Saturday 16 March 2019 03:01 PM IST

‘ഡീ, ആ കണ്ടക്ടർ ചേട്ടന് എന്നെ ഇഷ്ടമാണെന്നു തോന്നുന്നു’; അപ്രതീക്ഷിത ട്വിസ്റ്റുകൾ നിറ‍ഞ്ഞ കിടിലനൊരു പ്രേമം!

Nithin Joseph

Sub Editor

sijo-reshma12 സിജോമോൻ, രേഷ്മ, മകൻ റയാൻ. ഫോട്ടോ: ബേസിൽ പൗലോ, വിഷ്ണു നാരായണൻ

ബസിൽ കയറിയാൽ കല്യാണം നടക്കുമെന്ന് പറഞ്ഞാൽ ആരുമൊന്ന് നെറ്റി ചുളിക്കും. പക്ഷേ, സംഗതി സത്യമാണ്. മൂന്നാറിൽ നിന്ന് കുയിലിമലയിലേക്കുള്ള  കെഎസ്ആർടിസി ബസിന്റെ പേരു തന്നെ ‘കല്യാണവണ്ടി’ എന്നാണ്. കഴിഞ്ഞ 16 വർഷത്തിനിടെ ഈ ബസ്സിൽ ജോലി ചെയ്ത ആറു കണ്ടക്ടർമാർ ജീവിതസഖിയായി കൂടെ കൂട്ടിയത് ഇതേ ബസിലെ യാത്രക്കാരികളെ. അവയോരോന്നും സംഭവബഹുലമായ കഥകൾ. 

സംഭവബഹുലം, ഈ പ്രണയം

കമ്പിളികണ്ടത്തുനിന്ന് ബസ് ചിന്നാറിൽ എത്തുമ്പോഴാണ് അടുത്ത കഥ തുടങ്ങാൻ പറ്റിയ സമയം. അതിന്റെ പിന്നിലൊരു കാരണവുമുണ്ട്. ‘ഡീ, ആ കെഎസ്ആർടിസിയിലെ കണ്ടക്ടർ ചേട്ടന് എന്നെ ഇഷ്ടമാണെന്നു തോന്നുന്നു. ഇടയ്ക്കിടെ ഇങ്ങോട്ട് നോക്കുന്നുണ്ട്.’ കൂട്ടുകാരിയുടെ ഡയലോഗ് കേട്ടപ്പോൾ ചിരിയാണ് വന്നത്. കണ്ടക്ടർ ചേട്ടൻ നോക്കുന്നത് കൂട്ടുകാരിയെ അല്ല, തന്നെയാണെന്ന് രേഷ്മയ്ക്ക് നന്നായറിയാം.

അപ്രതീക്ഷിത ട്വിസ്റ്റുകൾ അടിമുടി നിറ‍ഞ്ഞ കിടിലനൊരു പ്രേമം. തുടങ്ങുന്നത് വർഷങ്ങൾക്കപ്പുറം. രേഷ്മ അന്ന് മുരിക്കാശ്ശേരി പാവനാത്മ കോളജില്‍ ബി.കോം വിദ്യാർഥി. ഈ സമയത്താണ് സിജോ എന്ന സുന്ദരൻ മൂന്നാറിൽ നിന്ന് കുയിലിമലയ്ക്കുള്ള കെഎസ്ആർടിസി ബസിൽ കണ്ടക്ടറായി എത്തുന്നത്. അദ്യ കാഴ്ചയിൽ തന്നെ പ്രേമത്തിന്റെ സ്പാർക് സിജോ മനസ്സിലറിഞ്ഞു.

‘‘അടിമാലിക്കടുത്ത് അഞ്ചാം മൈൽ എന്ന സ്ഥലത്തുനിന്ന് പതിനൊന്ന് പെൺകുട്ടികൾ ഒരുമിച്ചാണ് എന്നും  ബസിൽ കയറുന്നത്. എല്ലാവരുടെയും ടിക്കറ്റ് ഒരുമിച്ച് എടുക്കുന്നത് രേഷ്മ. അങ്ങനെയാണ് അവളെ ശ്രദ്ധിച്ചു തുടങ്ങിയത്. ഉള്ളിലൊരു ഇഷ്ടം തോന്നിയപ്പോൾ കൂട്ടുകാരനായ രാജേഷിനോട് പറഞ്ഞു. ഇക്കാര്യത്തിൽ അവനാണല്ലോ മുൻഗാമി. അവൻ പിറ്റേന്ന് എനിക്കു വേണ്ടി രേഷ്മയോട് കാര്യം പറഞ്ഞു. അതിനു ശേഷമാണ് ഞാൻ സംസാരിച്ചത്.’’ 

sijo-reshma14

ഇതിനിടയിൽ സിജോ പോലും അറിയാത്ത മറ്റൊരു ട്വിസ്റ്റ് വെളിപ്പെടുത്തുകയാണ് രേഷ്മ. ‘‘എന്റെ കൂട്ടുകാരിക്കും ചേട്ടായിയെ ഇഷ്ടമായിരുന്നു. എന്നെ നോക്കുമ്പോൾ അവളുടെ വിചാരം അവളെയാണ് നോക്കുന്നതെന്നാണ്. ചേട്ടായി ഒരു പേപ്പറിൽ മൊബൈൽ നമ്പർ എഴുതിയിട്ട് എന്റെ കയ്യിൽ തന്നു. രണ്ടു ദിവസത്തേക്ക് ഞാൻ വാങ്ങിയില്ല. ഉടൻ കൂട്ടുകാരി ‘നീ നമ്പർ വാങ്ങിയില്ലെങ്കിൽ ഞാൻ വാങ്ങും’ എന്ന് പറഞ്ഞു. അവളോട് ചെറിയ കുശുമ്പ് തോന്നി എനിക്ക്. അടുത്ത ദിവസം ഞാൻ നമ്പർ വാങ്ങി. രണ്ടര വർഷം അങ്ങനെ പോയി. എല്ലാ ദിവസവും ബസിൽ വച്ച് കാണും. ചില ദിവസങ്ങളിൽ ഡ്യൂട്ടി കഴിഞ്ഞിട്ട് എന്നെ കോളജിൽനിന്ന് വീട്ടിൽ കൊണ്ടു വിടും.’’

പ്രണയം സിജോയുടെ വീട്ടിൽ അവതരിപ്പിച്ചപ്പോൾ ആർക്കും എതിർപ്പുണ്ടായില്ല. ‘‘എന്റെ വീട്ടുകാർ‍ രേഷ്മയുടെ വീട്ടിൽ പോയി കാര്യം സംസാരിച്ചപ്പോൾ ആദ്യം അവർ കല്യാണം നടത്തി തരാമെന്ന് പറ‍ഞ്ഞു. പിന്നെ, ഒരു ബന്ധുവിന്റെ വീട്ടിലേക്ക് അവളെ മാറ്റി. ഒരു മാസം ഒരു വിവരവുമറിയാതെ കടന്നു പോയി. മകളെ ഉപദേശിച്ച് മനസ്സ് മാറ്റാനുള്ള അവരുടെ ശ്രമങ്ങൾ പരാജയപ്പെട്ടു. തിരിച്ച് സ്വന്തം വീട്ടിലെത്തിയ ഉടനെ രേഷ്മ എന്നെ ഫോണിൽ വിളിച്ചു. വീട്ടിൽനിന്ന് ഇറങ്ങിയെന്ന് പറ‍ഞ്ഞു. ഞാൻ ചെന്ന് വിളിച്ചു കൊണ്ടു പോന്നു. റജിസ്റ്റർ വിവാഹം നടത്തി. കുറച്ച് നാൾ കഴിഞ്ഞ് വീട്ടുകാരുടെ പിണക്കം മാറി പള്ളിയിൽ വച്ച് ഞങ്ങൾ വിവാഹിതരായി. അതുവരെഎന്റെ ബന്ധുവിന്റെ വീട്ടിലായിരുന്നു രേഷ്മ. ഇപ്പോൾ പാതിവഴിയിൽ നിന്ന ബി.കോം പഠനം പൂർത്തിയാക്കിയ രേഷ്മ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.’’

പപ്പയും അമ്മയും ചേർന്ന് പറഞ്ഞുതീർത്ത സംഭവബഹുലമായ കഥയുടെ ക്ലൈമാക്സ് കേട്ട് കണ്ണുമിഴിച്ച് ഇരിക്കുന്നുണ്ട് യുകെജിക്കാരൻ റയാൻ. നാലു വർഷത്തോളം നീണ്ട പ്രണയകാല ഓർമകളിൽ ആദ്യം മനസ്സിൽ വരുന്നത് ഏതെന്ന് ചോദിച്ചാൽ സിജോ പറയും,

‘‘ഞായറാഴ്ചയൊഴികെ എല്ലാ ദിവസവും ബസിൽ ഭയങ്കര തിരക്കാണ്. ചിന്നാറിനും മുരിക്കാശ്ശേരിക്കുമിടയിൽ വലിയൊരു കയറ്റമുണ്ട്. ഇത്രയും ആളുകളെ വച്ചുകൊണ്ട് ബസ് കയറ്റം കയറില്ല. കയറ്റം തീരുന്നതു വരെ അര കിലോമീറ്ററോളം ദൂരം കുറെപ്പേർ ഇറങ്ങി നടക്കണം. സ്ഥിരം നടക്കുന്നത് രേഷ്മയുൾപ്പെടെയുള്ള സ്റ്റുഡന്റ്സാണ്. ഞാനും ഇറങ്ങും, ഒപ്പം നടക്കാൻ.’’ കഥ തീർന്നതും സിജോയുടെ പ്രണയകഥയിലെ കയറ്റമെത്തി. ഇപ്പോ, മനസ്സിലായില്ലേ ഇക്കഥ പറയാൻ പറ്റിയ സ്ഥലം ഇതാണെന്ന്. വേഗം ഇറങ്ങി നടന്നോ, ബസിനു മുൻപേ കയറ്റം കയറിത്തീർക്കണം.

മതമായിരുന്നു ഞങ്ങളുടെ പ്രണയത്തിലെ തടസ്സം; പക്ഷേ, ആ പേരിൽ ഇഷ്ടം വേണ്ടെന്ന് വയ്ക്കാൻ പറ്റില്ലല്ലോ!

‘ഉമേഷേട്ടൻ ഈ ബസിൽ കണ്ടക്ടറായി വന്നില്ലെങ്കിൽ ഒരുപക്ഷേ...’; ‘കല്യാണവണ്ടി’യിൽ കളിക്കൂട്ടുകാരിയെ തിരികെ കിട്ടിയ കഥ!

‘പ്രേമിക്കാൻ താൽപര്യമുണ്ടോ എന്നല്ല, എന്നെ കല്യാണം കഴിക്കാമോ എന്നാണ് ചോദിച്ചത്’; ട്വിസ്റ്റായി കുയിലിമല സവാരി