Thursday 01 July 2021 04:52 PM IST

‘ചിലർ പറയും സർപകോപം മൂലമാണ് ഞാനിങ്ങനെ ആയതെന്ന്’: അച്ഛന്റെ സുന്ദരിക്കുട്ടി... ഇന്ത്യയിലെ ആദ്യ ലൂക്കോഡെർമ മോഡൽ പറയുന്നു

Lakshmi Premkumar

Sub Editor

leucoderma ഫോട്ടോ: കാറ്റലിസ്റ്റ് സ്കോളേർസ്

പ്രതീക്ഷിതമായി തൊലിപ്പുറത്തുണ്ടായ നിറവ്യത്യാസവും അതു പടർന്നപ്പോഴുള്ള ആന്തലും തളർത്തിയ ഒരു കാലമുണ്ടായിരുന്നു. ഞാൻ മാത്രമെന്തു കൊണ്ട് ഇങ്ങനെയായിപ്പോയി എന്ന് ചിന്തിച്ച് കണ്ണിലൂടെ കടലൊഴുകിയ കാലം. പക്ഷേ, ജീവിതം കാത്തു വച്ചത് മറ്റൊരു സൂര്യോദയമായിരുന്നു. കളിയാക്കി ചൂണ്ടിയ വിരലുകൾക്ക് നേരെ മുഖമുയർത്തുമ്പോള്‍ മനസ്സിലൂടെ സ്കൂൾ കാലഘട്ടം ഓടി മറയും. കളിയാക്കലുകൾക്ക് മുന്നിൽ പകച്ചു നിന്നു പോയ, മനസ്സിലെ സങ്കടം പങ്കുവയ്ക്കാൻ ബെസ്റ്റ് ഫ്രണ്ട്സ് ഇല്ലാതെ, കടന്നു പോയ ദിനങ്ങൾ

വിളിക്കാതെ എത്തിയ വെളുപ്പ്

രണ്ടര വയസ്സിലാണ് ആദ്യമായി ഒരു ചെറിയ വെള്ള നിറം (ലൂക്കോഡെർമ) കണ്ണിന്റെ ചുവട്ടിലായി പ്രത്യക്ഷപ്പെട്ടത്. സോപ്പിന്റെയോ, കൺമഷിയുടെയോ അലർജിയായിരിക്കും എന്നാണ് അമ്മ കരുതിയത്. ദിവസങ്ങൾ കഴിയുംതോറും നിറം കൂടുതൽ ഭാഗത്തേക്ക് വ്യാപിക്കാൻ തുടങ്ങി. ഡോക്ടറാണ് ഉറപ്പിച്ചത് ഇത് ലൂക്കോഡെർമ എന്ന അസുഖമാണ്. ഈ നിറവ്യത്യാസം ശരീരത്തിൽ പലയിടങ്ങളിലായി വ്യാപിച്ചു കൊണ്ടിരിക്കും.

എന്റെ അച്ഛൻ ബി. കുട്ടികൃഷ്ണൻ, അമ്മ സുലോചന. ആലപ്പുഴയിലാണ് ഞങ്ങളുടെ വീട്. ചേട്ടൻ മനു. അ ച്ഛന്റെ അച്ഛന് ഈ രോഗം ഉണ്ടായിരുന്നു. അവസാന കാലമൊക്കെയായതോടെ അദ്ദേഹം മുഴുവനായും ഒരു ‘വൈറ്റ് പേഴ്സനായി’ മാറി. അച്ഛന്റെ സഹോദരങ്ങൾ പന്ത്രണ്ട് പേരാണ് അതിൽ തന്നെ ഒരു സഹോദരനും ഒരു സഹോദരിക്കും ഇതേ അവസ്ഥയുണ്ട്. എന്റെ തലമുറയിൽ എനിക്ക് മാത്രമേയുള്ളൂ.

ആദ്യമൊന്നും എനിക്കിതിന്റെ കാഠിന്യം മനസ്സിലായില്ല. ഞാൻ നോക്കുമ്പോൾ എന്നെ മാത്രം പുറത്ത് കളിക്കാൻ വിടുന്നില്ല. ഓട്ടത്തിനിടയിൽ തട്ടി വീണ് തൊലി പോയാൽ പിന്നീട് അവിടെ എങ്ങനെയുള്ള ചർമമായിരിക്കും വരിക എന്ന ടെൻഷനായിരുന്നു അമ്മയ്ക്ക്. വളരുന്നതിനനുസരിച്ച് വീട്ടുകാർ ചേർത്ത് നിർത്തുമ്പോഴും സമൂഹത്തിന്റെ പലഭാഗങ്ങളിൽ നിന്നും മാറ്റി നിർത്തൽ അനുഭവിച്ചിട്ടുണ്ട്. മുതിരും തോറും ഒറ്റപ്പെടലും കൂടി കൊണ്ടിരുന്നു. കളിക്കാൻ കൂട്ടുന്നില്ലെന്ന് അധ്യാപകരോട് പരാതി പറയുമ്പോള്‍ അവർ പറഞ്ഞത് പോലും ‘അസുഖമെങ്ങാനും പകർന്നാലോ’ എന്നാണ്. അധ്യാപകർക്ക് പോലും ഈ രോഗത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല.

manju

അച്ഛനെന്ന തണൽ

പെട്ടെന്ന് തളർന്നു പോകുന്ന പെൺകുട്ടിയായിരുന്നു ഞാ ൻ. മറ്റുള്ളവർ ഏതെങ്കിലും രീതിയിൽ എന്നെയൊന്ന് പരാമർശിച്ചാൽ പോലും വിഷമത്തിലാകും. ആ സമയത്തൊക്കെ എന്റെ കരുത്തും എനർജിയും അച്ഛനാണ്. ഓർമ വച്ച നാൾ മുതൽ അച്ഛൻ എപ്പോഴും എന്നോട് ചോദിക്കുന്ന ഒരു കാര്യമുണ്ട്, ‘എവിടെ, അച്ഛന്റെ സുന്ദരിക്കുട്ടിയെവിടെ’ എന്ന്... ഞാൻ കൈകളുയർത്തി ‘അതു ഞാനാണ്’ എന്ന് തിരികെ പറയുന്നതു വരെ അച്ഛനാ ചോദ്യം ആവർത്തിക്കും. ഏതു പ്രായത്തിലും അച്ഛനത് ചോദിക്കുമായിരുന്നു. കഴിഞ്ഞ വർഷമാണ് അച്ഛൻ മരിച്ചത്.

ചിലപ്പോൾ സ്കൂളിലേക്ക് പോകുന്ന വഴി ആളുകൾ കളിയാക്കുന്നത് കേൾക്കും, ചിലർ പറയും ‘സർപ കോപം’ മൂലമാണ് ഇങ്ങനെ വരുന്നതെന്ന്.’ അന്ന് വൈകുന്നേരം മ നസ്സിൽ അടക്കി വച്ചിരുന്ന സങ്കടങ്ങളുടെ ഭാണ്ഢക്കെട്ടുകൾ മുഴുവൻ തുറക്കും.

അഭിമുഖത്തിന്റെ പൂർണരൂപം വനിത ജൂൺ ലക്കത്തിൽ വായിക്കാം

ലക്ഷ്മി പ്രേംകുമാർ

ഫോട്ടോ: കാറ്റലിസ്റ്റ് സ്കോളേർസ്