Friday 07 May 2021 02:13 PM IST

‘ലോക്ഡൗണിൽ സീരിയലുകൾ നിന്നതോടെ അമ്മ വിഷമത്തിലായി; മൂഡ് മാറ്റാൻ തുടങ്ങിയതാണ് വിഡിയോ’: പൊളിയാണ് ഈ അമ്മയും മോനും

Lakshmi Premkumar

Sub Editor

dovttihjbuhugg

വാട്സ്‌ആപ്പിലെ ഫോർവേഡുകളിൽ ഈ അമ്മയേയും മോനേയും കാണാത്തവർ ചുരുക്കം...

ഡോക്ടറാണ് ഒപ്പം ആക്ടറും

ഞാൻ ഡോ. സതീഷ് വാരിയർ. എറണാകുളം ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റലിലെ സീനിയർ മെഡിക്കൽ ഓഫിസറാണ്. അമ്മ ഗീതാ വാരസ്യാർ. കോമഡിക്കൊപ്പം സമൂഹത്തിന് നല്ല സന്ദേശങ്ങൾ കൂടി നൽകുന്ന വിഡിയോ ചെയ്യണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ചിരിക്ക് ചിരി, ഗൗരവത്തിന് ഗൗരവം എല്ലാം ഒരു പൊടിക്കുണ്ട്. തമാശയിലൂടെയാകുമ്പോൾ ആ    ളുകളിലേക്ക് പെട്ടെന്ന് എത്തുമെന്നതാണ് ഞങ്ങളുടെ പോളിസി.

ലോക്‌ഡൗണിലെ ഐഡിയ

ലോക്‌ഡൗണിന്റെ മുൻപ് ഇങ്ങനെയൊരു ആശയമേ മനസ്സിലുണ്ടായിരുന്നില്ല. ലോക്ഡൗൺ തുടങ്ങിയതോടെ ആകെ സ്തംഭിച്ച അവസ്ഥയായി. അമ്മ ഇഷ്ടംപോലെ സീരിയലുകൾ കാണുന്നയാളാണ്. അമ്മയുടെ ഏറ്റവും വലിയ നേരംപോക്കും അതാണ്. ലോക്ഡൗൺ തുടങ്ങിയപ്പോൾ കുറച്ച് സീരിയലുകൾ നിന്നു പോയി. അതോടെ അമ്മയാകെ വിഷമത്തിലായി. വലിയ സംസാരമൊന്നുമില്ല. ആകെയൊരു നിശ്ചലാവസ്ഥ. അമ്മയുടെ ഈ മൂഡൊന്നു മാറ്റാനാണ് ചെറിയ രീതിയിൽ വിഡിയോ ചെയ്തു തുടങ്ങിയത്.  

അമ്മയാണ് താരം

രാവിലെ ഒൻപതു മുതൽ രണ്ടു മണിവരെ ഹോസ്പിറ്റലിൽ. ഉച്ച കഴിഞ്ഞ് മൂന്നു മണി മുതൽ ഒൻപതു വരെ വീട്ടിൽ ഒപിയുണ്ട്. ലോക്‌ഡൗൺ തുടങ്ങിയതോടെ സമയക്രമത്തിൽ മാറ്റം വന്നു. കുറേ ഫ്രീ ടൈം കിട്ടി. ആ സമയത്താണ് അമ്മയും ഞാനും ചേർന്ന് വിഡിയോസ് ചെയ്തു തുടങ്ങുന്നത്. ആദ്യമൊക്കെ ഫാമിലി ഗ്രൂപ്പിൽ മാത്രമാണ് വിഡിയോ അയച്ചിരുന്നത്. ബന്ധുക്കൾക്കെല്ലാം അമ്മയുടെ അഭിനയം ഇഷ്ടമായി. അതോടെ അമ്മ ആക്ടീവായി. ഇപ്പോൾ‌ അമ്മയാണ് വി‍ഡിയോ ചെയ്യാൻ മുൻകൈ എടുക്കുന്നത്.

spvvbb5566

വൈറലായ വഴി

കോവിഡ് കാലത്ത് എന്തൊക്കെ കഴിക്കാം എന്തൊക്കെ കഴിക്കരുത് എന്നൊക്കെ ഒരുപാട് കൺഫ്യൂഷനുണ്ടായിരുന്നു. കോവിഡ് ഡയറ്റിനെ കുറിച്ച് ആ സമയത്ത് ആയുർവേദ കോവിഡ് റിസർച്ച് സെന്റർ ഒരു പ്രോട്ടോകോൾ പുറത്തിറക്കി. പത്രങ്ങളിലൊക്കെ വളരെ ചെറിയൊരു കോളത്തിൽ ഒതുങ്ങി പോയി ആ വാർത്ത. എങ്കിൽ പിന്നെ, ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ വിഡിയോ രൂപത്തിൽ പുറത്തിറക്കിയാലോ എന്ന് ഞാൻ അമ്മയോട് ചോദിച്ചു. ആ വിഡിയോയ്ക്ക് ഒരു രാത്രി കൊണ്ട് പബ്ലിസിറ്റി ലഭിച്ചു. അങ്ങനെയാണ് ഞാനും അമ്മയും വൈറലായത്.

കോമഡിയോട് കൂടുതലിഷ്ടം

കോമഡിയാണ് താൽപര്യം. അമ്മയ്ക്ക് കോമഡി നന്നായി വഴങ്ങുമെന്നാണ് പൊതുവേയുള്ള അഭിപ്രായം. എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന വിഡിയോസ് ചെയ്യണമെന്നാണ് ഞങ്ങൾ രണ്ടു പേരും മുന്നോട്ട് വയ്ക്കുന്ന ആശയം. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എല്ലാം ഞാൻ തന്നെ. തിരക്കുള്ളപ്പോൾ രാവിലെ ആശുപത്രിയിലേക്ക് പോകുംവഴിയാണ് എഴുത്തും എഡിറ്റുമൊക്കെ. സ്ക്രിപ്റ്റ് എഴുതി, ഒന്നു രണ്ട് തവണ പ്രാക്ടീസ് ചെയ്യും. ട്രൈപോഡ് വച്ചാണ് ഷൂട്ടിങ്. ലൊക്കേഷൻ ഞങ്ങളുടെ വീട് തന്നെ. അമ്മയാണ് എപ്പോഴും എന്നേക്കാൾ മികച്ച പെർഫോമർ.

വീട്ടിലും താരങ്ങളായി

വീട് തൊടുപുഴയിലാണ്. അച്ഛൻ ഡോ. ആർ. ആർ. പി. വാരിയർ ആയുർവേദ ഡിപാർട്മെന്റ് റിട്ട. ഡയറക്ടറാണ്. എന്റെ ഭാര്യ രേഖാ ഹരിനാരായണൻ, അധ്യാപികയാണ്. മകൻ  വിശാൽ. എനിക്കൊരു സഹോദരിയുണ്ട് സൗമ്യ, ഭർത്താവ് സതീഷ്. അവർ തൃപ്പൂണിത്തുറയില്‍. പക്ഷേ, വീട്ടിൽ വരുന്ന സമയത്ത് ഞങ്ങളുടെ വിഡിയോയിൽ അഭിനയിക്കാറുണ്ട്. ഇപ്പോൾ ഞാനും അമ്മയും ചേർന്ന് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട്. സഹോദരിയുടെ മകൻ വിനയ് ആണ് അതിന്റെ അഡ്മിൻ. അവനാണ് ഞങ്ങളുടെ വിമർശകനും ഉത്സാഹ കമ്മിറ്റിക്കാരനും.

dobbb5677gjh88989
Tags:
  • Spotlight