Thursday 25 July 2019 11:25 AM IST : By സ്വന്തം ലേഖകൻ

ഓലപ്പുരയ്‌ക്ക് മുകളിലൂടെ മിന്നിമാഞ്ഞു പോകുന്ന വിമാനത്തിന്റെ പ്രകാശം കൊതിപ്പിച്ചു; വലുതായപ്പോൾ പൈലറ്റായി ഗായത്രി

1522305775548

കേരളത്തിൽ നിന്നുള്ള ആദ്യ ദളിത് വനിതാ പൈലറ്റെന്ന സ്വപ്നത്തിലേക്ക് പറക്കുകയാണ് തൃശ്ശൂര്‍ സ്വദേശിനി ഗായത്രി സുബ്രന്‍. തൃശൂര്‍ ചാലക്കുടി കുഞ്ഞുകുഴിപ്പാടം പാപ്പണയില്‍ സുബ്രന്റെയും ശകുന്തളയുടെയും ഏകമകൾ ഗായത്രിയാണ് ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയിലും തന്റെ സ്വപ്നനേട്ടത്തിനായി ജീവിതം മാറ്റിവച്ചത്. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നാണ് കഷ്ടപ്പെട്ട് പഠിച്ചു സ്വപ്നങ്ങളിലേക്ക് പറക്കുന്നത്.  

കുഞ്ഞുനാളില്‍ ഓലമേഞ്ഞ കുടിലിൽ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മിന്നിമറഞ്ഞു പോകുന്ന വിമാനത്തിന്റെ വെളിച്ചമാണ് ഗായത്രിയെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചത്. വർഷങ്ങൾ കഴിയും തോറും ആഗ്രഹം ലക്ഷ്യമായി മാറി.

തിയറി ക്‌ളാസുകൾ അവസാനിച്ച് കഴിഞ്ഞ ദിവസമാണ് ഗായത്രി വീട്ടിലെത്തിയത്. മുംബൈയിലാണ് പരീക്ഷ നടക്കുക. ശേഷം ലൈസന്‍സ് കിട്ടിക്കഴിഞ്ഞാൽ പിന്നെ ആഗ്രഹ പറക്കലിലേക്ക്. കോഴ്‌സിന്റെ ഭാഗമായി യുപിയിലെ അക്കാദമിയ്ക്ക് മുകളിലൂടെ 1500 അടി ഉയരത്തില്‍ 20 മിനിറ്റ് നേരം ഗായത്രി ഒറ്റയ്ക്ക് വിമാനം പറത്തിയിരുന്നു. പിന്നെയും ട്രെയിനിങ്ങിന്റെ ഭാഗമായി 70 മണിക്കൂറോളംവിമാനം പറത്തിയിട്ടുണ്ട്.

ഗായത്രിയുടെ അച്ഛൻ സുബ്രന്‍ കെഎസ്എഫ്ഇയില്‍ ചിട്ടി ഏജന്റാണ്. രണ്ടു സെന്റ് സ്ഥലവും അതിലൊരു ചെറിയ വീടുമാണ് ആകെയുള്ള സമ്പാദ്യം. അമ്മ ശകുന്തളയും തളര്‍ന്നുകിടക്കുന്ന അമ്മൂമ്മ വള്ളിക്കുട്ടിയുമാണ് ഗായത്രിയുടെ കൂട്ട്. ഇല്ലായ്മകളിലും പഠനത്തിന് ഏറെ പ്രോത്സാഹനം നൽകി.

പ്ലസ്ടുവിന് ശേഷം ഗായത്രിയെ സ്‌പോക്കണ്‍ ഇംഗ്‌ളീഷ് ക്ലാസിന് വിട്ടു. പിന്നീട് പൈലറ്റാകാന്‍ ഓണ്‍ലൈന്‍ അപേക്ഷ അയച്ചു. റായ്ബറേലിയിലെ ഏവിയേഷന്‍ അക്കാദമിയിലായിരുന്നു ഗായത്രിയുടെ പഠനം. മകളുടെ പഠനം പൂർത്തിയായപ്പോഴേക്കും സുബ്രന്‍ ലക്ഷങ്ങളുടെ കടക്കാരനായി. എങ്കിലും മകളുടെ സ്വപ്‌നങ്ങൾ നിറവേറ്റാനായി ഉൾക്കരുത്തോടെ സുബ്രൻ ഒപ്പമുണ്ട്. സുബ്രന്റെ ഫോണ്‍: 9447142307