Friday 23 September 2022 02:10 PM IST

വധുവിനെ പാർട്ടി കണ്ടെത്തി; കല്യാണ തീയതി നിശ്ചയിച്ചത് എം. വി. രാഘവൻ

Vijeesh Gopinath

Senior Sub Editor

govindan-mash-marriage-mvr-cover എം.വി. രാഘവൻ (ഫോട്ടോ: മനോരന ഓൺലൈൻ) എം.വി. ഗോവിന്ദൻ, ശ്യാമള (ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ)

അടിമുടി പാർട്ടിക്കാരനാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. വ്യക്തി ജീവിതം, രാഷ്ട്രീയ ജീവിതം എന്നിങ്ങനെ വേർതിരിവുകളില്ലാത്ത ആദ്യകാല കമ്യൂണിസ്റ്റ് രാഷ്ട്രീയപ്രവർത്തന കാലഘട്ടത്തിന്റെ പ്രതിനിധി. പാർട്ടിയും പാർട്ടി പ്രവർത്തനവുമായിരുന്നു അവർക്കൊല്ലാം. വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹത്തെ കുറിച്ച് എം. വി. ഗോവിന്ദൻ സംസാരിക്കുന്നു...

‘‘ഡിവൈഎഫ്െഎയുടെ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോഴാണ് വിവാഹം. പാർട്ടി തന്നെയാണ് പി. കെ. ശ്യാമളയെ കണ്ടെത്തിയതും. ശ്യാമളയും പാർട്ടിയുടെ സജീവ പ്രവർത്തക. ഇരിട്ടിയിലായിരുന്നു വീട്. ‘ഇങ്ങനെയൊരു കുട്ടിയുണ്ട് അന്വേഷിക്കട്ടെയെന്ന്’ പി. ശശിയും എം. വി. രാഘവനും ചോദിച്ചു. ഞാൻ എതിരഭിപ്രായമൊന്നും പറഞ്ഞില്ല. എം. വി. രാഘവൻ തന്നെ ശ്യാമളയുടെ വീട്ടിൽ ചെന്നു വിവരങ്ങൾ‌ പറഞ്ഞു. അവർക്കും സമ്മതം. അപ്പോൾ തന്നെ ഡയറിയിൽ നോക്കി. പാർട്ടി പരിപാടികൾ ഇല്ലാത്ത ഒരു വെള്ളിയാഴ്ച ദിവസം നിശ്ചയിക്കുന്നു. ചടയൻ ഗോവിന്ദനാണ് വിവാഹക്ഷണക്കത്ത് എഴുതുന്നതും അച്ചടിക്കാൻ കൊടുക്കുന്നതും. അന്നത്തെ ക്ഷണക്കത്ത് ഞാനിപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലാകമ്മറ്റി ഒാഫീസിനടുത്തുള്ള എകെജി ഹാവിലായിരുന്നു വിവാഹം. മാല പരസ്പരം അണിയിച്ചു. അല്ലാതെ മറ്റൊരു ആഘോഷവും ഇല്ല. ശ്യാമള പിന്നീട് ബി. എഡ്. കഴിഞ്ഞ് മൊറാഴ സ്കൂളിൽ അധ്യാപികയായി.

രണ്ടുപേരും പാർട്ടിയിലുള്ളതുകൊണ്ടുതന്നെ രാഷ്ട്രീയത്തിലും ജീവിതത്തിലും പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. വിവാഹശേഷവും തിരക്കുകൾക്ക് കുറവുണ്ടായിരുന്നില്ല. രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ അർദ്ധരാത്രിയാവും എത്താൻ അതായിരുന്നു അന്നത്തെ ജീവിതശൈലി. ആ ശൈലിയിൽ അന്നും ഇന്നും വലിയ വ്യത്യാസമൊന്നുമില്ല.’’

അഭിമുഖത്തിന്റെ പൂർണ രൂപം സെപിറ്റംബർ 17–30, 2022 വനിതയിൽ