Thursday 07 May 2020 02:28 PM IST : By സ്വന്തം ലേഖകൻ

ഓർമയായത് തിരുവാതിരയെ ജനകീയമാക്കിയ നര്‍ത്തകി! മാലതി ജി മേനോന് വിട നൽകി കലാലോകം

malathi

തിരുവാതിരയെ ജനകീയമാക്കിയ, പ്രശസ്ത നര്‍ത്തകിയും നൃത്താധ്യാപികയുമായ മാലതി ജി മേനോന്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. എറണാകുളം രവിപുരം ആലപ്പാട്ട് റോഡിലെ ജയവിഹാറിൽ ബുധനാഴ്ച രാത്രി 9.45ന് ആയിരുന്നു അന്ത്യം. കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു.

കേരള സംഗീത നാടക അക്കാദമി പുരസ്കാരം, കേരള നാടൻകലാ അക്കാദമി ഫെലോഷിപ്, ലിംക വേൾഡ് ഓഫ് റെക്കോഡ്, ഫോക്ലോർ അക്കാദമി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

കുമ്പളം ശ്രീവിലാസത്തിൽ കാർത്യായനിയമ്മയുടെയും ദാമോദരൻപിള്ളയുടെയും മകളാണ്. 1993ൽ പനമ്പള്ളിനഗർ ഗവ. ഹൈസ്കൂളിൽനിന്ന് അധ്യാപികയായി വിരമിച്ചു. ഭർത്താവ്: എറണാകുളം രവിപുരം കെ എൻ ഗോവിന്ദൻകുട്ടിമേനോൻ.മക്കൾ:- സുധാറാണി, ജയപ്രകാശ് നാരായൺ, ഉഷ റാണി. മരുമക്കൾ: പി രഘു, പ്രീത ബാലകൃഷ്ണൻ, അജിത് കുമാർ.

ഹിന്ദി അധ്യാപികയായിരുന്ന ഇവര്‍ വിരമിച്ച ശേഷമാണ് കലാരംഗത്തേക്ക് കടക്കുന്നത്. പാര്‍വണേന്ദു എന്ന പേരില്‍ തിരുവാതിര സ്കൂള്‍ രവിപുരത്ത് ആരംഭിച്ചു. പിന്നല്‍ തിരുവാതിര എന്ന നൂതന കലാരൂപം വികസിപ്പിച്ചെടുത്തു. മൂവായിരത്തിലേറെ സ്ത്രീകളെ അണിനിരത്തി എറണാകുളത്ത് അവതരിപ്പിച്ച പിന്നല്‍ തിരുവാതിര ചരിത്രമാണ്. ഇത് ലിംക ബുക് ഓഫ് വേള്‍ഡ് റെക്കോഡ്സില്‍ ഇടംപിടിച്ചു.

തിരുവാതിര പഠിപ്പിച്ചുവരവെ ഇടയ്ക്ക, കഥകളി, ചെണ്ട എന്നിവയിലും കൈവച്ചു. സംഗീതത്തിലും കഥകളിയിലും തിരുവാതിരയിലും ഒതുങ്ങി നില്‍ക്കുന്നതല്ല ഇവരുടെ കലാസപര്യ. പതിനഞ്ചോളം സിനിമകളിലും അഞ്ച് ലഘു ചിത്രങ്ങളിലും പരസ്യ ചിത്രങ്ങളിലും വേഷമിട്ടു. ഡാകിനി എന്ന സിനിമയില്‍ മുഖ്യകഥാപാത്രമായ ഡാകിനിയെ അവതരിപ്പിച്ചതും മാലതി ജി മേനോന്‍ ആണ്. പ്രസിദ്ധ ക്യാന്‍സര്‍ രോഗ ചികില്‍സകന്‍ ഡോ. പി വി ഗംഗാധരനെ സംബന്ധിച്ചു തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍ അദ്ദേഹത്തിന്റെ അമ്മയായി അഭിനയിച്ചു.