Thursday 29 September 2022 10:49 AM IST : By സ്വന്തം ലേഖകൻ

‘കിടപ്പുരോഗിയെ പരിചരിക്കുന്നവരും പരിഗണന അർഹിക്കുന്നു;‌ കുറ്റം കണ്ടെത്താൻ എളുപ്പമാണ്, നാം അനുഭവിക്കാത്തെടുത്തോളം..’: കുറിപ്പ്

najeeb65433gyy

"ഒരാൾ കിടപ്പിലായ അവസ്ഥയിൽ, അല്ലെങ്കിൽ മരണശേഷം വീട്ടുകാരുടെ പരിചരണത്തിലുള്ള പോരായ്മയെ പറ്റി ഇങ്ങനെ അടക്കിപ്പിടിച്ച വർത്തമാനങ്ങൾ പലപ്പോഴും കേൾക്കാറുണ്ട്. പലപ്പോഴും ഉറ്റബന്ധുക്കളും അയൽ വാസികളും മരിച്ച ആളോടുള്ള സ്നേഹവും സഹതാപവും പ്രകടിപ്പിക്കുന്നത് മരിച്ച ആളുടെ വീട്ടുകാരെ കുറ്റപ്പെടുത്തിക്കൊണ്ടാണ്. പരിചരണത്തിലെ പിഴവുകൾ. ഭക്ഷണം നൽകുന്നതിലെ പോരായ്മകൾ, വൃത്തിയാക്കുന്നതിലെ ശ്രദ്ധയില്ലായ്മ... ഇങ്ങനെ നൂറു കുറ്റങ്ങൾ കണ്ടെത്താൻ ആളുണ്ടാവും. എന്നാൽ എപ്പോഴെങ്കിലും ഒന്ന് സഹായിക്കാൻ ഇവരിൽ എത്രപേർ ചെല്ലും എന്നന്വേഷിച്ചാൽ അറിയാം ഈ പറച്ചിലിന്റെ ആത്മാർത്ഥത."- നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 

നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് വായിക്കാം;‌

കിടപ്പുരോഗിയായ ഒരാളുടെ മരണത്തിൽ വീട്ടുകാർക്കെതിരെ രോഷപ്പെടുന്ന അയൽവാസികളും നാട്ടുകാരും. രാവിലെ കണ്ട വാർത്തയാണ്. ഭാര്യ വിദേശത്തായ അമ്പത്തിരണ്ട് വയസ്സുള്ള വൃക്കരോഗിയും മാനസിക വൈകല്യവും ഉള്ള അപ്പന് വീട്ടിലുള്ള മകൻ ആവശ്യമായ പരിചരണവും ഭക്ഷണവും നൽകാത്തത് കൊണ്ടാണ് മരണപ്പെട്ടത് എന്നാണ് അയൽവാസി കളുടെ ആരോപണം. അദ്ദേഹത്തെ വീട്ടിനകത്ത് അവശനിലയിൽ കണ്ടെത്തിയ സമീപത്തെ പള്ളിയിലെ ഫാദർ ഈ ആരോപണം നിഷേധിക്കുന്നുണ്ട്. നിത്യം 250 രൂപ കൂലിക്ക് പണിക്ക് പോകുന്ന മകൻ അപ്പന് ഹോട്ടലിൽ നിന്ന് ഭക്ഷണം കൊണ്ടു വന്നു കൊടുക്കാറുണ്ടെന്നും, മാനസികവിഭ്രാന്തി ഉള്ളതിനാലാണ് കെട്ടിയിടുന്നത് എന്നും ഫാദർ വിശദീകരിക്കുന്നു. 

ഒരാൾ കിടപ്പിലായ അവസ്ഥയിൽ, അല്ലെങ്കിൽ മരണശേഷം വീട്ടുകാരുടെ പരിചരണത്തിലുള്ള പോരായ്മയെ പറ്റി ഇങ്ങനെ അടക്കിപ്പിടിച്ച വർത്തമാനങ്ങൾ പലപ്പോഴും കേൾക്കാറുണ്ട്. പലപ്പോഴും ഉറ്റബന്ധുക്കളും അയൽ വാസികളും മരിച്ച ആളോടുള്ള സ്നേഹവും സഹതാപവും പ്രകടിപ്പിക്കുന്നത് മരിച്ച ആളുടെ വീട്ടുകാരെ കുറ്റപ്പെടുത്തിക്കൊണ്ടാണ്. പരിചരണത്തിലെ പിഴവുകൾ. ഭക്ഷണം നൽകുന്നതിലെ പോരായ്മകൾ, വൃത്തിയാക്കുന്നതിലെ ശ്രദ്ധയില്ലായ്മ... ഇങ്ങനെ നൂറു കുറ്റങ്ങൾ കണ്ടെത്താൻ ആളുണ്ടാവും. എന്നാൽ എപ്പോഴെങ്കിലും ഒന്ന് സഹായിക്കാൻ ഇവരിൽ എത്രപേർ ചെല്ലും എന്നന്വേഷിച്ചാൽ അറിയാം ഈ പറച്ചിലിന്റെ ആത്മാർത്ഥത. 

തീർച്ചയായും ഒരാൾ കിടപ്പിലായാൽ അയാളെ പരിചരിക്കാനും ശുശ്രൂഷിക്കാനുമുള്ള പ്രഥമ ചുമതല വീട്ടിലുള്ള അയാളുടെ ഉറ്റവർക്ക് തന്നെയാണ്. ജീവിതപങ്കാളിയോ മക്കളോ മാതാപിതാക്കളോ അതിന് ബാധ്യസ്ഥരാണ്. എന്നാൽ ദീർഘകാലം കിടപ്പിലാവുന്ന ഒരാളെ പരിചരിക്കുന്നവരും മനുഷ്യരാണ് എന്ന് പലരും ഓർക്കാറില്ല. 

കിടപ്പിലായ ഒരാളെ ഭക്ഷണം കഴിപ്പിക്കുന്നതും പ്രാഥമികകർമ്മങ്ങൾ നിർവ്വഹിപ്പിക്കുന്നതും വൃത്തിയായി കൊണ്ടു നടക്കുന്നതുമൊന്നും വിചാരിക്കുന്ന പോലെ എളുപ്പമല്ല. കുഴഞ്ഞുപോയ ഒരു ശരീരം കൈകാര്യം ചെയ്യാൻ തന്നെ നല്ല ആരോഗ്യം വേണം. എന്നാലും പലപ്പോഴും ഒരാളെ കൊണ്ട് മാത്രം എല്ലാം ചെയ്യാൻ സാധിക്കില്ല. സഹായിക്കാൻ ആള് വേണം. ബെഡ് സോർ വരാതെ നോക്കാൻ ഇടക്കിടെ തിരിച്ചും മറിച്ചും കിടത്തുന്നതടക്കം കുറെ കാര്യങ്ങൾ കണ്ണ് തെറ്റാതെ നോക്കണം. പലപ്പോഴും ഉറക്കമിളച്ചു പരിചരിക്കേണ്ടി വരും. ശുശ്രൂഷിക്കാൻ നല്ല പണം വേണം.  ജോലിക്ക് പോവാതെ ഒരാൾ കൂടെ നിൽക്കേണ്ടി വന്നാൽ വരുമാനം മുട്ടും. ഒരാൾ കിടപ്പിലാവുന്നതോടെ പലപ്പോഴും അയാളെ പരിചരിക്കുന്ന ആളുടെ ജീവിതം കൂടെ വീടിനകത്ത് ഒതുങ്ങിപ്പോവുകയാണ്. ബന്ധുക്കളുടെ പോലും വിവാഹം സൽക്കാരം യാത്രകൾ... തുടങ്ങി എവിടേക്കും പോകാനാവാതെ കെട്ടിയിടപ്പെടുന്ന ജീവിതങ്ങളാണ്. 

അതുകൊണ്ട് തന്നെ ഒരാൾ കിടപ്പിലായാൽ അയാളെ പരിചരിക്കാനും ശുശ്രൂഷിക്കാനുമുള്ള ബാധ്യത വീട്ടുകാർക്ക് മാത്രമാണ് എന്ന ചിന്തയിൽ നിന്ന് നാം മാറേണ്ടതുണ്ട്. ബന്ധുക്കളും അയൽക്കാരും നാട്ടുകാരുമായ സമൂഹത്തിനും ഉത്തരവാദിത്തങ്ങൾ ഉണ്ട്. ഇടക്കൊക്കെ ഒരു കൈ സഹായമാവാൻ. പ്രശ്നങ്ങൾ അനുതാപത്തോടെ അറിയാൻ. സാമ്പത്തികമായും അല്ലാതെയും സഹായമായി കൂടെ നിൽക്കാൻ. മനുഷ്യർ എന്ന നിലയിൽ ഇങ്ങനെ ചില കടമകൾ കൂടി ഉണ്ട്. അന്തസ്സായി ജീവിക്കുക എന്നത് പോലെ അന്തസ്സായുള്ള മരണവും ഓരോ മനുഷ്യന്റെയും അവകാശമാണ്. കിടപ്പിലായ ആളെ പോലെ പരിഗണന അർഹിക്കുന്നവരാണ്‌ കിടപ്പിലായവരെ പരിചരിക്കുന്നവരും. കുറ്റപ്പെടുത്താൻ എളുപ്പമാണ്. നാം അനുഭവിക്കാത്തെടുത്തോളം. 

ഇന്നത്തെ പത്രത്തിൽ തന്നെ കണ്ട ഒരു വാർത്തകൂടെ ശ്രദ്ധയിൽ പെടുത്തി അവസാനിപ്പിക്കാം. കിടപ്പുരോഗികളെ പരിചരിക്കുന്നവർക്ക് പ്രതിമാസം സർക്കാരിൽ നിന്ന് 600 രൂപ ലഭിക്കുന്ന ആശ്വാസകിരണം  പദ്ധതിയിൽ നിന്ന് സഹായം ലഭിച്ചു കൊണ്ടിരുന്നവർക്ക് ഒന്നര വർഷമായി പണം കിട്ടാതെ കുടിശ്ശിക ആണത്രേ. 2018 മാർച്ച് വരെ അപേക്ഷിച്ചവർക്കാണ് നിലവിൽ സഹായം ലഭിക്കുന്നത്. കേരളത്തിൽ 92,412 പേരാണ് ഇങ്ങനെ ഒന്നര വർഷമായി ഈ പണം കാത്തിരിക്കുന്ന ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. 62,282 പേർ കഴിഞ്ഞ നാലു വർഷമായി അപേക്ഷ നൽകി കാത്തിരിക്കുന്നുണ്ട്. 

വലിയ വലിയ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനിടയിൽ വീടകങ്ങളിൽ ഒതുങ്ങിപ്പോയ ഈ മനുഷ്യരുടെ സങ്കടങ്ങൾ ആരാണ് കാണുന്നത്. അവരുടെ കുറ്റങ്ങൾ കണ്ടെത്തി വിധിക്കുകയല്ലാതെ. നമ്മളെന്നാണ് നമുക്ക് ചുറ്റുമുള്ള മനുഷ്യരുടെ വേദനകൾ ഉൾക്കൊള്ളുക. 

Tags:
  • Spotlight
  • Social Media Viral