Saturday 19 November 2022 02:57 PM IST

മീൻ വിറ്റ് 9 മക്കളെ പോറ്റിയ അമ്മ, അനാഥാലയത്തിലെ ബാല്യം... അനിലിന്റെ പി.എച്ച്.ഡി കടപ്പുറത്തിന് അഭിമാനം

V.G. Nakul

Sub- Editor

d-anilkumar

ഡി.അനിൽകുമാർ എന്ന പേര് ഇനി ചരിത്രത്തിന്റെ ഭാഗമാണ് ; കേരള സർവകലാശാല മലയാളവിഭാഗത്തില്‍ നിന്നു പി.എച്ച്.ഡി നേടി അനിൽ നടന്നു കയറുന്നത് ആ ചരിത്രത്തിന്റെ സുവർണരേഖകളിലേക്കും... വിഴിഞ്ഞം കടപ്പുറത്തെ, മത്സ്യബന്ധനം തൊഴിലാക്കിയ കുടുംബത്തില്‍ ജനിച്ചു വളർന്ന അനിൽ ആ തീരത്തു നിന്നു പ്ലസ് ടൂവിനു മുകളിലേക്ക് പഠിക്കുവാനായി പോയ ആദ്യത്തെയാളാണ്. ഇപ്പോൾ ആ ജനവിഭാഗത്തിനാകെ പുതിയ പ്രതീക്ഷയുടെ വെളിച്ചം സമ്മാനിച്ച് പി.എച്ച്.ഡി എന്ന വലിയ നേട്ടവും അനിൽ സ്വന്തമാക്കിയിരിക്കുന്നു. കവി, പ്രഭാഷകൻ, കടപ്പുറഭാഷാ ഗവേഷകൻ എന്നീ നിലകളിൽ ഇതിനകം ശ്രദ്ധേയനായ അനിൽ, ഈ നേട്ടങ്ങളിലേക്കൊക്കെ എത്തിപ്പെട്ടത് കടുത്ത പ്രതിസന്ധികളെയും ജീവിതയാഥാർഥ്യങ്ങളയും നേരിട്ടാണ്.

‘ഒമ്പത് മക്കളെ പ്രസവിച്ചു. ഒറ്റയ്ക്ക് വളർത്തി. ഇപ്പോഴും വിഴിഞ്ഞം കടപ്പുറത്ത് മീൻവിൽപനയാണ് പണി. കുഞ്ഞുനാള് മുതലേ അകന്നകന്ന് നിന്നു പഠിച്ച എനിക്ക് വല്ലപ്പോഴും മാത്രമേ അമ്മയ്ക്കരികിൽ ഓടിയെത്താൻ കഴിയുന്നുള്ളൂ.
അമ്മേ...എന്നും എന്നിൽ നിന്നും മാഞ്ഞുപോകാതിരിക്കട്ടെ നിന്റെ വിയർപ്പിന്റെ മണവും കണവാമൊശടും...ഉമ്മ...’.– തന്റെ അമ്മയെക്കുറിച്ച് അനിൽ സോഷ്യൽ മീഡിയയിൽ ‘അമ്മ’ എന്ന തലക്കെട്ടോടെ പങ്കുവച്ച ഒരു കുറിപ്പാണിത്. ഈ അമ്മയ്ക്കാണ് തന്റെ നേട്ടങ്ങൾ അനിൽ സമർപ്പിക്കുന്നതും.

മലയാളത്തിലെ ആദ്യ കടപ്പുറഭാഷാ നിഘണ്ടു ‘കടപ്പെറപാസ’, കടപ്പുറഭാഷയിലെഴുതിയ കവിതകളുടെ സമാഹാരം ‘ചങ്കൊണ്ടോ പറക്കൊണ്ടോ’ എന്നിവ അനില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ നടന്ന കേന്ദ്ര സാഹിത്യ അക്കാദമി സാഹിത്യോത്സവത്തിൽ അനിൽ മലയാളകവിതയെ പ്രതിനിധീകരിച്ചു പങ്കെടുത്തു.

മുൻപ് ‘വനിത’യ്ക്ക് നൽകിയ ഒരു അഭിമുഖത്തില്‍ അനിൽ തന്റെ ജീവിതവും എഴുത്തും പറഞ്ഞിരുന്നു.
‘‘ഞങ്ങള്‍ ഒന്‍പതു മക്കളാണ്. ഏഴ് ആണും രണ്ടു പെണ്ണും. ഇതില്‍ ഞാന്‍ മാത്രം പഠിക്കാന്‍ പോകുമ്പോള്‍ ബാക്കിയുള്ളവര്‍ കടലില്‍ പോകുന്നു. ഇവിടെ നിന്ന് പ്ലസ് ടുവിനു മുകളിലേക്കു പഠിക്കാൻ പോയ ആദ്യയാൾ ഞാനാണ് ’’.– അനില്‍ പറയുന്നു.

‘‘അപൂര്‍‍വം അവസരങ്ങളിൽ ഞാനും കടലിൽ പോയിട്ടുണ്ട്. ജോലി, വരുമാനം എന്നതിനപ്പുറം കടലിനെ അറിയുക എന്ന വ്യഗ്രതയായിരുന്നു അതിനു പിന്നിൽ. പരമ്പരാഗതമായി ഞങ്ങള്‍ മത്സ്യത്തൊഴിലാളികളാണ്. അപ്പൻ ഡേവിഡും അപ്പന്റെ അപ്പനും കടലില്‍ പണിക്കു പോയിരുന്നവരാണ്. അപ്പന്‍ പുലർച്ചെ മൂന്നു മണിയോടെ കട്ടമരത്തിൽ കടലിലേക്കു പോകും. അപ്പൻ തിരികെ വരുവോളം ഞ ങ്ങള്‍ മക്കളെല്ലാം കടപ്പുറത്തു കാത്തു നില്‍ക്കും. വന്നു കഴിഞ്ഞാല്‍ ഞങ്ങളും കൂടി ചേര്‍ന്നാണ് മീന്‍ വാരുന്നതും വില്‍ക്കാന്‍ കൊണ്ടു പോകുന്നതും. ഇരുപതു വര്‍ഷം മുൻപ് അപ്പൻ കാൻസർ വന്നു മരിച്ചു.

അതോടെ വീട് ദുരിതത്തിലായി. അമ്മ മീൻ വിൽക്കാന്‍ പോകും. പക്ഷേ, ഞങ്ങൾ ഒൻപത് പേരെയും കൂടി വളർത്താനുള്ള പാങ്ങ് അമ്മയ്ക്കില്ലായിരുന്നു. അങ്ങനെ ഞാനുൾപ്പടെ ഇളയ അഞ്ച് മക്കളെ അനാഥാലയങ്ങളിൽ ചേർത്തു. പലരും പലയിടത്തായിരുന്നു. മൂന്നു ചേട്ടന്മാരും ഒരു ചേച്ചിയും അമ്മയോടൊപ്പം വീട്ടില്‍ നിന്നു. വെള്ളനാടുള്ള നവജീവന്‍ കോണ്‍‍വന്‍റ് സ്കൂളിലായിരുന്നു ഞാൻ. പലരും ഒന്നും രണ്ടും വര്‍ഷം നിന്നിട്ടു തിരികെ വീട്ടിലേക്കു പോന്നു. പക്ഷേ, വീട്ടിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് അമ്മ പറഞ്ഞതുകൊണ്ടു മാത്രം ഞാന്‍ അവിടെ തന്നെ നിന്നു. അഞ്ചാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ പുളിങ്കുടിയിലെ അനാഥാലയത്തിലായിരുന്നു.

anil 1

അവിടെ നിന്നു കിട്ടിയ അറിവുകളാണ് എന്റെ വിദ്യാഭ്യാസ ജീവിതത്തിന്റെ അടിസ്ഥാനം. സ്കൂളില്‍ ഒരു കുഞ്ഞ് ലൈബ്രറിയുണ്ടായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ കവിത എഴുതിയത്.

2008ല്‍ പ്രസിദ്ധീകരിച്ച ‘ഞാനിന്ന് പാടിത്തുടങ്ങുന്നു’ ആണ് ആദ്യ കവിതാ സമാഹാരം. ‘കൊമ്പള്’ ആണ് കടപ്പുറ ഭാഷയില്‍ എഴുതിയ ആദ്യ കവിത. എന്തുകൊണ്ടെന്ന് അറിയില്ല. എന്നെ സംബന്ധിച്ച് ഈ ഭാഷയ്ക്ക് മറ്റു റെഫറൻസ് ഒന്നും വേണ്ട. ജീവിതത്തിലോട്ടു വെറുതെ തിരിഞ്ഞു നോക്കും. അപ്പോള്‍ അമ്മ പറഞ്ഞ വാക്കുകള്‍ കേൾക്കും. ‘കൊമ്പള്’ ഒരു പരിപാടിയിൽ അവതരിപ്പിച്ചപ്പോള്‍ ‘വളരെ അന്വേഷണാത്മകമായ കവിത’ എന്ന് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. എനിക്കും എന്റെ കവിതയ്ക്കും കിട്ടുന്ന ഒരു വലിയ അംഗീകാരമായിരുന്നു അത്.

പിന്നീട് കടപ്പുറഭാഷയിൽ തന്നെ കൂടുതലായി എഴുതിത്തുടങ്ങി. കടപ്പുറ ഭാഷയിലെഴുതിയ കവിതകള്‍ മാത്രമായി ‘ചങ്കൊണ്ടോ പറക്കൊണ്ടോ’ പ്രസിദ്ധീകരിച്ചു’’.– അനിൽ പറയുന്നു.

‘കാവ്യഭാഷയും സ്വത്വനിർമ്മിതിയും : മലയാളത്തിലെ തെരഞ്ഞെടുത്ത ദലിത് - സ്ത്രീ കവിതകളെ മുൻനിർത്തിയുള്ള അപഗ്രഥനം’.– എന്ന വിഷയത്തിലാണ് അനിലിന്റെ പി.എച്ച്.ഡി നേട്ടം. ഡോ. സി.ആർ.പ്രസാദ് ആണ് മാർഗദർശി.