Wednesday 02 February 2022 05:05 PM IST

‘സോളോ ട്രിപ്പിൽ മൊട്ടിട്ടു പ്രണയം, അനാഥർക്ക് പഠിക്കാനുള്ള സാമഗ്രികൾ മഹറായി നൽകി നിക്കാഹ്’: ഇതാ ആ വൈറൽ ജോഡി

Binsha Muhammed

nasar-naseeba

പട്ടിന്റെ പളപളപ്പില്ല, പൊന്നിന്റെ പകിട്ടുമില്ല. എന്നിട്ടും നസീബയുടെ കൈകൾ കോർത്തുപിടിച്ച് നാസറിരിക്കുന്ന ആ കാഴ്ചയ്ക്ക് എന്തെന്നില്ലാത്ത ചന്തമുണ്ട്. ഹൽദിയും സംഗീതും മെഹന്ദിയും സ്വീകരണ മഹാമഹങ്ങളും കല്യാണങ്ങളെ ഉത്സവമാക്കുന്ന കാലത്ത് അവൻ അവളോട് പറയുകയാണ്...

‘20 യത്തീം മക്കൾക്ക് പഠിക്കാനുള്ള സാമഗ്രികൾ അതാണ് നമ്മുടെ മഹർ... പോരുന്നോ എന്റെ പെണ്ണായി.’

ഏത് സിനിമയിലുണ്ട് ഇത്രയും മനോഹരമായ പ്രണയരംഗം?

ഒരുതരി പൊന്നില്ലാതെ... ഒരു പുതിയ കുപ്പായം പോലുമില്ലാതെ, എന്തിനേറെ ഓർമയിൽ സൂക്ഷിക്കാൻ പേരുകൊത്തിവച്ച് ഒരു മോതിര വളയം പോലുമില്ലാതെ നസീബയും നാസറും ഒരുമിക്കുമ്പോൾ അതിനെ നിക്കാഹെന്ന ചുരുക്കെഴുത്തിൽ ഒതുക്കാൻ വയ്യ. പ്രണയവും നന്മയും ഒന്നായി ചേർന്നൊഴുകിയ സംഗീതം പോലെ മധുരിതമാണ് ഈ കൂടിച്ചേരൽ. ഹൂഗ്ലിനദിയിൽ പ്രണയമായി പെയ്തിറങ്ങിയ നിലാവിനെ സാക്ഷിയാക്കി... സൂഫി സംഗീതം ഒഴുകിയെത്തിയ സയ്യിദ് അബ്ബാസ് അലിയുടെ ദർഗയിലെ തസ്ബീഹ് മണികളെ സാക്ഷിയാക്കി, അവൻ അവളോട് പറഞ്ഞ പ്രണയം... അവർ ഒന്നായ നിമിഷം... ലാളിത്യം കൊണ്ട് സോഷ്യൽ മീ‍ഡിയയുടെ അനുഗ്രഹാശിസുകൾ ഏറ്റുവാങ്ങിയ ആ കല്യാണത്തിന്റെ കിസ നാസർ പറയുന്നു, വനിത ഓൺലൈനോട്.

‘ഒരു സോളോ ട്രിപ്പ്... നസീബുവിന്റെ കൈകൾ കോർത്തിരിക്കുന്ന നിമിഷത്തിന്റെ ഫ്ലാഷ് ബാക്ക് അവിടെ നിന്നാണ്.’– ഓർമകളെ തണുത്ത കാറ്റുവീശുന്ന ബംഗാളിന്റെ തീരങ്ങളിലേക്ക് പായിച്ച് നാസർ പറഞ്ഞു തുടങ്ങുകയാണ്.

nasar-1

‘സോളോ ട്രിപ് ടു ലവ്’

മൂവാറ്റുപുഴയാണ് എന്റെ സ്വദേശം. ബംഗാൾ കാലങ്ങളായുള്ള തൊഴിലിടമാണ്. ആരോഗ്യം, വിദ്യാഭ്യാസം. മൈക്രോ ഫിനാൻസ് എന്നീ മേഖലകളിൽ ശ്രദ്ധയൂന്നുന്ന ഒരു എൻജിഒ നടത്തി വരുന്നു. അത്യാവശ്യം സാമൂഹ്യ പ്രവർത്തനങ്ങളിലൊക്കെ സജീവമാണ് ഞങ്ങളുടെ സംഘടന. നാട്ടിലെ പ്രിയപ്പെട്ട സുഹൃത്തും മാധ്യമപ്രവർത്തകനുമായ പി.ബി.എം.ഫർമീസ് ഒരുദിവസം വിളിച്ച് അദ്ദേഹത്തിന്റെ ഒരു സഹപ്രവർത്തക സോളോ ട്രിപ്പ് ചെയ്ത് കൊൽക്കത്തയ്ക്ക് വരുന്നു. നിന്റെ നമ്പർ കൊടുക്കും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കും എന്ന് മാത്രം പറഞ്ഞു.

സാധാരണ ധാരാളം പേർ അങ്ങനെ വരുന്നതാണ്. കനത്ത മഴയുള്ള ദിവസമായിരുന്നു അന്ന്. മഴ കാരണം പോയ കാര്യങ്ങൾ നടക്കാതെ വന്ന് തിരികെ ഗ്രാമത്തിലേക്ക് വരാൻ തുടങ്ങുമ്പോഴാണ് ഫർമീസ് പറഞ്ഞതു പ്രകാരം നസീബ വിളിക്കുന്നത്. ‘ഞാൻ കൊൽക്കത്തയിൽ എത്തി. നിങ്ങളുടെ ഗ്രാമത്തിലേക്ക് വരുന്നു’ എന്ന് പറഞ്ഞു.

എങ്കിൽ അവളേയും കൂട്ടി ഗ്രാമത്തിലേക്ക് പോകാം എന്ന് കരുതിയാണ് ഹൗറയിലേക്ക് ബസ് കയറിയത്. കനത്ത മഴയിൽ ഹൗറ ബ്രിഡ്ജിന്റെ തുടക്കത്തിൽ കുട ചൂടി നിൽക്കുന്ന നസീബയെ കണ്ടു. ഒരു സൗഹൃദത്തിന്റെ ആദ്യ കൂടിക്കാഴ്ച...

പകുതി ദിനമുണ്ട്. കാഴ്ചകൾ കണ്ട് വൈകുന്നേരത്തോടെ ഗ്രാമത്തിലേക്ക് പോകാം എന്ന് കരുതി. അങ്ങനെ ഞങ്ങൾ ബോട്ടിൽ ഹൂഗ്ലി നദി കടന്നു, ഹൗറ ബ്രിഡ്ജ് കണ്ടു, ബാഗ് ബസാറിൽ ഇറങ്ങി, കുമാർ തുളിയിലൂടെ നടന്നു, മെട്രോയിൽ കയറി, കാളിഘട്ട് ക്ഷേത്രം കണ്ടു, മദർ തെരേസയുടെ നിർമൽ ഹൃദയ് കണ്ടു , ടിപ്പു സുൽത്താൻ മസ്ജിദ് കണ്ടു, കെ.സി.ദാസിൽ കയറി മധുരം കഴിച്ചു, ന്യൂ മാർക്കറ്റിലൂടെ നടന്നു , പലയിടത്തു നിന്നും ചായ കുടിച്ചു.

ചെറിയ യാത്രകളും സേവന പ്രവർത്തനങ്ങളുമൊക്കെയായി ദിനങ്ങൾ നസീബയുടം ഞങ്ങൾക്കൊപ്പം സജീവമായി.

nasar-3

അന്ന്, വ്യാഴാഴ്ച രാവിൽ നമ്മുടെ ഗ്രാമത്തിൽ നിന്നും ഇരുപത് കിലോമീറ്റർ അകലെയുള്ള സയ്യിദ് അബ്ബാസ് അലിയുടെ ദർഗയിലേക്ക് ഖവാലി കേൾക്കാൻ ഞങ്ങളെല്ലാവരും പോയി. പന്ത്രണ്ടാം നൂറ്റാണ്ടിൽ മക്കയിൽ നിന്നും ബംഗാളിൽ എത്തിയ സൂഫിവര്യനാണ് സയ്യിദ് അബ്ബാസ് അലി.

പൗർണമിയോടടുത്ത നിലാവും ജീപ്പിന്റെ ശബ്ദവും നീളത്തിലുള്ള ഗ്രാമ പാതയും ചേർന്ന അപാര കോമ്പിനേഷൻ ആസ്വദിച്ച് യാത്ര ചെയ്യുന്നതിനിടയിൽ ഞങ്ങൾ നിലാവ് കാണാൻ ജീപ്പ് നിർത്തി. ആ നിമിഷങ്ങളിലെപ്പോഴോ നസീബയോട് എനിക്ക് പ്രണയം തോന്നി.

ആ പ്രണയം മൊട്ടിടാനുള്ള കാരണം എന്തെന്ന് ചോദിച്ചാൽ ഇന്നും മറുപടിയില്ല. ദർഗയിൽ ഖവാലി കേട്ടിരിക്കുന്നതിനിടയിൽ ഞങ്ങൾ ചായ കുടിക്കാൻ ഇറങ്ങി. ചായ കുടിച്ച് ഇരിക്കുന്നതിനിടയിലാണ് നസീബയോട് എനിക്ക് നിന്നോട് പ്രണയം തോന്നുന്നു എന്ന് പറഞ്ഞത്.

അത് കേട്ട് എല്ലാവരും ചിരിച്ചു. പെട്ടെന്നു തോന്നിയൊരു ചിന്ത... തോന്നൽ അങ്ങനെയോ ആ നിമിഷത്തെ വിശേഷിപ്പിക്കാനാകൂ. പക്ഷേ ഉള്ളിന്റെ ഉള്ളിൽ ആ ഇഷ്ടം അങ്ങനെ തന്നെ കിടന്നു. പിന്നീട് ഒന്നിച്ച് നടത്തിയ യാത്രകളും സൗഹൃദ നിമിഷങ്ങളും ആ പ്രണയത്തെ കൂടുതൽ ഗൗരവമുള്ളതാക്കി. പരസ്പരം മനസിലാക്കാനും അംഗീകാരിക്കാനുമുള്ള പക്വതയിലേക്ക് ആ പ്രണയം വളർന്നു.

നസീബയ്ക്ക് തുടർച്ചയായ വിവാഹ അന്വേഷണങ്ങൾ വരുന്നതിനാൽ അതിനെ ഒന്ന് സ്ലോ ആക്കാൻ ആയി ഞങ്ങൾ രണ്ട് പേരുടേയും വീടുകളിൽ സംസാരിച്ചു. അങ്ങനെ വീട്ടുകാർ ഏകദേശം വിവാഹം തീരുമാനിക്കുകയും ചെയ്തു.

ഞങ്ങളിങ്ങനാണ് ഭായ്...

20000 രൂപയുണ്ടെങ്കിൽ വിവാഹം കെങ്കേമമായി നടത്തുന്ന പാവങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ആളാണ് ഞാൻ. പൊന്നും പണവുമല്ല, മനസുകളുടെ ഇഴയടുപ്പമാണ് ഏറ്റവും വലുതെന്ന് വിശ്വസിക്കുന്നയാൾ. അങ്ങനെയുള്ള എനിക്ക് എന്റെ വിവാഹവും എങ്ങനെയുള്ളതാകണം എന്ന് കൃത്യമായ ധാരണയുണ്ടായിരുന്നു. അത് നസീബയോട് പറയുമ്പോഴും മനസു നിറഞ്ഞു സ്വീകരിച്ചു, എന്നതിലാണ് ഞങ്ങളുടെ മനപ്പൊരുത്തം. നാട്ടുകാർ എന്തുവിചാരിക്കും, മറ്റുള്ളവർ എന്തു കരുതും എന്ന ചിന്തകൾക്കൊന്നും അവിടെ സ്ഥാനമില്ല. എനിക്ക് പറയാനും അനുവാദം വാങ്ങാനും ഉണ്ടായിരുന്നത് പ്രധാനമായും എന്റെ ഉമ്മയോടായിരുന്നു. ഉമ്മയ്ക്ക് നൂറുവട്ടം സമ്മതം. ഉമ്മയുമായി നല്ല സൗഹൃദത്തിലായിരുന്നു നസീബ. മിക്കവാറും ദിവസങ്ങിൽ ദീർഘനേരം അവർ ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു.

പക്ഷേ നിനച്ചിരിക്കാത്തൊരു വിധി ഇതിനിടയിൽ പടച്ചവൻ കണക്കു പുസ്തകത്തിൽ എഴുതിച്ചേർത്തു. ഇക്കഴിഞ്ഞ ഡിസംബർ 21 ന് പന്ത്രണ്ട് മണിയോടെഅയൽക്കാരനായ കബീർ ഇക്കയുടെ ഫോൺ വന്നുത് . "ഉമ്മയ്ക്ക് പെട്ടെന്ന് സുഖമില്ലാതായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും കാര്യമുണ്ടായില്ല. നിനക്ക് മനസിലായിട്ടുണ്ടാകുമല്ലൊ അല്ലെ .. നീ എപ്പോഴാ വരിക" എന്ന് ചോദിച്ചു. എല്ലാ സങ്കടങ്ങളും ആധിയും ആശങ്കയും ഉള്ളിലൊതുക്കി നാട്ടിലെത്തുമ്പോൾ ഈ മണ്ണിൽ ഉമ്മയില്ല.

nasar-4

ഒരു പക്ഷേ എന്റെ നിക്കാഹ് കാണാൻ ഏറ്റവും ആഗ്രഹിച്ചത് എന്റെ ഉമ്മയായിരുന്നു. നാളുകൾക്കപ്പുറം ഇക്കഴിഞ്ഞ ജനുവരി ഞാനും നസീബയും ഒരുമിക്കുമ്പോഴും നിഴലിച്ചു നിന്നത് ആ വേദനയാണ്...വിവാഹത്തിന്റെ കാര്യത്തിൽ അന്നേരവും ഞങ്ങൾ ഞങ്ങളുടെ നിലപാടിൽ നിന്നും അണുവിട പോലും പിന്നോട്ടു പോയില്ല. മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടിയല്ല ഞങ്ങളുടെ കൂടിച്ചേരൽ എന്ന് ഞാനും നസീബയും ഉറച്ചു വിശ്വസിച്ചു. കല്യാണ പരിപാടികൾ ഒന്നുമില്ല എന്നറിഞ്ഞപ്പോൾ എന്തിനാ ഇത്ര പിശുക്ക് കാണിക്കുന്നത് എന്ന് ചില സുഹൃത്തുക്കൾ കളിയാക്കി ചോദിച്ചു. ഒരു പാലിയേറ്റിവ് കെയറിലെ വളണ്ടിയേഴ്സിനും

നാല്‌ അനാഥാലയങ്ങളിലെ അന്തേവാസികൾക്കും ഒരു നേരമൊരു ഭക്ഷണം കൊടുക്കലാണ് കല്യാണവിരുന്നിനേക്കാൾ ഭംഗി എന്നാണ് ഞങ്ങൾക്ക് തോന്നിയത്. മണവാട്ടി പെണ്ണിന് ധരിക്കാനായി ഭംഗിയുളെളാരു ഉടുപ്പ് പ്രിയ സുഹൃത്തും ഡോ. പി.ബി.സലിം ഐ.എ.എസിന്റെ ഭാര്യയുമായ ഫാത്തി സലിം .കൊൽക്കത്തയിൽ നിന്നും നാട്ടിലേക്ക് വരുന്ന നേരം എയർപോർട്ടിൽ എത്തിച്ചു തന്നിരുന്നു. അവരോടൊക്കെ നിരുപിധികം ക്ഷമം ചോദിക്കാനേ ഞങ്ങൾക്കാകൂ. ആ ഉടുപ്പിവിടെ ഭദ്രമായി ഇരിക്കുന്നുണ്ട്.ഞങ്ങൾക്കിങ്ങനെ ആകാനേ കഴിയൂ... സ്നേഹത്തോടെയും പരിഭവത്തോടെയും ദേഷ്യത്തോടെയും ഞങ്ങളെ ഉപദേശിച്ചവരുണ്ട്. ഇത്തിരി സ്വർണമിടൂ.. ഒരു വെള്ള ഷർട്ടിടൂ... അങ്ങനെ അങ്ങനെ..അവരോടും ഒന്നേ പറയാനുള്ളൂഞങ്ങൾക്കിങ്ങനെ ആകാനേ കഴിയൂ...– നാസർ പറഞ്ഞു നിർത്തി.