Tuesday 09 November 2021 04:29 PM IST : By സ്വന്തം ലേഖകൻ

പായസം വിറ്റ് ഡയാലിസിസ്, നന്മയായി തിളച്ചു തൂവിയത് 45000 ലിറ്റർ പായസം: മാതൃകയായി ഈ നാട്

mega-payasam

ഇന്നൊരു നാട് മുഴുവൻ കാരുണ്യത്തിന്റെ മധുരമുള്ള പായസം കുടിക്കും. വൃക്കരോഗികൾക്ക് ഡയാലിസിസിനുള്ള ഫണ്ട് കണ്ടെത്താൻ അഭയം ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന പായസം ചാലഞ്ച് വഴിയാണ് നാട് മധുരം കഴിക്കാനൊരുങ്ങുന്നത്.  45,000 ലീറ്റർ പായസമാണ് ഇതിനായി ഉപയോഗിക്കുന്നത്. അടുപ്പു കൂട്ടി ഉരുളി വച്ച് അട വിതറി പായസമുണ്ടാക്കുന്നത് സൗജന്യ സേവനം നൽകാമെന്നേറ്റു വന്ന 150 കേറ്ററിങ് തൊഴിലാളികളാണ്. പന്തലും വെളിച്ചവും ഇവിടെ സൗജന്യമായി ഉയർന്നിട്ടുണ്ട്.

അട മുതൽ സകലതും പലരും സൗജന്യമായി നൽകി. സ്നേഹതീരം വൊളന്റിയർമാരും ട്രോമകെയർ പ്രവർത്തകരും പൊലീസ് വൊളന്റിയർമാരും നാട്ടുകാരും എന്നു വേണ്ട സകലരും സഹായത്തിനുമെത്തി. ഇന്നലെ രാത്രി 10 മണിയോടെ തുടങ്ങിയ പാചകം ഇന്നു രാവിലെയോടെ തീർന്നു. 8 മണിയോടെ ഇത് വിതരണം ചെയ്യും. 2 നഗരസഭകളിലും 12 പഞ്ചായത്തുകളിലുമായി പായസം ഓർഡർ ചെയ്തവർക്കെല്ലാം വൊളന്റിയർമാർ ഇത് എത്തിച്ചു നൽകും.

9 വർഷമായി പ്രവർത്തിക്കുന്ന അഭയം ഡയാലിസിസ് സെന്ററിനു കീഴിൽ 54 പേർക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നുണ്ട്. അതിനായി മാസം 5 ലക്ഷം രൂപയാണ് ചെലവെന്ന് ഭാരവാഹികൾ അറിയിച്ചു. സൊസൈറ്റിയുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കാനും ഭാരവാഹികൾ ഉദ്ദേശിക്കുന്നുണ്ട്. ഒരു കോടി രൂപയോളം സമാഹരിച്ച് ഡയാലിസിസ് ചെയ്യുന്നവരുടെ എണ്ണം നൂറിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.