Saturday 09 October 2021 11:01 AM IST : By സ്വന്തം ലേഖകൻ

മമ്മിയുടെയും പപ്പയുടേയും നെറ്റിയിൽ ചുടുചുംബനം നൽകി ഡയാൻ, കുഞ്ഞനുജനെ ചേർത്ത് പിടിച്ച് ഡെനീല: സങ്കടക്കാഴ്ച

kottiyam

ആരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു വിളയിൽ വീട്ടിൽ ഇന്നലെ കണ്ട കാഴ്ചകൾ. തിരുവനന്തപുരത്ത് പഴവങ്ങാടിയിൽ റോഡ് മുറിച്ചു കടക്കവെ ബൈക്കിടിച്ച് മരിച്ച വടക്കേ മൈലക്കാട് വിളയിൽ വീട്ടിൽ ഡെന്നീസ് ഡാനിയേലിന്റെയും ഭാര്യ നിർമലയുടെയും മൃതദേഹം വീട്ടുമുറ്റത്ത് എത്തിച്ചപ്പോൾ നെഞ്ചു പൊട്ടിക്കരയുന്ന 2 പിഞ്ചോമനകളുടെ കാഴ്ച കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി.

എവിടെ പോയാലും അമ്മയുടെ കൈപിടിച്ചു നടക്കുന്ന 4 വയസ്സുകാരൻ ഡയാൻ ചേതനയറ്റ മമ്മിയുടെയും പപ്പയുടെയും തണുത്തുറഞ്ഞ നെറുകയിൽഅവസാനമായി ചുടുചുംബനം നൽകുന്ന കാഴ്ച കരളലിയിപ്പിച്ചു. മൂത്ത മകൾ ഡെനീല ഇന്നലെ പുലർച്ചെയാണ് അമ്മയുടെ വിയോഗം അറിഞ്ഞത്. അച്ഛൻ അപകടം നടന്ന ദിവസം തന്നെ മരിച്ചെന്ന് വ്യാഴാഴ്ച അവളറിഞ്ഞിരുന്നു. പിന്നീട് അമ്മയെ കാണണമെന്ന് അവൾ വാശി പിടിച്ചപ്പോഴൊക്കെ അമ്മ നാളെ എത്തുമെന്ന ബന്ധുക്കളുടെ ആശ്വാസവാക്കിലെ പ്രതീക്ഷയിലായിരുന്നു അവൾ. പക്ഷെ നേരം പുലർന്നതോടെ അമ്മയും വിട്ടു പോയെന്നറിഞ്ഞതോടെ കുഞ്ഞനുജനെ ചേർത്തു പിടിച്ച് അവൾ വാവിട്ടു കരഞ്ഞു.

ഉച്ചയോടെയാണ് പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ഇരുവരുടെയും മൃതദേഹം കൊണ്ടു വന്നത്. ആദ്യം ഡെന്നീസ് ഡാനിയേലിന്റെ മയ്യനാട്ടെ കുടുംബ വീട്ടിലേക്ക് ഇരുവരുടെയും മൃതദേഹം കൊണ്ടു പോയി. അവിടെ പൊതു ദർശനത്തിനു വച്ച ശേഷമാണ് വടക്കേമൈലക്കാട്ടേക്കു കൊണ്ടു വന്നത്. 2 മണിക്കൂറോളം വീട്ടിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ നാട്ടുകാരും സുഹൃത്തുക്കളും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ ഒട്ടേറെപ്പേർ എത്തിയിരുന്നു. 4.30ന് വീട്ടിലെ ശുശ്രൂഷ ചടങ്ങുകൾക്കു ശേഷം ഇരുവരുടെയും മൃതദേഹം സമീപത്തെ സെന്റ് ജോർജ് പള്ളിയിലേക്കു കൊണ്ടു പോയി.

ബുധനാഴ്ചയാണ് ഡെന്നീസും നിർമലയും തിരുവനന്തപുരത്ത് പഴവങ്ങാടിയിൽ ബൈക്കിടിച്ച് മരിച്ചത്. വിദേശത്തായിരുന്ന ഡെന്നീസ് കോവിഡ് മൂന്നാം ബൂസ്റ്റർ എടുത്ത ശേഷം ശാരീരിക അസ്വസ്ഥത ഉണ്ടായി. പിന്നീട് നാട്ടിലെത്തി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഒരാഴ്ചത്തെ ചികിത്സയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങവെയാണ് വിധി ഇരുവരെയും തട്ടിയെടുത്തത്. സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ നിന്നു മരുന്നു വാങ്ങാനായി ഭാര്യയും ഭർത്താവും റോഡ് മുറിച്ചു കടക്കാൻ നിൽക്കവേ കുട്ടികളുടെ മുന്നിൽ വച്ച് ഇരുവരെയും ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ആദ്യം ഡെന്നീസും വ്യാഴാഴ്ച പുലർച്ചെ നിർമലയും മരിച്ചു.