Friday 31 December 2021 11:44 AM IST

കണ്ണടയും മുമ്പ് കാണാൻ കൊതിച്ചു, കാത്തു നിൽക്കാതെ നസീബയെ വിട്ട് ലക്ഷ്മിയമ്മ പോയി..: സ്കൂൾ മുറ്റത്തു തുടങ്ങിയ അപൂർവ സ്നേഹകഥ

V.G. Nakul

Sub- Editor

naseeba-new-1

അഗളി സർക്കാർ മോർച്ചറിയുടെ വരാന്തയിൽ ലക്ഷ്മിയമ്മയുടെ മൃതദേഹം വിട്ടുകിട്ടാനായി കാത്തുനിൽക്കുമ്പോൾ നസീബയുടെ കണ്ണുകള്‍ നനഞ്ഞൊഴുകുകയായിരുന്നു. തന്റെ പ്രിയപ്പെട്ടൊരാൾ ഇനി ഈ ഭൂമിയിലില്ലെന്ന സത്യം അവളുടെ ഹൃദയത്തെ നീറ്റിക്കൊണ്ടിരുന്നു.

താരമാകാൻ നൻമ ചെയ്യുകയും അതു വാർത്തയാക്കാൻ വെമ്പൽ കൊള്ളുകയും ചെയ്യുന്നവരുടെ ‘വൈറൽ’ കാലത്ത്, ആരുമറിയാതെ പോകുന്ന ചില ജീവിതങ്ങളുണ്ട്. സ്നേഹത്തിന്റെയും കരുണയുടെയും മനുഷ്യത്വത്തിന്റെയുമൊക്കെ തിളക്കമുള്ള മുത്തുകൾ കോർത്ത ചില പൊട്ടാച്ചരടുകള്‍... അങ്ങനെയൊരു സുവർണ നൂലാണ് 24 വയസ്സുകാരിയായ നസീബയും 76 വയസ്സുകാരി ലക്ഷ്മിയും തമ്മിലുള്ള ബന്ധത്തെയും ദൃഢമാക്കിയത്...ആ കഥ പറഞ്ഞു തുടങ്ങണമെങ്കിൽ വർഷങ്ങൾ കുറേ പിന്നിലേക്കു പോകണം.

11 വർഷം മുമ്പ്...

അട്ടപ്പാടി കോട്ടത്തറ കുന്നത്ത് വീട്ടിൽ സെയ്ദലവിയുടെയും നജുമുന്നീസയുടെയും മൂന്നു മകളിൽ ഇളയവളായ 12 വയസ്സുകാരി നസീബ സിത്താര കോട്ടത്തറ സർക്കാർ സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം. സ്കൂളിന് പുറത്ത്, ഗെയിറ്റിനടുത്തായി, കുട്ടയിൽ വച്ച് മിഠായിയും മധുരപലഹാരങ്ങളും വിൽക്കുന്ന ലക്ഷ്മിയമ്മയുമായി അവൾ അടുത്തു. പതിയപ്പതിയെ ആ ബന്ധം ദൃഢമായി. ബാക്കി കഥ നസീബ പറയും.

‘‘ഞാൻ അവിടെ നിന്നു മിഠായി വാങ്ങും, സംസാരിക്കും, കുറേ നേരം അവിടെ ഇരിക്കും. അങ്ങനെ പതിയെപ്പതിയെ ഞങ്ങൾ തമ്മിൽ അടുപ്പമായി. ഒരു കൊച്ചു മോളോടുള്ള വാൽസല്യവും സ്നേഹമുമായിരുന്നു മുത്തശ്ശിക്ക് എന്നോട്...

കോട്ടത്തറ സർക്കാർ സ്കൂളിൽ ഏഴാം ക്ലാസു വരെയേ ഉള്ളൂ. അതോടെ എട്ടാം ക്ലാസിൽ കോട്ടത്തറയിലെ ആരോഗ്യമാതാ സ്കൂളിലേക്ക് മാറി. എങ്കിലും ഇടയ്ക്കിടെ പോയി മുത്തശ്ശിയെ കാണും. സംസാരിക്കും. അതിനിടെ ഒരു ദിവസം എന്റെ വീട്ടിലും മുത്തശ്ശി വന്നിരുന്നു. പോകെപ്പോകെ ഞങ്ങൾ തമ്മിൽ കാണുന്നത് കുറഞ്ഞു. പഠനത്തിന്റെ തിരക്കിൽ തീരേ കാണാതായതോടെ ആ ബന്ധം മുറിഞ്ഞു. പക്ഷേ, 5 വർഷം കഴിഞ്ഞ്, 2015ൽ, ഞാൻ പ്ലസ് ടൂ കഴിഞ്ഞു നിൽക്കുന്ന സമയത്ത് അപ്രതീക്ഷിതമായി മുത്തശ്ശി ഒരു ദിവസം എന്നെ തിരക്കി വീട്ടിൽ വന്നു.

ആരും നോക്കാനില്ലാത്ത അവസ്ഥയിലായിരുന്നു അപ്പോൾ മുത്തശ്ശി. ഭർത്താവ് ചെറുപ്പത്തിലേ മരിച്ചു. മക്കളില്ല. ബന്ധുക്കളെന്നു പറയാൻ ആരുമില്ല. ആരോഗ്യമുള്ള കാലത്തോളം സ്വയം അധ്വാനിച്ചു ജീവിച്ചു. തീരെ വയ്യാതായപ്പോൾ ആശ്രയത്തിനു വേണ്ടിയാണ് എന്നെ തേടി വന്നത്.

എന്റെ ഉപ്പ ഗൾഫിൽ ഡ്രൈവറായിരുന്നു. ഉമ്മയും ഞങ്ങൾ മൂന്നു മക്കളുമായിരുന്നു വീട്ടിൽ. അക്കാലത്ത് മുത്തശ്ശിയെ വീട്ടിൽ താമസിപ്പിക്കാന്‍ പറ്റിയ സാഹചര്യവുമായിരുന്നില്ല. മാത്രമല്ല, പ്രായമുള്ള, ഇത്രയും വയ്യാത്ത മുത്തശ്ശിക്ക് ഞങ്ങളുടെ വീട്ടിൽ വച്ച് എന്തെങ്കിലും സംഭവിച്ചാലോ എന്ന ഭയവും വീട്ടുകാർക്കുണ്ടായിരുന്നു.

പക്ഷേ, മുത്തശ്ശിയെ ഒഴിവാക്കാനും തെരുവിലേക്കിറക്കി വിടാനും എനിക്കു തോന്നിയില്ല. അങ്ങനെ ഒരാഴ്ച വീട്ടിൽ നിർത്തിയ ശേഷം ഒരു ദിവസം ഉമ്മ നൽകിയ 200 രൂപയുമായി ഞാൻ മുത്തശ്ശിയെയും കൂട്ടി ഞങ്ങളുടെ നാട്ടിലും പരിസരത്തുമുള്ള പല അനാഥാലയങ്ങളിലും കയറിയിറങ്ങി. പക്ഷേ, പല കാരണങ്ങൾ പറഞ്ഞ് എല്ലാവരും ഒഴിവാക്കി. മറ്റൊന്ന്, ഒരു 17 വയസ്സുകാരി തന്റെ ബന്ധുവല്ലാത്ത 70 വയസ്സുള്ള ഒരു വൃദ്ധയുമായി വന്നതില്‍ അവർക്കുള്ള ആശങ്കകളായിരുന്നു.

naseeba-new-2

ഒടുവിൽ പഞ്ചായത്ത് ഓഫീസിൽ ചെന്നു. അവർ പൊലീസ് സ്റ്റേഷനിലേക്കു പോകാൻ പറഞ്ഞു. അങ്ങനെ അഗളി പൊലീസ് സ്റ്റേഷനിൽ എത്തി വിവരങ്ങൾ വിശദീകരിച്ച് ഒരു അപേക്ഷ നൽകി. തുടർന്ന് പൊലീസ് സ്റ്റേഷനിലെ നിർദേശമനുസരിച്ച് വീണ്ടും പഞ്ചായത്ത് ഓഫീസിൽ എത്തി. അതോടെ പഞ്ചായത്ത് സെക്രട്ടറി ഒരു കത്തും തന്ന് ബ്ലോക്ക് ഓഫീസിൽ നിന്നു രണ്ടു പേരെയും കൂട്ടി എന്നെയും മുത്തശ്ശിയെയും ‘കാരുണ്യാശ്രമം’ ഓൾഡ് ഏജ് ഹോമിലേക്ക് വിട്ടു. ഈശ്വരാനുഗ്രഹം എന്നു പറയട്ടെ, അന്നു തന്നെ മുത്തശ്ശിയെ കാരുണ്യാശ്രമത്തിൽ പ്രവേശിപ്പിച്ചു. ജീവിതത്തിൽ ഞാനിപ്പോഴും ഓർക്കുന്നത് ഈശ്വരന്റെ കയ്യൊപ്പുള്ള ദിവസമാണ് അതെന്നാണ്...’’.– നസീബ ആ ദിവസത്തിന്റെ ഓർമകളിലേക്ക് തിരികെപ്പോയി.

ഡിസംബർ 23 ന് ലക്ഷ്മിയമ്മ ഈ ലോകം വിട്ടു പോയി. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.

naseeba-new-3

‘‘മരിക്കുന്നതിനു രണ്ടു ദിവസം മുമ്പ് എന്നെ വിളിച്ചു. കാണാൻ തോന്നുന്നുണ്ടെന്ന് പറഞ്ഞു. 28 ആം തീയതി എന്റെ മോളുടെ പിറന്നാളാണ്. അന്ന് ചെല്ലാമെന്നു പറഞ്ഞു. എന്നാൽ അതിനു കാത്തു നിൽക്കാതെ അമ്മ പോയി...’’.– പറഞ്ഞതു പൂർത്തിയാക്കാനാകാതെ നസീബയുടെ ഒച്ചയിടറി. കണ്ണുനീരിൽ ആ വാക്കുകള്‍ നനഞ്ഞു.

മരണം വരെ 6 വർഷം ലക്ഷ്മിയമ്മ കാരുണ്യാശ്രമത്തിലായിരുന്നു. ഇതിനിടെ നസീബ വിവാഹിതയായി. ഒരു മകള്‍ പിറന്നു. മലപ്പുറം സ്വദേശിയും പ്രവാസിയുമായ മുഹമ്മദ് അബിനാഷ് ആണ് നസീബയുടെ ജീവിത പങ്കാളി. മകൾ – ഷിസാ മെഹ്റിൻ . ഇടയ്ക്കിടെ നസീബ പോയി ലക്ഷ്മിയമ്മയെ കാണുമായിരുന്നു. വിശേഷ ദിവസങ്ങളിൽ അന്തേവാസികൾക്കെല്ലാം ഭക്ഷണമെത്തിച്ചിരുന്നു. വിവാഹ ശേഷം ഭർത്താവിനെ കൂട്ടിയും മകൾ ജനിച്ച ശേഷം മകള്‍ക്കൊപ്പവും ലക്ഷ്മിയമ്മയെ കാണാന്‍ നസീബ പോയി.

‘‘പലരും എനിക്കു വട്ടാണെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ, വിട്ടുകളയാൻ തോന്നിയില്ല. എന്റെ വീട്ടിൽ താമസിപ്പിക്കാൻ സാധിക്കില്ല എന്നായപ്പോൾ അവർക്കൊരു ആശ്രയം വേണം എന്നു തോന്നി. പലരോടും സഹായം ചോദിച്ചെങ്കിലും എല്ലാവരും എന്നെ നിരുൽസാഹപ്പെടുത്തി. എവിടേക്കെങ്കിലും ഒഴിവാക്കി വിടാൻ പറഞ്ഞു. പക്ഷേ, എന്നെ വിശ്വസിച്ചു വന്നതാണ്, ഒഴിവാക്കിവിടാൻ തോന്നിയില്ല. ഇപ്പോഴും എങ്ങനെയാണ് ആ ധൈര്യം കിട്ടിയതെന്നറിയില്ല. എല്ലാം പടച്ചോന്റെ കൃപ’’. – നസീബയുടെ വാക്കുകളിൽ നനവ്....

‘‘മോർച്ചറിയിൽ നിന്നു ഞാനും വാർ‌ഡനും ചേർന്നാണ് ബോഡി ഒപ്പിട്ടു വാങ്ങിയത്. പഞ്ചായത്ത് ശ്മശാനത്തിലാണ് അടക്കിയത്. കർമം ചെയ്യാൻ ആരും ഉണ്ടായിരുന്നില്ല...’’.– നസീബ പറയുന്നു.