Friday 08 October 2021 10:47 AM IST

പീഡിപ്പിക്കാൻ ശ്രമിച്ചതിനു പരാതി കൊടുത്തു; ഒടുവിൽ എത്തിയത് വ്യഭിചാരക്കുറ്റത്തിനു ജയിലിൽ: അനുഭവങ്ങളെ അക്ഷരമാക്കി മീരയുടെ ‘സിന’

Binsha Muhammed

meera

നടന്നു തീർത്ത വഴികൾ, അനുഭവിച്ച യാതനകൾ, നിരപരാധിത്വം തെളിയിക്കാൻ പോലുമാകാതെ ഇരുട്ടറയിൽ കഴിഞ്ഞ ദിനങ്ങൾ. അവയെ എല്ലാം ദുസ്വപ്നങ്ങളെന്ന് വിളിക്കാനാണ് മീരയ്ക്കിഷ്ടം. ദുഃസ്വപ്നങ്ങൾക്ക് നീർക്കുമിളകളുടെ ആയുസ് മാത്രമേയുള്ളൂ. പക്ഷേ താനനുഭവിച്ചത് എത്ര മറക്കാൻ ശ്രമിച്ചിട്ടും ഉള്ളിന്റെ ഉള്ളിൽ കൊത്തിവലിക്കുന്നു.

‘ആൺതുണയില്ലാത്തവളാണ്, നിരാലംബയാണ്. ജീവിതം തേടി മണലാരണ്യത്തിലെത്തിയ ഞാൻ ഒറ്റയ്ക്കാണ്. ഒറ്റയ്ക്ക് നിന്ന് തന്റേടത്തോടെ ജീവിതം കെട്ടിപ്പെടുക്കുന്ന പെണ്ണുങ്ങൾ എന്തിനും തയ്യാറായി നിൽപ്പുണ്ടാകുമെന്ന് ആ നരാധമന്‍ ചിന്തിച്ചിരിക്കണം. ദുരുദ്ദേശ്യത്തോടെ എന്നെ കടന്നു പിടിച്ച അയാൾ എന്റെ ജീവിതം മനസിലാക്കിയിരുന്നു. എന്റെ നിസഹായത മനസിലാക്കി അരുതാത്ത ഉദ്ദേശ്യത്തോടെ എന്റെയടുത്തേക്ക് വന്നതും അതുകൊണ്ടാകാം. പക്ഷേ കുതറിയോടിട്ടൊടുവിൽ നിയമത്തിന്റെ വാതിലുകൾ മുട്ടുമ്പോഴും എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. അറബ് നാട്ടിലെ നിയമം എന്നെ തുണയ്ക്കുമെന്ന്. പക്ഷേ എന്തു ചെയ്യാൻ എപ്പോഴത്തേയും പോലെ ഞാൻ ഒറ്റയ്ക്കായിരുന്നു. ഒടുവിൽ വിധി വന്നപ്പോൾ ഞാൻ തെറ്റുകാരിയയായി. എനിക്കു മേൽ ചാർത്തപ്പെട്ട കുറ്റം, സിനാ... അഥവാ വ്യഭിചാരം.’– ഒരു നെടുവീർപ്പോടെ മീര പറഞ്ഞു തുടങ്ങുകയാണ്.

കോഴിക്കോട് വടകര സ്വദേശി മീര ടോംസ് ദുബായിലെ ജയിലറകളിൽ മൂന്നു മാസം കഴിച്ചു കൂട്ടിയ കഥ പലരും അറിഞ്ഞതു പോലുമില്ല. നിരപരാധിയാണ് താനെന്ന് പറയാന്‍ പോലുമാകാതെ അറബ് നാട്ടിലെ നിയമപ്രകാരമുള്ള വ്യഭിചാര കുറ്റം ചാർത്തപ്പെട്ട് ജയിലഴിക്കുള്ളിൽ. പക്ഷേ ആയിരംവട്ടം താൻ തെറ്റുകാരിയല്ലെന്ന് തന്റെ മനസാക്ഷിയെ പറഞ്ഞു പഠിപ്പിക്കാനേ മീരയ്ക്കാകുമായിരുന്നുള്ളൂ. അക്രമിക്കപ്പെട്ടവളെ ഇരുട്ടിലും അക്രമിയെ സ്വാതന്ത്ര്യപൂർവം പുറത്തും നിർത്തിയ നിയമത്തോട് പോരാട്ടം നടത്താനുള്ള ശേഷി മീരയ്ക്കില്ലായിരുന്നു. ജയിലറയ്ക്കുള്ളിൽ നിന്നു കൊണ്ട് അതിന് കഴിഞ്ഞില്ല എന്നതാണ് സത്യം.

പക്ഷേ അനുഭവിച്ച യാതനകളെ, നീതി നിഷേധത്തെ ലോകത്തോട് വിളിച്ചു പറയണമെന്ന് തോന്നി. മീര ടോംസിന്റെ ഹൃദയാക്ഷരങ്ങൾ ‘സിനാ’ എന്ന പുസ്തകമായി പിറവി കൊണ്ടത് അങ്ങനെയാണ്.

കണ്ണുനീരും നെടുവീർപ്പും അടക്കിപ്പിടിച്ച് അജ്മാനിലെ ജയിലിൽ കഴിച്ചു കൂട്ടിയ ദിനങ്ങൾ, ജയിലിൽ കണ്ട നിസഹായരുടെ നിലവിളികൾ... സിനായുടെ ഇതളുകൾ വിരിയുമ്പോൾ അവളുടെ ജീവിതം കൂടിയാണ് തുറക്കപ്പെടുന്നത്. വായനയുടെ ലോകത്ത് ചർച്ചയാകുന്ന തന്റെ ജീവിതാനുഭവങ്ങളെ കുറിച്ച് മീര മനസു തുറക്കുന്നു.

meera-2

താലിച്ചരടില്‍ പൊലിഞ്ഞു സ്വപ്നങ്ങൾ

‘വേദനിപ്പിച്ച... ഒറ്റയ്ക്കാക്കിയ വിധിയോട് എനിക്ക് പരിഭവമില്ല. എല്ലാ വേദനകളേയും പ്രതിസന്ധികളേയും ജയിക്കാനുള്ള പാഠം ജീവിതം എനിക്കു പണ്ടേക്കു പണ്ടേ തന്നിരുന്നു. തോൽപ്പിച്ചവരോടും വേദനിപ്പിച്ചവരോടും ജീവിതം കൊണ്ടു തന്നെയാണ് മറുപടി പറഞ്ഞിട്ടുള്ളത്. പക്ഷേ ഇവിടെ മാത്രം നിസഹായയായി പോയി. ഭാഷ പോലും നേരാംവണ്ണം വഴങ്ങാത്ത നാട്ടിൽ ഞാൻ തെറ്റുകാരിയായി.’–മീര പറഞ്ഞു തുടങ്ങുകയാണ്.

ഡിഗ്രി കഴിഞ്ഞ് എംസിഎയ്ക്ക് ചേരുക. നല്ല ജോലി നേടുക. സ്വന്തം കാലിൽ നിൽക്കുക. ഒത്തിരി ആഗ്രഹങ്ങളുണ്ടായിരുന്നു. പക്ഷേ എല്ലാ സ്വപ്നങ്ങളേയും വീട്ടുകാർ താലിച്ചരടിൽ കുരുക്കി. 18 കൊല്ലം മുമ്പ് വീട്ടുകാരുടെ നിർബന്ധ പ്രകാരം എനിക്ക് ഒരാളുടെ മുന്നിൽ തലകുനിക്കേണ്ടി വന്നു. എല്ലാം സ്വപ്നങ്ങളേയും കുഴിച്ചു മൂടി ജീവിക്കാൻ ഇറങ്ങിത്തിരിക്കുമ്പോൾ ആകെ പ്രതീക്ഷിച്ചത് സ്വസ്ഥവും സമാധാന പൂർണവുമായ ജീവിതമാണ്. പക്ഷേ, അവിടെ എനിക്ക് തെറ്റി. എന്റെ വീട്ടുകാർക്ക് തെറ്റി എന്ന് പറയുന്നതാകും കൂടുതൽ ശരി.

ശരിക്കും അബ്യൂസീവ് ആയിരുന്നു അയാൾക്കൊപ്പമുള്ള ജീവിതം. ഫിസിക്കലി, മെന്റലി, സെക്ഷ്വലി ഒക്കെ അയാളെന്നെ ഉപദ്രവിച്ചു. ‘മാരിറ്റൽ റേപ്പ്’ എന്നൊക്കെ മലയാളി ഈയടുത്ത കാലത്തല്ലേ കേൾക്കാനും പറയാനും തുടങ്ങിയത്. പക്ഷേ, ഞാൻ അന്നത് ശരിക്കും അനുഭവിച്ചു. എന്ത് ചെയ്താലും കുറ്റം, ഒരു പൊട്ടു തൊട്ടാൽ ഒരു കമ്മലിട്ടാൽ ഒക്കെ അയാൾക്ക് പ്രശ്നമായിരുന്നു. അതൊക്കെ കണ്ടിട്ട് അയാളെന്നെ വേശ്യ എന്നാണ് വിളിച്ചിരുന്നത്. ഏത് പെണ്ണാണ് അതൊക്കെ സഹിക്കുക. ആകെപ്പാടെ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത് പള്ളിയിൽ പോകാനാണ്. അപ്പോഴും ഇതേ പ്രയോഗങ്ങളും ഉപദ്രവങ്ങളുമായി വേദനിപ്പിക്കും. എല്ലാം ഇട്ടെറിഞ്ഞു പോകാൻ ആഗ്രഹിച്ചപ്പോൾ, വീട്ടുകാർ എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്തു പോകാനാണ് പറഞ്ഞത്. കല്യാണം കഴിഞ്ഞില്ലേ... ഇനി പറഞ്ഞിട്ടെന്തു കാര്യം എന്ന മട്ടിൽ. പക്ഷേ എനിക്ക് എന്നെ നഷ്ടപ്പെടാൻ വയ്യായിരുന്നു. ഒടുവിൽ എല്ലാം ഇട്ടെറിഞ്ഞ് ആ ജീവിതം അവസാനിപ്പിക്കുമ്പോൾ വർഷം 4 കഴിഞ്ഞു. നരകതുല്യമായ നാലു വർഷങ്ങൾ.

ആണ്‍തുണയില്ലാതെ അതിജീവനം

സ്വന്തം കാലിൽ നിൽക്കുക. ഒടിഞ്ഞു മടങ്ങിയ ജീവിതം നിവർത്തിയെടുക്ക. ബംഗളൂരുവിലേക്ക് ജോലിക്ക് വണ്ടി കയറുമ്പോൾ അതായിരുന്നു മനസിൽ. കയ്യിലുള്ള ഫിസിക്സ് ബിരുദവുമായി ബംഗളുരുവിലേക്ക്. അവിടെ ഒരു റിസോർട്ടിൽ കുറച്ചു കാലം അക്കൗണ്ടന്റായി ജോലി ചെയ്തു. അത് കഴിഞ്ഞ് ഒരു ബാങ്കിങ് സ്ഥാപനത്തിൽ. ജീവിതം പതിയെ പതിയെ മുന്നോട്ടു പോകുകയാണ്. 2009ൽ ബംഗളൂരുവിൽ വച്ച് ദുബായിലേക്ക് ഒരു ജോലിക്കുള്ള ഇന്റർവ്യൂ അറ്റന്റ് ചെയ്തു. ഒരു ഷിപ്പിങ് കമ്പനിയില്‍ ജോലി കിട്ടി എന്റെ പ്രവാസ ജീവിതം അവിടെ തുടങ്ങി. നല്ല ജോലി, നല്ല ശമ്പളം. ജീവിതം പച്ചതൊട്ടു തുടങ്ങുകയാണ്. കുറേക്കാലത്തെ എക്പീരിയൻസിന് ശേഷം ദുബായിലെ തന്നെ പ്രമുഖമായ അൽഫുത്തൈം കമ്പനിയിൽ സെയിൽസ് ജോലി കിട്ടി. വളരെയധികം സന്തോഷത്തോടെ മുന്നോട്ടു പോയ നാളുകൾ. സ്വന്തം കാലിൽ നിൽക്കാമെന്നായപ്പോൾ പാതിയിൽ മുടങ്ങിയ പഠനം പൊടിതട്ടിയെടുക്കണം എന്ന മോഹമുദിച്ചു. അത്യാവശ്യം എഴുതാനുള്ള കഴിവുണ്ട്. ജേണലിസമോ എൽഎൽബിയോ പോലെ സമൂഹത്തോട് ചേർന്നു നിൽക്കുന്ന ഒരു ജോലിയാണ് ആഗ്രഹിച്ചത്. ഗൾഫിലെ ജോലിക്ക് താത്കാലിക അവധി നൽകി തിരുവനന്തപുരം ലോ അക്കാദമിയിൽ പഠനത്തിന് ചേർന്നതുമാണ്. പക്ഷേ പലവിധ സാഹചര്യങ്ങൾ കൊണ്ട് അത് തുടരാനായില്ല. ഒടുവിൽ രണ്ടായിരത്തി പതിനെട്ടോടെ വീണ്ടും ദുബായിലേക്ക്. മുമ്പ് ജോലി ചെയ്ത അൽ ഫുത്തൈം കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്തതാണ്. പക്ഷേ മുമ്പ് ചെയ്ത ജോലി അല്ലാത്തതു കൊണ്ട് അവിടെ ചേരാൻ താത്പര്യം പ്രകടിപ്പിച്ചില്ല.

meera-3

ഒരു പെട്രോളിയം കമ്പനിയിൽ ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ അവസരം ലഭിച്ചത് പിന്നാലെയാണ്. അതും ഇങ്ങോട്ടു വന്ന അവസരം. അന്ന് ആ കമ്പനിയിൽ ജോലിയും ലഭിച്ചു. ആ കമ്പനിയുടെ മുതലാളി ഒരു മലയാളിയായിരുന്നു. അയാള്‍ തുടക്കത്തിൽ ഇന്റർവ്യൂ പാനലിലും ഉണ്ടായിരുന്നു. എന്റെ ലൈഫും എക്സ്പീരിയൻസും അന്ന് ആ ഇന്റർവ്യൂവിൽ നിന്ന് അയാൾ മനസിലാക്കിയിരിക്കണം. എന്നെപ്പോലൊരു പെണ്ണ്, അതും ഭർത്താവിന്റെ തുണയോ സഹായമോ ഇല്ലാതെ ഒറ്റയ്ക്ക് നിൽക്കുന്ന പെണ്ണ്. ആ എന്റെ അവസ്ഥയും സാഹചര്യവും മുതലാക്കിയാകണം, ഒരിക്കൽ എന്റെ താമസ സ്ഥലത്തു വന്നു. എന്നോട് മോശമായി പെരുമാറി. എന്നെ കടന്നു പിടിക്കാൻ ശ്രമിക്കുന്നതിനിടെ എന്നോട് അയാൾ പറഞ്ഞ വാക്കുകൾ ഇപ്പോഴും എനിക്ക് അറപ്പുളവാക്കുന്നുണ്ട്. ‘നീയൊക്കെ ഏത് ജോലിക്ക് പോയാലും, അവസാനം ഇങ്ങനത്തെ പണിയിലേ എത്തി നിൽക്കൂ.’ ഇപ്പോഴും ഞാൻ അതോർക്കാറുണ്ട്. അതെന്താ ജോലിക്കു പോകുന്ന പെണ്ണുങ്ങളെല്ലാം മോശക്കാരികളാണോ? അന്ന് അയാളുടെ റേപ്പ് അറ്റംപ്റ്റ് മറികടന്ന് ഞാൻ അവിടുന്നു ശരിക്കും ഓടി രക്ഷപ്പെടുകയായിരുന്നു.

‘സിന’ അനുഭവിച്ചറിഞ്ഞത്

അതെന്നെ ശരിക്കും മാനസികമായി തളർത്തിയ അനുഭവമായിരുന്നു. ഒരു ട്രോമയ്ക്കപ്പുറം വല്ലാത്തൊരു അസ്വസ്ഥതയാണ് എനിക്ക് സമ്മാനിച്ചത്. ഏറെ നാൾ ഒറ്റയ്ക്കിരുന്ന് കരഞ്ഞു. വല്ലാതെ മനസു നൊന്തു. അയാളുടെ കമ്പനിയിലെ ജോലി വിട്ടെറിഞ്ഞ് വരുമ്പോൾ തരാനുള്ള ശമ്പളം പോലും തന്നിട്ടുണ്ടായിരുന്നില്ല. ഞാൻ കേസിന് പോകും എന്ന് തോന്നിയതു കൊണ്ടാകണം ഫോൺ വിളിച്ച് ഭീഷണിയും തെറിവിളികളുമായി. സഹികെട്ടാണ് പൊലീസിനു പരാതി നൽകിയത്. നടന്നതെല്ലാം പൊലീസിനെ ധരിപ്പിച്ചു. പക്ഷേ അയാൾ എത്തിയതോടെ കഥ മുഴുവൻ തലകീഴായി. 25 കൊല്ലമായി ദുബായിലുള്ള അയാൾക്ക് അറബിയില്‍ നല്ല പരിജ്ഞാനമാണ്. മറ്റൊരു കള്ളക്കഥയുണ്ടാക്കി എന്നെ തെറ്റുകാരിയാക്കി. എന്റെ സമ്മതപ്രകാരമാണ് അയാൾ അവിടെ വന്നതെന്നും സിന അഥവാ വ്യഭിചാരമാണ് നടന്നതെന്നും വരുത്തി തീർത്തു. അവിടെ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് പോലുമറിയാതെ ഞാന്‍ നിന്ന നിമിഷങ്ങൾ. ഇടയ്ക്കെപ്പോഴോ ആശുപത്രിയിൽ കൊണ്ടു പോയി. എന്തൊക്കെയോ പരിശോധന നടന്നു. പിന്നെ ഞാൻ കാണുന്നത് ജയിലിന്റെ മതിലാണ്. മൂന്ന് മാസം, ഒരു തെറ്റും ചെയ്യാത്ത ഞാൻ ജയിലിന്റെ ഇരുട്ടറയ്ക്കുള്ളിൽ. നെഞ്ചുനീറിയും തകർന്നും ഞാൻ കടന്നു പോയ ആ മൂന്ന് മാസം, എന്നെ സംബന്ധിച്ചടത്തോളം ചെറിയ കാലമല്ല.

meera-4

ജയിൽ അവിടെ മറ്റൊരു ലോകം കാണിച്ചു തന്നു. അവിടെ ഞാൻ കണ്ട നിരാലംബരായ പെണ്ണുങ്ങളുടെ നിലവിളികൾ, കരച്ചിലുകൾ എല്ലാം എന്റെ പുസ്തകത്തിലുണ്ട്. വിയറ്റ്നാം പോലുള്ള രാജ്യങ്ങളിൽ നിന്നും മസാജിങ്ങ് ജോലിക്കു വേണ്ടി വരുന്ന സ്ത്രീകളെ സെക്സ് റാക്കറ്റിൽ പെടുത്തുന്ന ചതിക്കുഴികളുടെ നേർസാക്ഷ്യമായിരുന്നു ഞാനവിടെ കണ്ടത്. സംഭവിക്കുന്നത് എന്തെന്നു പോലും അറിയാതെ, ഭാഷയറിയാതെ ജയിലില്‍ അടയ്ക്കപ്പെട്ട പാവങ്ങൾ.

പറഞ്ഞതു തന്നെ വീണ്ടും ആവർത്തിക്കുന്നു. എഴുതിവച്ചതൊന്നും വെറുമൊരു നേരമ്പോക്കല്ല. സിന എന്റെ ഉള്ളിലെരിഞ്ഞ വേദനകളുടെ, ഞാന്‍ അനുഭവിച്ചു തീർത്ത ജീവിതങ്ങളുടെ നേർസാക്ഷ്യമാണ്. ചാരത്തില്‍ നിന്നും ഉയിർത്തെഴുന്നേറ്റ ഒരു ഫീനിക്സ് പക്ഷിയുടെ വാശിയുടെ കഥയാണിത്. സാപ്പിയൻ ലിറ്ററേച്ചറാണ് പുസ്തകം പ്രസിദ്ധീകരണത്തിനെത്തുന്നത്. അവസാന വട്ട തിരുത്തുകൾ പൂർത്തിയാക്കി പുസ്തകം ഉടന്‍ വായനക്കാരിലേക്കെത്തും.