Thursday 17 November 2022 12:57 PM IST

‘കള്ളനെ ആകെ കണ്ടത് 98 വയസ്സുള്ള മുത്തച്ഛൻ, ആ കാട് മാഫിയകളുടെ കേന്ദ്രം’: സിനിമയെ വെല്ലും ‘ഓപ്പറേഷന്‍ കുറിച്ചി’

V.G. Nakul

Sub- Editor

Mobile

കള്ളൻ കൊണ്ടുപോയ മൊബൈൽ ഫോൺ സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിലൂടെ കണ്ടെത്തിയ യുവാവിന്റെയും സുഹൃത്തുക്കളുടെയും ‘ഓപ്പറേഷന്‍ കുറിച്ചി’ കഥ ഇതിനോടകം വലിയ വാർത്താപ്രാധാന്യമാണ് നേടിയിരിക്കുന്നത്.

നാഗമ്പടം പനയക്കഴുപ്പ് തലവനാട്ടില്ലത്ത് ഗോവിന്ദാണ് വീട്ടിലെ കളവു പോയ മൊബൈൽ ഫോൺ കണ്ടെത്താൻ ‘ഷെർലക് ഹോംസ്’ന്റെ റോൾ ഏറ്റെടുത്തത്. ഒപ്പം ‘വാട്സൺ’മാരായി കൂട്ടുകാരും. ആദ്യം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ‘നിമയപരമായ നീക്കങ്ങളുടെ’ താമസം മനസ്സിലാക്കിയാണ് ‘ഡിറ്റക്ടീവ് ഗോവിന്ദും’ സംഘവും കളത്തിലിറങ്ങിയത്. അതു വെറുതെയായില്ല. ഫോൺ ഒളിപ്പിച്ചിരിക്കുന്ന സ്ഥലം സാങ്കേതികവിദ്യയുടെ സഹായത്തോടെ സംഘം കണ്ടെത്തി. തപ്പിച്ചെന്നപ്പോഴാകട്ടേ, കുറിച്ചിയിലെ കാട്ടിനുള്ളിൽ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തില്‍ നിന്നു ഗോവിന്ദിന്റെതടക്കം 7 ഫോണുകളാണ് കിട്ടിയത്.

ഇപ്പോൾ ഫോൺ മോഷ്ടിച്ച ബിനു തമ്പിയും പൊലീസ് പിടിയിലായതോടെ കഥ ക്ലൈമാക്സിലാണ്.

‘‘കള്ളനെ പിടിച്ച വാർത്ത ഞാനറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. ഫോൺ കണ്ടെത്തിയ വിവരം വലിയ വാർത്താ പ്രാധാന്യം നേടിയപ്പോൾ പൊലീസിലെ ഉയർന്ന ചില ഉദ്യേഗസ്ഥർ ബന്ധപ്പെട്ടിരുന്നു. പൊലീസിന്റെയോ സൈബർ സെല്ലിന്റെയോ ഉപേക്ഷക്കുറവിൽ പരാതിയുണ്ടോ എന്നു തിരക്കി. ഉണ്ടെങ്കിൽ പരാതി നൽകാനും പറഞ്ഞിരുന്നു. ഫോൺ കിട്ടിയല്ലോ. കള്ളനെയും പിടിച്ചു. ഇനി പരാതിയില്ല’’.– ഗോവിന്ദ് ‘വനിത ഓൺലൈനോട്’ പറയുന്നു

സംഭവം ഇങ്ങനെ –

നാഗമ്പടം പനയക്കഴുപ്പ് തലവനാട്ടില്ലം. അടുത്തടുത്ത വീടുകളിലാണ് ബന്ധുക്കള്‍ താമസം. കള്ളൻ ആദ്യമെത്തിയ വീട്ടിലെ, ഗോവിന്ദിന്റെ 98 വയസ്സുള്ള മുത്തച്ഛൻ മാത്രമാണ് ഇയാളെ കണ്ടത്. കുടിക്കാൻ വെള്ളം ചോദിച്ചു. വെള്ളം കൊടുത്തെങ്കിലും ഒന്നോ രണ്ടോ കവിൾ കുടിച്ച ശേഷം പോയി. അടുത്ത വീടിന്റെ വരാന്തയിലിരുന്ന് ഗോവിന്ദിന്റെ അമ്മായി പത്രം വായിക്കുകയായിരുന്നു. അടുത്തു തന്നെ മൊബൈൽ ഫോണും വച്ചിരുന്നു. അമ്മായി പാല്‍ തിളച്ചോയെന്നു നോക്കാൻ പെട്ടെന്നു അടുക്കളയിലേക്കു പോയ തക്കത്തിന് കള്ളൻ മൊബൈല്‍ ഫോണുമായി മുങ്ങി. ഫോണ്‍ പോയെന്നു മനസ്സിലായതോടെ അമ്മയി ഗോവിന്ദ് ഉൾപ്പടെയുള്ള ബന്ധുക്കളെ വിവരം അറിയിച്ചു. കള്ളന്റെ ഏകദേശ രൂപവും അടയാളങ്ങളും മുത്തച്ഛൻ വിവരിച്ചു. 35 – 40 വയസ്സ് തോന്നിക്കുന്ന, നെറ്റി കയറിയ, മുണ്ടുടുത്ത ഒരാൾ.

സൈബർ സെല്ലിലാണ് ആദ്യം അറിയിച്ചതെങ്കിലും മോഷണമായതിനാൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനായിരുന്നു നിർദേശം. വെസ്റ്റ് പൊലീസിൽ പരാതി നൽകിയപ്പോൾ അവർ വീണ്ടും സൈബർ സെല്ലിലേക്ക് കേസ് കൈമാറി. ലഞ്ച് ബ്രേക്ക് ആണ്, മൂന്നു മണിക്കൂർ കഴിഞ്ഞു ചെല്ലാനാണ് സൈബർ സെല്‍ അറിയിച്ചത്.

വീണ്ടും സൈബര്‍ സെല്ലില്‍ എത്തിയപ്പോൾ, നെറ്റ് കണക്‌ഷൻ ഓഫ് ചെയ്തിരിക്കുന്നതിനാൽ ഫോൺ കണ്ടെത്താൻ കഴിയുന്നില്ലെന്നായിരുന്നു മറുപടി. എന്നാൽ വിട്ടുകൊടുക്കാൻ ഗോവിന്ദ് തയാറായിരുന്നില്ല. നഷ്ടപ്പെട്ട ഫോണിലേക്കു തുടർച്ചയായി വിളിച്ചെങ്കിലും എടുത്തില്ല. പവർ ബട്ടണിൽ ഞെക്കുമ്പോൾ ഒരു ആപ്പ് ഓപ്പണായി വരുന്നതിനാൽ, ഫോൺ സ്വിച്ച്ഡ് ഓഫ് ആക്കാൻ കള്ളന് സാധിച്ചില്ല.

വൈകുന്നേരം ആറേമുക്കാലിന് വീണ്ടും വിളിച്ചപ്പോൾ കള്ളൻ കോൾ കട്ടാക്കി. കാണാതായ ഫോണിലെ ഗൂഗിൾ അക്കൗണ്ട് ഗോവിന്ദിന്റെ ഫോണിൽ ഓപ്പൺ ആയതിനാൽ, ‘ഫൈൻഡ് മൈ ഡിവൈസ്’ സംവിധാനത്തിന്റെ സഹായത്താൻ ഉടൻ ‘ലൊക്കേഷൻ കുറിച്ചി’ എന്നു നോട്ടിഫിക്കേഷൻ വന്നു.

ഉടൻ സൈബർ സെല്ലിനെ വിവരം അറിയിച്ചെങ്കിലും വേറെ സ്റ്റേഷന്‍ പരിധിയായതിനാൽ, അവിടുത്തെ ലോക്കൽ പൊലീസിനെ വിളിക്കാനായിരുന്നു നിർദേശം.

ഇനിയും കാത്തിരുന്നിട്ടു കാര്യമില്ലെന്നു മനസ്സിലായി. കാറിൽ സുഹൃത്തുക്കളെയും കൂട്ടി കുറിച്ചിയിൽ ഫോൺ ഇരിക്കുന്ന സ്ഥലത്തെത്തി.

കുറിച്ചി എയ്ഡ്സ് പോസ്റ്റിലെ ലയൺസ് ക്ലബിന്റെ മുമ്പിലുള്ള കാട്ടിനുള്ളിൽ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിലാണ് മോഷ്ടാവ് ഫോൺ ഒളിപ്പിച്ചിരുന്നത്. ഫോണ്‍ അവിടെയുണ്ടെന്നു മവസ്സിലായതോടെ ചിങ്ങവനം പൊലീസിനെ വിവരം അറിയിച്ചു. ഉടൻ വരാമെന്നു പറഞ്ഞ പൊലീസ് ഏറെ നേരം കാത്തുനിന്നിട്ടും വരാതായതോടെ കാട്ടിൽ തിരഞ്ഞു. അന്വേഷണത്തിനൊടുവിൽ കിട്ടിയത് ഗോവിന്ദിന്റേതടക്കം 7 ഫോണുകൾ. അപ്പോഴേക്കും പൊലീസും എത്തി.

നാട്ടുകാർ പറയുന്നതനുസരിച്ച്, ഈ കാട് പലതരം മാഫിയ പ്രവർത്തനങ്ങളുടെ കേന്ദ്രമാണത്രേ.

അതോടെ കളി പൊലീസ് ഏറ്റെടുത്തു. തകൃതിയായ അന്വേഷണത്തിനൊടുവിൽ പ്രതി വലയിലായി. കുറിച്ചി തെക്കേപ്പറമ്പിൽ വീട്ടിൽ ബിനു തമ്പിയാണ് ചിങ്ങവനം പൊലീസിന്റെ പിടിയിലായത്.

ബിനുവിനെതിരെ സമാന സ്വഭാവമുള്ള കുറ്റത്തിനു മുൻപും കേസുണ്ട്. തീർഥാടകനെന്ന വ്യാജേന വീടുകളിൽ ഭിക്ഷ യാചിച്ചെത്തുകയും വീട്ടുകാരുടെ ശ്രദ്ധ മാറുമ്പോൾ ഫോണുകൾ മോഷ്ടിക്കുകയുമായിരുന്നു പതിവെന്നു പൊലീസ് പറഞ്ഞു. ഇയാളുടെ പക്കൽനിന്ന് 7 ഫോണുകളും ഒരു ഐപാഡും പൊലീസ് പിടിച്ചെടുത്തു.