Thursday 17 May 2018 04:20 PM IST

ദിലീപിനെ കമ്മാരനാക്കാൻ എടുത്തത് അഞ്ചു മണിക്കൂറോളം, മാറ്റാൻ ഒന്നര മണിക്കൂറും!

Syama

Sub Editor

make001
ഫോട്ടോ: ശ്യാം ബാബു

ചെറിയ കുട്ടിയായിരിക്കുമ്പോൾ മുതൽ ഒരാൾ മുഖംമൂടികൾ ഉണ്ടാക്കിക്കൊണ്ടിരിക്കുക. വലുതാകുമ്പോൾ രാജ്യത്തെ തന്നെ പേരെടുത്ത പ്രോസ്തെറ്റിക് മേക്കപ് ആർട്ടിസ്റ്റാകുക. കഥകളെ പോലും അതിശയിപ്പിക്കുന്ന തരത്തിൽ ജീവിതം ചില നേരത്ത് ട്വിസ്റ്റുകൾ സൃഷ്ടിച്ചുകളയും. അതു പോലൊരുട്വിസ്റ്റാണ് എൻ.ജി.റോഷൻ. അഭിനയം തലയ്ക്കു പിടിച്ച് തൃശൂർ സ്കൂൾ  ഓഫ് ഡ്രാമയിലും പിന്നീട് നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിലും പഠിച്ച് കഴിഞ്ഞപ്പോഴാണ് റോഷന് തന്റെ ശരിയായ വഴി മേക്കപ് ആണെന്നു മനസ്സിലായത്. വഴി തെളിഞ്ഞു വന്നപ്പോൾ അടുത്ത വെല്ലുവിളിയായത് പണം. ഇന്ത്യയിൽ അത്രയ്ക്കു വേരു പിടിച്ചിട്ടില്ലാത്ത പ്രോസ്തെറ്റിക് മേക്കപ് പഠിക്കാൻ ലണ്ടനിൽ പോകാൻ വേണ്ടത് 17 ലക്ഷം!

ആ കണ്ണാടിയാണ് എന്റെ വഴി തെളിച്ചത്

‘‘നാടകം സിനിമ... അതു പോലെ പെർഫോമിങ് ആർട്സ് ഏതുമാകട്ടെ ആദ്യം നമ്മുടെ ശ്രദ്ധ പോകുന്നത് അഭിനേതാക്കളിലേക്കാണ്. അങ്ങനെയാണ് എനിക്കും അഭിനയതാൽപര്യമുണ്ടായത്. ചെറുപ്പം മുതലേ കുറച്ച് വരയ്ക്കും. പക്ഷേ, വര പഠിക്കാൻ പോയത് തുടർന്നില്ല. വരയേക്കാൾ കൂടുതൽ താൽപര്യം തോന്നിയത് ശിൽപകലയോടാണ്.ക്ലേ മോഡലിങ് ചെയ്തിരുന്നു.  മത്സരങ്ങളിൽ പങ്കെടുക്കാനൊന്നുമല്ല, സ്വന്തം സന്തോഷത്തിനു വേണ്ടി മാത്രം.

നാടകത്തോടുള്ള ഇഷ്ടം കൂടിയപ്പോൾ സ്കൂൾ ഓഫ് ഡ്രാമയിലെത്തി. ആ സമയത്ത് ഞങ്ങൾ ഒരു നാടകം ചെയ്തു. മോറിസ് മാറ്റർലിങ്കിന്റെ ‘ദി ഓൾഡ് മാൻ ഹൂ ഡസിന്റ് വാണ്ട് ടു ഡൈ’. വയസ്സായൊരാളും  മരണവും  തമ്മിലുള്ള സംഭാഷണമാണ് ആ നാടകം.  ഞാനാണ് വൃദ്ധനായി അഭിനയിച്ചത്. ആ നാടകത്തിനിടയ്ക്ക് വൃദ്ധൻ കണ്ണാടി നോക്കുന്നൊരു ഭാഗമുണ്ട്. പ്രോപ്പർട്ടീസ് ഒന്നും അങ്ങനെ വാങ്ങി വയ്ക്കാനുള്ള പണമില്ല. അതിനാൽ കണ്ണാടിക്കു പകരം റിഹേഴ്സൽ സമയത്ത് ഹാർഡ്ബോർഡ് കഷണമാണ് വച്ചിരുന്നത്.  

ഓരോ തവണ ഈ കണ്ണാടി നോക്കുന്ന സീൻ വരുമ്പോഴും ഞാൻ അതിൽ തൊണ്ണൂറു വയസ്സായ എന്നെയാണ് കണ്ടത്. തൊലി ചുളിഞ്ഞ് മുടി നരച്ച് ഞരമ്പുകൾ ഉന്തി നിൽക്കുന്ന എന്നെ ഞാൻ സങ്കൽപിച്ചു. അവസാനം നാടകം തട്ടിൽ കയറിയ  ദിവസം സംവിധായകൻ അടുത്ത വീട്ടിൽ നിന്നൊരു കണ്ണാടി കൊണ്ടു വച്ചു. നാടകം നടക്കുമ്പോൾ ഞാനീ കണ്ണാടി നോക്കി. കണ്ണാടിയിൽ ആദ്യമായി ‍ഞാൻ 23 വയസ്സുള്ള  എന്നെ തന്നെ കണ്ടു. കുറേ നേരത്തേക്ക്, എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല, കണ്ണാടി നോക്കി അങ്ങനെ നിന്നു. പിന്നെ, റിക്കവറായി എങ്ങനെയോ ഡയലോഗ് പറഞ്ഞു തീർത്തു. അന്നാണ് ശരിക്കും മേക്കപ്പിന്റെ പ്രാധാന്യം തിരിച്ചറിയുന്നത്. വയസ്സ് തോന്നിക്കാൻ മുഖത്ത് സിങ്ക് വൈറ്റ് മാത്രമാണ് തേച്ചത്. കണ്ണാടിയിൽ നോക്കുമ്പോൾ അതെല്ലാം ഒലിച്ചിറങ്ങുന്ന എന്റെ മുഖമാണ് കണ്ടത്. അഭിനയം എന്നു പറഞ്ഞാലേ ‘മെയ്ക്ക് ബിലീഫ്’ ആണ്. അതിൽ 50 ശതമാനവും ഒരാളുടെ മേക്കപ്, കോസ്റ്റ്യൂം, ശരീരഭാഷ ഇതൊക്കെ കൊണ്ട് തോന്നിപ്പിക്കാം. ഈ ചിന്തയാകണം എന്നെ ട്രിഗർ ചെയ്തത്.

make-005

ഭാവിയിലേക്കൊരു മുതൽക്കൂട്ട്

നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിലെ ആദ്യ നാളുകളിൽ ഭാഷ വലിയ പ്രശ്നമായിരുന്നു. ഡയലോഗ് പറയാൻ തന്നെ വലിയ കഷ്ടപ്പാടായിരുന്നു. അങ്ങനെ ലൈറ്റിങ്, സ്റ്റേജ് സെറ്റിങ്, മേക്കപ് ഇതിലേക്കൊക്കെ ശ്രദ്ധ തിരിഞ്ഞു. മേക്കപ് ഒഴികെ ബാക്കി എല്ലാം ചെയ്യാൻ ധാരാളം ആളുകളുണ്ട്, മേക്കപ്പിന് കുറവാണ്. പിന്നെ, മേക്കപ് എന്നു പറഞ്ഞാൽ ബ്യൂട്ടീഷ്യൻസും കല്യാണത്തിന് മേക്കപ് ചെയ്യുന്നവരുമാണ് കഥാപാത്രത്തെ ഒരുക്കാൻ വരുന്നത്.  ഇത് രണ്ടും രണ്ടു മേഖലകൾ തന്നെയാണ്. ക്യാരക്ടർ മേക്കപ് എന്നു പറയുമ്പോൾ അത് കുറച്ചു കൂടി ചിന്തിച്ച് ക്രിയേറ്റീവ് ആയി ചെയ്യേണ്ടതാണ്. ഇന്ത്യയിൽ ഇത്തരം മേക്കപ് പഠിപ്പിക്കുന്ന സ്ഥലങ്ങള‍്‍ അന്നുണ്ടായിരുന്നില്ല. ഇന്നും ഉണ്ടോ എന്ന് സംശയം. അന്വേഷിച ്ചപ്പോൾ ലണ്ടനിൽ പഠിപ്പിക്കുന്ന സ്ഥലമുണ്ട്. പക്ഷേ, അന്ന് 17 ലക്ഷമാണ് ഫീസ്. ആ സമയത്തൊരു സ്കോളർഷിപ്് കണ്ടു, അതിന് അപ്ലൈ ചെയ്തു. എന്റെ ഭാഗ്യത്തിന് ബ്രിട്ടിഷ് കൗൺസലിന്റെ ആ സ്കോളർഷിപ് കിട്ടി.

ലണ്ടനിൽ എത്തിയപ്പോൾ അവിടുത്തെ നിശബ്ദത എനിക്ക് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഡൽഹിയിലെ  ഹോൺ ശബ്ദം കേട്ടു ശീലിച്ച എനിക്ക് അത്രയും ശബ്ദമില്ലാത്ത അന്തരീക്ഷത്തോട് പൊരുത്തപ്പെടാൻ സമയമെടുത്തു. മേക്കപ് രംഗത്ത് സജീവമായി ജോലി ചെയ്യുന്നവരാണ് ക്ലാസുകളെടുത്തിരുന്നത്. അതിന്റെ ഗുണം കിട്ടിയിട്ടുണ്ട്. എന്റെ ക്ലാസ് കഴിഞ്ഞാലും  ഞാൻ മറ്റു കുട്ടികൾക്കുള്ള മോഡലായിരിക്കുമായിരുന്നു. അധ്യാപകർ അവർക്കു പറഞ്ഞു കൊടുക്കുന്നതൊക്കെ വീണ്ടും കേൾക്കാം. അഭിനയിച്ച് പരിചയമുള്ളതുകൊണ്ട് ഒരു നടന് മേക്കപ് ചെയ്താലുള്ള പരിമിതികളും ഗുണങ്ങളും  മനസ്സിലായി. 

‘പ്രോസ്തെറ്റിക് മേക്കപ്പ്’ എന്നുള്ള പേരു തന്നെ ഞാൻ അവിടെ ചെന്നപ്പോഴാണ് ആദ്യമായി കേട്ടത്. ശിൽപങ്ങൾ ഉണ്ടാക്കി ശീലിച്ചിരുന്നതു കൊണ്ട് പ്രോസ്തെറ്റിക് മേക്കപ്പിൽ രൂപങ്ങൾ ഉണ്ടാക്കിയെടുക്കാൻ ഉ പകാരപ്പെട്ടു. അവിടുത്തെ പഠനം കൊണ്ട് മേക്കപ് മാത്രമല്ല പഠിച്ചത്. ചെയ്യുന്ന ജോലിയുടെ എല്ലാവശങ്ങളും ആഴത്തിൽ പഠിച്ചു, സമയനിഷ്ഠ ജീവിതത്തിന്റെ ഭാഗമായി.

അവിടെ ചേരാൻ നേരം കാരക്ടർ മേക്കപ് എന്ന ഈ കല ഞാൻ എന്റെ നാട്ടിലും വളർത്താൻ ശ്രമിക്കും എന്നൊരു ഉറപ്പ് അവർക്ക് കൊടുത്തിരുന്നു. ഭാവിയിൽ പ്രോസ്തെറ്റിക് മേക്കപ് പഠിപ്പിക്കുന്ന ഒരു സ്ഥാപനം തുടങ്ങണമെന്ന് ആഗ്രഹമുണ്ട്. പ്രോസ്തെറ്റിക് മേക്കപ് ഒരിക്കലും ഒറ്റയ്ക്കും ചെയ്യാൻ കഴിയില്ല.  ഇപ്പോൾ  എനിക്കൊരു  ടീമുണ്ട്,  ആവശ്യം  വേണ്ട  കാര്യങ്ങൾ പഠിപ്പിച്ച് കൊടുത്ത് ഞാനുണ്ടാക്കിയ ടീം. അതിൽ തന്നെ ചിലർ കളറിങ്ങിൽ മിടുക്കരായിരിക്കും ചിലര‍്‍ വിഗ് നിർമാണത്തിൽ. ഓരോരുത്തരുടേയും ഇത്തരം കഴിവുകൾ തിരിച്ചറിഞ്ഞ് അവരെ അതിനനുസരിച്ചുള്ള കാര്യങ്ങൾ ഏൽപ്പിച്ചു കൊടുക്കും. കോഴിക്കോട് ബാലുശ്ശേരിയാണ് എന്റെ സ്വദേശം. അവിടെ എനിക്കൊരു ലാബ് ഉണ്ട്. പുതിയ കാര്യങ്ങളൊക്കെ അവിടെ ചെയ്തു നോക്കും. ജോലിചെയ്യുന്ന സ്ഥലം എന്നതിനുപരി മെഡിറ്റേഷൻ ചെയ്യുന്നിടം പോലെയാണ് എനിക്കവിടം.

make002

ഉലകനായകന്റെ വിളി

പഠനം കഴിഞ്ഞ് ഞാൻ ആദ്യം ചെയ്ത സിനിമ ‘ഇൻ ദി നെയിം ഓഫ് ബുദ്ധ’ ആണ്. ഇന്ത്യ–ശ്രീലങ്ക, സംഹള–തമിഴ് പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നൊരു പൊളിറ്റിക്കൽ സിനിമ. ബോംബ് പൊട്ടുന്നതും വെടിവയ്പ്പും കലാപവും ഒക്കെ ആ സിനിമയിലുണ്ടായിരുന്നു. പ്രോസ്തെറ്റിക് മേക്കപ്പിന് ഏറെ സാധ്യകളുണ്ടായിരുന്നു. അതിൽ ഒരു സീനിൽ ഗർഭിണിയായ യുവതിയുടെ വയറ്റിൽ നിന്നു കുഞ്ഞു പുറത്തു വന്നിരിക്കുന്ന രംഗമൊക്കെ ഞാൻ ചെയ്തു. നേരിട്ടൊരു അപകടം കാണാൻ ശക്തിയില്ലാത്ത, അതേക്കുറിച്ച് കേൾക്കാൻ പോലും പറ്റാത്ത ആളാണ് ഞാൻ. എന്നാലും വർക്ക് ചെയ്യാൻ ഇഷ്ടമാണ്.

ഈ വർക്ക് കണ്ടിട്ടാണ് ‘പഴശ്ശിരാജ’യിലേക്കു ഹരിഹരൻ സാർ വിളിച്ചത്. ആൾക്കാരുടെ എണ്ണം കൊണ്ട് ചാലഞ്ചിങ് ആയ പ്രോജക്റ്റായിരുന്നു. ഞാൻ ഭോപ്പാലിലായിരുന്ന സമയത്താണ് രാജ്കമൽ ഫിലിംസിൽ നിന്ന് കോൾ വരുന്നത്. നാ ഷനൽ സ്കൂൾ ഓഫ് ഡ്രാമയുടെ അനുബന്ധമായി പലയിടത്തും ക്ലാസുകളും വർക്ക്ഷോപ്പുകളും നടത്താറുണ്ട്. അവിടെ ക്ലാസെടുക്കാനായിരുന്നു ഞാൻ പോയത്. ആദ്യം രാത്രി വിളിച്ചു രാജ് കമൽ ഫിലിംസിൽ നിന്നാണെന്നു പറഞ്ഞു. ആരോ പറ്റിക്കുന്നതാണെന്നോർത്ത് ഞാൻ അവർ പറഞ്ഞതിനൊക്കെ ഒഴുക്കൻ മട്ടിൽ ഓകെ എന്നു മാത്രം പറഞ്ഞു. എന്തോ പന്തികേട് തോന്നീട്ടാകണം നാളെ രാവിലെ വിളിക്കാമെന്നു പറഞ്ഞ് അവർ വച്ചു. അടുത്ത ദിവസം വിളിച്ച് സംസാരിച്ചപ്പോഴാണ് സംഗതി ശരിയാണെന്ന് ബോധ്യം വന്നത്. ‘വിശ്വരൂപം’ എന്ന സിനിമയാണ് ചെയ്തത്. അതിനു മുൻപുള്ള ‘ദശാവതാരം’ വരെ വിദേശികൾ വന്നാണ് കമൽ സാറിന് മേക്കപ് ചെയ്തത്. സാർ എന്നെ വിളിപ്പിച്ചപ്പോൾ ഭയങ്കര അഭിമാനം തോന്നി. മേക്കപ്പിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് നല്ല ധാരണയുള്ള ആളാണ് കമൽ സാർ. രാത്രി പതിനൊന്നു മണിക്കൊക്കെ സാർ വർക്ക് ചെയ്യുന്നിടത്തു വരും. കാര്യങ്ങളൊക്കെ കണ്ടും ചോദിച്ചും  മനസ്സിലാക്കും.  അതൊരു വലിയ പ്രോത്സാഹനമാണ്. എത്ര സമയം വേണമെങ്കിലും തരും, ഫലം മികച്ചതാകണം എന്നു മാത്രം. അതിൽ ഒരു വിട്ടുവീഴ്ചയുമില്ല.

‘വെളിപാടിന്റെ പുസ്തക’ത്തിൽ ചെമ്പൻ വിനോദ് കുളത്തിൽ ചവിട്ടി താഴ്ത്തുന്ന കുട്ടിയുടെ ഡമ്മി ഈ രീതിയിൽ ചെയ്തതാണ്. സിലിക്കൺ മെറ്റീരിയൽ കൊണ്ട് തൊലി വരെ അതേപോലെ ഉണ്ടാക്കിയെടുക്കാം. ഒരാളെ ശരിക്ക് ചവിട്ടി താഴ്ത്തി അഭിനയിക്കാൻ പറ്റില്ല. പക്ഷേ, അതേ ഒറിജിനാലിറ്റി ഉണ്ടാക്കാന്‍ ഇന്ന് സാധിക്കും. എന്നിരുന്നാലും നമ്മുടെ നാട്ടിലിപ്പോഴും പ്രോസ്തെറ്റിക് മേക്കപ്പിനെ ഒരു കൈയകലത്തിലാണ് വച്ചിരിക്കുന്നത്.

പ്രോസ്തറ്റിക് മേക്കപ് ചെയ്യാൻ അതിന്റേതായ വെല്ലുവിളികളുണ്ട്. മുഖമാണ് ഇവിടെ കാൻവാസ്. നമ്മൾ ഓരോ ഭാഗങ്ങൾ ഉണ്ടാക്കിയെടുത്താണ് മേക്കപ് ചെയ്യുന്നത്. മിക്കവാറും ഇത് ചെയ്യാനും മേക്കപ് മാറ്റാനും മണിക്കൂറുകൾ എടുക്കും. ഈ സമയം മിക്ക ആക്ടേഴ്സും ഉറക്കമായിരിക്കും. ന മ്മള്‍ അവർ കണ്ണു തുറന്നിരിക്കുന്നതും അവരുടെ മസിലുകൾ അനങ്ങുന്നതും  മനസ്സിൽ കണ്ടു വേണം ഓരോന്നും ചെയ്യാൻ. അവസാനം ചെറിയൊരു പാളിച്ച വന്നാൽ പോലും മൊത്തം രൂപം മാറും. അഞ്ചു മണിക്കൂറൊക്കെ തുടർച്ചയായി നിന്ന് മേക്കപ് ചെയ്തിട്ടുണ്ട്.

make004

‘മായാമോഹിനി’ ചെയ്തപ്പോഴാണ് മലയാളികൾ എന്നെ ശ്രദ്ധിച്ചത് എന്നു തോന്നുന്നു.  ആ കഥാപാത്രത്തിന് ഓപ്ഷൻസ്  ഉണ്ടാക്കിയിരുന്നു. പിന്നീട്  സംവിധായകനും  ദിലീപേട്ടനും വന്നിട്ടാണ് ഫൈനലൈസ് ചെയ്തത്. ഏകദേശം ഒരാഴ്ചയെടുത്തു അതിന്. മായാമോഹിനിയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് ദിലീപ് എന്ന നടനെ തിരിച്ചറിയാൻ പാകത്തിനുള്ള രൂപമാറ്റം ചെയ്യാനാണ്. ആ ഫെയ്സ് വാല്യൂവിലാണ് ആ സിനിമയുടെ വിജയമിരിക്കുന്നത്.  മൂക്ക്, കണ്ണ് എന്നിവയിൽ മാറ്റങ്ങൾ വരുത്തി, പുരികം ത്രെഡ് ചെയ്തു.  

‘നവൽ എന്ന ജുവലിൽ’ ഇതിന്റെ നേർ വിപരീതമായിരുന്നു. ശ്വേത മേനോനെ പുരുഷ കഥാപാത്രമാക്കി മാറ്റണം. ഒരു തരത്തിലും പ്രേക്ഷകർ മനസ്സിലാക്കരുതെന്നതായിരുന്നു ശ്വേതയുടെ അജണ്ട. അതിനായി ചർമം കൃത്രിമമായുണ്ടാക്കി വേറെ വച്ചു. ആളുകൾക്കിടയിൽ വച്ച് ഷൂട്ട് ചെയ്യുന്ന സമയത്ത് പോലും പലരും ശ്വേതയെ തിരിച്ചറിഞ്ഞില്ല. എന്റെ രണ്ട് സംസ്ഥാന അവാർഡും ഈ രണ്ടു സിനിമകൾക്കാണ് കിട്ടിയത്. ആണിനെ പെണ്ണാക്കിയതിനും പെണ്ണിനെ ആണാക്കിയതിനും.

ആളുകള‍്‍ എത്ര നല്ലതാണെന്നു പറഞ്ഞാലും എന്റെ കണ്ണിൽ ഞാൻ ചെയ്ത വർക്കുകളിൽ ഇനിയും മെച്ചപ്പെടുത്താവുന്ന സ്ഥലങ്ങള്‍ മാത്രമേ കാണൂ. കുറവുകൾ നികത്താൻ ശ്രമിച്ചുകൊണ്ടേയിരിക്കും. അതാണ് മുന്നോട്ട് കൊണ്ടു പോകുന്നതും. വിദേശികൾക്കു മാത്രമല്ല, തീർത്തും സാധാരക്കാരനായ ഒരാൾക്കു പോലും ഈ മേഖലയിൽ  കഴിവു  തെളിയിക്കാൻ ആകും. ആ ഓർമപ്പെടുത്തലായിരിക്കണം എന്റെ കല എന്നെനിക്കു നിർബന്ധമുണ്ട്.

മേക്കപ് കൊണ്ട് അതിശയിപ്പിച്ച സിനിമ
ദി ക്യൂരിയസ് കെയ്സ് ഓഫ് ബെഞ്ചമിൻ ബട്ടൺ. ആ കഥാപാത്രത്തിന്റെ പ്രായം കുറയുന്നതിന്റെ ഒഴുക്ക് അറിയാൻ സാധിക്കില്ല, ശ്രദ്ധിച്ചാൽ ഓരോ സമയത്തും കൊടുത്തിരിക്കുന്ന വളരെ ചെറിയ മാറ്റങ്ങൾ കാണാം. ഇതിനു നേർ വിപരീതമായി മറ്റുള്ളവർക്ക് പ്രായം കൂടുന്നുമുണ്ട്.

ചെയ്തതിൽ ഏറ്റവും വെല്ലുവിളിയായ സിനിമ?
‘കമ്മാരസംഭവം.’ വളരെ ശ്രമകരമായി ചെയ്ത മേക്കപ്പാണ് അതിൽ. അഞ്ചു മണിക്കൂർ എടുത്താണ് ഓരോ ദിവസവും ദിലീപേട്ടന് മേക്കപ് ചെയ്തത്. ഒന്നര മണിക്കൂർ അതു മാറ്റാനും.

ഇനിയും നാടകങ്ങൾ ചെയ്യുമോ?

ഇല്ലെന്നു തോന്നുന്നു. സിനിമയിൽ ഇടയ്ക്ക് അഭിനയിക്കാറുണ്ട്. നാടകം കുറച്ചു വർഷം മുൻപു വരെ ചെയ്തിരുന്നു. ഒരു നാടകം ചെയ്യാൻ കുറഞ്ഞത് 45 ദിവസത്തെ പരിശീലനം വേണം. അതേ നാടകം വീണ്ടും ഒരു വേദിയിൽ അവതരിപ്പിക്കാൻ ഒരാഴ്ചത്തെ പ്രാക്ടീസും.
ഇന്നത്തെ കാലത്ത് അത്രയും ആളുകളെ സംഘടിപ്പിച്ച് ഇത്ര സമയം അതിനായി ചെലവഴിക്കുക എന്നത് അത്ര പ്രായോഗികമല്ല. പിന്നെ, വലുതായി ചിന്തിച്ചത് ചെറിയ രീതിയിൽ ചെയ്യാൻ നോക്കും, അപ്പോൾ സംതൃപ്തി കിട്ടില്ല.

make003

ആരാണ് മേക്കപ്പിലെ ഐക്കൺ?

അങ്ങനെയൊരാളായിട്ടില്ല. പലരേയും ഫോളോ ചെയ്യാറുണ്ട്. അവരിൽ നിന്നൊക്കെ പഠിക്കാറുണ്ട്. ഡിക് സ്മിത്തിന്റെ വർക്കുകൾ ഇഷ്ടമാണ്. യൂട്യൂബിൽ പുതിയ ടെക്നിക്കുകൾ നോക്കി ലാബിൽ അതൊക്കെ ചെയ്തു നോക്കാറുണ്ട്, പുതിയ സാധനങ്ങൾ വരുത്തി നോക്കും.

കുറച്ച് നാൾ മുൻപ് വരെ ഫോം ലാറ്റക്സാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ സിലിക്കണാണ് താരം. നാളെ ഇതും മാറും. നമ്മൾ നമ്മളെ അതിനനുസരിച്ച് അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ തുരുമ്പിച്ചു പോകും. എനിക്ക് വിദേശത്തുള്ള സുഹൃത്തുക്കളുണ്ട് അവരുടെയൊക്കെ വർക്കുകൾ യൂട്യൂബി ൽ കാണും. തമ്മിൽ തമ്മിൽ അഭിപ്രായങ്ങൾ പറയും. പരസ്പരം അറിവു പങ്കുവച്ചാലേ വളരാൻ സാധിക്കൂ.

മേക്കപ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

ആരും പെർഫെക്റ്റ് അല്ല. എല്ലാവരുടേയും മുഖത്തിന്റെ ഒരു വശം മറുവശം പോലെയല്ല. ഇതിൽ ഏത് വശമാണ് കൂടുതൽ നന്നായി തോന്നുന്നത് അതേപോലെ ഇപ്പുറവും ആക്കാൻ നോക്കുക. മുടി കെട്ടുന്ന രീതി, കണ്ണെഴുത്ത്, കോ ൺടൂറിങ് ഒക്കെ കൊണ്ട് മാറ്റങ്ങൾ വരുത്താം. ഒരാളുടെ മുഖത്തല്ല അയാളുടെ സൗന്ദര്യം എന്നു വിശ്വസിക്കുന്ന മേക്കപ് ആർട്ടിസ്റ്റാണ് ഞാൻ. ചിലർക്കെങ്കിലും അതൊരു വിരോധാഭാസമായി തോന്നാം.

മുഖം മാറ്റുന്ന മാജിക്?

സ്പെഷൽ മേക്കപ് ഇഫക്റ്റ്സ് എന്നും പ്രോസ്തെറ്റിക് മേക്കപ്പിനെ വിളിക്കാറുണ്ട്. പേരു സൂചിപ്പിക്കും പോലെ   തന്നെ കൃത്രിമ ഭാഗങ്ങൾ ഉണ്ടാക്കിയെടുത്തും മുറിവുകളും  പൊട്ടലുകളുമൊക്കെ സൃഷ്ടിക്കുന്ന തരം മേക്കപ്പാണ് പ്രോസ്തെറ്റിക് മേക്കപ്. സിലിക്കൺ, കളിമണ്ണ് തുടങ്ങി പല വസ്തുക്കൾ കൊണ്ടും രൂപങ്ങൾ ഉണ്ടാക്കാറുണ്ട്.  
‘പ്ലാനറ്റ് ഓഫ് ദി എപ്സ്’ എന്ന സിനിമയിൽ മേക്കപ് ചെയ്ത ജോൺ ചേംബേഴ്സ് ‘ലിറ്റിൽ ബിഗ് മാൻ’ ചെയ്ത ഡിക് സ്മിത്ത് എന്നിവരാണ് ഈ മേഖലയിൽ വിപ്ലവം സൃഷ്ടിച്ചത്. ‘ഐ’, ‘ചാച്ചി 420’, ‘പാ’ തുടങ്ങിയ സിനിമകളിൽ പ്രോസ്തെറ്റിക് മേക്കപ്പിന്റെ അദ്ഭുതങ്ങൾ കാണാം.