Monday 08 April 2019 05:13 PM IST

ആ ചോദ്യം എന്നെ ഉലച്ചു, ‘അച്ഛൻ ഇപ്പോൾ തറയിൽ കിടക്കുകയല്ലേ!’; പിന്നെ കണ്ണുനീർ മറച്ചുവയ്ക്കാൻ ഞാനും ശ്രമിച്ചില്ല!

Tency Jacob

Sub Editor

thakkija-2
ഫോട്ടോ: അരുൺ പയ്യടിമീത്തൽ

‘‘അദ്ദേഹം നീണ്ട അഴികൾക്കപ്പുറത്താണ് നിൽക്കുന്നത്. എന്നോടെന്തോ പറയുന്നുണ്ട്. ഞാനത് കേൾക്കാൻ ശ്രമിക്കുകയാണ്. പെട്ടെന്നാണ് ബോധത്തിലേക്കുണർന്നത്. അതൊരു സ്വപ്നമാണെന്ന് തിരിച്ചറിഞ്ഞിട്ടും, ആ നിമിഷത്തിലും ഹൃദയമിടിപ്പ് അനാവശ്യ താളത്തിലും വേഗത്തിലുമായിരുന്നു. ഓർമ തെറ്റിപ്പോയ നിമിഷം ബസിൽനിന്നു ചാടിയിറങ്ങി. പകച്ച് ചുറ്റും നോക്കിയപ്പോൾ മനസ്സിലായി കോഴിക്കോട് സബ് ജയിലിനു മുൻപിലാണ്. ഞെട്ടലോടെയാണ് ഓർത്തെടുത്തത്, സ്വപ്നത്തിൽ അദ്ദേഹവും ജയിലിലായിരുന്നല്ലോ!

ആ ഉച്ചസമയത്ത് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്നു ഞാൻ. സ്വപ്നത്തിൽ കണ്ട ആളുമായി ഉറപ്പിച്ച വിവാഹം മുടങ്ങിയിരുന്നു. അതുമായി ബന്ധപ്പെട്ട നാട്ടുകാരുടെ ഒ റ്റപ്പെടുത്തലും വീട്ടുകാരുടെ കുറ്റപ്പെടുത്തലും ഏകാകിനിയാക്കിയിരുന്ന കാലമായിരുന്നു അത്. പിന്നീട് വർഷങ്ങൾക്കു ശേഷം അന്നത്തെ സ്വപ്നത്തിലുണ്ടായിരുന്ന ആളുതന്നെയാണ് കൈപിടിച്ച് ഏഴുതവണ അഗ്നിനാളങ്ങൾക്കു ചുറ്റും വലത്തു ചുറ്റി ജീവിതത്തിലേക്ക് കൂട്ടിയത്. പക്ഷേ, അന്നത്തെ ആ സ്വപ്നം വെറുതെ മറന്നു കളയാനുള്ളതല്ലെന്ന് വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് മനസ്സിലായത്.’’

നിയമങ്ങൾ ഏറെ കർശനമായ മാല ദ്വീപിലേക്ക് ഭാര്യയെയും രണ്ടു മക്കളേയും വിട്ടുപോകാൻ ജയചന്ദ്രൻ മൊകേരി എന്ന പാരലൽ കോളജ് അധ്യാപകൻ തീരുമാനമെടുത്തതിനു പിന്നിൽ ജീവിത പ്രാരബ്ധങ്ങൾ തന്നെയാണ്. എട്ടു വർഷമായി ദ്വീപിൽ അധ്യാപകനാണ്. വികൃതി കാണിച്ചു ക്ലാസ്സിൽ ഓടിനടന്ന വിദ്യാർഥിയെ തോളിൽ പിടിച്ചിരുത്തി എന്നൊരു നിസാര പ്രവൃത്തി, ഒടുവിൽ, ജയചന്ദ്രനെ ദ്വീപിലെ ജയിലിലെ ഇരുമ്പഴികൾക്കുള്ളിലെത്തിച്ചു. അവിടെനിന്ന് ഭർത്താവിനെ മോചിപ്പിക്കാനായി ജ്യോതി എന്ന സാധാരണ സ്ത്രീക്കു സഞ്ചരിക്കേണ്ടി വന്നത് കനലെരിഞ്ഞ വഴികളിലൂടെയാണ്.    

കടൽക്കാറ്റു പറഞ്ഞത്

‘‘മാർച്ച് മാസമാണ്, മകൻ പത്താം ക്ലാസ്സിലാണ്. മകൾ എട്ടാം ക്ലാസ്സിലും. ടീച്ചറായതുകൊണ്ട് സ്കൂളിലും തിരക്കുതന്നെ. എല്ലാ ദിവസവും സാർ മാല ദ്വീപിൽ നിന്ന് വിളിക്കാറുണ്ടാ യിരുന്നതാണ്. അന്നു വിളി കാണാത്തതുകൊണ്ട് ഞാൻ അങ്ങോട്ടു വിളിച്ചു. പത്തുപതിനഞ്ച് കോൾ കഴിഞ്ഞപ്പോൾ തിരിച്ചു വിളിച്ചു. ‘ഞാൻ ഒരു യാത്രയിലാണ്. രണ്ടു ദിവസമെടുക്കും. തിരിച്ചു വിളിക്കാം.’ എന്നു പറഞ്ഞു.

ഒഴിവു കിട്ടുമ്പോൾ താമസിക്കുന്നിടത്തു നിന്ന് കൂട്ടുകാർ താമസിക്കുന്ന ദ്വീപിലേക്ക് പോകാറുണ്ട്. രണ്ടു ദിവസം കഴിഞ്ഞിട്ടും വിളി കിട്ടാതായപ്പോൾ വീണ്ടും വിളിച്ചു. പത്തിരുപത് കോളുകൾ കഴിഞ്ഞിട്ടും എടുക്കാതായപ്പോൾ എന്തോ ആ പത്ശങ്ക തോന്നി. ഒടുവിൽ ആ നമ്പറിൽ നിന്ന് പൊലീസിന്റെ കോൾ വന്നു. ‘ഇനി ഈ ഫോണിലേക്ക് വിളിക്കരുത്. ഇത് പൊലീസിന്റെ കസ്റ്റഡിയിലാണ്. ജയചന്ദ്രൻ അറസ്റ്റിലാണ്.’ അതിനുശേഷം അയാൾ സാറിന്റെ കയ്യിൽ ഫോൺ കൊടുത്തു. ‘ജ്യോതി ഞാനൊരു യാത്രയിലാണ്.’ കടൽക്കാറ്റിന്റെ ഇരമ്പം അതുറപ്പിക്കുന്നുണ്ടായിരുന്നു.

എന്റെ ഫോണിലേക്ക് എപ്പോഴോ വന്ന മെസേജിൽ നിന്ന് സാറിന്റെ റൂം മേറ്റായ, മഞ്ചേരിയിലുള്ള പ്രകാശിന്റെ നമ്പറുണ്ടായിരുന്നു. പ്രകാശാണ് കൂടുതൽ കാര്യങ്ങൾ പറയുന്നത്. അഞ്ചാം ക്ലാസ്സിലെ ഷാവിൻ മുഹമ്മദ് എന്ന കുട്ടിയുടെ ശരീരത്തിൽ തൊട്ടു എന്നതാണ് കേസ്. കുട്ടി പറഞ്ഞ പരാതിയിന്മേൽ  മാതാപിതാക്കൾ അധ്യാപകനെ കാണാൻ വന്നു. സാറിനോട് ദേഷ്യമുള്ള സത്താർ എന്ന പ്രധാനധ്യാപകൻ വെള്ള കടലാസിൽ ഒപ്പു വാങ്ങി പിന്നീട് പരാതി എഴുതിചേർത്ത് ജെൻഡർ മിനിസ്ട്രിക്കയച്ചു. വളരെ കൂളായിതന്നെ സാറിനോട് അങ്ങനെയൊരു കാര്യം നടന്നിട്ടുണ്ടെന്ന് സത്താർ സൂചിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ, ഇത്ര ഗുരുതരമാണ് കാര്യങ്ങളെന്ന് സാർ ഒരിക്കലും കരുതിയില്ല.

ഒരു മേശക്കിരുപുറമിരുന്ന് ഒത്തുതീർപ്പാകേണ്ട പ്രശ്നം  അതിരുകൾക്ക് അപ്പുറത്തേക്ക് വളര്‍ന്നു. വിധിയുടെ കളി എന്നു പറയുമ്പോലെ പ്രകാശിന് ആ സമയത്ത് നടുവേദനയായി ഹോസ്പിറ്റലിലായിരുന്നു. വിളിക്കുമ്പോഴെല്ലാം പ്രകാശ് എന്നോട് ക്ഷമ ചോദിച്ചു കൊണ്ടിരുന്നു. ‘ഞാനിവിടെയുണ്ടായിരുന്നെങ്കിൽ എങ്ങനെയെങ്കിലും കാര്യങ്ങൾ മണത്തറിഞ്ഞ് സാറിനെ രക്ഷിച്ചെടുക്കുമായിരുന്നു.’ എന്തു പറയാനാണ്? ആദ്യം തോന്നിയത് ഒരു മരവിപ്പാണ്. ഇനി എന്തു ചെയ്യണമെന്ന് മറന്നു പോയതുപോലെ.

അധ്യാപനത്തിന്റെ ഇടവേളകളിൽ സാറ് ഓൺലൈനിൽ കുറിപ്പുകളെഴുതിയിരുന്നു. തനിക്കു ചുറ്റുമുള്ള സംഭവങ്ങളും കാഴ്ചകളുമായിരുന്നു അതിലെ പ്രമേയം. ദ്വീപിന്റെ ഏകാന്തതയിൽ സമയം പോക്കാനായി കണ്ടെത്തിയ മാർഗം തന്നെ ഒടുവിൽ കുരുക്കായി. ആ രാജ്യത്തിനെതിരായാണ് എഴുതുന്നതെന്ന് ആരോ തെറ്റിദ്ധരിപ്പിച്ചു. സാറിനെ ജയിലിൽ പൂട്ടണമെന്ന് തീരുമാനിക്കാനുള്ള യഥാർഥ കാരണം അതായിരുന്നു. പിന്നീട് പരാതിപ്പെട്ട കുട്ടിയുടെ അച്ഛൻ വന്ന് ‘ ഞങ്ങൾ പരാതി പിൻവലിച്ചിരുന്നു, ഞങ്ങളോട് ദേഷ്യം തോന്നരുത്’ എന്നു സങ്കടപ്പെട്ടത് അതിനു തെളിവായി.

യാത്രകളിലെ കനലുകൾ

വിശദമായി ചോദിച്ചറിഞ്ഞ് തീരുമാനമെടുക്കാൻ പറ്റിയ സമയമല്ലായിരുന്നു. സാറിനെ പുറത്തിറക്കാൻ വേണ്ടത് എത്രയും വേഗം ചെയ്യണം എന്നു മാത്രമായിരുന്നു ആ സമയത്തെ ചിന്ത. ഇതിനിടയിൽ മക്കളെയും സാറിന്റെ വീട്ടുകാരെയും വിവരമറിയിച്ചു. തിരുവനന്തപുരത്തുള്ള മാല എംബസിയുമായി ബന്ധപ്പെട്ടു. അവർക്ക് വേറൊന്നും ചെയ്യാനാകില്ല, ഓൺലൈനായി ഒരു പരാതി നൽകാൻ പറഞ്ഞതനുസരിച്ച് അതാണ് ആദ്യം ചെയ്യുന്നത്. അവരുടെ നിർദേശമനുസരിച്ച്  നോർക്കയിൽ  ചെല്ലുമ്പോഴാണ് നടുക്കുന്ന ആ സത്യമറിയുന്നത്. ക്ലാസിലെ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ആ നിമിഷത്തിൽ അത്തരമൊരു തെറ്റ് സാറ് ചെയ്യില്ലെന്നു മാത്ര മാണ് ഉറപ്പുണ്ടായിരുന്നത്. ‘എല്ലാവരും തെറ്റ് ചെയ്തിട്ടില്ലെന്നേ പറയുള്ളൂ. പിന്നീട് നമ്മൾ അന്വേഷിച്ചു പോകുമ്പോഴാണ് കുറ്റവാളിയാണ് എന്നറിയുക. അതുകൊണ്ട് ഞങ്ങളിത്തരം കേസുകൾ സ്വീകരിക്കാറില്ല.’ സഹായം ചോദിച്ച ഉദ്യോഗസ്ഥരുടെയെല്ലാം ആദ്യ മറുപടി ഇതായിരുന്നു. വിളറിയ മുഖവും തളർന്ന മനസ്സുമായാണ് അവിടെ നിന്നെല്ലാം പോന്നിരുന്നത്.

കിട്ടുന്ന മറുപടികളിൽ നിന്നെല്ലാം മൂപ്പരെ തിരിച്ചു കിട്ടില്ല എന്നായിരുന്നു ഉണ്ടായിരുന്നത്. ഇനിയുള്ള കാലം ജയിലിലായിരിക്കും. ഏറെ പരിശ്രമത്തിനുശേഷം മാല ഹൈക്കമ്മിഷണറായിരുന്ന നാരായൺ ഝായെ നേരിട്ടു വിളിച്ചപ്പോൾ ഇരുപത്തിയഞ്ചു വർഷം തടവുശിക്ഷ കിട്ടുന്ന കേസാണെന്നായിരുന്നു മറുപടി. പക്ഷേ, എനിക്ക് അദ്ദേഹത്തെ വേണമായിരുന്നു. എന്നോടുതന്നെ ഞാനത് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു.

നിവേദനം കൊടുക്കാനായി ഉമ്മൻ ചാണ്ടി സാറിനെ കാണാന്‍ നിൽക്കുകയാണ്. തൊട്ടു മുൻപ് പുറത്തിറങ്ങി വന്ന സ്ത്രീയോട് എനിക്കെന്തോ വിവരങ്ങളന്വേഷിക്കാൻ തോ ന്നി. സാറിന്റെ കൂടെ മാല ദ്വീപിൽ ജയിലിൽ ഉള്ള രാജേഷിന്റെ ഭാര്യയായിരുന്നു അത്. അവർ കുറേ കാര്യങ്ങൾ പറഞ്ഞുതന്നു. ഫയൽ നോക്കി എങ്ങനെയെല്ലാം കത്ത് ഡ്രാഫ്റ്റ് ചെയ്യണമെന്ന് മനസ്സിലാക്കി. അന്നത് വലിയൊരു ആശ്വാസമായിരുന്നു, പ്രതീക്ഷയും.

മന്ത്രിമാരെയൊക്കെ കാണുന്നുണ്ടെങ്കിലും  പലരും  ഈ കേസിന്റെ സ്വഭാവം കേൾക്കുമ്പോൾ കൈയൊഴിയും. അവരുടെ വാക്കുകളെ എതിർക്കാൻ നോക്കുമെങ്കിലും ഫലമുണ്ടായി     ല്ല. മകന് പത്താം ക്ലാസ്സ് പരീക്ഷയുടെ സമയമായിരുന്നു. അവന്റെ അച്ഛൻ ഒരു ക്രിമിനൽ ആയി അറിയപ്പെടുമോയെന്നുള്ളത് അവനെ വല്ലാതെ ഭയപ്പെടുത്തി. അതുകൊണ്ടുതന്നെ മാധ്യമങ്ങളിൽ വാർത്ത കൊടുത്തു കൊണ്ടുള്ള നീക്കം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.  

സാറിന്റെ അനന്തിരവൻ എ. കെ ശ്രീജിത്ത് മാധ്യമപ്രവർത്തകനായിരുന്നു. കാര്യങ്ങളറിഞ്ഞ് സാറിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ശ്രീജിത്ത് തുടങ്ങിയിട്ടുണ്ടായിരുന്നു. പിന്നീട് ഒരു അനിയനെപ്പോലെ ശ്രീജിത്ത് ഞങ്ങളുടെ കുടുംബത്തിനൊപ്പം നിന്നു. ഞാൻ ജോലി ചെയ്തിരുന്ന സ്കൂളിലെ ആരോടും കാര്യങ്ങൾ പങ്കുവച്ചിരുന്നില്ല. സ്വതവേ ഉൾവലിഞ്ഞ പ്രകൃതക്കാരിയായിരുന്ന ഞാൻ ഒന്നുകൂടി ഉള്ളിലേക്കൊളിച്ചിരുന്നു.

നീണ്ട എട്ടു മാസങ്ങൾക്കിടയിൽ ഞാനും മോനും എല്ലാ വെള്ളിയാഴ്ച വൈകുന്നേരങ്ങളിലും വീട്ടിൽനിന്നു പോകും. സഹായത്തിനായുള്ള ഓരോ വാതിലുകളിൽ മുട്ടി തിങ്കളാഴ്ച കാലത്ത് കയറി വന്ന് സ്കൂളിലേക്കു പോകുന്നതൊരു പതിവായി. കോഴിക്കോടുള്ള ജാക്സൺ, ഡൽഹിയിലുള്ള ജോ അലക്സ് എന്നിവരാണ് അന്നെന്നെ ഏറ്റവും കൂടുതൽ സഹായിച്ചിരുന്നത്. ഓരോ ദിവസവും ക്ലാസ് കഴിഞ്ഞു വന്ന് ഫോണിൽ മണിക്കൂറുകളോളം ചർച്ച ചെയ്താണ് കത്തുകൾ ഡ്രാഫ്റ്റ് ചെയ്യുന്നതും ഓരോരുത്തർക്ക് കൊടുക്കുന്നതുമെല്ലാം.

thakkija-1

നിർഭാഗ്യത്തിലെ ഭാഗ്യം

ദൈവത്തിന്റെ ഇടപെടൽ പോലെയായിരുന്നു അത്. സാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പുകൾ സ്ഥിരമായി വായിക്കുന്ന സുഹൃത്തായിരുന്നു പുണെയിലുണ്ടായിരുന്ന മിനി. കുറേ നാളുകളായി പുതിയ പോസ്റ്റുകൾ കാണാത്തതുകൊണ്ട് അവർ സുഹൃത്തുക്കളോടന്വേഷിച്ചു. കാര്യങ്ങളറിഞ്ഞതും അവർ നാട്ടിലെത്തി. മാധ്യമങ്ങളിലൂടെ ശ്രമിക്കേണ്ടതിന്റെ ഗൗരവം ബോധ്യപ്പെടുത്തി. പക്ഷേ, ഞങ്ങളപ്പോഴും ഭയത്തിലായിരുന്നു. മക ന്റെ എതിർപ്പു കണ്ടപ്പോൾ ഞാനും മടിച്ചു.

അമ്മയും അനിയനും ഞാനുമടങ്ങുന്ന കുടുംബത്തെ ഉപേക്ഷിച്ചുപോയ ആളാണ് എന്റെ അച്ഛൻ. ആ തിരസ്ക്കരണം എന്റെ അനുജനെ വല്ലാതെ മുറിവേൽപിച്ചിരുന്നു. അതുകൊണ്ടാകണം അവൻ ഞങ്ങളെ വിട്ട് എവിടേക്കെന്നറിയാതെ പുറപ്പെട്ടു പോയത്. അച്ഛൻ പോയതിലും എന്നെ വേദനിപ്പിച്ചത് അവന്റെ ഒളിച്ചോടലായിരുന്നു. എവിടെയൊക്കെ തിരഞ്ഞിട്ടും ഇന്നും അവനെ വീണ്ടുകിട്ടിയിട്ടില്ല. അനിയനെ പോലെ എന്റെ മകനും നഷ്ടപ്പെടുമോയെന്ന ഭയം എന്നെ വല്ലാതെ അധീരയാക്കി.

പുണെയിൽ നിന്നെത്തിയ മിനിയും സാറിന്റെ സുഹൃത്ത് മൊയ്തു വാണിമേലും ഞങ്ങളുടെ സമ്മതമില്ലാതെ തന്നെ സോഷ്യൽ മീഡിയയിലൂടെയും പത്ര ദൃശ്യമാധ്യമങ്ങളിലൂടെയും സാറിന്റെ വിഷയം പുറംലോകത്തെത്തിക്കുകയായിരുന്നു. ആശങ്കകളുണ്ടായിട്ടും അവരീ തീരുമാനം എടുത്തതിനു പിന്നിൽ ദൈവത്തിന്റെ ഇടപെടലുണ്ടെന്നു തന്നെയാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. ശ്രീജിത്തിന്റെയും എഴുത്തുകാ രി മൈന ഉമൈബാന്റേയും മിനിയുടേയും മൊയ്തു വാണിമേലിന്റെയും പ്രവർത്തനങ്ങൾ ഒരുമിച്ചപ്പോൾ കൂടുതൽ ആളുകൾ വിവരമറിഞ്ഞ് സഹായിക്കാൻ മുന്നോട്ടെത്തി.

കേസിൽ അടുത്ത വഴിത്തിരിവ് നൈജൽ കുമാറിനെ പരി ചയപ്പെട്ടതായിരുന്നു. മൈനയുടെ സുഹൃത്തായിരുന്നു ഡൽഹിയിലെ വക്കീൽ നൈജൽ കുമാർ. ശ്രീശാന്തിന്റെ കേസൊക്കെ കൈകാര്യം ചെയ്തിരുന്നത് നൈജലാണ്. എന്നെ പോലൊരാൾക്ക് വലിയ ഫീസ് കൊടുത്ത് വക്കീലിനെ നിയമിക്കാൻ പറ്റില്ലെന്ന് മൈനക്ക് അറിയാമായിരുന്നു. സാറിന്റെ എ ഴുത്തുകൾ വായിച്ചിട്ടുള്ളതുകൊണ്ട്  ഒരു സേവനം എന്നുള്ള നിലക്കാണ് നൈജൽ അതേറ്റെടുത്തത്.

ഭർത്താവിനോടൊത്തല്ലാതെ കേരളത്തിനു പുറത്ത് തനിച്ചു യാത്ര ചെയ്യാനുള്ള ധൈര്യം ഒരിക്കലുമില്ലാതിരുന്ന ഭാര്യയായിരുന്നു ഞാൻ. പ്രതിസന്ധികളാണ് നമ്മെ കരുത്തരാക്കുന്നതെന്നുള്ളത് എത്ര ശരിയാണ്. രാത്രികളിൽ പോലും തനിച്ചു യാത്ര ചെയ്യാനും തീരുമാനങ്ങളെടുക്കാനും ആരോടും മടിയില്ലാതെ സംസാരിക്കാനും ഞാൻ കരുത്തയായി. പൂജകളിലും മന്ത്രങ്ങളിലും വിശ്വസിക്കാതിരുന്ന ഞാൻ അവിടെയും ചെന്നു. ‘വരും’ എന്നായിരുന്നു അവരും പറഞ്ഞത്. അതിൽ ഞാനുറച്ചു വിശ്വസിച്ചു.

ഇനി കേരളത്തിൽ നിന്ന് ഒന്നും ചെയ്തിട്ടു കാര്യമില്ല എന്നു വന്നപ്പോഴാണ് സാറിന്റെ സുഹൃത്തായ ജോ മാത്യു ഡൽഹിയിലേക്കു ചെല്ലാൻ പറയുന്നത്. ‍കേരള ഹൗസിൽ വച്ച് ക  വി സച്ചിദാനന്ദൻ, ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൻ ആയിരുന്ന സിറിയക് ജോസഫ് സാർ എന്നിവരുടെ നേതൃത്വത്തിൽ പ്രസ് കോൺഫറൻസ് നടത്തി. ‍യുഎൻ മനുഷ്യാവകാശ കമ്മിഷനിൽ പരാതി കൊടുക്കാനാണ് ഇനിയത്തെ നീക്കം എന്നു പറഞ്ഞപ്പോൾ സിറിയക് ജോസഫ് സാർ എതിർത്തു. ‘കേസ് എടുക്കണമെങ്കിൽത്തന്നെ 12 കൊല്ലമെടുക്കും. തീർപ്പാകാൻ പിന്നെയും വർഷങ്ങൾ. നിങ്ങൾക്കു ഭർത്താവിനെ പിന്നീട് കാണാൻ പോലും പറ്റില്ല.’ ഈ എതിർപ്പിൽനിന്നാണ് ഞങ്ങൾ ആ നീക്കം ഉപേക്ഷിക്കുന്നത്. അ തൊരു നിമിത്തമായിരുന്നു.

ദൈവമുണ്ടായിരിക്കണം

പാർലമെന്ററി സമ്മേളനം നടക്കുന്ന സമയമായിരുന്നു അത്. അവിടെവച്ച് കേരളത്തിൽനിന്നുള്ള പ്രതിനിധികളെ ഒരുമിച്ചു കാണാൻ അവസരമുണ്ടായി. എല്ലാവരും പിന്തുണ പ്രഖ്യാപിച്ചു. അന്ന് 3.50ന്റെ ചാർട്ടേഡ് ഹെലികോപ്റ്ററിൽ സുഷമ സ്വരാജ് കാശ്മീരിലേക്ക് പോകുകയാണ്, പിന്നീട് ഒരു മാസം കഴിഞ്ഞേ മടങ്ങുകയുള്ളൂ എന്ന് അറിവു കിട്ടുമ്പോഴേക്കും സമ   യം 2.45 ആയിട്ടുണ്ട്. കാണാനുള്ള അനുവാദം വാങ്ങാൻ ജോ മാത്യു ശ്രമിച്ചു കൊണ്ടിരിക്കുന്നു.

ഞാനവിടെ വരാന്തയിൽ ഒരു തൂണിനടുത്ത് ഓരോന്നാലോചിച്ച് നിൽക്കുകയാണ്. പെട്ടെന്ന് സുഷമ സ്വരാജ് കടന്നു വന്നു. എന്റെ ആകുല മുഖം കണ്ടാകണം അവർ കാര്യം തിരക്കി.  കാണാൻ നിൽക്കുകയാണെന്നറിഞ്ഞപ്പോൾ അവർ തിരികെ ഓഫിസിലേക്കു കയറിപ്പോയി, എന്നെ വിളിപ്പിച്ചു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവർ എന്നോടു ചോദിച്ചു ‘ ഇതിന്റെ യഥാർഥ കഥ എന്താണ്?’ എവിടെയോ ഒരവിശ്വാസത്തിന്റെ തരി വീണുകിടപ്പുണ്ട്. അപ്പോൾ നൈജൽ കാര്യങ്ങൾ വിശദീകരിച്ചു. എല്ലാം വ്യക്തമായി പഠിച്ചശേഷം അവർ മാല ഹൈക്കമ്മിഷണർ നാരായൺ ഝായെ വിളിച്ചു. സാറിനെ 25 വർഷത്തേക്ക് ശരീഅത്ത് കോടതിയിലൂടെ ശിക്ഷിക്കാനാണ് നീക്കമെന്ന് അപ്പോഴാണ് അറിയുന്നത്.

മാലയിൽ അറിയപ്പെടുന്ന ഒരു വ്യവസായി ഉമ്മൻചാണ്ടി സാറിന്റെ മീഡിയേറ്ററായി ചർച്ചക്കു പോയിട്ടുണ്ടെന്നുള്ള വിവരം കിട്ടി. ഉമ്മൻചാണ്ടി സാർ വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എവിടെയൊക്കെയോ പ്രതീക്ഷകൾ പൂത്തു തുടങ്ങി. ഒടുവിൽ ക്രിസ്മസ് രാത്രിയിലാണ് ആ വാർത്ത എന്നെ തേടിയെത്തുന്നത്. ‘സാറിനെ ജയിലിൽനിന്ന് മോചിപ്പിച്ചിരിക്കുന്നു.’

പുറം വെളിച്ചത്തിൽ കരുത്തയായി നിൽക്കുമ്പോഴും നല്ല മഴയുള്ള രാത്രിയിലെ മകളുടെ  ചോദ്യം എന്നെയും  ഉലച്ചു. ‘അച്ഛൻ ഇപ്പോൾ തറയിൽ കിടക്കുകയല്ലേ.’ കണ്ണുനീർ പൊട്ടുന്നതിനെ മറച്ചു വയ്ക്കാൻ ഞാനും ശ്രമിച്ചില്ല. ജയിലിൽ നിന്ന് പുറത്തു വരാനാകുന്നെങ്കിൽ ‘ ഇല്ലാതായിക്കോട്ടെ’ എന്നു വരെ പ്രാർഥിച്ചിട്ടുണ്ട്. മാസത്തിൽ ഒരിക്കൽ വിളിക്കാൻ അ നുവാദം ലഭിക്കുമ്പോൾ, ‘എനിക്ക് ഭ്രാന്തു പിടിക്കുമെന്ന് തോന്നുന്നു’ എന്നു സാർ നിസ്സഹായനായി വിളിച്ചു പറയുമ്പോൾ, പിന്നെ, മറ്റെന്താണ് പ്രാർഥിക്കേണ്ടതെന്ന് അന്ന് എനിക്കറിയില്ലായിരുന്നു.

തടവറയിലെ ഓർമകൾ

കോഴിക്കോട് വടകര താലൂക്കിൽ മൊകേരി സ്വദേശിയാണ് എഴുത്തുകാരനും അധ്യാപകനുമായ ജയചന്ദ്രൻ മൊകേരി. ജയചന്ദ്രൻ മാല ദ്വീപിലെ ജയിലിൽ കിടന്ന എട്ടു മാസത്തെ തീവ്ര അനുഭവങ്ങളാണ് ‘തക്കിജ്ജ – എന്റെ ജയിൽ ജീവിതം’ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. കേരള സാഹിത്യ അക്കാദമിയുടെ 2017 ലെ ആത്മകഥയ്ക്കുള്ള പുരസ്കാരം തക്കിജ്ജ നേടി.

തക്കിജ്ജ എന്നാൽ ‘പുറത്തേക്ക്’ എന്നാണർഥം. പല ദേശക്കാരായ ക്രിമിനലുകളോടൊപ്പം  ആവശ്യത്തിന് വെള്ളം പോലും ലഭിക്കാതെ ഒരു കുടുസ്സു മുറിയിൽ കഴിയേണ്ടി വന്നതിന്റെ അനുഭവങ്ങൾ വായനക്കാരനെ പൊള്ളുന്നൊരു അനുഭവത്തിലേക്ക് നയിക്കുന്നവയാണ്.