Friday 13 May 2022 12:17 PM IST : By സ്വന്തം ലേഖകൻ

സോഫയിൽ മൂത്രം ഒഴിച്ചതിന് ഏഴു വയസ്സുകാരനെ ഭിത്തിയിൽ അടിച്ചു കൊലപ്പെടുത്തി; പ്രതി അരുൺ ആനന്ദിന് 21 വർഷം തടവ്!

കുമാരമംഗലത്ത് മൂന്ന് വർഷം മുൻപ് നാടിനെ നടുക്കിയ 7 വയസ്സുകാരന്റെ ക്രൂരമായ കൊലപാതക കേസിലെ പ്രതി അരുൺ ആനന്ദിന് പോക്സോ കേസിൽ 21 വർഷം തടവ് കിട്ടിയപ്പോൾ നീതി നടപ്പായെന്ന്  കുമാരമംഗലം വിശ്വസിക്കുന്നു. കൊല്ലപ്പെട്ട കുട്ടിയുടെ ഇളയ സഹോദരനായ 4 വയസ്സുകാരനെ പീഡിപ്പിച്ച കേസിലാണ് മുട്ടം പോക്സോ കോടതി കുട്ടിയുടെ അമ്മയുടെ സുഹൃത്ത് പ്രതി അരുൺ ആനന്ദിന് ശിക്ഷ നൽകിയത്. 7 വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലും ഇയാൾക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. 

2019 മാർച്ച് 28 

2019 മാർച്ച് 28 രാത്രി ഒന്നരയോടെയാണ് കട്ടിലിൽനിന്ന് വീണ് പരുക്കേറ്റതെന്നു പറഞ്ഞ് ഏഴു വയസ്സുകാരനെ അരുണും അമ്മയും ചേർന്ന്  തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. സംശയം തോന്നിയ ഡോക്ടർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് എത്തിയതിനു ശേഷം 7 വയസ്സുകാരനെ കോലഞ്ചേരി  ആശുപത്രിയിൽ എത്തിച്ചു. പിന്നീടാണ് അരുണിന്റെ മനസാക്ഷിയില്ലാത്ത ക്രൂരത പുറത്തറിയുന്നത്, കുട്ടികളുടെ അമ്മയുടെ സുഹൃത്തായ തിരുവനന്തപുരം കവടിയാർ നന്തൻകോട് സ്വദേശി അരുൺ ആനന്ദ് ഉറക്കത്തിനിടെ സോഫയിൽ മൂത്രം ഒഴിച്ചതിന് അമ്മയുടെ സാന്നിധ്യത്തിൽ ഏഴുവയസ്സുകാരനെ ക്രൂരമായി മർദിച്ചു. കുട്ടിയുടെ കാലിൽ പിടിച്ച് ഭിത്തിയിലേക്ക് അടിക്കുകയായിരുന്നു പ്രതി. കുമാരമംഗലത്തെ വാടക വീട്ടിലായിരുന്നു അക്രമം. സാരമായി പരുക്കേറ്റ കുട്ടിയെ ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട‌് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.  

2019 മാർച്ച് 29

കുട്ടികളുടെ അമ്മയുടെ സുഹൃത്ത് കോബ്ര എന്ന അരുൺ ആനന്ദിനെ തൊടുപുഴ ഡിവൈഎസ്പി കെ.പി.ജോസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.  

2019 മാർച്ച് 30

7 വയസ്സുകാരന്റെ സഹോദരനായ 4 വയസ്സുകാരനെ അരുൺ ആനന്ദ് പീഡിപ്പിച്ചിരുന്നതായി  പരിശോധനയിൽ കണ്ടെത്തി. ഇതെ തുടർന്ന് ഇയാൾക്കെതിരെ പോക‌്സോ ചുമത്തിയത്. 7 വയസ്സുകാരൻ ഗുരുതരമായി പരുക്കേറ്റ‌് ആശുപത്രിയിൽ കഴിയുമ്പോഴാണ‌് ഇളയ കുട്ടിയും ഇയാളിൽനിന്ന് ലൈംഗിക അതിക്രമം നേരിട്ടിരുന്നതായി കണ്ടെത്തിയത‌്. ഈ കേസിലാണ് അരുൺ ആനന്ദിനെ കോടതി ഇപ്പോൾ ശിക്ഷിച്ചത്.  

2019 ഏപ്രിൽ  6

അരുണിന്റെ മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന 7 വയസ്സുകാരൻ മരിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു 8 ദിവസം ബാലന്റെ ജീവൻ നിലനിർത്തിയത്.

2019 ഏപ്രിൽ 10 

എഴു വയസ്സുള്ള കുട്ടി കൊല്ലപ്പെട്ട കേസിൽ അമ്മയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി, കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു. കേസിൽ ഉടുമ്പന്നൂർ സ്വദേശിയായ യുവതി രണ്ടാം പ്രതിയായിരുന്നു. കുറ്റകൃത്യം മറച്ചു വച്ചു, കുറ്റവാളിയെ സംരക്ഷിക്കാൻ ശ്രമിച്ചു എന്നിവ ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 201, 212 വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് ചെയ്തത്.

2019 ജൂൺ 25 

കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഒന്നാം പ്രതി തിരുവനന്തപുരം നന്തൻകോട് സ്വദേശി അരുൺ ആനന്ദ്, കുട്ടിയുടെ അമ്മ രണ്ടാം പ്രതി. തൊടുപുഴ മുട്ടം ഒന്നാം ക്ലാസ‌് ജുഡീഷ്യൽ മജിസ‌്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി 90 ദിവസം തികയുന്നതിനു മുൻപ് ഡിവൈഎസ്പി കെ.പി.ജോസ് കോടതിയിൽ കുറ്റപത്രം നൽകി.

കൊലപാതകത്തിനും കുട്ടിയെ മാരകമായി ആക്രമിച്ച‌ു പരുക്കേൽപിച്ചതിനു പുറമേ ജുവനൈൽ ജസ‌്റ്റിസ‌് നിയമപ്രകാരം കുട്ടിക്ക് എതിരായ അതിക്രമത്തിനുമാണ‌് അരുണിനെതിരെ കുറ്റം ചുമത്തിയത‌്. തെളിവ‌ു നശിപ്പിച്ചതും അരുൺ ആനന്ദിനെ സഹായിക്കാൻ ശ്രമിച്ചതുമാണ‌് അമ്മയ്ക്കെതിരായ കുറ്റം. 

2019 ജൂലൈ

കൊല്ലപ്പെട്ട 7 വയസ്സുകാരന്റെ സഹോദരൻ 4 വയസ്സുകാരനെതിരെ ലൈംഗികാതിക്രമത്തിന് അരുൺ ആനന്ദിനെതിരെ കുറ്റപത്രം സമർപ്പിച്ചു.

2020 ജനുവരി

പോക്സോ കേസിൽ മുട്ടം കോടതിയിൽ വിചാരണ ആരംഭിച്ചു. പിന്നീട് കോവിഡ് വന്നതിനാൽ കേസ് വാദം കേൾക്കുന്നത് നീണ്ടുപോകുകയായിരുന്നു. 

2022 മേയ് 12

പോക്സോ കേസിൽ പ്രതിക്ക് 21 വർഷം തടവ് ശിക്ഷ വിധിച്ചു. ഏഴുവയസ്സുകാരനെ കൊലപ്പെടുത്തിയ   കേസിൽ 6 മാസത്തിനകം വാദം പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശമുണ്ട്. 

21 വർഷം തടവ്; അനുഭവിക്കേണ്ടത് 15 വർഷം

അരുൺ ആനന്ദിന് 21 വർഷം തടവാണ് കോടതി വിധിച്ചതെങ്കിലും ആകെ 15 വർഷം ശിക്ഷ അനുഭവിച്ചാൽ മതി. 12 വയസ്സിൽ താഴെയുള്ള കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് 6 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും രക്ഷകർതൃത്വത്തിലുള്ള കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയതിന് 6 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവും അനുഭവിക്കണം.

കുട്ടിയെ ദേഹോപദ്രവം ഏൽപിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമം 323 വകുപ്പ് പ്രകാരം ഒരു വർഷം കഠിനതടവും 1000 രൂപ പിഴയും ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം രക്ഷകർതൃത്വത്തിലുള്ള കുട്ടിയെ ദേഹോപദ്രവം ഏൽപിച്ചതിന് പ്രതിക്ക് 2 വർഷം കഠിന തടവും 80,000 രൂപ പിഴയും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ 3 മാസം കൂടി തടവ് അനുഭവിക്കണം. ഇങ്ങനെ ആകെ മുഴുവൻ 15 വർഷമാണ് കഠിന തടവ്.  ആവർത്തിച്ചുള്ള ലൈംഗികാതിക്രമത്തിനും രക്ഷർതൃത്വത്തിനുള്ള കുട്ടിയെ ലൈംഗികാതിക്രമത്തിനുമുള്ള ശിക്ഷ 6 വർഷം വീതം എന്നുള്ളത് ഒരുമിച്ച് അനുഭവിച്ചാൽ മതി. ഇങ്ങനെയാണ് 21 വർഷത്തിൽനിന്നു 6 വർഷം ഇളവ് ലഭിക്കുന്നത്.

അമ്മയ്ക്കെതിരെയും കേസ് 

കുട്ടിയുടെ അമ്മയ്ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുത്തിട്ടുണ്ട്. കുറ്റവാളിയെ സംരക്ഷിക്കാൻ ശ്രമിച്ചതിനും തെളിവു നശിപ്പിക്കാൻ ശ്രമിച്ചതിനും കുട്ടിയുടെ അമ്മയുടെ പേരിൽ ആദ്യം പൊലീസ് കേസ് എടുത്തിരുന്നു. ആഡ്‍ലി സോഷ്യൽ ഫൗണ്ടേഷൻ എന്ന സംഘടന ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അമ്മക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ജോസഫ് അഗസ്റ്റിൻ കോടതിയിൽ മൊഴി നൽകിയിരുന്നു. ഇതിന്റെ  അടിസ്ഥാനത്തിലാണ് ജെജെ ആക്ട് പ്രകാരം കേസ് എടുത്തത്. 

Tags:
  • Spotlight