Tuesday 01 December 2020 02:33 PM IST : By സ്വന്തം ലേഖകൻ

വരാനിരിക്കുന്നത് കനത്ത ചുഴലിക്കാറ്റ്; കേരള തീരത്തു കർശന നിയന്ത്രണങ്ങൾ, നാലു ദിവസത്തേക്ക് ടൂറിസം കേന്ദ്രങ്ങൾ അടച്ചിടും!

cyclone3344fghg

ചുഴലിക്കാറ്റ് ഭീതിയെ തുടർന്നു കൊല്ലം ജില്ലയിലെ പാർക്കുകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്നു മുതൽ 4 ദിവസത്തേക്ക് അടച്ചിടാൻ നിർദേശം. ദുരന്ത നിവാരണ അതോറിറ്റിയാണു നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശിച്ചത്.

വരുന്ന ദിവസങ്ങളിൽ കേരള തീരത്തു കനത്ത ചുഴലിക്കാറ്റു വീശുമെന്നാണു പ്രവചനം. മാത്രമല്ല ഇന്നു മുതൽ അതീവ ജാഗ്രതാ നിർദേശവും മൂന്നിന് ജില്ലയിൽ റെ‍ഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മാസങ്ങളായി അടഞ്ഞു കിടന്ന വിനോദസഞ്ചാര മേഖല ദിവസങ്ങൾക്കു മുൻപാണു തുറന്നു പ്രവർത്തനം ആരംഭിച്ചത്.

ന്യൂനമർദം ശക്തിപ്പെട്ടാൽ വെള്ളപ്പൊക്കം

ന്യൂനമർദം കടൽക്ഷോഭത്തിനു കാരണമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കടലിൽ പോകുന്നതിന് പൂർണ നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ കടലിൽ പോയവരെ ഉടൻ തിരികെ വിളിക്കാൻ ആലപ്പുഴ ജില്ലാ കലക്ടർ നിർദേശം നൽകി. തീരത്തുള്ളവർ ഉൾപ്പെടെ ആരും കടലിൽ ഇറങ്ങരുത്. രാത്രി ഉൾനാടൻ മത്സ്യബന്ധനവും പാടില്ല. തീരപ്രദേശത്തു വീടുകൾ ഒഴിപ്പിക്കേണ്ടി വന്നാൽ നടപ്പാക്കും.

അതിനുവേണ്ട ക്രമീകരണങ്ങൾ തയാറാക്കാൻ കോസ്റ്റൽ പൊലീസിനും തഹസിൽദാർമാർക്കും നിർദേശം നൽകി. കടലിൽ മത്സ്യബന്ധനത്തിനു പോയവർ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ തിരികെയെത്തി. ജില്ലയുടെ തെക്കൻ ഭാഗത്തുള്ള ബോട്ടുകൾ നീണ്ടകര ഹാർബറിൽ പ്രവേശിപ്പിച്ചു. വടക്കൻ മേഖലയിലെ ബോട്ടുകൾ കൊച്ചി ഹാർബറിലും പ്രവേശിച്ചു.

ന്യൂനമർദം ശക്തിപ്പെട്ടാൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ തോട്ടപ്പള്ളി, അന്ധകാരനഴി, തണ്ണീർമുക്കം സ്പിൽവേകൾ തുറക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഒരുക്കും. ഇവിടെ രാത്രികാലങ്ങളിൽ ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പുവരുത്താൻ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകി. ബീച്ചുകളിൽ ആളുകളുടെ സന്ദർശനം പൂർണമായും ഒഴിവാക്കണം.

വഞ്ചിവീടുകളിൽ രാത്രി യാത്ര ഒഴിവാക്കാൻ ഡിടിപിസിയെയും ചുമതലപ്പെടുത്തി. അപകടകരമായ വൈദ്യുതി തൂണുകൾക്ക് അറ്റകുറ്റപ്പണികൾ അടിയന്തരമായി നിർവഹിക്കും. താലൂക്ക് ഓഫിസുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നെന്നും കലക്ടർ അറിയിച്ചു. നാളെ വരെ ജില്ലയിൽ യെലോ അലർട്ടും 3ന് റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ടെന്നു ആലപ്പുഴ ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

for latest updates...

Tags:
  • Spotlight