Saturday 23 January 2021 02:48 PM IST : By സ്വന്തം ലേഖകൻ

ഇന്റർ‌വ്യൂവിൽ പങ്കെടുത്തു, തൊട്ടുപുറകെ മരണം; ഇടിച്ചുതെറിപ്പിച്ച് ജെയിംസിനെയും ആൻസിയെയും 15 മീറ്ററോളം വലിച്ചു നിരക്കികൊണ്ടുപോയി! നടന്നത് പെരുംദുരന്തം

ksrtc-accident.jpg.image.845.440

നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറിയ കെഎസ്ആർടിസി ബസിന് അടിയിൽപെട്ട് സ്കൂട്ടർ യാത്രികരായ യുവാവും യുവതിയും മരിച്ചു. മുളക്കുഴ പിരളശേരി കാഞ്ഞിരംപറമ്പിൽ പരേതനായ രാജുവിന്റെ മകൻ ജെയിംസ് ചാക്കോ (30), വെൺമണി പുലക്കടവ് ആൻസി ഭവനിൽ ജോൺസന്റെ മകൾ ആൻസി (26) എന്നിവരാണ് മരണപ്പെട്ടത്. ഏറ്റുമാനൂരിൽ നടന്ന ഇന്റർ‌വ്യൂവിൽ പങ്കെടുത്തശേഷം മടങ്ങവെയാണ് ആൻസിയെയും ജെയിംസിനെയും മരണം തട്ടിയെടുത്തത്. ഇരുവരുടെയും വിവാഹം നടത്താൻ വീട്ടുകാർ തമ്മിൽ ഉറപ്പിച്ചിരുന്നു. 

ഇന്നലെ വൈകിട്ട് 4.10 ന് എംസി റോഡിൽ പെരുന്തുരുത്തിയിലായിരുന്നു അപകടം. കോട്ടയത്തു നിന്നു പത്തനംതിട്ടയിലേക്കു വരുകയായിരുന്ന കോട്ടയം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസ് ആണ് അപകടത്തിൽപെട്ടത്. റോഡിന്റെ വശം ചേർന്നു പോകുകയായിരുന്ന ജെയിംസിന്റെ സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ച ശേഷം കണ്ണടക്കടയിൽ ഇടിച്ചാണ് ബസ് നിന്നത്. 15 മീറ്ററോളം ജെയിംസിനെയും ആൻസിയെയും വലിച്ചു നിരക്കികൊണ്ടുപോയി. ബസിന്റെ മുൻചക്രത്തിനടിയിൽ കുരുങ്ങികിടക്കുകയായിരുന്നു സ്കൂട്ടർ. 

കടയുടെ സമീപം നിർത്തിയിട്ടിരുന്ന കാറും രണ്ടു സ്കൂട്ടറുകളും ബസ് ഇടിച്ചു തെറിപ്പിച്ചു. ബസിന്റെ മുൻവശം പൂർണമായും തകർന്നു. കടയിൽ ഈ സമയം രണ്ടു ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും പരുക്കില്ല. കടയുടെ മുൻവശം പൂർണമായി തകർന്നു. ബസിന്റെ നിയന്ത്രണം വിട്ടയുടനെ ഡ്രൈവർ കുഴഞ്ഞുവീണതായി ദൃക്സാക്ഷി പറഞ്ഞു. മുളക്കുഴ സെന്റ് ഗ്രിഗോറിയോസ് സ്കൂളിൽ ബസ് ഡ്രൈവറാണ് ജെയിംസ്. മാതാവ്: കുഞ്ഞുമോൾ. സഹോദരി ബിന്ദു. ലീലാമ്മയാണ് ആൻസിയുടെ മാതാവ്. സഹോദരൻ: അഖിൽ.

ബസിൽ 35 യാത്രക്കാരുണ്ടായിരുന്നു. പന്നിക്കുഴി പാലം കഴിഞ്ഞ ചെറിയ വളവിലെത്തിയപ്പോൾ ബസ് നിയന്ത്രണം വിട്ട് റോഡിന്റെ ഇടതുവശത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ 22 പേർക്ക് പരുക്കേറ്റു. രണ്ടു പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു രണ്ടു പേർ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് അശുപത്രിയിലാണ്. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച 18 പേരെ ചികിത്സ നൽകിയശേഷം വിട്ടയച്ചു. 

Tags:
  • Spotlight