Wednesday 10 August 2022 04:37 PM IST : By സ്വന്തം ലേഖകൻ

ചേതനയറ്റ ശരീരം കിണറ്റിൽ നിന്നു പുറത്തെടുക്കുമ്പോൾ അറിഞ്ഞിരുന്നില്ല; അത് സഹപ്രവർത്തകയായിരുന്നുവെന്ന്! നോവുന്ന കുറിപ്പുമായി അന്വേഷണ ഉദ്യോഗസ്ഥന്‍

dk-prithvirrrr

തിരുവനന്തപുരം കേശവദാസപുരത്ത് വീട്ടമ്മ മനോരമയെ ഇതര സംസ്ഥാന തൊഴിലാളി കൊന്ന് കിണറ്റിലിട്ടത് എല്ലാവരിലും ഞെട്ടലുളവാക്കിയിരുന്നു. അതേ കേസില്‍ ഇപ്പോള്‍ നോവുന്ന കുറിപ്പായി മാറുകയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ഡി.കെ. പ്രിത്വിരാജാണ് കൊല്ലപ്പെട്ട മനോരമയും കുടുംബവുമായുള്ള ബന്ധം വ്യക്തമാക്കുന്ന ഓര്‍മകള്‍ പങ്കുവച്ചത്.

കൊല്ലപ്പെട്ട മനോരമയും ഭര്‍ത്താവ് ദിനരാജും കോളേജീയറ്റ് വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ സൂപ്രണ്ടുമാരായിരുന്നു. പ്രിത്വിരാജ് പൊലീസില്‍ ചേരുന്നതിന് മുന്‍പ് ഇതേ വകുപ്പില്‍ ഇവര്‍ക്കൊപ്പം ആറ് വര്‍ഷം ജോലി ചെയ്തു. അതിന് ശേഷമാണ് എസ്ഐയായി സെലക്ഷന്‍ കിട്ടിയതും അസിസ്റ്റന്റ് കമ്മീഷണറായതും.

വീട്ടമ്മയെ കാണാനില്ലെന്ന പരാതി അന്വേഷിക്കാനെത്തിയ പ്രിത്വിരാജിന്റെ നേതൃത്വത്തിലാണ് അയല്‍വീട്ടിലെ കിണറ്റിലടക്കം പരിശോധിച്ചതും രാത്രിയോടെ മൃതദേഹം കണ്ടെടുത്തതും. എന്നാല്‍ മൃതദേഹം പുറത്തെടുത്ത് മോര്‍ച്ചറിയിലേക്ക് മാറ്റുമ്പോളൊന്നും ഇത് തന്റെ സഹപ്രവര്‍ത്തകയാണെന്ന കാര്യം തിരിച്ചറിഞ്ഞിരുന്നില്ലെന്നാണ് അദേഹത്തിന്റെ കുറിപ്പില്‍. ജോലിയില്‍ നിന്ന് മാറിയ ശേഷം പിന്നീടൊരിക്കലും കാണാതിരുന്നതാകാം തിരിച്ചറിയാതിരിക്കാന്‍ കാരണം. അങ്ങിനെ സഹപ്രവര്‍ത്തകയുടെ വര്‍ഷങ്ങള്‍ക്ക് ശേഷം ക്രൂരകൊലപാതകത്തിന് ഇരയായി കാണേണ്ടിവന്നതിന്റെയും തിരിച്ച് അറിയാതെ പോയതിന്റെയും വിഷമമാണ് അദേഹം പങ്കുവയ്ക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം; 

കേശവദാസപുരത്തിന് സമീപം മനോരമ എന്ന വീട്ടമ്മയുടെ ദാരുണ കൊലപാതകം നാടിനെയാകെ നടുക്കിയ ഒരു ദുരന്തമായിരുന്നല്ലോ. കഴക്കൂട്ടം Acp ലീവിലായിരുന്നതിനാൽ ആ സബ് ഡിവിഷന്റെ കൂടി ചുമതല നൽകിയിരുന്നതിനാൽ വീട്ടമ്മയെ കാണാനില്ല എന്ന പരാതിയെ തുടർന്നുള്ള തിരച്ചിൽ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. രാത്രിയോടെ തൊട്ടടുത്ത സ്ഥലത്തെ കിണറ്റിൽ നിന്നു ഫയർഫോഴ്സ് വീട്ടമ്മയുടെ ചേതനയറ്റ ശരീരം പുറത്തെടുക്കുമ്പോൾ ടാർപ്പ വിരിച്ച് കിടത്താനും അത് കെട്ടിപ്പൊതിഞ്ഞ് മോർച്ചറിയിലേക്ക് ആംബുലൻസിൽ കയറ്റിവിടാനുമൊക്കെ മുൻകൈയെടുക്കുമ്പോഴും ഞാനറിഞ്ഞിരുന്നില്ല.. സഹപ്രവർത്തകയായിരുന്ന മനോരമ ചേച്ചിയുടെ ചേതനയറ്റ ശരീരമായിരുന്ന അതെന്ന്. 

പ്രിയപ്പെട്ട ദിനരാജണ്ണന്റെ സഹധർമ്മണ്ണിയുടെതായിരുന്നുവെന്ന്. SI ആകുന്നതിന് മുമ്പ് 6 വർഷം കോളെജ് വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്തിരുന്നപ്പോൾ ഒരേ ഓഫീസിൽ അടുത്ത സഹപ്രവർത്തകരായിരുന്നു ഞങ്ങളെല്ലാവരും. 2003 ൽ ഡിസി ഓഫീസിൽ നിന്നു പോലീസിൽ വന്നതിനു ശേഷം മനോരമ ചേച്ചിയെ കാണുവാനിടയായിട്ടില്ല. ഒരേ ഓഫീസിൽ അത്ര അടുത്ത സഹപ്രവർത്തകരായിരുന്നിട്ടും 18 വർഷത്തിനിപ്പുറം ആ രാത്രിയിൽ ആ ചേതനയറ്റ ശരീരം ഏറ്റുവാങ്ങുമ്പോൾ എന്തുകൊണ്ട് തിരിച്ചറിയുവാൻ കഴിഞ്ഞില്ല. കാലമേല്പിച്ച ഓർമ്മക്ഷതങ്ങളാണോ... നിർവ്വഹിക്കപ്പെടുന്ന തൊഴിൽ മേഖലയിലെ നിർവ്വികാരതകൊണ്ടാണോ... ഒരിക്കലും പ്രതീക്ഷിക്കാത്ത സഹചര്യമായതുകൊണ്ടാണോ.. മനപൂർവമല്ലെങ്കിലും ഈ തിരിച്ചറിവില്ലായ്കകൾ അപരിഹാരമായ തെറ്റ് തന്നെയാണ്.

മനോരമ ചേച്ചിയുടെ ആത്മാവിനോട് നിരുപാധികം മാപ്പിരിക്കുവാൻ മാത്രമേ കഴിയൂ... മാപ്പ്. ഹൃദയം നുറുങ്ങുന്ന വേദനയോടെ മാപ്പ്. അതോടൊപ്പം ദിനരാജണ്ണനെ നേരിട്ട് കണ്ട് അനുശോചനം അറിയിച്ചിരുന്നു. ഇതൊക്കെ അപൂർണ്ണവും അപരിഹാരശ്രമവുമാണെന്ന തിരിച്ചറിവോടെ അശ്രു പൂക്കളർപ്പിക്കുന്നു.

Tags:
  • Spotlight