Saturday 31 July 2021 04:43 PM IST

‘പൊഴിയൂരും പൂന്തുറയും പൊലീസ് സ്ത്രീകളെ അടിച്ചോടിച്ചു, മീൻ നിലത്തിട്ട് ചവുട്ടി’! എന്റെ അമ്മയുൾപ്പെടെ മീൻ വിൽക്കുന്നത് കുടുംബം പോറ്റാൻ

V.G. Nakul

Sub- Editor

d-anilkumar

കഴിഞ്ഞ ദിവസം പുറത്തു വന്ന ഒരു വാർത്ത മലയാളി മനസാക്ഷിയെ നടുക്കുന്നതായിരുന്നു. മത്സ്യക്കച്ചവടം നടത്തി ഉപജീവനമാർഗം കണ്ടെത്തുന്ന ഒരു വൃദ്ധയോടുൾപ്പടെ പൊലീസ് ഉദ്യോഗസ്ഥർ കാട്ടിയ ക്രൂരത വലിയ പ്രതിഷേധങ്ങൾക്കാണ് വഴി വച്ചിരിക്കുന്നത്.

കൊല്ലം പാരിപ്പള്ളിയിൽ, റോഡരുകിൽ മത്സ്യം വിൽക്കുകയായിരുന്ന സ്ത്രീകളെ വിരട്ടിയോടിച്ച പൊലീസ് അവർ വിൽക്കാനായി വച്ചിരുന്ന മീൻ പറമ്പിലെറിഞ്ഞു നശിപ്പിക്കുകയും ചെയ്തു. കരുതലാകേണ്ടവർ ഭയം വിതറുന്ന സാഹചര്യം. ഈ ദുരിതകാലത്ത് സാധാരണക്കാരായ മനുഷ്യരെ കൂടുതൽ പ്രയാസങ്ങളിലേക്കു തള്ളിയിടുന്ന ഇത്തരം പ്രവർത്തികളാണ് ഉത്തരവാദിത്വപ്പെട്ടവരിൽ നിന്നുണ്ടാകുന്നതെന്നത് വലിയ ആശങ്ക ജനിപ്പിക്കുന്നു.

ഇപ്പോഴിതാ, സംഭവത്തിൽ പ്രതിഷേധിച്ച്, തന്റെ അമ്മ ഉൾപ്പടെയുള്ള മത്സ്യവിൽപ്പനക്കാരായ സ്ത്രീകളുടെ ദുരിത ജീവിതത്തെക്കുറിച്ച് വിശദമാക്കി രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിലെ പ്രശസ്ത യുവകവിയും ഗവേഷകനുമായ ഡി.അനിൽകുമാർ.

‘‘മത്സ്യത്തൊഴിലാളികളായ സ്ത്രീകളുടെ ജീവിതം വളരെയേറെ ദുരിതകങ്ങൾ നിറഞ്ഞതാണ്. പാരിപ്പള്ളിയിലേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ ദിവസങ്ങളിൽ പൊഴിയൂരും പൂന്തുറയും സമാനമായ സംഭവങ്ങളുണ്ടായി. അവിടെ മത്സ്യം വിറ്റിരുന്ന സ്ത്രീകളെ പൊലീസ് അടിച്ചോടിച്ചു. മീൻ നിലത്തിട്ട് ചവുട്ടി. ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചു എന്നാണ് പൊലീസ് ഇവർക്കെതിരെ ഉന്നയിക്കുന്ന കുറ്റും. അതെങ്ങനെ ശരിയാകും. മത്സ്യം അവശ്യവസ്തുക്കളുടെ കൂട്ടത്തിലാണ് സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. അങ്ങനെയൊരു വസ്തു വിൽക്കാൻ അവർക്ക് അവകാശമുണ്ട്. കൂട്ടം കൂടി വിൽക്കരുതേന്നേയുള്ളൂ. അങ്ങനെയാരും ഇപ്പോൾ വിൽക്കുന്നുമില്ല’’. – അനിൽ ‘വനിത ഓൺലൈനോട്’ പറയുന്നു.

കണ്ണില്ലാത്ത ക്രൂരത

ഒറ്റപ്പെട്ടയിടങ്ങളില്‍ സാമൂഹിക അകലം പാലിച്ചാണ് സ്ത്രീകൾ ഇപ്പോൾ മത്സ്യം വിൽക്കുന്നത്. വാങ്ങാൻ വരുന്നവരുടെ വലിയ തിരക്കും ഉണ്ടാകാറില്ല. ഇപ്പോഴത്തെ സംഭവത്തിൽ ആ അമ്മ ഒറ്റയ്ക്ക് ഒരിടത്തിരുന്ന് മീൻ വിൽക്കുകയായിരുന്നു. അവരോടാണ് ഈ ക്രൂരത. അവരുടെ രണ്ട് ചരുവം മീൻ എടുത്ത് പറമ്പിലേക്കെറിഞ്ഞു. എന്തൊകു ക്രൂരതയാണിത്. എന്തിനു വേണ്ടിയാണിത്. ഒരാഴ്ച മുമ്പ് പൂന്തുറയിലും അതിനും മൂന്ന് ദിവസം മുമ്പ് പൊഴിയൂരുമൊക്കെ ഇതാണ് സംഭവിച്ചത്.

അസംഘടിത തൊഴിലാളികള്‍

എന്റെ അമ്മ ഇപ്പോഴും മീൻ വിൽക്കുന്ന ആളാണ്. ഞങ്ങളുടെ നാടായ വിഴിഞ്ഞത്ത്, തീരത്തോട് തൊട്ടടുത്തായാണ് അമ്മ മീൻ വിൽക്കാനിരിക്കുന്നത്. പലപ്പോഴും കടപ്പുറം ഏരിയയിലല്ല, പുറത്തേക്കു പോയി മീൻ വിൽക്കുന്ന സ്ത്രീകൾക്കാണ് പൊലീസിന്റെ ക്രൂരത നേരിടേണ്ടി വരുക.

പ്രതികരിക്കാൻ ആരും തയാറാകുന്നില്ല. രാഷ്ട്രീയക്കാരും മിണ്ടുന്നില്ല. ഇവർ അസംഘടിത തൊഴിലാളികളാണല്ലോ. ഇവർക്ക് യൂണിയമില്ല. അതിന്റെതായ പ്രശ്നങ്ങൾ ഇവർ എക്കാലവും നേരിടുന്നുണ്ട്.

കുടുംബം പോറ്റാൻ

എന്റെ അമ്മയുൾപ്പടെ മത്സ്യം വിൽക്കുന്ന സ്ത്രീകളിൽ 99 ശതമാനവും കുടുംബം പോറ്റുന്നവരാണ്. പാരിപ്പള്ളിയിലെ അമ്മയും കരഞ്ഞു കൊണ്ടു പറയുന്നുണ്ടല്ലോ, അവരുടെ ഭർത്താവിന് ത്വക്ക് രോഗമാണ്. മകളുടെ ഭർത്താവ് മരിച്ചു എന്നൊക്കെ. ഇങ്ങനെ ദുരിതങ്ങളുടെ കഥകൾ ഓരോ മത്സ്യത്തൊഴിലാളി സ്ത്രീകൾക്കും പറയാനുണ്ടാകും. അത്രയും ദുരിതത്തിൽ കഴിയുന്ന മനുഷ്യരാണ്. അവരോട് ഈ ക്രൂരതയും അഹങ്കാരവും. സർക്കാര്‍ ഉടൻ ഇടപെടണം. മത്സ്യത്തൊഴിലാളി സ്ത്രീകളെ മീന്‍ വിൽക്കാൻ അനുവധിക്കുകയും അവർക്ക് സംരക്ഷണം നൽകുകയും വേണം.

anil 2

അനിലിന്റെ വീട്ടിൽ അനിൽ ഉൾപ്പെട 9 മക്കളാണ്. പരമ്പരാഗതമായി അനിലിന്റെ കുടുംബം മത്സ്യത്തൊഴിലാളികളാണ്. അപ്പൻ ഡേവിഡും അപ്പന്റെ അപ്പനും കടലില്‍ പണിക്കു പോയിരുന്നവരാണ്. അനിലിന്റെ തുറയിൽ നിന്നു പ്ലസ് ടുവിനു മുകളിലേക്കു പഠിക്കാൻ പോയ ആദ്യയാൾ അനിലാണ്. ‌ഇരുപതു വര്‍ഷം മുൻപ് അനിലിന്റെ അപ്പൻ കാൻസർ വന്നു മരിച്ചു.അതോടെ വീട് ദുരിതത്തിലായി. അമ്മ മീൻ വിൽക്കാന്‍ പോകും. പക്ഷേ, ഒൻപത് പേരെയും കൂടി വളർത്താനുള്ള പാങ്ങ് അമ്മയ്ക്കില്ലായിരുന്നു. അങ്ങനെ അനിലുൾപ്പടെ ഇളയ അഞ്ച് മക്കളെ അനാഥാലയങ്ങളിൽ ചേർത്തു. പലരും പലയിടത്തായിരുന്നു. മൂന്നു ചേട്ടന്മാരും ഒരു ചേച്ചിയും അമ്മയോടൊപ്പം വീട്ടില്‍ നിന്നു. അഞ്ചാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ അനിൽ പഠിച്ചത് പുളിങ്കുടിയിലെ അനാഥാലയത്തിലായിരുന്നു. ഇപ്പോൾ കാര്യവട്ടം കാമ്പസില്‍ ഗവേഷകനാണ്. മലയാളത്തിലെ ആദ്യ കടപ്പുറഭാഷാ നിഘണ്ടു ‘കടപ്പെറപാസ’, കടപ്പുറഭാഷയിലെഴുതിയ കവിതകളുടെ സമാഹാരം ‘ചങ്കൊണ്ടോ പറക്കൊണ്ടോ’ എന്നിവ അനില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ നടന്ന കേന്ദ്ര സാഹിത്യ അക്കാദമി സാഹിത്യോത്സവത്തിൽ അനിൽ മലയാളകവിതയെ പ്രതിനിധീകരിച്ചു പങ്കെടുത്തു.

അനിലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് –

മീൻ വിൽക്കുന്ന സ്ത്രീകളെ വേട്ടയാടുക കേരള പോലീസിന്റെ പതിവ് വിനോദമായി തീർന്നിട്ടുണ്ട്. അതിരാവിലെ കടപ്പുറത്ത് പോയി മീനെടുത്ത് കാൽനടയായി കൊണ്ടു നടന്ന് ഉപജീവനം നടത്തുന്ന മനുഷ്യർ ഈ സ്റ്റേറ്റിനോട് എന്ത് ക്രൂരതയാണ് കാണിച്ചത് ? ഒന്നര മാസകാലം നീണ്ടു നിന്ന ലോക്ക്ഡൗൺ, അതിനുശേഷം നിരന്തരമുണ്ടായ കടലിൽ പോകരുതെന്ന മുന്നറിയിപ്പുകൾ, തുടർച്ചയായി ഉണ്ടായ കടൽക്ഷോഭം, ഇപ്പോൾ പെയ്തുകൊണ്ടിരിക്കുന്ന മഴ. ഇതെല്ലാം കൂടി തീരദേശത്തെ മനുഷ്യരെ പട്ടിണിയിലേക്കും കടത്തിലേക്കും രോഗത്തിലേക്കും തള്ളിവിട്ടിട്ടുണ്ട്. എവിടെ നിന്നെങ്കിലും കടം വാങ്ങി എങ്ങനെയെങ്കിലും ജീവിതം ഉന്തിതള്ളി കൊണ്ടു പോകാനുള്ള തത്രപ്പാടിലാണ് ഞങ്ങളുടെ അമ്മമാർ മീനും കുട്ടയുമായി നിരത്തിലിറങ്ങുന്നത്. അതിനു ഇത്രയും ക്രൂരത വേണോ ? മീൻ തട്ടി ആറ്റിലും ചേറ്റിലും തെറിപ്പിക്കാനുള്ള അധികാരം പൊലീസിന് കൊടുത്തതാരാണ് ? കേരള പൊലീസിന് എന്തും കാണിക്കാനുള്ള വസ്തുക്കളാണോ മത്സ്യത്തൊഴിലാളി സ്ത്രീകൾ ? ഭക്ഷ്യവസ്തുക്കൾ വിൽക്കാൻ കടകൾക്ക് അനുവാദമുണ്ടെങ്കിൽ അതേ അനുവാദം മീൻവിൽക്കുന്ന സ്ത്രീകൾക്കുമില്ലേ ? ഇട്ടിരിക്കുന്ന കുപ്പായത്തിന്റെ ബലത്തിൽ എന്തും കാണിക്കാം എന്ന ധാർഷ്ട്യം പോലീസ് വെടിയണം. ഇത് ചെയ്ത എസ്.ഐ. ഉൾപ്പെടെയുള്ളവർക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം.