ന് ഓരോന്നായി വന്നു കൊണ്ടേ ഇരുന്നു. ഇടതടവില്ലാതെ ഫോൺ ശബ്ദിക്കുന്നു. സൽമാൻ കോവിഡ് രോഗി ആയി എന്ന്‌ എല്ലാവരും ഉറപ്പിച്ചു. പലരും വിളിക്കുന്നത് സഹതാപത്തോടെയായിരുന്നുവെങ്കിൽ മറ്റ് ചിലർ വിളിച്ചത് ഞാൻ ആരുമൊക്കെയായി സമ്പർക്കം പുലർത്തി, എവിടെയെല്ലാം പോയി എന്നറിയാനായിരുന്നു. അതിൽ ചിലർ ഞാനുമായി കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു സംസാരിച്ചവർ ആയിരുന്നത് കൊണ്ട് തന്നെ അവർക്ക് ഒരു കാര്യം ഉറപ്പിക്കണമായിരുന്നു, എനിക്ക് ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയതിനു ശേഷം ഞാൻ അവരുമായി കണ്ടു മുട്ടിയിരുന്നോ എന്ന്. എല്ലാവർക്കും അവർ ആഗ്രഹിക്കുന്ന രീതിയിൽ തന്നെ ഞാൻ മറുപടി നൽകി.

എനിക്ക് സത്യത്തിൽ കൊവിഡ്-19 പോസിറ്റീവ് ആകുന്നത് കൊണ്ട് യാതൊരുവിധ വിഷമവും ഇല്ലായിരുന്നു. കാരണം, എനിക്കുറപ്പുണ്ട് വെറും ഒരു 14 ദിവസം കൊണ്ട് ഇത് ഭേദമകാവുന്നതെ ഉള്ളൂ എന്ന്. അതിനുള്ള തെളിവുകൾ എന്റെ മുന്നിൽ തന്നെ ഉണ്ടല്ലോ. എനിക്ക് പ്രിയപ്പെട്ട പലരും ഇതിനോടകം കോവിഡിനെ വളരെ എളുപ്പത്തിൽ അതിജീവിച്ചുട്ടുണ്ട്.

ഇൗ സമയത്ത് എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത്, ഇങ്ങനെ ഒരു സാഹചര്യത്തിൽ അതായത് റിസൽറ്റ് വരാത്ത അവസ്ഥയിലായിട്ട് പോലും എന്നെ എല്ലാരും കൂടി ഒരു രോഗിയായി ചിത്രീകരിച്ച് ഒറ്റപ്പെടുത്തി. ആരോടും എനിക്ക് വിഷമമോ, ദേഷ്യമോ ഇല്ല, എല്ലാവരോടും സ്നേഹം മാത്രം.

എല്ലാവരോടും എനിക്ക് ഒന്നേ പറയാൻ ഉള്ളൂ, ഇങ്ങനെ ഒരു അവസ്ഥയിൽ ഒരാളെയും ഒറ്റപ്പെടുത്തരുത്. നിങ്ങള് നേരിട്ട് പോയി അയാൾക്ക് എല്ലാം ചെയ്തു കൊടുക്കണം എന്നല്ല ഞാൻ പറഞ്ഞതിന്റെ അർത്ഥം. നിങ്ങൾക്ക് കൊടുക്കാൻ പറ്റുന്ന ഒന്നുണ്ട്, അതാണ് മാനസിക സപ്പോർട്ട്. അത് മാത്രമാണ് ഇൗ ഒരു അവസ്ഥയിൽ അയാള് ആഗ്രഹിക്കുക. ഒരിക്കലും കുറ്റപ്പെടുത്തി ഒരു വാക്ക് പോലും സംസാരിക്കരുത്. ഓർക്കുക ആ വ്യക്തി മനപ്പൂർവ്വം ഇൗ രോഗത്തെ സ്വീകരിച്ചത് അല്ല, എങ്ങിനെയൊ അയാളിലേക്ക് അത് വന്നു പെട്ടതാണ്. അയാളും ഒരു മനുഷ്യൻ ആണ്. മജ്ജയും മാംസവും, വികാര വിചാരങ്ങളും ഒക്കെ ഉള്ള നിങ്ങളെ പോലെ ഒരു മനുഷ്യൻ. നിങ്ങളുടെ ഹൃദയം തകർക്കുന്ന ഒരു വാക്ക് മതി ഒരു നിമിഷം കൊണ്ട് അയാളുടെ ജീവിതം ഇല്ലാതാക്കാൻ.

എന്റെ ഇൗ ഒരു മാനസികാവസ്ഥയിൽ എന്നോടൊപ്പം, എനിക്ക് കൂട്ടായി ഒരു താങ്ങായി, തണലായി കൂടെ നിന്ന ചിലരുണ്ട്. ഇൗ അവസരത്തിൽ അവരെ എനിക്ക് പേരെടുത്ത് പറഞ്ഞെ പറ്റൂ, അല്ലെങ്കിൽ അത് നന്ദികേടായി പോകും.

റിയാസ് കരിങ്ങനാട്, അനുപ ചേച്ചി, സദാബ്‌, ശിഹാബ് സ്രാമ്പിക്കൽ, നിസാർ പാലൊളികുളമ്പ് എന്ന നിസാർക്ക, സലാം ഓടുപാറ.

അങ്ങിനെ ഇവരുടെയെല്ലാം മാനസിക പിൻ ബലത്തിൽ അന്നത്തെ രാത്രി സന്തോഷത്തോടെ ഞാൻ കിടന്നുറങ്ങാൻ തീരുമാനിച്ചു.

രാത്രി 11 മണി, കിടന്നു ഉറങ്ങാൻ തയ്യാറായ നേരമാണ് എന്റെ ഫോൺ റിംഗ് ചെയ്യുന്നത്. ഫോണിൻറെ അങ്ങേ തലക്കലുള്ള ആൾ സ്വയം പരിചയപ്പെടുത്തി, എന്റെ പേരും സൽമാൻ എന്നാണ്, സദാബ്‌ പറഞ്ഞിട്ടാണ് വിളിക്കുന്നത് എന്നും പറഞ്ഞു. പുള്ളി തുടർന്നു, ഞാനാണ് മുസഫ ഭാഗത്ത് പോസിറ്റീവ് കേസുകൾ കൈകാര്യം ചെയ്യുന്നത്, എനിക്ക് ഇന്ന് കിട്ടിയ ലിസ്റ്റില് താങ്കളുടെ പേരും ഉണ്ട്. ഞാൻ ബസുമായി വരുന്നുണ്ട് നിങ്ങളെ കൊണ്ട് പോകാൻ, ആവശ്യമുള്ള സാധങ്ങൾ എടുത്ത് തയ്യാറായി ഇരിക്കൂ എന്നും പറഞ്ഞു ഫോൺ വെച്ചു.

സത്യം പറഞാൽ എനിക്ക് ഒട്ടും വിഷമം തോന്നിയില്ല പോസിറ്റീവ് ആണെന്ന് കേട്ടപ്പോൾ. കാരണം ഞാൻ അതിനേ നേരിടാൻ മനസ്സും ശരീരവുമായി ഒരുങ്ങി കഴിഞ്ഞിരുന്നു. അപ്പോൾ അല്ലാഹുവിനെ സ്തുതിച്ചു.

അങ്ങിനെ ജൂൺ 2ന് ഞാൻ കോവിഡ് 19 പോസറ്റീവ് ആയി.

വിദേശത്തായതുകൊണ്ടും എനിക്കെന്തു സംഭവിച്ചാലും ആരെങ്കിലും വേണമല്ലോ എന്ന് തോന്നിയത് കൊണ്ടും വേണ്ടപ്പെട്ട എല്ലാവരെയും വിളിച്ചു കാര്യം അവതരിപ്പിച്ചു. ഇൗ അവസരത്തിൽ ആവശ്യത്തിന് ആത്മവിശ്വാസവും ധൈര്യവും തന്നു കട്ടക്ക് കൂടെ നിന്ന എന്റെ പ്രിയപ്പെട്ടവരോട് ഒത്തിരി സ്നേഹം.

പോസറ്റീവ് ആണെന്നറിയിന്നതിന് മുന്നേ തന്നേ ആരോഗ്യ വകുപ്പ് പറഞ്ഞ പ്രകാരം കൃത്യമായ ക്വാറന്റിൻ നിർദേശങ്ങൾ ഞാൻ പാലിച്ചിരുന്നു.

11:40ന് അബൂദാബി ട്രാൻസ്പോർട്ടിന്‍റെ ബസ് എന്റെ താമസ സ്ഥലത്തെത്തി. അത്യാവശ്യ സാധനങ്ങൾ ഒരു ബാഗിലാക്കി ഒരു അനാഥ പ്രേതത്തെ പോലെ ബസ് ലക്ഷ്യമാക്കി നടന്നു. ബസിൽ വലതുകാൽ വെച്ച് കയറിയപ്പോഴാണ് നാട്ടുകാരനും കൂട്ടുകാരനുമായ അഷ്റഫ് എന്നെക്കാൾ മുന്നേ ബസിൽ സീറ്റ് ഉറപ്പിച്ചതായി കാണുന്നത്. അവനു ഒരാഴ്ച മുമ്പേ തന്നെ പോസിറ്റീവ് സ്ഥിരീകരിച്ചതാണ്. അവനോടൊപ്പം കണ്ണൂരുകാരനായ അബ്ബാസ്‌ക്ക എന്ന ആളും കൂടിയുണ്ടായിരുന്നു.

അസുഖം വന്നാൽ നാട്ടിലേക്കു തിരിക്കണം എന്നാഗ്രഹിക്കുന്ന ഏതൊരു പ്രവാസിയെയും പോലെ നടക്കാത്ത സ്വപ്നവുമായി ഞങ്ങളും പോയത് UAE ഗവണ്മെന്റിന് കീഴിലുള്ള റാസീൻ-2 എന്ന ഐസൊലേഷൻ വാർഡിലേക്ക്.

അവിടുത്തെ ഒന്ന് രണ്ട് ടെസ്റ്റുകൾക്ക് ശേഷം ഒരു ബംഗ്ലാദേശിയെയും ഞങ്ങൾക്ക് കൂട്ടിന് തന്ന് 4 പേർക്കും കൂടിയായി ഒരു റൂം തന്നു. എല്ലാവിധ സൗകര്യങ്ങളും അടങ്ങിയ വലിയ ഒരു റൂം തന്നെ ആയിരുന്നു അത്. അതിശയിപ്പിക്കുന്ന സൗകര്യങ്ങളാണ് ഞങ്ങളെ അവിടെ എതിരേറ്റത്. യഥേഷ്ടം ഭക്ഷണവും, മറ്റു സൗകര്യങ്ങളും. ഒരു ഫൈവ് സ്റ്റാർ ഹോട്ടലിന്റെ പ്രതീതി. ഒരു തരത്തിലുള്ള മരുന്നും നമുക്ക് കിട്ടില്ല. അവരുടെ ഭാഷയിൽ മരുന്നിനേക്കാൾ മുഖ്യമാണ് പ്രതിരോധശേഷിയും ആരോഗ്യവും. ബിരിയാണി അടക്കമുള്ള വിഭവങ്ങൾ, പഴങ്ങൾ, ജ്യൂസ്, സാലഡ് തുടങ്ങി ശാരീരിക ആരോഗ്യത്തിനുള്ള എല്ലാം. ഒരു ക്യാമ്പിലെ ഐസൊലേഷൻ വാർഡിൽ ആണല്ലോ എന്ന ചിന്ത വരുന്നത് പ്രിയപ്പെട്ടവർ കൂടെയില്ലല്ലോ എന്നാലോചിക്കുമ്പോൾ മാത്രമാണ്. ഇത്രയും സൗകര്യങ്ങൾ ഓരോ രോഗിക്കും അതീവശ്രദ്ധയോടെ ചെയ്തുകൊടുക്കുന്ന UAE ഗവണ്മെന്റിനെ ഇൗ അവസരത്തിൽ നമിക്കുന്നു.

ഇനി മുതൽ ഈ നാലു ചുവരുകൾക്കിടയിൽ ഞങ്ങൾ 4 പേര് മാത്രമായ ദിവസങ്ങൾ. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ മാസ്കും, ഗ്ലൗസും ധരിക്കാത്ത ഒരു മനുഷ്യനെ മനുഷ്യവേഷത്തിൽ കണ്ടത് ഞങ്ങളെ കൊണ്ടുപോയ DHA പ്രവർത്തകരെ മാത്രമാണ്. പിന്നെയെല്ലാം PPE-ക്കുള്ളിലുള്ള മുഖമറിയാത്ത സ്നേഹിക്കാൻ മാത്രമറിയാവുന്ന ചില രൂപങ്ങൾ മാത്രമായിരുന്നു.

യുഎഇ ഗവണ്മെന്റിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും, കോവിഡ് രോഗികളോട് ആരോഗ്യ പ്രവർത്തകർ കാണിക്കുന്ന സ്നേഹവും ശ്രദ്ധയും എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ്. എങ്കിലും ഇവർക്കൊക്കെ പേരുദോഷം കേൾപ്പിക്കാനായി ചിലരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നതാണ് ഇത്തിരി സങ്കടകരം. ദൈവത്തിന്റെ മാലാഖമാർ എന്ന് നാം വിശേഷിപ്പിക്കുന്ന നഴ്സുമാരിൽ ചിലരും, അവിടെ ക്യാമ്പ് നിയന്ത്രിച്ചിരുന്ന സെക്യൂരിറ്റി ഓഫീസർമാരിൽ ചിലരും ഒരു ദയാധാക്ഷിണ്യവുമില്ലാതെയാണ്‌ ഞങ്ങളോട് പെരുമാറിയത്. അതിൽ മലയാളികളും ഉണ്ടായിരുന്നു എന്നതാണ് ഞങ്ങളെ ഏറെ വിഷമിപ്പിച്ചത്. നാടും വിടും വിട്ട് ഇവിടെ ഈ മരുഭൂമിയിൽ കഷ്ടപ്പെടുന്ന ഒരു തൊഴിലാളിക്ക് ഇങ്ങനെയുള്ളവരിൽ നിന്നുമുള്ള ഇത്തരത്തിലുള്ള കയ്പേറിയ ഒരു അനുഭവം മതി ഹൃദയം തകരാൻ...

ഐസലേഷൻ ക്യാമ്പിൽ താമസിക്കുന്ന സമയത്ത് എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ ഉടനെ ഞങൾ അറിയിച്ചിരുന്നത് നല്ലവരായ ചില സെക്യൂരിറ്റി ഓഫിസർമാരെയാണ്. ഒരു ദിവസം ഞങ്ങളുടെ സഹമുറിയനായ ബംഗ്ലാദേശി സ്വദേശിക്ക് ഷുഗർ കൂടി അസ്വസ്ഥത പ്രകടിച്ചപ്പോൾ മേൽപറയപ്പെട്ട ഒരു ഓഫിസറെ വിളിച്ച് ഞാൻ കാര്യം അറിയിച്ചു. വിവരം അറിയേണ്ട താമസം സർവ്വ സന്നാഹങ്ങളുമായി മെഡിക്കൽ ടീം ആംബുലൻസുമായി എത്തി അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോയി.

എന്തായാലും ഇൗ ഒരു കൊറോണ കാലാവധി ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവം തന്നെ ആയിരുന്നു സമ്മാനിച്ചത്. നാം അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം നമുക്കു വെറും കെട്ടുകഥകൾ മാത്രമാണ്‌ എന്ന് ഇടയ്ക്കിടെ എന്നെ ആരോ ഓർമ്മിപ്പിക്കുന്ന പോലെ ഒരു തോന്നൽ.

വീട്ടിലുള്ളവരെ ടെൻഷനടിപ്പിക്കാൻ ഇഷ്ട്ടമില്ലാത്തതിനാൽ ആരോടും പറയണ്ട എന്ന് കരുതിയതാണ്. പിന്നെ തോന്നി മറ്റുള്ളവർ പറഞ്ഞ് അറിയുന്നതിലും നല്ലതല്ലേ ഞാൻ തന്നെ പറഞ്ഞ് അറിയുന്നത് എന്ന് കരുതി ഭാര്യയോടും, ഉമ്മയോടും, ഉപ്പയോടും പറഞ്ഞു. തുടക്കത്തിൽ ശോകം ആയിരുന്നെങ്കിലും പിന്നീട് അവർ അതുമായി ഇണങ്ങി ചേർന്നു.

സദാസമയവും മനസ്സ് തളരരുത് എന്ന് സ്വയം motivate ചെയ്തു കൊണ്ടേ ഇരുന്നു ഞാൻ. നമ്മുടെ ആത്മവിശ്വാസത്തിനും പ്രാർത്ഥനക്കും വലിയ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം.

അങ്ങനെ നീണ്ട 20 ദിവസത്തെ ഐസൊലേഷൻ. പടച്ച തമ്പുരാന്റെ അപാരമായ കൃപ കൊണ്ട് 22/06/2020 ന് നടന്ന ടെസ്റ്റ് ഫലം നെഗറ്റീവ്. ഇനി 7 ദിവസം ഹോം ക്വാറന്റൈൻ മതി എന്ന് അവിടുത്തെ സെക്യൂരിറ്റി ഓഫിസർ അറിയിച്ചു. പിന്നെ അവിടെ നിന്നും ഡിസ്ചാർജ് വാങ്ങി ഞങ്ങളുടെ കമ്പനിയുടെ ഹോം ക്വാറന്റൈൻ സ്ഥലമായ മഫ്രഖ് എന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. അവിടുത്തെ 7 ദിവസത്തെ വാസത്തിനു ശേഷം ശനിയാഴ്ച പുലർച്ചെ ഞാൻ എന്റെ എല്ലാവിധ ട്രീറ്റ്മെന്റ്കളും പൂർത്തിയാക്കി തിരികെ എന്റെ റൂമിൽ എത്തിച്ചേർന്നു.

എന്നെ ആശ്വസിപ്പിച്ച, എന്റെ വേദനയിൽ എന്നോടൊപ്പം നിന്ന, എനിക്ക് വേണ്ടി പ്രാർത്ഥിച്ച, ഒരു വിധത്തിലുള്ള ടെൻഷനും ഇല്ലാതെ ഈ ദിവസങ്ങൾ എന്നെ അതിജീവിക്കാൻ സഹായിച്ച എന്റെ പ്രിയപ്പെട്ടവരായി നിന്ന ഒത്തിരി പേരുണ്ട് ഇനിയും. അവരെയെല്ലാം ഞാൻ നന്ദിയോടെ ഇവിടെ ഓർക്കുന്നു.
???
സഹിയാസ്‌, ഷഹ്ന ഇത്ത, നൗഷാദ് എന്ന വാപ്പു, അൻസിൽ, സലാംക്ക കരിങ്ങനാട്, രാജി ചേച്ചി, രാഖി രാജീവ്, സതീഷേട്ടൻ കൊല്ലം, ഷഫീഖ് എന്ന കുഞ്ഞാണി, അലി പി.ടി, റഊഫ്, ശിഹാബ് ടി.കെ, അബ്ബാസ്, നിസാർ കരിങ്ങനാട്, സൈഫു, റഷീദ്ക്ക വിളയൂർ, റഷീദ് തെക്കുമുറി, ഇന്ദിര ടീച്ചർ, പ്രിയ ടീച്ചർ, രെജിത്, ഹുസ്സാം ബൂ ഹംദാൻ, നളിനി ടീച്ചർ, ആരിഫ ഇത്ത, മണിക്ക, നൗഷാദ് മണി, സിജി ചേച്ചി, ഫസീല, മുംതാസ്, ഡോക്ടർ ബിൽക്കീസ്, വേണുവേട്ടൻ, കുഞ്ഞാപ്പ എളാപ്പ, മുസ്തഫയ്ക്ക, മൻസൂർ, മായ ചേച്ചി, സുബൈർ പട്ടാമ്പി എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദിയും ഇൗ അവസരത്തിൽ രേഖപ്പെടുത്തുന്നു.

ഈ ഐസുലേഷൻ ദിനങ്ങൾ 4 ചുമരുകളും പിന്നെ എന്റെ സഹ മുറിയന്മാരും മാത്രം കൂട്ടായിരുന്ന എന്റെ ജീവിതത്തിൽ കുറെയേറെ ചിന്തിക്കാനും, ഉറച്ച തീരുമാനങ്ങളെടുക്കാനും എനിക്ക് സാധിച്ചു.

ഞാൻ തളരില്ല ഒരു പ്രതിസന്ധികളിലും, ഒന്നിനും എന്നെ തകർക്കാനുമാവില്ല.

ഈ കാലവും കഴിഞ്ഞു പോകും. ഇനിയൊരു ക്വാറന്റൈന് കൂടി ഇട വരുത്തരുത് എന്ന് ആത്മാർഥമായി ഞാൻ പ്രാർത്ഥിക്കുന്നു. നല്ലൊരു നാളെക്കുവേണ്ടി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം...

കുറിപ്പ്: കോവിഡ് 19 വൈറസ് ബാധിച്ചുള്ള രോഗത്തിന്റെ കാഠിന്യം പൊതുവെ കുട്ടികളിലും യുവാക്കളിലും മുതിർന്നവരിലും കുറവാണ്. അപ്പോഴും ഈ രോഗം ഗുരുതരമാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. രോഗം ബാധിക്കുന്ന അഞ്ചിൽ ഒരാൾക്കെന്ന കണക്കിന് ആശുപത്രി ചികിത്സ ഉറപ്പായും വേണ്ടിവരും. അതിനാൽത്തന്നെ കോവിഡിനെപ്പറ്റി ആശങ്ക സ്വാഭാവികം. എന്നാൽ ഈ ആശങ്കയെ സ്വയവും മറ്റുള്ളവരെയും നമ്മുടെ സമൂഹത്തെയും സംരക്ഷിക്കാനുള്ള പ്രവൃത്തികളാക്കി മാറ്റുകയാണു വേണ്ടത്. ശ്വസനം സംബന്ധിച്ചും കൈകഴുകുന്നതിലും ദൈനംദിന ശുചിത്വം കൃത്യമായി പാലിക്കുകയെന്നതാണ് ഇതിൽ പ്രധാനം. ഒപ്പം പ്രാദേശിക ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങളെയും യാത്രാവിലക്കുകളെയും നിരോധനങ്ങളെയും മാനിക്കുക..!

എല്ലാ പ്രിയപ്പെട്ടവർക്കും ആയുരാരോഗ്യ സൗഖ്യം നേർന്നു കൊണ്ട്,

?സസ്നേഹം,
?സൽമാൻ പീസീ വിളയൂർ