Wednesday 25 November 2020 12:11 PM IST

കറുപ്പിനെ ആഘോഷമാക്കുന്ന ‘ബ്ലാക് ഇങ്ക് ബ്ലോട്ട്സ്’ പേജ് ; സ്വന്തം നിറത്തിൽ അഭിമാനിക്കുന്നവര്‍ അവരുടെ തീച്ചൂടുള്ള ജീവിതത്തെ കുറിച്ച് പറയുന്നു

Shyama

Sub Editor

Black-dots-img

പെട്ടന്ന് മനസ്സിലേക്ക് വരുന്ന പരസ്യങ്ങൾ ഓർത്തു നോക്കൂ, ഹോഡിങ്ങുകൾ ഓർക്കൂ, സിനിമാ നടീനടന്മാരെ ഓർത്തു നോക്കൂ... അതിൽ കറുത്ത നിറമുള്ള എത്രപേരുണ്ട്? പെട്ടന്നോർത്തതിൽ ഒരാൾ പോലും ഇല്ലെന്നും വരാം...! ഇനി ചുറ്റും നോക്കൂ... ഉണ്ട് ഇരുണ്ട നിറമുള്ളവർ തന്നയാണ് നമുക്ക് ചുറ്റും കൂടുതലും അല്ലേ? എന്നിട്ടും നമ്മുടെ പരസ്യങ്ങളിലും ഹോർഡിങ്ങുകളിലും സിനിമയിലും ഒക്കെ ഇരുണ്ട നിറക്കാരുടെ എണ്ണം കുറഞ്ഞു പോകാൻ എന്താകും കാരണം??

ഇത്തരത്തിലുള്ള പല ചിന്തകളും മനസ്സിൽ ഉദിച്ചപ്പോൾ അതിനുള്ള ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അവർ മൂന്ന് പേരും– ഡോ. റെജി ദേവ്, ലക്ഷ്മി മരിക്കാർ, അരവിന്ദ് ദിവാകരൻ എന്നിവരാണവർ. വയനാട്ടിൽ ഡോക്ടറാണ് റെജി. ലക്ഷ്മി സിനിമ–പരസ്യ സംവിധായികയാണ്. കളരിപ്പയറ്റ് ട്രെയ്നറും എം.എ.മലയാളം വിദ്യാർഥിയുമാണ് അരവിന്ദ്. സൂര്യ ജി. ആണ് പെയ്ജിനു വേണ്ടി കഥകൾ ട്രാൻസിലേറ്റ് ചെയ്യുന്നതും മറ്റും. ‘‘ആദ്യം ഞങ്ങൾ ഇരുണ്ട നിറക്കാരെ വച്ചുള്ള ഫോട്ടോഷൂട്ട് ആണ് പ്ലാൻ ചെയ്തത്. ഇന്റർനാഷ്ണൽ ബ്രാൻഡുകളിലല്ലാതെ നമ്മുടെ നാട്ടിൽ കറുത്ത നിറമുള്ളൊരു മോഡലിനെ കാണുന്നത് തന്നെ വിരളമല്ലേ... അതിനൊക്കെ ഒരു മാറ്റം വരണം എന്നായിരുന്നു ചിന്ത. പക്ഷേ, കുറേ ശ്രമങ്ങൾ നടത്തിയെങ്കിലും ഫോട്ടോഷൂട്ടിനുള്ള തുകയൊന്നും ഞങ്ങൾക്ക് കണ്ടെത്താനായില്ല. ആ പദ്ധതി മുടങ്ങിയെങ്കിലും അതിനു പിന്നിലെ ലക്ഷ്യം അതേപടി നിന്നു. ആ തീ കെടാതായപ്പോൾ ഒരു പരീക്ഷണമെന്നൊണം തുടങ്ങിയതാണ് ‘ബ്ലാക് ഇങ്ക് ബ്ലോട്ട്സ്’ എന്ന പെയ്ജ്. 2020 ജൂലൈയിലാണ് തുടങ്ങുന്നത്. കറുത്ത നിറമുള്ള ആളുകളുടെ കഴിവുകളും കഥകളും അവരുടെ ചിത്രങ്ങളുമടങ്ങുന്നൊരു പെയ്ജ് എന്ന നിലയ്ക്കാണ് ഇത് തുടങ്ങിയത്. ഇനി ആർക്കെങ്കിലും ഇരുണ്ട നിറക്കാരായ മോഡൽസിനെയും മറ്റും വേണമെങ്കിൽ തന്നെ ഈ പെയ്ജ് ഒരു റെഫറൻസായി ഉപയോഗിക്കാൻ പറ്റണം എന്നാണ് ആദ്യം ഓർത്തത്.

പക്ഷേ, ഞങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് റെസ്പോൺസുകൾ വന്നത്. ഓരോ കഥകൾ വരും തോറും ബാക്കിയുള്ളവർ അത്രയും നാൾ പറയാൻ മടിച്ചതും മൂടിവെയ്ക്കേണ്ടി വന്നതും കേൾവിക്കാരില്ലാതായതുമായ കഥകൾ ആത്മവിശ്വാസത്തോടെ പറയാൻ തുടങ്ങി. നിറത്തെ ഉത്സവമാക്കാൻ തുടങ്ങി. ഈ പെയ്ജിലെ കഥകൾ കണ്ണീർ കഥകളല്ല. കാലാകാലങ്ങളായി സമൂഹത്തോടും തന്നോട് തന്നെയും ഉശിരോടെ പടവെട്ടുന്നവരുടെ ഇടമാണ് ഇവിടം. ഞങ്ങൾ ചിന്തിച്ചതിനും മുകളിലായി പെയ്ജ് സംസാരിക്കാൻ തുടങ്ങി. തങ്ങൾക്കു നേരിടേണ്ടി വന്ന മാനസികവും ശാരീരികവും സാമൂഹികപരവുമായ ചൂഷണങ്ങളെ അതിജീവിച്ചവരാണ് പലരും. ആ കരുത്ത് മറ്റുള്ളവരിലേക്കു കൂടി ആവേശത്തോടെ പകർന്നു കൊടുക്കുന്ന കൂട്ടരുണ്ടിവിടെ...

story1

കറുപ്പ് നിറമുള്ളവരെ സിനിമയിലേക്കും മറ്റും എടുത്ത് അവരെ ചിത്രീകരിക്കുന്ന രീതി ശ്രദ്ധിച്ചാൽ അതിലൊരു അപാകത കാണാം. മിക്കവരേയും നെഗറ്റീവായാണ് അവതരിപ്പിക്കുന്നത്... കള്ളനോ കള്ളിയോ വില്ലനോ ഒക്കെ മാത്രമായി പോകുന്നു അവർ. നിലവിലെ ഹീറോസ് ചെയ്യുന്ന തരത്തിലുള്ള റോളുകളിൽ ഇരുണ്ടനിറക്കാരും കൂടുതലായി വരേണ്ടതുണ്ട്.’’– അരവിന്ദ് പറയുന്നു.

‘‘ഞാനും അരവിന്ദും ദളിത് കമ്മ്യൂണിറ്റിയിൽ നിന്നുള്ളവരാണ്. പെയ്ജ് കൂടുതലും സംസാരിക്കുന്നതും പിന്നോക്ക വിഭാഗത്തെ കുറിച്ചാണ്. അല്ലാത്തവരേയും ഉൾപ്പെടുത്താറുണ്ട്. ഞായറാഴ്ച്ചകളിൽ സമൂഹത്തിന്റെ പ്രധാന മേഖലകളിലുള്ള കറുത്ത മനുഷ്യരെ കുറിച്ച് ഞങ്ങൾ എഴുതാറുണ്ട്.’’ റെജി പെയ്ജിനെ കുറിച്ച് കൂടുതൽ വിവരിക്കുന്നു. ‘‘പിന്നോക്ക വിഭാഗത്തിലുള്ള കറുത്ത നിറമുള്ളവരും അതല്ലാത്ത കറുത്ത നിറമുള്ളവരും കടന്നു പോകുന്ന പ്രശ്നങ്ങളിൽ പോലും വ്യത്യാസമുണ്ടെന്നതു തന്നെയാണ് കാരണം. അനീതികൾക്കെതിരെ യുദ്ധം ചെയ്യാൻ അക്രമം, ശരീരബലം എന്നിവ തിരഞ്ഞെടുക്കുന്നതിനു പകരം ഞങ്ങൾ ആർട്ട് ആണ് തിരഞ്ഞെടുക്കുന്നത്. അതിലൂടെ എന്ത് മാറ്റം വരും എന്നു ചോദിക്കുന്നവർക്കുള്ള മറുപടിയാണ് പെയ്ജിന്റെ വിജയം, പെയ്ജ് ഇത്ര ചർച്ച ചെയ്യപ്പെടുന്നതും.

ആദ്യം ഞങ്ങൾ തന്നെ പോയി ഫോട്ടോസ് എടുത്ത് ഇടണമെന്നാണ് കരുതിയിരുന്നത്. പക്ഷേ, നിലവിൽ അവർ തരുന്ന ഫോട്ടോസ് തന്നെയാണ് ഇടുന്നത്. ഒപ്പം അവര്‍ക്ക് പറയാനുള്ള കാര്യങ്ങളും പറയുന്നു. ഇൻസ്റ്റഗ്രാമും ഫെയ്സ്ബുക്ക് പെയ്ജുമുണ്ട്. എന്നാലും ഇൻസ്റ്റയിലാണ് കൂടുതൽ റെസ്പോൺസ്. യുവതലമുറ കൂടുതലും ഇൻസ്റ്റയിലാണ്. അവരിലൊക്കെ ഇത് വളരെയധികം സ്വാധീനമുണ്ടാക്കുന്നുണ്ട്. ആളുകളുകളെ വേർതിരിച്ച് നിർത്തുന്നതിനു പകരം ഒരുമിച്ച് നിർത്താൻ ഇഷ്ടപ്പെടുന്നവരാണ് യുവതലമുറ എന്നാണ് തോന്നുന്നത്. ഇംഗ്ലീഷിൽ പോസ്റ്റ് ഇടുന്നതിനു കാരണം ഇതൊക്കെ എല്ലാവരിലേക്കും എത്തണം എന്ന ലക്ഷ്യത്തിൽ തന്നെയാണ്. ഈയടുത്ത് ഒരു പ്രമുഖ മാധ്യമം ഇറക്കിയ ടോപ്പ് 10 ഡിസയറബിൾ മെൻ എന്ന ലിസ്റ്റിൽ ഒരു കറുത്ത ആൾ പോലുമുണ്ടായിരുന്നില്ല. അതിനു ബദലായി ഞങ്ങൾ ഒരു ടോപ്പ് 10 ലിസ്റ്റ് ഇട്ടിരുന്നു അതിന് വയറൽ റസ്പോൺസാണ് കിട്ടിയത്.

ഇന്ന തരത്തിൽ മാത്രമേ കറുത്തയാളുകൾ വസ്ത്രം ധരിക്കാവൂ, ഈ നിറം മാത്രമേ ധരിക്കാവൂ ഇന്ന ജോലിയെ ചെയ്യാവൂ ഇന്ന് പോലെ മാത്രമേ സംസാരിക്കാവൂ എന്നൊക്കെ പറയുന്നതിനൊക്കെയുള്ളൊരു തിരുത്തെഴുത്താണ് വരേണ്ടത്. മാറ്റത്തിലേക്ക് നടക്കാനുള്ള ഞങ്ങളുടെ ആത്മാർഥ ശ്രമമാണ് ബ്ലാക്ക് ഇങ്ക് ബ്ലോട്ട്സ്.’’

Tags:
  • Spotlight