Wednesday 27 May 2020 11:35 AM IST : By സ്വന്തം ലേഖകൻ

ആദ്യം അരിഷ്ടം കുടിച്ച് 7 പേർ, പിന്നീട് ഇരട്ട കുഞ്ഞുങ്ങളുടേതുൾപ്പെടെ കൂട്ടക്കുരുതി, ഇപ്പോൾ ഉത്ര!

uthra-village

ഉൾനാടൻ നാട്ടിൻപുറമാണ് ഏറം. പുറത്തുനിന്ന് അധികമാരും എത്താത്ത സ്ഥലം. പക്ഷേ പുറത്തുനിന്ന് എത്തിയവർ ഈ നാട്ടിൽ ഉണ്ടാക്കിയ പ്രശ്നങ്ങൾ ഗ്രാമീണരെ ആഴത്തിൽ അസ്വസ്ഥമാക്കുകയാണ്. നാടിന്റെ ദുഃഖ പുത്രിയായി തീർന്ന ഉത്രയുടെ വേർപാട് തീർത്താൽ തീരാത്ത നൊമ്പരമായി അവശേഷിക്കുമെന്നത് വസ്തുത .ഇതിനു മുൻപ് ഈ നാട് ഏൽക്കേണ്ടി വന്ന ദുരനുഭവങ്ങൾ ഇതുപോലെ വേദനാജനകം.

1993ലാണ് അന്നുവരെ ഏറം നിവാസികൾ കണ്ടതിൽ ഏറ്റവും വലിയ ദുഃഖകരമായ നിമിഷങ്ങൾക്കു സാക്ഷ്യം വഹിക്കേണ്ടി വന്നത്. ജംക്‌ഷനിലെ അരിഷ്ടക്കടയിൽനിന്ന് അരിഷ്ടം കുടിച്ച 7 പേർ മരിച്ചു. സാധാരണക്കാരായ ആളുകളുടെ ജീവനാണ് വ്യാജ ലഹരി കവർന്നത്. പ്രദേശ വാസിയായ ഒരാൾക്ക് പുറത്തുനിന്നുള്ള ചിലരാണു അരിഷ്ടവും വീര്യം കൂട്ടാനുള്ള രാസ വസ്തുക്കളും നൽകിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതികളെ പിന്നീട് കോടതി വിട്ടയച്ചു.

മതിയായ തെളിവുകളുടെ അഭാവമാണു പ്രശ്നമായത്. വിഷമദ്യ ദുരന്തത്തിന്റെ ആഘാതത്തിൽനിന്ന് ഈ പ്രദേശം മുക്തമായത് വർഷങ്ങൾക്ക് ശേഷമാണ്. 2006ൽ ഈ നാടിനെ ആകെ തളർത്തിയത് കൂട്ടക്കുരുതിയാണ്. സൈനികരായിരുന്ന കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി രാജേഷ് ( അന്ന് 27വയസ്സ് ), അലയമൺ സ്വദേശി ദിവിൽകുമാർ ( അന്ന് 24 വയസ്സ് ) എന്നിവർ കൊലപ്പെടുത്തിയത് 21 ദിവസം മാത്രം പ്രായമുള്ള രണ്ട് ഇരട്ട പെൺകുഞ്ഞുങ്ങളെയും അവരുടെ 25 വയസ്സുുള്ള മാതാവിനെയുമാണ്.

ദൃക്സാക്ഷികൾ ഇല്ലാത്ത ഈ കേസിലെ പ്രതികളെ പിടിക്കാൻ പൊലീസും സിബിഐയും നടത്തിയ അന്വേഷണം ഇതുവരെ വിജയിച്ചില്ല. അവർ വിദേശത്തേക്ക് കടന്നതായി സിബിഐ കണ്ടെത്തി. എന്നാൽ കൊലപാതകത്തിനു ദൃക്സാക്ഷികൾ ഇല്ലെങ്കിലും ഉത്രയുടെ മരണം കൊലപാതകമെന്നു കണ്ടെത്തുകയും പ്രതിയെ പിടിക്കാൻ കഴിഞ്ഞതും നേരിയ ആശ്വാസമായി.

More