Saturday 01 August 2020 11:17 AM IST : By സ്വന്തം ലേഖകൻ

മദ്യലഹരിയിൽ നാലുമാസം പ്രായമുള്ള മകളുടെ ദേഹത്ത് കയറിക്കിടന്നു; കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു! അമ്മ കുറ്റക്കാരി അല്ലെന്ന് കോടതി

baby7768543 Representative Image

മദ്യലഹരിയിൽ പിഞ്ചുകുഞ്ഞിന്റെ ദേഹത്ത് കയറിക്കിടന്നത് മൂലം കുട്ടി മരണപ്പെട്ട സംഭവത്തിൽ അമ്മ കുറ്റക്കാരിയല്ലെന്ന് കോടതി. 2013 ൽ യുഎസിലെ മെറിലാൻഡിലാണ് സംഭവം നടന്നത്. കേസിൽ അമ്മ മോറിസൺ കുറ്റക്കാരിയാണെന്നും 20 വർഷം ശിക്ഷ അനുഭവിക്കണമെന്നുമായിരുന്നു കീഴ്ക്കോടതി വിധി. എന്നാൽ അമ്മയെ കുറ്റക്കാരിയായി വിധിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ പരമോന്നത കോടതി മുൻപത്തെ വിധിയും ശിക്ഷാകാലാവധിയും റദ്ദാക്കി. 

ബിയര്‍ കുടിച്ച ശേഷം നാലുമാസം പ്രായമുള്ള മകൾക്കൊപ്പം അമ്മ കിടന്ന് ഉറങ്ങുന്നത് കുറ്റകരമല്ലെന്നും പക്ഷേ, അമ്മാർ കുറച്ച് കൂടി ശ്രദ്ധാലുക്കളാവണമെന്നും കോടതി നിരീക്ഷിച്ചു. കേസിൽ അമ്മയെ ശിക്ഷിക്കുന്നത് സ്ത്രീകളെ ഭാവിയിൽ പലതരത്തിൽ ബാധിക്കുമെന്നും ജഡ്ജി വ്യക്തമാക്കി. 2016 ൽ കേസിന്റെ വിചാരണയ്ക്കിടെ താൻ 12 ഔൺസ് ബീയറും 40 ഔൺസ് മദ്യവും കഴിച്ചിരുന്നതായി മോറിസൺ വെളിപ്പെടുത്തിയിരുന്നു. 

പുലർച്ചെ അമ്മ അനിയത്തിയുടെ മുകളിൽ കയറിക്കിടക്കുന്നത് കണ്ട് തട്ടി ഉണർത്തിയെങ്കിലും മോറിസൺ ഗാഢനിദ്രയിലായിരുന്നുവെന്നു മൂത്തമകൾ മൊഴി നൽകി. മകൾ മരിച്ചശേഷം മോറിസൺ കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നുവെന്നും, മകളുടെ മരണത്തിന് താനാണ് കാരണക്കാരിയെന്ന സങ്കടത്തിൽ കഴിയുകയായിരുന്നുവെന്നും അഭിഭാഷക കോടതിയെ അറിയിച്ചു. സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ മോറിസണിന് കൗൺസിലിങ്ങും ഏർപ്പാടാക്കി.

Tags:
  • Spotlight