Thursday 09 December 2021 04:52 PM IST

‘എന്റെ കുടുംബം പതിമൂന്നാമത്തെ വാടകവീട്ടിലാണ്, സമ്പാദ്യം കല്യാണത്തില്‍ കളയാന്‍ എങ്ങനെ മനസുവരും’ :‘ കണ്ണീരാകരുത് കല്യാണം...’ : മൃദുല പറയുന്നു

V.G. Nakul

Sub- Editor

mrudula-1

ബാങ്കുകളായ ബാങ്കുകളൊക്കെ വാതിലുകൾ കൊട്ടിയടച്ചപ്പോൾ, അവസാന പ്രതീക്ഷയും അസ്തമിച്ചപ്പോൾ ഒരുമുഴം കയറിൽ എല്ലാം അവസാനിപ്പിച്ച വിപിന്റെ ചിതയിലെ തീ ഇനിയും കെട്ടടങ്ങിയിട്ടുണ്ടാകില്ല. ആ ചെറുപ്പക്കാരന്റെ മരണം വേദനയായി മുന്നിലുള്ളപ്പോഴും പാഠം പഠിക്കാത്ത മലയാളി അടുത്ത കല്യാണ കച്ചവടം ഏതെങ്കിലും വീടിന്റെ ഉമ്മറത്തിരുന്ന് ഊട്ടിയുറപ്പിക്കുന്നുണ്ടാകും. വിവാഹ ധാരാളിത്തങ്ങൾ നൽകിയ ബാധ്യതകളുടെ കെട്ടുമാറാപ്പുകളും പേറി ജീവിക്കുന്ന ശരാശരി കുടുംബങ്ങളുടെ കണ്ണീരിനെ സാക്ഷിയാക്കി ‘വനിത ഓൺലൈൻ’ വേറിട്ട ചില ജീവിതങ്ങളെ പരിചയപ്പെടുത്തുകയാണ്. പവൻ തിളക്കമോ പണച്ചാക്കുകളോ ഇല്ലാതെ ആഘോഷങ്ങളില്ലാതെ ജീവിക്കാൻ തീരുമാനിച്ചവരുടെ കഥ. ഇട്ടുമൂടാൻ പണ്ടമോ ബാങ്ക് ബാലൻസോ ഇല്ലാതെ ലളിതമായി കല്യാണം നടത്തിയവരുടെ മാതൃകാ ജീവിതകഥ.‘വനിത ഓൺലൈൻ പരമ്പര’ തുടരുന്നു – ‘കണ്ണീരാകരുത് കല്യാണം...’

കടം വാങ്ങിയും ആഡംബരങ്ങൾ നിറച്ചും ആഘോഷമാക്കേണ്ടതുണ്ടോ ഒരു വിവാഹം. ചോദ്യം മലയാളത്തിന്റെ പ്രിയ നടി മൃദുല വിജയ്‌യോടാണെങ്കിൽ വേണ്ട എന്നാകും ഉത്തരം. വിവാഹങ്ങൾ എപ്പോഴും ലളിതവും സുന്ദരവുമായിരിക്കണമെന്ന പക്ഷക്കാരിയാണ് മൃദുല. ഒരു ദിവസത്തിന്റെ ആരവങ്ങൾക്കായി അത്യാഡംബരം എന്തിനാണെന്ന് മൃദുല ചോദിക്കുന്നു. കല്യാണം എങ്ങനെയാണെങ്കിലും ദാമ്പത്യം സുന്ദമായിരിക്കുകയെന്നതാണ് പ്രധാനം. ഇതൊന്നും മൃദുല വെറുതെ പറയുന്നല്ല. സ്വന്തം കല്യാണത്തിൽ ഈ ലാളിത്യം പ്രാവർത്തികമാക്കിയയാളാണ്.

കഴിഞ്ഞ ജൂലായ് എട്ടിനാണ് മൃദുലയും നടൻ യുവ കൃഷ്ണയും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചെറിയ ചടങ്ങ്. എന്നാൽ ലാളിത്യത്തിന്റെ സൗന്ദര്യവും സന്തോഷവും ആവോളം നിറഞ്ഞ മുഹൂർത്തം...വിവാഹച്ചെലവിന്റെ പേരിൽ കടം കയറിയും നിൽക്കക്കള്ളിയില്ലാതെയും പലരും ആത്മഹത്യയില്‍ രക്ഷ തേടുമ്പോൾ അനുകരണീയമായ ഒരു മാതൃകയാണ് മൃദുലയും യുവയും മുന്നോട്ടു വച്ചത്. പ്രത്യേകിച്ചും താരവിവാഹങ്ങള്‍ ആഡംബരത്തിന്റെ അവസാനവാക്കുകളാകുന്ന കാലത്ത്...

‘‘ഒരു ദിവസത്തിനു വേണ്ടി ഇത്രയധികം പണം മുടക്കേണ്ടതുണ്ടോ എന്ന ചിന്ത എപ്പോഴും എന്റെ മനസ്സിലുണ്ട്. വെറുതെ പണം കളയുകയാണ്. അതുണ്ടെങ്കിൽ വേറെ എന്തൊക്കെ കാര്യങ്ങൾ ചെയ്യാം. ഇതാണ് എന്റെ പോളിസി. അതുകൊണ്ട് എവിടെയൊക്കെ അനാവശ്യമായ ചെവല് കുറയ്ക്കാം എന്നു ശ്രദ്ധിച്ച്, അതൊക്കെ കുറച്ച് കാണുന്നവർക്ക് വൃത്തികേടായി തോന്നാത്ത തരത്തിലാണ് ഞാൻ കല്യാണത്തിന്റെ എല്ലാ ഘട്ടങ്ങളും ആസൂത്രണം ചെയ്തത്. വളരെ ശാന്തമായാണ് ഞങ്ങളുെട വിവാഹം നടന്നതെന്ന് എല്ലാവരും പറഞ്ഞു. ആഡംബങ്ങളുണ്ടായില്ല എന്നാൽ ആവശ്യങ്ങളിൽ വിട്ടുവീഴ്ചയുമുണ്ടായില്ല. അതു ഞാൻ മാത്രം തീരുമാനിച്ചാൽ നടക്കില്ലായിരുന്നു. എന്റെ കുടുംബവും യുവച്ചേട്ടന്റെ കുടുംബവും പൂർണ പിന്തുണ നൽകി’’. – മൃദുല ‘വനിത ഓൺലൈനോട്’ പറയുന്നു.

ചെക്കന്റെ വീട്ടുകാർ ചോദിക്കും

സ്ത്രീധനം വാങ്ങാത്ത ആൾ എന്നെ കല്യാണം കഴിച്ചാൽ മതി എന്ന തീരുമാനം എനിക്കുണ്ടായിരുന്നു. വീട്ടിലെ കഷ്ടപ്പാട് മുഴുവൻ അറിഞ്ഞു വളർന്ന ഒരാളാണ് ഞാൻ. കല്യാണത്തിന് എനിക്കും അനിയത്തിക്കും ഇത്ര പവനുണ്ടാക്കണം എന്നൊക്കെ പണ്ടു മുതലേ അച്ഛനും അമ്മയും പറയും. എന്തിനാ അച്ഛാ അങ്ങനെ, അതിന്റെ ആവശ്യമെന്താ ? എന്നു ഞാൻ ചോദിക്കുമ്പോൾ, അല്ല ചെക്കന്റെ വീട്ടുകാർ ചോദിക്കും എന്നാകും മറുപടി. ചോദിക്കുന്ന ആൾക്കാർ എന്നെ കെട്ടണ്ട. അങ്ങനത്തെ ആൾക്കാരെ എനിക്കു വേണ്ട എന്നു ഞാന്‍ തീർത്തു പറഞ്ഞിരുന്നു. എനിക്ക് അങ്ങനെ ചോദിക്കാത്ത ഒരാളെ കിട്ടി. യുവച്ചേട്ടന്‍ ഇന്നുവരെ അങ്ങനെയൊരു കാര്യം ചോദിച്ചിട്ടില്ല. ഞാൻ വിവാഹത്തിന് ധരിച്ച ആഭരണങ്ങൾ എന്തു ചെയ്തു എവിടെയാണ് എന്നു പോലും ചേട്ടനോ ചേട്ടന്റെ വീട്ടുകാരോ ഇതുവരെ അന്വേഷിച്ചിട്ടുമില്ല.

കടം വാങ്ങി കല്യാണം വേണ്ട

കടം വാങ്ങി കല്യാണം ആഘോഷമാക്കണം, ആർഭാടം കാട്ടണം എന്ന നിലപാടിനോട് തീർത്തും യോജിപ്പില്ല. എനിക്കറിയാവുന്ന ഒരുപാടാളുകള്‍ കടം വാങ്ങി കല്യാണം നടത്തിയിട്ട് ഇപ്പോഴും ആ കടം വീട്ടാനാകാതെ കഷ്ടപ്പെടുകയാണ്.

വേണ്ടാത്ത ചെലവുകളും ആർഭാടവും എനിക്കു തീരെ താൽപര്യമില്ല. അതൊരു ബാധ്യതയാണ്. എന്റെ സമ്പാദ്യം വിവാഹത്തിൽ പൊടിച്ചു കളയാൻ എനിക്കു താൽപര്യമുണ്ടായിരുന്നില്ല. കഷ്ടപ്പെട്ടുണ്ടാക്കിയ കാശാണ്. ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ളതാണത്. കല്യാണം കഴിഞ്ഞും ജീവിക്കാൻ പണം വേണമല്ലോ. അപ്പോൾ എല്ലാം കല്യാണത്തിനു തീർത്താൽ മുന്നോട്ടുള്ള ആവശ്യങ്ങൾക്ക് എന്തു ചെയ്യും. ആ ധാരണ എനിക്കുണ്ട്.

mrudula 2

ജീവിതം മാറിയത്

എന്റെ അച്ഛൻ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. സമ്പാദ്യം വളരെക്കുറവായിരുന്നു. ഞാൻ ജനിച്ചതും വളർന്നതുമൊക്കെ വാടക വീടുകളിലാണ്. ഇപ്പോൾ പതിമൂന്നാമത്തെ വാടക വീട്ടിലാണ് എന്റെ കുടുംബം ജീവിക്കുന്നത്. അച്ഛന്‍ കഷ്ടപ്പെടുന്നത് കണ്ടാണ് ഞാൻ വളർന്നത്. എന്റെ പതിനാറാമത്തെ വയസ്സില്‍ അച്ഛന്റെ ടെൻഷന്‍ എന്നെയും ബാധിച്ചു തുടങ്ങി. ഉറക്കമില്ലാതെയായി. കുറേക്കാലം കഴിഞ്ഞാൽ എന്തായിരിക്കും ഞങ്ങളുടെ സാഹചര്യം എന്ന ചിന്തയാണ് അലട്ടിയത്. എന്റെയും അനിയത്തിയുടെയും പഠനം, ജീവിതച്ചെലവുകൾ, ഞങ്ങളുടെ വിവാഹം, സ്വന്തമായി ഒരു വീട്...അതൊക്കെ മനസ്സിലുണ്ടായിരുന്നു. എന്തു ചെയ്യാന്‍ പറ്റും എന്ന രീതിയിൽ ഞാൻ ഓരോന്നോരോന്നായി ചിന്തിക്കാന്‍ തുടങ്ങി. അവിടെയാണ് എന്റെ ജീവിതം മാറിയത്.

സ്വന്തം അധ്വാനം

പതിനഞ്ചാമത്തെ വയസ്സ് മുതൽ ആദ്യം അഞ്ച് വർഷം ഞാന്‍ സിനിമയിൽ മാത്രമാണ് ശ്രദ്ധിച്ചത്. കുറേ പരിശ്രമിച്ചെങ്കിലും വേണ്ടും വിധം ഒരു ഇടം കിട്ടിയില്ല. അഭിനയിച്ച സിനിമകളൊന്നും റിലീസായില്ല. പിന്നീടാണ് 19വയസ്സില്‍ സീരിയലിലേക്ക് വന്നത്. ആ തീരുമാനം എടുത്തിരുന്നില്ലെങ്കിൽ ഞാൻ എവിടെയും എത്തുമായിരുന്നില്ല. സീരിയലില്‍ വരും മുമ്പ് കുരേ പരിഹാസങ്ങൾ നേരിട്ടിരുന്നു. സ്കൂളിൽ പഠിക്കുകയാണല്ലോ. ലീവെടുത്ത് അഭിനയിക്കാന്‍ പോകുന്നു, തിരിച്ചു വരുന്നു. പക്ഷേ, സിനിമകളൊന്നും കാണുന്നില്ല. അതിന്റെ പേരിൽ കുറേ കളിയാക്കലുകൾ നേരിട്ടു. അപ്പോഴും എനിക്ക് എന്നിൽ വിശ്വാസമുണ്ടായിരുന്നു. സീരിയലിലേക്ക് വന്ന ശേഷം, ആദ്യ സീരിയൽ മുതൽ എനിക്കു കിട്ടുന്ന ഓരോ രൂപയും അമ്മ സമ്പാദിക്കാൻ തുടങ്ങി. സ്വർണമായിട്ടാണ് കൂടുതലും. അങ്ങനെ ശേഖരിച്ച് വച്ചതാണ് എന്റെ കല്യാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. എന്റെ കല്യാണത്തിന്റെ ചെലവുകൾ സ്വയം കണ്ടെത്തിയ ആളാണ് ഞാൻ. അതുകൊണ്ടു തന്നെ കഷ്ടപ്പെട്ടുണ്ടാക്കിയ പണം വെറുതേ നഷ്ടപ്പെടുത്താൻ തോന്നിയില്ല. വീട്ടുകാരുടെ ചെവലിലാകുമ്പോൾ അതിന്റെ വിലയറിയില്ല. സ്വയം അധ്വാനിച്ചുണ്ടാക്കുമ്പോഴേ അതിന്റെ വിലയറിയൂ.