Wednesday 24 March 2021 10:39 AM IST : By സ്വന്തം ലേഖകൻ

തൊഴിലുറപ്പിനും വീട്ടുജോലിക്കും പോയി പഠിപ്പിച്ചു; അമ്മയുടെ ചിറകേറി മകൾ രാജ്യത്തിന്റെ പ്രതിരോധ നിരയിലേക്ക്, ബിഎസ്എഫില്‍ നിയമനം

malappuram-haritha-with-mom.jpg.image.845.440

പ്രതികൂല സാഹചര്യങ്ങളോട് പൊരുതിജീവിച്ച അമ്മയുടെ ഇച്ഛാശക്തിയുടെ കരുത്തിൽ ഹരിത മാതൃരാജ്യത്തിന്റെ പ്രതിരോധ നിരയിലേക്ക്. തിരൂരങ്ങാടി നന്നമ്പ്ര വെള്ളിയാമ്പുറം കീരിയാറ്റിൽ രാമകൃഷ്ണൻ– ദേവകി എന്നിവരുടെ മകൾ ഹരിതയ്ക്കാണ് (21) ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ (ബിഎസ്എഫ്) നിയമനം ലഭിച്ചത്.  അമ്മയുടെ തണലിലാണ് ഹരിത വളർന്നത്.

ദേവകി തൊഴിലുറപ്പിനും വീട്ടുജോലിക്കും പോയാണ് മകളെ പഠിപ്പിച്ചത്. പ്ലസ്ടുവിന് ശേഷം പൊന്നാനി എംഇഎസ് കോളജിൽ നിന്ന് ഡിഗ്രി പഠനം പൂർത്തിയാക്കി. പഠനത്തിനിടയിൽത്തന്നെ സൈനിക സേവനത്തിനുള്ള പരിശീലനം നേടി. നേരത്തെ ആർപിഎഫിൽ പരീക്ഷയിൽ ലഭിച്ചെങ്കിലും മെഡിക്കൽ പരിശോധനയിൽ വിജയിക്കാനായില്ല. ഒടുവിലത്തെ ശ്രമത്തിൽ ബിഎസ്എഫിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

അടുത്ത മാസം ആദ്യ വാരത്തിൽ മധ്യപ്രദേശ് തെക്കൻപൂർ ബിഎസ്എഫ് ട്രെയ്നിങ് സെന്ററിൽ ജോയിൻ ചെയ്യും. കളരിപ്പയറ്റിൽ 2 തവണ സംസ്ഥാന ചാംപ്യനും ഒരു തവണ ദേശീയ മത്സരത്തിൽ വെങ്കല മെഡലും നേടിയിട്ടുണ്ട്. പഞ്ചായത്ത് ഫണ്ടിൽ നിന്നും നിർമിച്ച വീടാണുള്ളത്. പണി പൂർത്തിയായിട്ടില്ല. ജോലി ചെയ്ത് വീട് നിർമാണം പൂർത്തിയാക്കണമെന്നാണ് ആഗ്രഹം.

Tags:
  • Spotlight
  • Inspirational Story