Wednesday 25 January 2023 11:57 AM IST : By സ്വന്തം ലേഖകൻ

ആദ്യം അഞ്ച് വധശ്രമങ്ങള്‍, അതെല്ലാം പരാജയപ്പെട്ടതോടെ‍ ജ്യൂസ് ചലഞ്ച്; ഷാരോണിനെ കൊല്ലാന്‍ 10 മാസത്തെ ആസൂത്രണം! ആയിരത്തിലേറെ തവണ ഗൂഗിളില്‍ പരതി

greeshm335566000

തിരുവനന്തപുരം പാറശാല ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം തയാറായി. ഷാരോണിനെ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊന്നത് പത്ത് മാസത്തെ ആസൂത്രണത്തിന് ശേഷമെന്ന് കുറ്റപത്രം. ജ്യൂസ് ചലഞ്ച് തിരഞ്ഞെടുത്തത് സ്വാഭാവിക മരണമെന്ന് വരുത്താന്‍. ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കൊലപാതകത്തില്‍ തുല്യ പങ്കെന്നും വ്യക്തമാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു.

പ്രണയനിയെ ജീവനേക്കാള്‍ സ്നേഹിച്ച ഷാരോണ്‍. പ്രണയം ആയുധമാക്കി ഷാരോണിനെ കൊന്ന ഗ്രീഷ്മ. മനസാക്ഷിയെ മരവിപ്പിച്ച കൊലക്കേസില്‍ ഇരുവരുടെയും ജീവിതകഥ പറയും പോലെയാണ് ഡിവൈഎസ്പി  A.J. ജോണ്‍സണിന്റെ നേതൃത്വത്തിലെ പൊലീസ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. തമിഴ്നാട്ടുകാരനായ സൈനികന്റെ വിവാഹാലോചന വന്നതോടെ ഒന്നര വര്‍ഷത്തിലേറെ പ്രണയിച്ച ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചു. 

ജാതി വ്യത്യാസം മുതല്‍ ഭര്‍ത്താവ് മരിക്കുമെന്ന ജാതകദോഷം വരെയുള്ള നുണക്കഥകള്‍ പറഞ്ഞ് നോക്കി. എന്നിട്ടും ഷാരോണ്‍ പിന്‍മാറാതിരുന്നതോടെ 2021 ജനുവരി അവസാനം മുതല്‍ കൊലപാതകം ആസൂത്രണം ചെയ്തു. ആദ്യം വിവിധ മാര്‍ഗങ്ങളിലൂടെ അഞ്ച് വധശ്രമങ്ങള്‍. അതെല്ലാം പരാജയപ്പെട്ടതോടെയാണ് ജ്യൂസ് ചലഞ്ച് എന്ന ആയുധം പുറത്തെടുക്കുന്നത്.

ആയിരത്തിലേറെ തവണ ഗൂഗിളില്‍ സേര്‍ച്ച് ചെയ്താണ് കഷായത്തിലോ ജ്യൂസിലോ കളനാശിനി കലര്‍ത്തുകയെന്ന ആശയത്തിലേക്ക് ഗ്രീഷ്മയെത്തിയത്. അങ്ങിനെ വിഷം ഉള്ളില്‍ ചെല്ലുന്ന ഒരാളുടെ ആന്തരികാവയവങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് വരെ മനസിലാക്കിയിരുന്നു. സ്വാഭാവിക മരണം പോലെ തോന്നുമെന്ന ചിന്തയാണ് ഈ മാര്‍ഗം തിരഞ്ഞെടുക്കാന്‍ കാരണമായത്.

ഇരുവരുടെയും രണ്ട് വര്‍ഷത്തെ ചാറ്റുകളും ഡിലീറ്റ് ചെയ്ത ദൃശ്യങ്ങളും ശബ്ദങ്ങളും ഉള്‍പ്പെടെ ആയിരത്തിലേറെ ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തു. ഗ്രീഷ്മയുടെ പ്രതിശ്രുത വരന്‍ ഉള്‍പ്പെടെ 68 സാക്ഷികളുമുണ്ട്. കൊലയില്‍ നേരിട്ട് പങ്കില്ലെങ്കിലും അമ്മാവനും അമ്മയ്ക്കും കൊലപാതകം നടക്കാന്‍ പോകുന്നതുള്‍പ്പെടെ സകല വിവരങ്ങളിലും അറിവായിരുന്നതിനാല്‍ തുല്യപങ്കെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.

Tags:
  • Spotlight