Thursday 08 April 2021 04:34 PM IST

‘അവൾക്ക് 24 വയസ്സേയുള്ളൂ ഡോക്ടർ, അവളുടെ ബ്രെസ്റ്റ് നീക്കംചെയ്യാതെ മറ്റു വഴികളില്ലേ?’ ജോസ്ന കാൻസറിനെ തോൽപ്പിച്ചത് ഇങ്ങനെ

Binsha Muhammed

josna-main-cover

‘ബ്രെസ്റ്റ് റിമൂവ് ചെയ്യണം, അതല്ലാതെ മറ്റൊരു ഓപ്ഷനില്ല.’!!!

ബയോപ്സി റിപ്പോർട്ട് മറിച്ചു നോക്കി ഡോക്ടർ മുഖത്തു പോലും നോക്കാതെ പറയുമ്പോൾ ജോസ്ന മരവിച്ചിരിക്കുകയായിരുന്നു. സ്ഥലകാല ബോധമില്ലാത്ത മരവിപ്പ്. ആർത്തലച്ചു കരയണമെന്നുണ്ട്, സാധിക്കുന്നില്ല. ആ റിസൾട്ട് അവളെ അത്രയേറെ ഭ്രാന്തമായ അവസ്ഥയിലെത്തിച്ചിരുന്നു. ഒപ്പമുണ്ടായിരുന്നു പപ്പ കൊച്ചുകുട്ടികളെ പോലെ വാവിട്ടു കരയുകയായിരുന്നു.

മകൾക്ക് 24 വയസ് മാത്രമേ ആയിട്ടുള്ളൂ. ഈ ചെറിയ പ്രായത്തിൽ അവളുടെ ബ്രെസ്റ്റ് റിമൂവ് ചെയ്യുന്നത് ജോസിക്ക് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. മകളുടെ ഭാവി ഒരു ചോദ്യചിഹ്നം പോലെ ആയാളുടെ മുന്നിൽ തെളിഞ്ഞുവന്നു. ജീവിതം തുലാസിലാക്കിയ ആ കാൻസർ റിപ്പോർട്ടുകൾക്ക് മരണശീട്ടെന്നു കൂടി പലരും അർഥം കൽപ്പിച്ചു. സഹപാതമുള്ള കണ്ണുകൾ, എല്ലാം തീർന്നില്ലേ എന്ന ഭാവമുള്ള നോട്ടങ്ങൾ, എല്ലാത്തിനും മേലെ കാൻസറെന്നാൽ മരണമാണെന്നുള്ള പ്രഖ്യാപനങ്ങൾ.

ആശുപത്രി വരാന്തയുടെ പടികയറിയിറങ്ങിയ നാളുകൾക്കിടിൽ എപ്പോഴോ ജോസ്ന ഒന്നു തീരുമാനിച്ചുറപ്പിച്ചു. മരിക്കുന്നതു വരെ എന്റെ ദേഹത്ത് സർജിക്കൽ ബ്ലേഡ് വയ്ക്കാൻ അനുവദിക്കില്ല. ബ്രെസ്റ്റ് റിമൂവ് ചെയ്തില്ലെങ്കിൽ മരണമാണ് സംഭവിക്കുന്നതെങ്കില്‍ അങ്ങനെ സംഭവിക്കട്ടെ എന്ന തീരുമാനം. ‘മരിക്കുന്നതു വരെ ഞാന്‍ ഞാനായിരിക്കും’ എന്ന് അവൾ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.

‘ഞാന്‍‌ അവന്റെ കൂടെ പോകുകയാണ്, മറ്റൊരു വിവാഹം എനിക്കു പറ്റില്ല’! വീട്ടിൽ പറഞ്ഞിട്ടാണ് ഞാൻ ഇറങ്ങിയത്: പ്രകൃതി പറയുന്നു

ഉപദേശങ്ങളും മുന്നറിയിപ്പുകളും വകവയ്ക്കാതെ, അവളെടുത്ത ആ തീരുമാനം മരണശീട്ടുമായി വന്ന കാൻസറിനെ തുരത്തിയോ? എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരം അവൾ ലോകത്തോട് പങ്കുവച്ച ഈ ചിത്രങ്ങളിലുണ്ട്. കൊലവിളി നടത്തിയ കാൻസറിനെ കരളുറപ്പു കൊണ്ട് നേരിട്ട പെണ്ണിന്റെ പോരാട്ടമാണ് ഈ ഫോട്ടോഷൂട്ട്. അതു പിറവിയെടുത്ത കഥ ‘വനിത ഓൺലൈനോട്’ പങ്കുവയ്ക്കുമ്പോഴും ജോസ്നയുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരിയായിരുന്നു.

joss

കോട്ടയം പാലായാണ് എന്റെ നാട്. പപ്പ ജോസിയും അമ്മ ബിൻസിയും രണ്ട് സഹോദരങ്ങളും അടങ്ങുന്ന കുടുംബം. ബിസിനസാണ് പപ്പയ്ക്ക്. രണ്ട് കുഞ്ഞനിയൻമാരുടെ ചേച്ചി, ആഗ്രഹിച്ച പഠനം, ജോലി. സന്തോഷങ്ങളുടെ ലിസ്റ്റുകളില്‍ ഇവയെല്ലാമുണ്ട്. ബംഗളൂരുവിലെ ഇന്റേണൽ ഓ‍ഡിറ്ററായുള്ള ജോലിയുമായി മുന്നോട്ടു പോകുകയാണ് ഞാൻ. – ഓർമ്മകളെ തിരികെ വിളിച്ച് ജോസ്ന സംസാരിച്ചു തുടങ്ങി.

ജീവനോടെ മരിച്ചവൾ

അന്നെനിക്ക് 24 വയസുണ്ടാകും. മാറിടത്തിലൊരു മുഴ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും അത് അവിടെത്തന്നെയുണ്ട്. അന്ന് ശരീരം പ്രകടിപ്പിച്ച ആ അസാധാരണ മാറ്റം കാര്യമാക്കിയതേയില്ല. ദിവസങ്ങൾ കടന്നു പോയി. ശരീരത്തിലെ ആ തടിപ്പും മരവിപ്പും അങ്ങനെ തന്നെ നിൽക്കുന്നു. അങ്ങനെയാണ് വിഷയം ആദ്യമായി പപ്പയോട് പറഞ്ഞത്. വിളിച്ചു പറയുമ്പോള്‍ പപ്പ ആശ്വസിപ്പിക്കുകയായിരുന്നു. ശരീരം വല്ലയിടത്തും തട്ടിയതാകും എന്ന് പറഞ്ഞപ്പോൾ തെല്ലൊരാശ്വാസമായി. മമ്മയ്ക്കും ഇതു പോലൊരു പ്രശ്നം വന്നിട്ടുണ്ടെന്നും ആശുപത്രിയിൽ പരിശോധിച്ചപ്പോൾ എന്തോ ഷുഗർ പ്രശ്നമാണെന്ന് കണ്ടെത്തിയെന്നു കൂടി പറഞ്ഞപ്പോൾ ടെൻഷൻ പമ്പ കടന്നു.

josna-4

പക്ഷേ എന്റെ കാര്യത്തിൽ ‘ദൈവത്തിന്റെ റിസൾട്ട്’ മറ്റൊന്നാകുന്ന ലക്ഷണമായിരുന്നു. ദിവസം കഴിയുന്തോറും ആ തടിപ്പ് വളരുന്നു. ഇക്കുറി പപ്പയു സംഗതി സീരിയസായി എടുത്തു. നാട്ടിലെത്തി ആശുപത്രിയുടെ പടികൾ കയറുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല, എന്നെ തളച്ചിടാന്‍ പോകുന്ന രോഗത്തിന്റെ തുടക്കമാണ് അതെന്ന്. ബയോപ്സി റിസള്‍ട്ടിനായി കാത്തിരുന്ന ഞങ്ങൾക്കു മുന്നിൽ ഇടിത്തീ പോലെയാണ് ഡോക്ടറുടെ അറിയിപ്പെത്തിയത്. ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്! ബ്രെസ്റ്റ് റിമൂവ് ചെയ്യാതെ മറ്റൊരു ഓപ്ഷന്‍ ഇല്ലത്രേ... 24 വയസിന്റെ ലോകപരിചയം മാത്രമുള്ള പെണ്ണിനോട്. കരിയറിനെ കുറിച്ച് ഒത്തിരി സ്വപ്നങ്ങൾ നെയ്ത പെണ്ണിനോട്. ജീവിതത്തിന്റെ നല്ലകാലത്ത് പറയുകയാണ്, മാറിടം എടുത്തു കളയണമെന്ന്. അന്ന് ആശുപത്രിയുടെ ഇടനാഴിയിൽ വച്ച് ജോസ്ന മരിച്ചു പോയി, ജീവനോടെ.

അറുത്തു മുറിക്കില്ല ദേഹം

josna-1

പല ആശുപത്രികൾ കയറിയിറങ്ങി. പലരോടും അഭിപ്രായം ചോദിച്ചു. എല്ലാവരും പറഞ്ഞത് റിസ്ക് എടുക്കേണ്ട... ബ്രെസ്റ്റ് റിമൂവ് ചെയ്തേക്കൂ എന്നാണ്. പക്ഷേ ഞാൻ ഒരുക്കമല്ലായിരുന്നു. ബ്രെസ്റ്റ് റിമൂവ് ചെയ്യാതെ ട്രീറ്റ്മെന്റ് എടുക്കുന്നതിന്റെ സാധ്യതകള്‍ തേടി പിന്നെയും ഒരുപാട് അലഞ്ഞു. പലരും കൈമലർത്തി. തെല്ലും കൂസലില്ലാതെ അതങ്ങ് കളഞ്ഞേക്ക് എന്ന് വിധിയെഴുതി. പക്ഷേ എനിക്കത് ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല. അങ്ങനെയിരിക്കേയാണ് ഞങ്ങളുടെ കുടുംബ ഡോക്ടർ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ബ്രെസ്റ്റ് റിമൂവ് ചെയ്യാതെ ട്രീറ്റ്മെന്റ് ചെയ്യുന്നതിന്റെ സാധ്യതയെ കുറിച്ചു പറഞ്ഞത്. കാൻസർ കോശങ്ങളെ വലിച്ചെടുത്ത് ഫാറ്റ് റീഫിൽ ചെയ്യുന്നതായിരുന്നു രീതി. അതൊരു വെളിച്ചമായിരുന്നു. ശരീരത്തെ മുറിക്കാതെയും ജീവിക്കാൻ പറ്റുമെന്ന് കാണിച്ചു തന്ന വെളിച്ചം.

josna-3

കീമോ ആയിരുന്നു രണ്ടാമത്തെ വെല്ലുവിളി. ശരീരത്തെ പച്ചയ്ക്ക് കരിച്ചു കളയുന്ന പരീക്ഷണത്തിന് നിൽക്കാൻ എനിക്കു മനസില്ലായിരുന്നു. കീമോ ചെയ്താൽ കാൻസര്‍ വേരുകൾ വീണ്ടും വരില്ല എന്നതിന് എന്തുറപ്പ് എന്നു ചോദിച്ചപ്പോൾ പലരും കൈമലർത്തി. കീമോ ചെയ്തില്ലെങ്കിൽ മരിക്കും മോളേ എന്ന് പറഞ്ഞവരോട്, ‘മരിക്കുവാണേൽ മരിച്ചു പോകട്ടേ... പക്ഷേ അതു വരെ മുഖത്ത് ജീവനില്ലാതെ, മരിച്ചു ജീവിക്കാന്‍ വയ്യ’ എന്നാണ് ഞാൻ മറുപടി കൊടുത്തത്. ജോസ്ന ജീവിച്ചിരിക്കുന്ന ഡെഡ്ബോഡിയാകില്ല എന്ന് കട്ടായം പറഞ്ഞു. എനിക്കറിയാം, കീമോ എടുത്ത് വേദന തിന്ന് മുന്നോട്ടു പോകുന്ന ഒരുപാടു പേരുണ്ട്. എന്നെ സംബന്ധിച്ചാണെങ്കിൽ കീമോ ചെയ്താൽ പിന്നെ ജോലിക്ക് പോകലൊക്കെ ബുദ്ധിമുട്ടാകും. കൃത്യമായ ട്രീറ്റ്മെന്റും മെഡിസിനും ചെക്കപ്പും എടുത്ത് മുൻകരുതലുമായി ഞാൻ നാലു വർഷത്തോളം മുന്നോട്ടു പോയി. കാൻസറിനെ ഒരു പരിധി വരെ പിടിച്ചു കെട്ടുകയും ചെയ്തു. പക്ഷേ എന്റെ ഇരുപത്തിയെട്ടാം വയസിൽ അവനൊരു രണ്ടാം വരവു വന്നു. മസിൽസുമായി ചേർന്നു നിൽക്കുന്ന ശരീരത്തിന്റെ പുറംഭാഗത്തെ  ആ തടിപ്പ് പിടിച്ചു നോക്കിയിട്ട്, കൊഴുപ്പാണെന്നായിരുന്നു ഡോക്ടർമാർ ആദ്യം പറഞ്ഞത്. പക്ഷേ അത് കാൻസറിന്റെ സെക്കന്റ് എന്‍ട്രി ആയിരുന്നു. പേശികളിലും എല്ലിലുമായിരുന്നു ഇക്കുറി കാൻസർ ബാധിച്ചത്.  

വില്ലൻ വീണ്ടും വരുന്നു

josna-5

പരിശോധനയിൽ ആ തടിപ്പ് കാൻസറിന്റെ നാലാം സ്റ്റേജ് ആയിരുന്നു. ഇക്കുറി എന്റെ ആത്മവിശ്വാസം പാളി. കീമോ തന്നെയായി ശരണം. എന്റെ തീരുമാനവും ആത്മവിശ്വാസവും ചോർന്നു പോകയാണോ എന്ന് ഒരുനിമിഷം ചിന്തിച്ചു. പക്ഷേ ഞാൻ തോറ്റുകൊടുത്തില്ല. മനസു കൊണ്ടു തയ്യാറെടുത്തു. ഇത്രയും പോരാടിയ എനിക്ക് ഈ പ്രതിസന്ധിയേയും തരണം ചെയ്യാനാകുമെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു. കീമോ പൊള്ളിക്കും മുന്നേ എന്റെ മനോഹരമായ മുടികൾ ഞാൻ മുറിച്ചു മാറ്റി. അതിന്നും ‍ഞാൻ ദാനം ചെയ്യാനായി സൂക്ഷിച്ചു വച്ചിട്ടുണ്ട്. പേടിപ്പിച്ചതൊന്നും എനിക്ക് സംഭവിച്ചില്ല എന്നതായിരുന്നു ഏറ്റവും വലിയ ആശ്വാസം. ബാക്കിയുണ്ടായിരുന്ന മുടി കീമോ രശ്മികൾ നിർദാക്ഷിണ്യം അങ്ങെടുത്തു. പക്ഷേ ഞാൻ കുലുങ്ങാതെ നിന്നു. തുടർ ചികിത്സകൾ ജോലിക്ക് ബുദ്ധിമുട്ടാകും എന്നതു കൊണ്ട് താത്കാലികമായി ബംഗളൂരുവിലെ ജോലിയോട് ഗുഡ്ബൈ പറഞ്ഞു. പക്ഷേ ഞാന്‍ ഹാപ്പിയാണ്.

josna-2

കഴിഞ്ഞു പോയ ആറ് കീമോകൾക്കിടയിൽ ഞാൻ യാത്ര ചെയ്തു, ഇഷ്ടമുള്ള ഭക്ഷണം കഴിച്ചു, പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിച്ചു. എല്ലാം ഞാനായി തന്നെ ഉണ്ടാക്കിയെടുത്ത മനസാന്നിദ്ധ്യത്തിന്റെ ബലത്തിൽ. കാൻസർ എനിക്കു മുന്നിൽ വച്ച കടമ്പകളെ ഒന്നൊന്നായി നേരിട്ടു വിജയിച്ചപ്പള്‍ ടാർഗറ്റഡ് തെറപ്പിക്ക് വിധേയയായി. കീമോ ശരീരത്തിലെ മുഴുവൻ ശരീരത്തിലേക്കും കടന്നു ചെല്ലുമ്പോൾ ടാർഗറ്റഡ് തെറപ്പി കാൻസർ സെല്ലുകളെ ലക്ഷ്യം വച്ചുള്ളതായിരുന്നു. അതും ഫലം കണ്ടു. അവസാനിക്കുമെന്ന് കരുതിയിരുന്ന ജീവിതം മെല്ലെ മെല്ലെ തിരികെ വന്നു. പഴയ പുഞ്ചിരിയും സ്വപ്നങ്ങളും പിന്നെയും ജീവിതത്തിലേക്കെത്തി. എനിക്കു വേണ്ടി കരഞ്ഞവരേ... സങ്കടപ്പെട്ടവരേ... ഇതാ പുതിയ ജോസ്ന. ഇതെന്റെ രണ്ടാം ജന്മം.

ചിത്രം വിചിത്രം

ii

കീമോ ചെയ്താൽ ജീവിതമേ അവസാനിച്ചുവെന്ന് പ്രഖ്യാപിക്കുന്നവരോട് എനിക്ക് ചിലത് പറയണമായിരുന്നു. അതാണ് ‍ഞാൻ ഈ ഫോട്ടോ ഷൂട്ടിലൂടെ പറയാതെ പറയുന്നത്. മനസു വച്ചാൽ എല്ലാം സാധിക്കും, ഏതു രോഗത്തേയും തുരത്താമെന്ന പ്രഖ്യാപനം. രജീഷ് രാമചന്ദ്രനെന്ന ക്യാമറമാനാണ് കാൻസർ പോരാട്ടം എന്ന എന്റെ മനസിലെ മനോഹര ആശയങ്ങളെ ചിത്രങ്ങളാക്കി മാറ്റിയത്. സോയ ജോയ് ആണ് എനിക്കുള്ളിലെ സുന്ദരിയെ മനോഹരമായി സ്റ്റൈലിംഗ് ചെയ്തെടുത്ത് ക്യാമറയ്ക്കു മുന്നിലെത്തിച്ചത്. നമ്മളെ വരിഞ്ഞു മുറുക്കാൻ കാൻസറിനാകില്ല എന്ന പ്രഖ്യാപനമാണ് ഈ ചിത്രങ്ങൾ. ജീവിതത്തിന്റെ ക്രോസ് റോഡിൽ കാൻസറിനെ കണ്ടുമുട്ടി ദിക്കറിയാതെ പകച്ചു നിൽക്കുന്നവരോടാണ് എന്റെയീ ചിത്രങ്ങൾ സംസാരിക്കുന്നത്. മരണശീട്ടു നൽകിയ കാൻസറിനെ കീഴ്പ്പെടുത്തി ജോസ്ന ഇതാ ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്ന ഓർമ്മപ്പെടുത്തൽ.