Saturday 04 January 2020 03:50 PM IST

മരണക്കുഴിയിൽ നിന്ന് ആ പെൺകുഞ്ഞിനെ ഇന്ദിര നെഞ്ചോടു ചേർത്തു; പിന്നെ, സ്വന്തം മകളായി വളർത്തി!‌ അപൂർവ ജീവിതകഥ

Vijeesh Gopinath

Senior Sub Editor

_REE0342 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഗർഭപാത്രത്തിൽ നിന്നേ പിഴുതെറിഞ്ഞ ആ അമ്മ  മകളെ തേടി എന്നെങ്കിലും തിരിച്ചു വന്നാലോ?’

അതുവരെ സ്കൂൾകുട്ടിയെ പോലെ ചിരിച്ചു സംസാരിച്ച കീർത്തിയുടെ മുഖത്ത് സങ്കടത്തിന്റെ ഉരുൾപൊട്ടി. കണ്ണിൽ കനലു മിന്നി. 

‘‘ഈ ചുമരിനുള്ളിലേക്ക് ഞാൻ വീണു പോയത് ആ അമ്മ കാരണമല്ലേ... എനിക്കു നടക്കാൻ കാലില്ലാതാക്കി. എന്റെ സ്വപ്നങ്ങൾ, ജീവിതം... എനിക്കിനി പഠിക്കാൻ പറ്റുമോ? ഒറ്റയ്ക്കു യാത്ര ചെയ്യാനാകുമോ...

എല്ലാം അറുത്തു കളഞ്ഞില്ലേ... ഇപ്പോഴെന്നല്ല ഇനി എത്ര ജന്മം കഴിഞ്ഞ് വന്നാലും ആ അമ്മയെ എനിക്കു വേണ്ട...’’

ഉറക്കെയുള്ള കരച്ചിലിൽ വീട് വിറയ്ക്കുന്നുണ്ടെന്നു തോന്നി. കണ്ണീർ കോരിച്ചൊരിഞ്ഞു പെയ്തുകൊണ്ടിരുന്നു. നിർത്താതെ ഏങ്ങലടിച്ച കീർത്തിയെ മുറുകെ പിടിച്ച് ഇന്ദിര പറഞ്ഞു,

‘കുഞ്ഞേ, നിനക്ക് ഞാനില്ലേ... ഞാനല്ലേ നിന്റെ അമ്മ...’പിന്നെ, ആ നെറ്റിയിൽ ഒരുമ്മ കൊടുത്തു.

 ഇതുവരെ കണ്ടതിൽ ഏറ്റവും മധുരമുള്ള അമ്മയുമ്മ...

∙∙∙

1995 ഡിസംബർ 6. അന്ന് മാവേലിക്കരയിലെ സർക്കാർ ആശുപത്രിയിലേക്ക് ഇന്ദിര പോയത് സഹോദരിയുടെ മകൾ ഗംഗയുടെ കുഞ്ഞിനെ കാണാനാണ്. ആൺകുട്ടി. പുത്തനുടുപ്പും ബേബി സോപ്പും വാങ്ങി ആശുപത്രി കിടക്കയ്ക്ക് അരികിലെത്തി.

ഇന്ദിരയെ കണ്ടതും ഗംഗ കൈ പിടിച്ചു വേവലാതിപ്പെട്ടു. ‘‘ഇവിടെ ഒരു ഗർഭഛിദ്രം നടന്നിട്ടുണ്ട്. ഞാൻ കണ്ടതാ അത്. മറവുചെയ്യാൻ കൊണ്ടുപോയ ‘കൊച്ചിന്’ ജീവനുണ്ടെന്ന് ആളുകൾ പറയുന്നു. എങ്ങനെയെങ്കിലും കണ്ടുപിടിക്കണം. ആ കുഞ്ഞിനെ രക്ഷിക്കണം. ’’ കൊതുകുവലക്കുടയ്ക്കുള്ളില്‍ ഉറങ്ങുന്ന സ്വന്തം കുട്ടിയെ ഒന്നു കാണിക്കുക പോലും ചെയ്യാതെ  ഗംഗ  ഇന്ദിരയെ നിർബന്ധിച്ച് പറഞ്ഞയച്ചു.

ആശുപത്രി വരാന്തയിലൂടെ ‘കുഞ്ഞിനെ’ തിരഞ്ഞോടിയ ഇന്ദിര അവസാനം ആ ജീവനക്കാരനെ കണ്ടെത്തി. അയാളുടെ കയ്യിൽ ഒരു ബക്കറ്റുണ്ട്, ഒന്നേ നോക്കിയുള്ളൂ. മക്കളില്ലാത്ത ഇന്ദിര, ഇടിവാളു കൊണ്ടതുപോലെ പുളഞ്ഞു പോയി. അതിൽ ചോരപൊതിഞ്ഞ കുഞ്ഞ്. ബക്കറ്റിലെ െഎസു പോലുള്ള വെളുത്ത പൊടി ചുവന്ന നിറമായിട്ടുണ്ട്.

ജീവനക്കാരൻ പോയത് ആശുപത്രിക്കു പിന്നിലുള്ള ശവക്കോട്ടയിലേക്കാണ്. പുറകേ ചെന്ന ഇന്ദിരയെ അയാൾ ചീത്തവിളിച്ച് ആട്ടിയക റ്റി. ഗർഭഛിദ്രത്തിന്റെ മാലിന്യമാണ് ബക്കറ്റിലെന്നും അതിനു ജീവനില്ലെന്നും തർക്കിച്ചു.

കുഴിയിലേക്കു വച്ച ആ മുഖത്ത് മണ്ണു വീഴും മുന്നേ ഇന്ദിര അവസാനമായി നോക്കി. പെൺകുഞ്ഞാണ്. പതുക്കെ തൊട്ടു –  ഞെട്ടിപ്പോയി, മിടിപ്പുണ്ട്... അതൊടെ ‘കുഞ്ഞിനെ തന്നേക്കെന്നു പറഞ്ഞ്’ ജീവനക്കാരന്റെ കാലിൽ വീണു.

മനസ്സിലെ ‘അമ്മ’ യുണർന്നാല്‍  മരണം പോലും തോറ്റു പോകില്ലേ?

സാവധാനം അയാളുടെ മനസ്സു മാറി ‘‘പെങ്ങ‌ളേ... എനിക്കും രണ്ടു പെൺമക്കളാ... ഇതിന്റെ മുഖം കണ്ടപ്പോ അതുങ്ങളെയാ ഒാർമ വന്നത്. മണ്ണിടാൻ തോന്നണില്ല. നിങ്ങൾക്ക് തരുന്നത് ആരെങ്കിലും അറിഞ്ഞാൽ ജോലി പോകും...’’‌

ഇന്ദിര 200 രൂപ ചുരുട്ടിയെടുത്ത് അയാൾക്ക് കൊടുത്തു. കുഞ്ഞിനെ കയ്യിലെടുത്തു. പിന്നെ, മരണം ഉറങ്ങുന്ന കോട്ടയിൽനിന്ന് പുറത്തേക്കോടി. പതുക്കെ മിടിക്കുന്ന ഹൃദയതാളം തെറ്റാതിരിക്കാൻ ആ ‘അമ്മ’ അവളെ നെഞ്ചോടു ചേർത്തു പിടിച്ചു...

ജീവൻ തിരിച്ചു കിട്ടുന്നു...

ആ ഒാട്ടത്തെ കുറിച്ചു പറയുമ്പോൾ ഇന്ദിര കിതയ്ക്കുന്നുണ്ട്...‘‘അന്ന് ഞാനോടിയത് ഒാർക്കുമ്പോ ഇന്നും ശ്വാസം മുട്ടും. അടുത്തുള്ള ഒരുപാട് ആശുപത്രികളിൽ കൊണ്ടുപോയി. ആരും ജീവനുണ്ടോ എന്നു നോക്കാൻ പോലും തയാറായില്ല. ‘ആരുടെയോ കുഞ്ഞാണ്. പുറത്തറിഞ്ഞാൽ പൊലീസ് കേസെടുക്കും.’ ഇങ്ങനൊക്കെ പറഞ്ഞ് ഒാടിച്ചു എന്നെ. അവസാനം മാവേലിക്കരയിലെ കുട്ടികളുെട ആശുപത്രിയിലെ നാരായണൻ നായർ ഡോക്ടറുടെ അടുത്തെത്തി.

ഡോക്ടർ എല്ലാം കേട്ടിട്ടു പറഞ്ഞു, ‘‘അമ്മേ, ഏഴു മാസമേയുള്ളൂ. തൂക്കം ഒരു കിലോയ്ക്കു മുകളിൽ. ഇൻകുബേറ്ററിലൊക്കെ വയ്ക്കാൻ അമ്മയുടെ കയ്യിൽ പൈസയുമില്ല. ജീവിക്കുമോ എ ന്നറിയില്ല. എന്നാലും നമുക്ക് നോക്കാം.’’

മക്കളെ, സത്യം പറഞ്ഞാൽ അതു കേട്ടതും ഞാൻ തൊഴുതുകൊണ്ട് കരഞ്ഞു പോയി. ഈ കുഞ്ഞിനെ എങ്ങനെ എങ്കിലും രക്ഷിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. ഒരാളെങ്കിലും എന്നെ സഹായിക്കാം എന്നു പറഞ്ഞല്ലോ...

ഒരു മീറ്റർ ഫ്ലാനൽ തുണി വാങ്ങിക്കൊടുക്കാൻ ഡോക്ടർ പറഞ്ഞു. അതിൽ കുഞ്ഞിനെ പൊതിഞ്ഞു വച്ചു. പത്തു ദിവസം ആശുപത്രിയിൽ കിടന്നു. പിന്നെ, തിളപ്പിച്ചാറ്റിയ വെള്ളം തിരിനൂലിൽ മുക്കി നാക്കിൽ മുട്ടിച്ചു കൊടുക്കും. അത് നുണഞ്ഞു കുടിക്കാൻ തുടങ്ങി. അന്നീ കൺപീലിയും പുരികവും ഒന്നും ഇല്ല. വിളറി വെളുത്ത ഒരു കൊച്ച്. ഇടയ്ക്ക് ഞാൻ ചെന്ന് നെഞ്ചിലും വയറ്റിലും തൊട്ടു നോക്കും. ജീവനുണ്ടോ എന്നറിയണമല്ലോ...

ആറുമാസം കഴിഞ്ഞപ്പോൾ വിരൽ കുടിക്കാൻ തുടങ്ങി. ‘അതു കണ്ടപ്പോ ഡോക്ടർ പറഞ്ഞു, ഇനി കുഴപ്പമില്ല. പേടിക്കേണ്ട കാലം കഴിഞ്ഞു. ഇനി ഇന്ദിര അമ്മയെ പോലെ അമ്മയായി അവളെ നോക്കിക്കോ. കുപ്പിപ്പാൽ കൊടുക്കാൻ തുടങ്ങണം...’ മക്കളേ, അപ്പോഴാണ് ശ്വാസം വീണത്.  അന്ന് നൂറുകണക്കിന് ടിൻ പാൽപ്പൊടി വാങ്ങി കലക്കി കൊടുത്തു. ഇന്നും ചെറിയ കുട്ടികളുള്ള വീട്ടിൽ പോയാൽ ഇവൾ പാൽപ്പൊടി കട്ടെടുക്കും.’’ മകളുടെ കവിളിൽ പിടിച്ച് ഇന്ദിര ചിരിക്കുന്നു.

_BAP8611

അമ്മ മാത്രമല്ല, അച്ഛനും

കാർത്തിക നക്ഷത്രത്തിൽ ജനിച്ചതുകൊണ്ട് കീർത്തി എന്ന് പേരിട്ടു. അമ്മ മാത്രമല്ല കീർത്തിക്ക് ‘അച്ഛനും പിറന്നു’.  ഇന്ദിര ശവക്കോട്ടയിൽ നിന്ന് കുഞ്ഞിനെ കയ്യിൽ വാങ്ങുമ്പോൾ ഭർത്താവ് സേതുനാഥക്കുറുപ്പിനെ കുറിച്ച് ഒാർത്തില്ലായിരുന്നു, ഇങ്ങനൊക്കെ സംഭവിച്ചെന്നോ തിരിച്ചു വീട്ടിലെത്തുമ്പോൾ അദ്ദേഹം എന്തു പറയുമെന്നോ നാട്ടുകാർ അപവാദം പറഞ്ഞു പരത്തുമോ എന്നോ ഒന്നും ചിന്തിച്ചില്ല. കുഞ്ഞിനെ കിട്ടിയ കാര്യം പറയാൻ അന്നു വൈകിട്ട് വീട്ടിലെത്തിയപ്പോൾ സേതുനാഥക്കുറുപ്പ് ഉറങ്ങുകയായിരുന്നു.

‘‘ഞങ്ങള്‍ കുട്ടിക്കാലം തൊട്ടേ അറിയുന്നവരായിരുന്നു. ഒരേ പ്രായം. പഠിച്ചതും  ഒരേ സ്കൂളിൽ. കുട്ടിക്കാലത്തു വിളച്ചു ശീലിച്ചതു കൊണ്ടാകും ഞാൻ പിന്നെയും എടാ എന്നാ വിളിച്ചിരുന്നത്. ഉറക്കത്തിൽ നിന്ന് എണീറ്റപ്പോ ഞാൻ ചെന്നു പറഞ്ഞു, ‘‘എടാ നമുക്ക് ഒരു മോളെ കിട്ടി. എനിക്കവളെ വളർത്തണം. ആദ്യം ദേഷ്യപ്പെട്ടു. ചോദിക്കാതെയല്ലേ ഇതൊക്കെ ചെയ്തത്. ഒന്നാറിയപ്പോൾ സംഭവിച്ചതെല്ലാം പറഞ്ഞു. ‘എടാ അതിന്റെ മുഖം കണ്ടപ്പോ മണ്ണിട്ട് മൂടിപ്പോരാൻ തോന്നിയില്ലെന്നും പറ‍ഞ്ഞു.’ അന്നു മുതൽ അദ്ദേഹം അച്ഛനായി മാറി.

നാട്ടുകാരിൽ ചിലർ അപവാദങ്ങൾ പറഞ്ഞു. സഹികെടുമ്പോൾ പരിഹാസത്തോടെ ഭർത്താവ് പറയും. ‘‘അവൾ എന്റെ ചോര തന്നെയാണ്. പണ്ടു ഞാനതു വഴി പോയിരുന്നു...’’ കള്ളമാണെങ്കിലും കേൾക്കുന്നവർക്ക് സമാധാനമായിക്കോട്ടെ. അവർക്ക് അതല്ലേ അറിയേണ്ടത്. അവിഹിതം സ്ഥാപിച്ചെടുക്കുകയായിരുന്നു അത്തരക്കാർക്കു വേണ്ടത്.

പക്ഷേ, ചിലർ ഇതു കൊണ്ടും അടങ്ങിയില്ല. ഡിഎംഒയ്ക്ക് പരാതി കൊടുത്തു. എവിടുന്നോ കിട്ടിയ കുട്ടിയെ അനധികൃതമായി ഞാനെടുത്തു വളർത്തുന്നെന്നു പറഞ്ഞു. ഞാനും ഭർത്താവും ഡിഎംഒയ്ക്കു മുന്നിലെത്തി, ‘സാറേ ജീവനുള്ള ഇതിനെ ഞാനെങ്ങനെ ശവക്കുഴിയിൽ ഇട്ടേച്ചു പോരുമെന്നു കരഞ്ഞു ചോദിച്ചു, പൊന്നുപോലെ നോക്കിക്കോളാമെ’ന്നും പറഞ്ഞു.

ഒടുവിൽ ഡിഎംഒ കരുണ കാണിച്ചു. പരാതി കൊടുത്തവരോട് അദ്ദേഹം പറഞ്ഞു. ‘ഇതൊരു അമ്മയുടെ ജീവിതമല്ലേ, മരിച്ചു പോകേണ്ട ഒരു ജീവിതത്തെ തിരിച്ചെടുത്തതല്ലേ? സഹായിച്ചില്ലെങ്കിലും ഇവരെ ഉപദ്രവിക്കല്ലേ....’

മോളെയും കൊണ്ടുള്ള ഈ യാത്രയിൽ ഇതുപോലെ ഒരുപാട് ദൈവമുഖങ്ങൾ ഞാൻ കണ്ടിട്ടുണ്ട്.’’

കീർത്തി വളർന്നു. രണ്ടു വയസ്സായി. പക്ഷേ, മറ്റു കുട്ടികളെ പോലെ കമിഴ്ന്നു വീഴുന്നില്ല, നീന്തുന്നില്ല. കാൽത്തള കിലുങ്ങുന്നില്ല.  ദിവസങ്ങൾ കഴിയും തോറും ഇന്ദിരയുടെ മനസ്സിൽ ആധിത്തീ ആളിത്തുടങ്ങി. ഒടുവിൽ കീർത്തിയെയും കൊണ്ട് വീണ്ടും നാരായണൻനായർ ഡോക്ടറുടെ അടുത്തേക്കോടി.

_REE0416

‘‘ഡോക്ടർ പരിശോധിച്ചു. പല ടെസ്റ്റുകളും നടത്തി  നോക്കിയിട്ട് പറഞ്ഞു, ഇന്ദിരക്ക് ഒരു സുന്ദരിക്കുഞ്ഞിനെ കിട്ടിയില്ലേ... ഇവൾ വളരും, സംസാരിക്കും. പക്ഷേ, കൈകാലുകൾ ശരിയാക്കി എടുക്കണം. അദ്ദേഹം കോട്ടയം മെഡിക്കൽ കോളജിലെ ഫിസിയോതെറപി വിഭാഗത്തിലെ ഡോ.സുരേന്ദ്രനെ വിളിച്ചു. ഞങ്ങളെ അങ്ങോട്ടയച്ചു.

ചിലപ്പോൾ അന്ന് ഗർഭഛിദ്രം നടത്തി എടുത്തപ്പോഴോ മറ്റോ ഉണ്ടായ ക്ഷതമാകാം ഈ തളർച്ചയ്ക്കു പിന്നിലെന്ന് എനിക്കു തോന്നാറുണ്ട്. അന്നൊക്കെ ഒരുപാടു കരഞ്ഞിട്ടുണ്ട്. പിന്നെ എനിക്കു തോന്നി, കരഞ്ഞിട്ടെന്തിനാ ദൈവം തന്ന കുഞ്ഞാണ്. അതിനെ ഞാൻ വളർത്തും.

പത്തുവയസ്സുവരെ ഫിസിയോതെറപിക്കായി ഞങ്ങൾ കോട്ടയം മെഡിക്കൽ കോളജിൽ തന്നെയായിരുന്നു. മാസങ്ങൾ ഞാനും മോളും അവിടെ താമസിച്ചു. ഇടയ്ക്ക് ഭർത്താവ് ഞങ്ങളെ കാണാൻ വരും. പൈസ തരും. പത്തു വയസ്സായപ്പോഴേക്കും ക്രച്ചസിൽ നടക്കാമെന്നായി.

മോൾക്കെല്ലാം അച്ഛനായിരുന്നു. അച്ഛൻ എടുത്തോണ്ടാണ് സ്കൂളിൽ കൊണ്ടു പോയത്. വലുതായപ്പോൾ സൈക്കിളിൽ ആയി. മോൾ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ അദ്ദേഹത്തിനു കാൻസർ വന്നു. ചികിത്സയ്ക്കായി വീടു വരെ വിൽക്കേണ്ടി വന്നു. അതോടെ ഞങ്ങളുടെ ജീവിതം തന്നെ മാറിപ്പോയി...’’ കണ്ണീര് ഇന്ദിരയുടെ ശബ്ദം അടച്ചു കളഞ്ഞു.

മുള്ളുരഞ്ഞ ദിവസങ്ങൾ

ബാക്കി പറഞ്ഞത് കീർത്തിയാണ്.

‘‘സ്കൂളിലൊന്നും ആരും എന്നെ വയ്യാത്ത കുട്ടിയാണെന്നും പറഞ്ഞു മാറ്റി നിർത്തിയിട്ടില്ല. എപ്പോഴും കൂട്ടുകാരുടെ ഇടയിലായിരുന്നു ഞാൻ. വീട്ടിലൊക്കെ ഇഴഞ്ഞു നടക്കും. സ്കൂളിൽ അങ്ങനെ പറ്റില്ലല്ലോ. ക്രച്ചസ് ഉപയോഗിക്കും. ക്ലാസ് മുകൾനിലയിലായിരിക്കും. കൂട്ടുകാർ സഹായിക്കും. വയ്യാത്ത കുട്ടിയാണെന്ന തോന്നലില്ലാതെ ജീവിക്കാൻ പഠിപ്പിച്ചത് കൂട്ടുകാരും ടീച്ചർമാരുമായിരുന്നു

എനിക്ക് എഴുതാൻ കഴിയില്ല. അതുകൊണ്ട് പരീക്ഷ മറ്റൊരാളെ വച്ചാണ് എഴുതിക്കുന്നത്. ഇപ്പോൾ ബികോമിനു പഠിക്കുന്നു. പരീക്ഷ എഴുതാൻ ആളെ കിട്ടാത്തതു കൊണ്ട് കോഴ്സ് മുഴുവനാക്കാനായില്ല.

അച്ഛന്റെ മരണ ശേഷം സ്ഥിതിയെല്ലാം  മാറി. പട്ടിണി കിടക്കേണ്ടി വന്നിട്ടില്ലെങ്കിലും കഷ്ടപ്പാടുകൾ നന്നായിട്ടറിയാൻ തുടങ്ങി. വീടു നഷ്ടപ്പെട്ടു. ഒാലവീട്ടിലായി താമസം.  മഴക്കാലം വന്നാൽ പുറത്തേക്കിറങ്ങാൻ പറ്റില്ല. മുറ്റം നിറച്ച് ചെളിയാണ്. വീൽചെയറിൽ വീടിനുള്ളിലിരുന്ന് മഴ കാണും.

pic

ആയിടയ്ക്കാണ് നടൻ ദിലീപേട്ടൻ എന്നെക്കുറിച്ച് അറിയുന്നത്. ഒരു ദിവസം ദിലീപേട്ടൻ അമ്മയെ വിളിച്ചു. ഒട്ടും സങ്കടപ്പെടരുതെന്നും  ഞങ്ങളെല്ലാം കൂടെയുണ്ടെന്നും പറഞ്ഞു. പിന്നെ, ദിലീപേട്ടന്റെ അച്ഛന്റെ ഒാർമയ്ക്കായി വീടുകൾ വച്ചു കൊടുക്കുന്നുണ്ടെന്നും അതിൽ ആദ്യ വീട് എനിക്കാണെന്നും പറഞ്ഞു. 2017 ചിങ്ങം ഒന്നിനു കല്ലിട്ടു. വീടു പണി കഴിഞ്ഞു. ഇങ്ങോട്ടു താമസവും മാറ്റി. അമ്മ ഇപ്പോഴും എന്നെ വളർത്താൻ കഷ്ടപ്പെടുന്നു. വർഷത്തിൽ ഒരു മാസം ഉഴിച്ചിലിനായി കിടക്കണം. അമ്മ ചെറിയ ജോലിയൊക്കെ എടുക്കും. ഇടയ്ക്ക് അമ്മയ്ക്ക് ശ്വാസം മു‍‌‍ട്ടൽ വന്നു. അതോടെ പുറത്തു പോയി ജോലി ചെയ്യാന്‍ പറ്റാതായി. പരിശോധനകൾക്കൊടുവില‍്‍ കരളിൽ മുഴയാണെന്നു ഡോക്ടർമാർ പറഞ്ഞു.

ഒരു ദിവസം രാത്രി അമ്മയ്ക്ക് ശ്വാസം മുട്ടൽ കൂടി. കുറച്ചു ചൂടുവെള്ളം കൊടുക്കണം. എനിക്ക് ഒറ്റയ്ക്ക് എഴുന്നേറ്റു നിൽക്കാനാകില്ലല്ലോ... നിരങ്ങി ഞാൻ അടുപ്പിനരികിലെത്തി. ഒരു കുഞ്ഞു സ്റ്റൂൾ വലിച്ചിട്ട് അതിനു മുകളിൽ നിന്നു. വെള്ളം തിളച്ചപ്പോൾ അടുപ്പിൽ നിന്ന് പാത്രം എടുത്തതാണ്, മറിഞ്ഞ് എന്റെ ദേഹത്തേക്കു വീണു. കഴുത്തിനു താഴെ ഒരു വശം മുഴുവനും പൊള്ളിപ്പോയി. ഒരു മാസത്തോളം ആലപ്പുഴ മെഡിക്കൽ കോളജിൽ കിടന്നു.

എനിക്ക് പുറത്തു പോയി ജോലി ചെയ്യണമെന്നൊക്കെ ആ ഗ്രഹമുണ്ട്. ഇനിയും പഠിക്കണമെന്നുണ്ട്. പക്ഷേ, എന്തു ചെയ്യാനാകും. നല്ല ഉടുപ്പിട്ട് പുറത്തു പോകാൻ പോലും പറ്റുന്നില്ല. ഇതൊക്കെ ആലോചിക്കുമ്പോള്‍ സങ്കടം തോന്നിയിട്ടില്ല. പക്ഷേ, എനിക്ക് ദേഷ്യം തോന്നിയിട്ടുണ്ട്....’’ കീർത്തി ഇന്ദിരയുടെ കൈയ്ക്കുള്ളിലേക്ക് ചേർന്നിരുന്നു. പിന്നെ, പറഞ്ഞു,

‘‘സ്കൂളിൽ പഠിക്കുമ്പോൾ ഈ അച്ഛന്റെയും അമ്മയുടെയും മോളാണെന്നാണ് കരുതിയത്. ഒരു ദിവസം ഒരു കുട്ടി പറഞ്ഞു, നിന്നെ നൂറു രൂപ കൊടുത്തു വാങ്ങിയതാ... എനിക്കു ദേഷ്യം വന്നു കുറേ ചീത്ത വിളിച്ചു അവനെ.

പിന്നെ, പിന്നെ എനിക്കു സംശയമായി. ഒടുവിൽ അമ്മയോടു ചോദിച്ചു, എന്നെ പൈസകൊടുത്തു വാങ്ങിയതാണോ?

 അമ്മ കെട്ടിപ്പിടിച്ചു പറഞ്ഞു, ‘‘നീ എന്റെ മോളാണ്, മോളാകാൻ പ്രസവിക്കണം എന്നൊന്നും ഇല്ല. ശരിയല്ലേ അമ്മ പറഞ്ഞത്... ’’

അതു കേട്ട് ഇന്ദിര കീർത്തിയെ ചേർത്തു പിടിച്ചു... നെറ്റിയിൽ പിന്നെയും പിന്നെയും ഉമ്മപ്പൊട്ടു തൊട്ടു. കുഞ്ഞിനെ കണ്ട് കൊതി തീരാത്ത എല്ലാ അമ്മമാരെയും പോലെ തലോടിക്കൊണ്ടേയിരുന്നു....

Tags:
  • Spotlight
  • Vanitha Exclusive