Tuesday 18 August 2020 11:27 AM IST

‘പത്തു കൊല്ലമായി ഉരുളക്കിഴങ്ങ് അല്ലാതെ മറ്റൊന്നും പുറത്തുനിന്നു വാങ്ങിയിട്ടില്ല’; മൂന്നര സെന്റില്‍ കൃഷിത്തോട്ടം ഒരുക്കി അദ്‌ഭുതം തീര്‍ത്ത് ലക്ഷ്മി

Lakshmi Premkumar

Sub Editor

lakshmi-agri1

സാധാരണ രാവിലെ എണീറ്റയുടൻ ഇന്ന് എന്താണ് കറി വെക്കാൻ എന്ന് ആലോചിക്കുന്ന വീട്ടമ്മമാരെല്ലാം നേരെ ചെന്ന് ഫ്രിഡ്ജ് തുറന്ന് നോക്കാറാണ് പതിവ്. എന്നാൽ ലക്ഷ്മി നേരെ ടെറസിലേക്കാണ് പോകുന്നത്. തന്റെ ടെറസിലേ തോട്ടത്തിൽ വിരിഞ്ഞ പച്ചക്കറികൾ എന്തൊക്കെ എന്ന് നോക്കും. കറികൾ ഫിക്സ് ചെയ്യും, പഴങ്ങൾ എന്തൊക്കെ എന്ന് നോക്കും ജ്യൂസ് ഫിക്സ് ചെയ്യും. ഇനിയിപ്പോ ബിരിയാണി ഉണ്ടാക്കുകയാണെങ്കിലും മസാല ഐറ്റംസ് ഫുൾ റെഡി. ഇതിപ്പോ ഇന്നോ ഇന്നലെയോ തുടങ്ങിയ കാര്യം അല്ല. പത്തു കൊല്ലമായി ഇതാണ് ശീലം. 

lakshmi-agri2

"മൂന്നര സെന്റിലാണ് ഞങ്ങളുടെ വീട്. കൊച്ചി വൈറ്റിലയിൽ. പത്തു കൊല്ലത്തോളമായി ഞാൻ ഈ ഫാർമിംഗ് ചെയ്യുന്നു. കഴിഞ്ഞ പത്തു കൊല്ലവും ഉരുളക്കിഴങ്ങ് ഒഴികെ വേറെ ഒന്നും പുറത്ത് നിന്നും വാങ്ങിയിട്ടില്ല."- വീട്ടുവിശേഷം വനിതാ ഓൺലൈനുമായി പങ്കുവയ്ക്കുമ്പോൾ ലക്ഷ്മി സി പിള്ളയുടെ കണ്ണുകളിൽ അഭിമാന തിളക്കം. 

"ഒരു മാഗസിനിൽ സബ് എഡിറ്റർ ആയി ജോലി ചെയ്യുമ്പോഴാണ് ഓർഗാനിക് ഫാർമിംഗിനെ കുറിച്ചും ടെറസ്സ് ഗാർഡനിങ്ങിനെ കുറിച്ചും കൂടുതൽ അറിയുന്നത്. ടെറസിനു മുകളിൽ എങ്ങനെ പച്ചക്കറി വളരും എന്നത് എനിക്ക് അപ്പോഴും സംശയം ആയിരുന്നു. എന്റെ സംശയ നിവാരണത്തിനായി ഞാനൊരു വീട്ടിൽ പോയി നോക്കി. സാമ്പത്തികമായി ഏറെ കഷ്ടത അനുഭവിക്കുന്നവർ, അവരുടെ വളരെ ചെറിയ സ്ഥലത്ത് ഇരുപതോളം മിൽമ കവറുകളിലായി പച്ചക്കറി തോട്ടം ഉണ്ടാക്കിയിരിക്കുന്നു. അവരുടെ ആവശ്യങ്ങൾക്ക് എല്ലാമുള്ള പച്ചക്കറി അവിടുന്നു കിട്ടുന്നുണ്ട്. 

lakshmi-agri5

അതൊരു കണ്ണ് തുറപ്പിക്കലായിരുന്നു. സ്ഥലമില്ല അതില്ല ഇതില്ല എന്നൊക്കെ മുറവിളി കൂട്ടുന്നവർ കാണേണ്ട കാഴ്ച. എങ്കിൽ പിന്നെ എന്തുകൊണ്ട് എനിക്ക് ആയിക്കൂടാ എന്നു തോന്നി. അങ്ങനെയാണ് മൂന്നര സെന്റിൽ പണിത വീടിന്റെ മുകളിൽ ഗാർഡൻ തുടങ്ങുന്നത്. മണ്ണിനു പകരം ചകിരി ചോറാണ് നിറക്കുന്നത്. ഉരുള കിഴങ്ങ് ഒഴികെ ബാക്കി എല്ലാ പച്ചക്കറിയും ടെറസിൽ ഉണ്ട്. മുന്തിരി, ഡ്രാഗൺ ഫ്രൂട്സ് തുടങ്ങി നമ്മൾ വമ്പൻ വില കൊടുത്ത് വാങ്ങുന്ന മിക്ക പഴങ്ങളും എന്റെ ടെറസിൽ സുലഭമാണ്. കഴിഞ്ഞ വിളവെടുപ്പിൽ എനിക്ക് 15 കിലോ സവാള ലഭിച്ചു. ആ സമയത്ത് സവാളയ്ക്ക് സ്വർണ വിലയായിരുന്നു. 

lakshmi-agri4

ഇതിനൊപ്പം തന്നെ സ്വന്തമായി ഒരു അഡ്വെർടൈസിങ് ഏജൻസി നടത്തുന്നുണ്ട്. ഏജൻസിയിൽ ക്രിയേറ്റീവ് കണ്ടന്റ് റൈറ്റർ എന്ന ജോലി കൂടിയുണ്ട്. ഈ ഫീൽഡ് ആയത് കൊണ്ട് ഒരുപാട് ബിൽഡേഴ്‌സൊക്കെ ക്ലൈന്റ് ആയിട്ടുണ്ട്. ഞാൻ അവരുടെ സെറ്റിൽ പോയി പെയിന്റ് പാട്ടയൊക്കെ ശേഖരിക്കും. എന്റെ ഭൂരിഭാഗം ചെടികളും വളരുന്നത് ഈ പാട്ടകളിലാണ്. 

എന്റെ ഭർത്താവ് ജീവൻ, മനോരമയിൽ ബിസ്സിനസ്സ് എഡിറ്റർ ആണ്. രണ്ട് ആൺമക്കൾ ആര്യനും സൂര്യനും. ഇവരുടെ എല്ലാം ഫുൾ സപ്പോർട്ട് ആണ് എന്റെ ഏറ്റവും വലിയ കരുത്ത്. ഭാവിയിൽ നല്ലൊരു ഫാം ഹൗസ് തുടങ്ങണം എന്നാണ് ആഗ്രഹം. അധ്വാനിക്കാൻ ഒരു മനസുണ്ടെങ്കിൽ ആർക്കും തോൽപ്പിക്കാൻ കഴിയില്ല എന്നാണ് വിശ്വാസം. ഒരു ഡ്രാഗൺ ചെടിയിൽ മൊട്ടിടുമ്പോൾ മുതൽ തുടങ്ങും നമ്മുടെ കാത്തിരിപ്പ്. അതു കായ്ച്ചു പഴുത്തു ആദ്യത്തെ പഴം നമ്മുടെ കൈകളിലേക്ക് കിട്ടുമ്പോൾ ഉള്ള സന്തോഷം ഉണ്ടല്ലോ അതിനു മറ്റൊന്നും പകരം വെക്കാൻ കഴിയില്ല."- ലക്ഷ്മി പറയുന്നു.

lakshmi-agri3
Tags:
  • Spotlight
  • Inspirational Story