Wednesday 16 January 2019 07:16 PM IST : By സ്വന്തം ലേഖകൻ

ജനിച്ച് മൂന്നാം നാൾ തുടങ്ങിയ ദുരിതം; അപസ്മാരം തളർത്തിയ ശരീരവുമായി ജിയാദ്; കാണാതെ പോകരുത് ഈ വേദന

jiyad

‘ജനിച്ച് മൂന്നാം നാൾ തുടങ്ങിയതാണ് എന്റെ കുഞ്ഞിന്റെ കണ്ണീര്‍. അണുവളവ് മരുന്നു മുടക്കിയാൽ, ചികിത്സാ അൽപമൊന്ന് പിന്തിച്ചാൽ അവന്റെ നില ഇപ്പോൾ കാണുന്നതിലും വഷളാകും. അപസ്മാരം മുറുകി അവന്റെ കുഞ്ഞ് ശരീരം പിടയും. പക്ഷേ ഞങ്ങൾ എന്ത് ചെയ്യാനാണ്. ഇനി ഒരടി മുന്നോട്ട് വയ്ക്കാനുള്ള ഗതി ഞങ്ങൾക്കില്ല. എന്റെ കുഞ്ഞിന്റെ അവസ്ഥയറിയണം. അവന്റെ കണ്ണീരു കണ്ട് കനിയണം.’–ഒമ്പതു വയസുകാരൻ ജിയാദിന്റെ മുടിയിഴകളിൽ തലോടി ഉപ്പ റിയാസ് ഇതു പറയുമ്പോൾ കണ്ണീർ പൊടിയുന്നുണ്ടായിരുന്നു. നിസഹായതയുടെ പരകോടിയില്‍ നിൽക്കുന്ന ആ പിതാവിന്റെ വാക്കുകളെ കണ്ണീർ മുറിച്ചു.

മലപ്പുറം പരപ്പനങ്ങാടി പുത്തരിക്കൽ നാലകത്ത് വീട്ടിൽ അബ്ദുൽ റിയാസിന്റെ മകൻ ജിയാദിന് വിധി നൽകിയ പരീക്ഷണം ഇന്നും ഇന്നലേയും തുടങ്ങിയതല്ല. ജനിച്ച അന്നു തൊട്ട് ഈ നിമിഷം വരേയും അപസ്മാരം നൽകിയ പിടച്ചിലിലാണ് ഈ കുരുന്ന്. അപസ്മാരം ബലക്ഷയത്തിന്റെ രൂപത്തിൽ ശരീരം മുഴുവൻ വ്യാപിക്കുമ്പോൾ ഒന്നെഴുന്നേറ്റ് നടക്കാൻ പോലുമാകാതെ കിടന്ന കിടപ്പിലാണ് ഈ കുഞ്ഞ്. എന്തിനേറെ പറയണം പ്രാഥമിക കർമ്മങ്ങൾക്കു പോലും ജിയാദിന് മറ്റുള്ളവരുടെ സഹായം തേടേണ്ട ദുരസ്ഥ. ശാശ്വത പരിഹാരം തേടി ആ നിർദ്ധന കുടുംബം മുട്ടാത്ത വാതിലുകളില്ല, കയറിയിറങ്ങാത്ത ആശുപത്രികളില്ല പക്ഷേ കുഞ്ഞ് ജിയാദിന്റെ ജീവിതത്തിൽ വേദന മാത്രമായിരുന്നു ബാക്കി.

ആനവണ്ടിയും ആ യൂണിഫോമും തന്ന പോസിറ്റീവ് വൈബ്രേഷൻ; ജീവിതത്തിലെ അവസാനത്തെ കണ്ടക്ടർ ഡ്യൂട്ടി; ഹൃദ്യം ഈ കുറിപ്പ്

പീക്കിരി പിള്ളേരുടെ അടുത്ത് തോറ്റു തുന്നംപാടി രമേഷ് പിഷാരടി! രസകരമായ വിഡിയോ

ഫൊട്ടോയ്ക്ക് പോസ് ചെയ്ത് ഒരു വഴിയായി; നിവൃത്തികെട്ട് ഒടുവിൽ വധു അത് പറഞ്ഞു; ഹൃദ്യം ഈ രംഗം

പ്രവാസിയായിരുന്നു ജിയാദിന്റെ ഉപ്പ റിയാസ്. മണലാരാണ്യത്തിൽ രാപ്പകലോളം ചോരനീരാക്കിയ പണം മുഴുവന്‍ തന്റെ പൈതലിന്റെ ചികിത്സാർത്ഥം വാരിക്കോരി ചെലവാക്കി. കിട്ടുന്നത് തുച്ഛമെങ്കിലും അണുവിട പോലും അവന്റെ ചികിത്സ മുടക്കിയില്ല. പക്ഷേ വിധി അവരുടെ ജീവിതത്തിൽ വീണ്ടും പരീക്ഷണവുമായെത്തി. ഗൾഫിൽ വച്ച് സ്റ്റൗപൊട്ടിത്തെറിച്ച് റിയാസിന് മാരകമായ പരിക്കു പറ്റുകയായിരുന്നു. ആ ദുരന്തം റിയാസിന്റെ ആകെയുള്ള വരുമാനത്തിന് വിലങ്ങു തടിയായി. റിയാസിനെ കൊണ്ട് ജോലി എടുക്കാൻ ആകില്ലെന്ന് മനസിലാക്കിയ അറബി നയാ പൈസ പോലും സഹായമോ നഷ്ട പരിഹാരമോ നൽകാതെ റിയാസിനെ നാട്ടിലേക്ക് കയറ്റി വിട്ടു. ഫലമോ, ഒരു നിർദ്ധന കുടുംബത്തിന്റെ ജീവിത വരുമാനം എന്നന്നേക്കുമായി അടഞ്ഞു. ജിയാദിന്റെ ചികിത്സയും അവതാളത്തിലായി.

ചികിത്സ അണുവിട മുടങ്ങിയാൽ നൽകിക്കൊണ്ടിരിക്കുന്ന മരുന്നുകളിൽ എന്തെങ്കിലും മുടക്കം വന്നാൽ ജിയാദിന്റെ നിലയാകെ വഷളാകും. ഇപ്പോൾ കാണുന്ന ശാന്ത സ്വഭാവമെല്ലാം പോകും. ഇതെല്ലാം കണ്ട് കണ്ണീർവാർക്കാനേ അവർക്കാകൂ. മാസം മൂവായിരം രൂപയോളം വരും ജിയാദിന്റെ ചികിത്സ. മരുന്നിനും ടെസ്റ്റുകൾക്കും ഡോക്ടർ ഫീസിനുമുള്ള തുക വേറെയുമുണ്ട്. മേൽപ്പറഞ്ഞതിൽ എന്തെങ്കിലും സംഭവിച്ചാൽ ഡോക്ടർമാർ തന്നെ തന്റെ പൈതലിനെ കൈയ്യൊഴിയുമെന്ന് റിയാസ് പറയുന്നു. നിസഹയാവസ്ഥയുടെ പരകോടിയിലാണ് ആ പൈതലെന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല.

‘മറുകരയില്‍ നാം കണ്ടീടും...’; സഹോദരന്റെ മൃതദേഹത്തിന് സമീപമിരുന്ന് നിറകണ്ണുകളോടെ അന്നവൾ പാടി!

‘മൈഡിയർ മച്ചാ...മനസു വച്ചാ...’; റൗഡി ബേബി ഒടുവിൽ ഇവിടെയുമെത്തി; കലക്കൻ കല്യാണ വിഡിയോ

ബോളിവുഡ് ചിത്രം നടി ശ്രീദേവിയുടെ ബയോ പിക്കാണോ? ആരാധകരുടെ സംശയത്തോടു പ്രതികരിച്ച് പ്രിയ വാര്യർ

ഗൾഫിലെ ജോലി നഷ്ടപ്പെട്ട റിയാസ് മകന്റെ ചികിത്സയ്ക്ക് വേണ്ടി ഉള്ളതെല്ലാം വിറ്റുപെറുക്കി. കൂട്ടത്തിൽ കിടപ്പാടം വരെ പോയി, എന്നിട്ടു തന്റെ പൈതലിനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടു വരാൻ രാപ്പകൽ പ്രാർത്ഥനയും പ്രയത്നവുമായി അവർ കാത്തിരുന്നു.

പക്ഷേ ജിയാദിന് കാര്യമായ മാറ്റം ഉണ്ടാകാതെ അവരുടെ കാത്തിരിപ്പ് നീണ്ടു പോയതേ ഉള്ളൂ. ഗൾഫിൽ വച്ച് സംഭവിച്ച അപകടത്തോടെ റിയാസിന് ജോലിക്കു പോകാൻ കഴിയാത്ത അവസ്ഥയാണ്. പേരിനൊരു കൂലിപ്പണിയുണ്ടെങ്കിലും അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ഒന്നിനും തികയാത്ത അവസ്ഥയാണ്. ഭാര്യ റാബിയക്കും മറ്റ് വരുമാനമോ ജോലിയോ ഒന്നും തന്നെയില്ല. പരപ്പനങ്ങാടിയിലെ ഒരു വാടക വീട്ടിൽ മാസങ്ങളേറെയായി വാടക പോലും നൽകാനാകാതെ കണ്ണീർ വാർത്ത് കാലം കഴിക്കുകയായിണവർ. സുമനസുകളുടെ സഹായത്താൽ ഒരു മൂന്ന് സെന്റ് സ്ഥലം കിട്ടിയെങ്കിലും ഒരു കൂരയെന്ന സ്വപ്നം അവരിൽ നിന്നും ഇനിയും അകലെയാണ്.

ജീവിതത്തിൽ വേദന മാത്രം ബാക്കിയാക്കുന്ന തന്റെ പൈതലിനെ ഇനിയും അപസ്മാരം നൽകുന്ന ദുരിതത്തിന് വിട്ടു കൊടുക്കരുതെന്ന് ഈ ഉപ്പയും ഉമ്മയും വേദനയോടെ പങ്കുവയ്ക്കുന്നു. സാധാരണ കുഞ്ഞുങ്ങളെ പോലെ കളിചിരികളുമായി തങ്ങളുടെ മകൻ തിരിച്ചു വരുന്ന നാളിനായുള്ള കാത്തിരിപ്പിലാണ് ഈ നിർദ്ധന കുടുംബം. ജിയാദിന്റെ ചികിത്സയ്ക്കും വീടെന്ന സ്വപ്നത്തിനും നല്ലൊരു തുക വേണമെന്നിരിക്കെ ഈ നിർദ്ധന ദമ്പതികൾ ഇനി കൈനീട്ടുന്നത് സുമനസുകളിലേക്കാണ്. കരുണയുടെ കരം നീട്ടുന്ന നന്മമനസുകൾ തങ്ങളുടെ ജീവിതത്തിലേക്ക് വരുമെന്ന് തന്നെയാണ് റിയാസിന്റേയും റാബിയയുടേയും പ്രതീക്ഷ.