Thursday 01 November 2018 09:59 AM IST : By സ്വന്തം ലേഖകൻ

അമ്മ പറഞ്ഞയച്ചതാണെന്നു പറഞ്ഞു, സ്കൂളിൽ കയറി കുട്ടിയുടെ സ്വർണ്ണ കമ്മൽ ഊരി വാങ്ങി അജ്ഞാത സ്ത്രീ!

thiruvanthapuram-cctv

പ്രവൃത്തിസമയത്തു സ്കൂളിൽ കടന്ന അജ്ഞാത സ്ത്രീ മൂന്നാം ക്ലാസുകാരിയുടെ കമ്മൽ ഊരിവാങ്ങി മുങ്ങി. കാട്ടാക്കട പൂവച്ചൽ സർക്കാർ യുപി സ്കൂളിലാണു സംഭവം. അതേസമയം, അഞ്ചുകിലോമീറ്റർ അകലെയുള്ള വീരണകാവിലെ സ്കൂളിലും സമാനമായി കമ്മൽ ഊരിവാങ്ങാൻ ശ്രമമുണ്ടായെങ്കിലും പരാജയപ്പെട്ടു. 

ചൊവ്വാഴ്ച പത്തരയോടെ പൂവച്ചൽ സ്കൂളിലെത്തിയ സ്ത്രീ വിദ്യാർഥിനിയോട് അമ്മ പറഞ്ഞയച്ചതാണെന്നു പറഞ്ഞു കമ്മൽ ഊരിവാങ്ങുകയായിരുന്നു. കുട്ടി വീട്ടിലെത്തിയപ്പോൾ രക്ഷിതാക്കൾ അന്വേഷിച്ചതോടെയാണു തട്ടിപ്പ് പുറത്തായത്. ഇന്റർവെല്ലിനു പുറത്തിറങ്ങിയ കുട്ടിയോട് , അമ്മ തൊട്ടടുത്തുള്ള ധനകാര്യ സ്ഥാപനത്തിൽ നിൽക്കുന്നുണ്ടെന്നും പണയം വയ്ക്കാൻ കമ്മൽ നൽകാൻ പറഞ്ഞുവെന്നും സ്ത്രീ പറയുകയായിരുന്നു.  കുട്ടിക്ക് ഇവരെ മുൻപരിചയമില്ല. സംഭവം അധ്യാപകരുടെ ശ്രദ്ധയിൽപെട്ടുമില്ല. 

രക്ഷിതാക്കൾ പരാതിപ്പെട്ടതിനെ തുടർന്നു സ്കൂൾ അധികൃതർ ഇന്നലെ കാട്ടാക്കട പൊലീസിൽ പരാതി നൽകി.സ്കൂളിലെ സിസിടിവിയിൽ 10.36നു സ്കൂളിലേക്കു ചുവന്ന സാരി ധരിച്ച സ്ത്രീ പ്രവേശിക്കുന്നതും 11.15നു സ്കൂളിൽനിന്നു പുറത്തേക്കു പോകുന്നന്നതിന്റെയും ദൃശ്യം പൊലീസിനു ലഭിച്ചു. കൂറ്റൻ മതിലും സുരക്ഷാ ജീവനക്കാരനുമൊക്കെയുള്ള സ്കൂളിൽ പുറത്തുനിന്നൊരാൾ പ്രവേശിച്ചു കുട്ടിയോട് ഇടപഴകിയത് ആരുടെയും ശ്രദ്ധയിൽപെടാത്തതു രക്ഷിതാക്കളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

പ്രധാന റോഡിന്റെ ഓരത്തു സ്ഥിതിചെയ്യുന്ന സ്കൂളാണു പൂവച്ചൽ യുപിഎസ്.  വീരണകാവ് സ്കൂളിൽ രാവിലെ ഒൻപതോടെയാണ് സമാനസംഭവം നടന്നത്.  ഇവിടെ സ്കൂളിനു പുറത്തു വച്ചാണ് കുട്ടിയുടെ കമ്മൽ ഊരിവാങ്ങാൻ ശ്രമിച്ചത്. എന്നാൽ, കുട്ടി ബഹളം വച്ചതോടെ ഇവിടെനിന്ന് ഇവർ മുങ്ങി. പിന്നീടാണ് പൂവച്ചലിലെത്തിയതെന്നു കരുതുന്നു. 

more...