Thursday 18 February 2021 01:51 PM IST

‘അതൊന്നും പറയാതെ ഞങ്ങൾക്കിടയിലേക്ക് പ്രണയം കടന്നു വന്നു’: അവർ ഒരുമിക്കുമ്പോൾ: ജീവിതവും പ്രണയവും പറഞ്ഞ് പ്രിജിത്തും ഉണ്ണിയും

Binsha Muhammed

prijith-cover

‘അവന് പൂക്കള്‍ വലിയ ഇഷ്ടമായിരുന്നു. ചെമ്പകപ്പൂക്കളെ പറ്റി വാതോരാതെ സംസാരിക്കും. അതിൽ നിന്നാണ് ഞാനാ ഇഷ്ടം മനസിലാക്കിയത്. ആ ഇഷ്ടം തിരിച്ചറിഞ്ഞതിൽ പിന്നെ പൂവിടുന്ന ഓരോ ചെമ്പകമൊട്ടുകളും എന്റെ കൂടി ഇഷ്ടങ്ങളായി. ചെമ്പകപ്പൂക്കൾ എവിടെ കണ്ടാലും പകർത്തിയും ഇറുത്തും അവനു  സമ്മാനിക്കുക പതിവായി. ആ ഇഷ്ടത്തിനു വേണ്ടി സമയം മാറ്റിവച്ച അന്നു തിരിച്ചറിഞ്ഞതാണ് ആ പ്രണയം.’

പ്രണയത്തിനും ചെമ്പകപ്പൂക്കൾക്കും ഒരേ നിറമാണെന്ന് പ്രിജിത്ത് തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. മുന്നോട്ടുള്ള പ്രണയ വഴിയിൽ ചെമ്പകപൂക്കളുടെ സുഗന്ധത്തിനൊപ്പം പ്രതിബന്ധങ്ങളുടെ കാരിമുള്ളുകള്‍ ഉണ്ടാകുമെന്ന് പ്രിജിത്തിനും അവന്റെ പ്രണയം തിരിച്ചറിഞ്ഞ ഉണ്ണിക്കണ്ണനും വ്യക്തമായി അറിയാമായിരുന്നു. പക്ഷേ അതിനെയൊക്കെ അനായാസമായി അതിജീവിക്കാൻ അവരുടെ ഉള്ളിലൊരിഞ്ഞ പ്രണയം അവരെ പ്രാപ്തരാക്കിയിരുന്നു. കാലമിത്ര കടന്നിട്ടും സമൂഹത്തിന് ദഹിക്കാത്ത ആ പ്രണയം ഇതൾ വിരിഞ്ഞ കഥ ഇതാദ്യമായി പ്രിജിത്ത് പറയുന്നു, വനിത ഓൺലൈനിലൂടെ.

ചെമ്പക പൂക്കൾ തന്നു പ്രണയം

പ്രണയം തിരിച്ചറിയും മുമ്പേ സ്വത്വം തിരിഞ്ഞറിഞ്ഞവരായിരുന്നു ഞങ്ങൾ. അതെപ്പോഴാണ് എന്ന ചോദ്യത്തിനും എങ്ങനെ എന്ന ചോദ്യത്തിനും പ്രസക്തിയില്ല. സ്ത്രീയും പുരുഷനും മാത്രമല്ല, ഈ ലോകത്ത് 70ൽ അധികം ജെൻഡർ ഐഡന്റിറ്റികൾ ഉണ്ട്. അവർക്ക് പരസ്പരം ഇഷ്ടം തോന്നാറുണ്ട്. അക്കൂട്ടത്തിൽ രണ്ട് പേർ മാത്രമാണ് ഞങ്ങളെന്നും, ഞങ്ങളുടെ പ്രണയം പ്രകൃത്യാലുള്ളതാണെന്നും മാത്രം തിരിച്ചറിയൂ.– നിലപാടു പറഞ്ഞാണ് പ്രിജിത്ത് തുടങ്ങിയത്.

ഒരു ടിപ്പിക്കൽ ലവ് സ്റ്റോറിയുടെ കണക്ക് ഐ ലവ് യൂ... ഐ ലൈക് യൂ... എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. അതൊന്നും പറയാതെ ഞങ്ങൾക്കിടയിലേക്ക് പ്രണയം കടന്നു വരികയായിരുന്നു. അതിന് ചെമ്പകപ്പൂ നിമിത്തമായി എന്നു വേണം പറയാൻ. അവന് ചെമ്പകപ്പൂവിനോടുള്ള പ്രണയത്തിനൊപ്പം ഞാനും തിരിച്ചറിഞ്ഞ നിമിഷം ഞങ്ങൾ മനസു കൊണ്ട് ഒന്നായി. ഒരുമിച്ച് ജീവിക്കാനും തീരുമാനമെടുത്തു.

prijith

നല്ല മാറ്റങ്ങളേ... ഇതിലേ... ഇതിലേ...

ഇംഗ്ലീഷിൽ ഗവേഷക വിദ്യാർത്ഥിയാണ് ഞാൻ. ഉണ്ണിക്കണ്ണൻ എംബിഎക്ക് പഠിക്കുന്നു. തിരുവനന്തപുരത്താണ് ഞങ്ങൾ സെറ്റിൽ ചെയ്തിരിക്കുന്നത്. ഒരുമിച്ച് ജീവിക്കാൻ തീരുമാനം എടുക്കുമ്പോൾ സമൂഹത്തിന്റെ അറപ്പും ദുഷിപ്പും കലർന്ന കുത്തുവാക്കുകളെ ‍ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഗേ പ്രണയങ്ങളെ ഉൾക്കൊള്ളാവുന്ന പക്വതയിലേക്ക് സമൂഹം മാറിത്തുടങ്ങി എന്നത് ആശ്വാസകരമായി. ഞങ്ങൾക്ക് മുമ്പ് ഒരുമിക്കാൻ തീരുമാനിച്ച നികേഷ്–സോനു ദമ്പതികളെ സോഷ്യൽ മീ‍ഡിയ ചിത്രവധം ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഞങ്ങളുടെ കാര്യത്തിൽ ആക്രമണങ്ങൾ തുലോം കുറവായിരുന്നു. വേൾഡ് മലയാളി സർക്കിളില്‍ പോസ്റ്റ് ചെയ്ത ഞങ്ങളുടെ പ്രണയ ചിത്രത്തെ ആരും കാര്യമായി ആക്രമിച്ചിട്ടില്ല എന്നത് സമൂഹത്തിന്റെ നല്ലമാറ്റമായി കരുതാം. പിന്നെ വീട്ടുകാർ, എനിക്ക് ഉണ്ണിക്കണ്ണനോടുള്ള പ്രണയത്തെ ഉൾക്കൊള്ളാനുള്ള മാനസിക അവസ്ഥയിലേക്ക് അവർ എന്തായാലും ഇപ്പോൾ എത്തിയിട്ടില്ല. അങ്ങനെയൊരു സാഹചര്യം എത്തുമ്പോൾ ഉറപ്പായും അവരോടും പറയും. ഉണ്ണിക്കണ്ണന്റെ വീട്ടുകാർക്ക് ഞങ്ങളുടെ റിലേഷനിൽ പൂർണ സമ്മതമാണ്.

ഗേ ദമ്പതികൾക്ക് അവരുടെ വിവാഹം രജിസ്റ്റർ ചെയ്യാനുള്ള നിയമങ്ങളൊന്നും നിർഭാഗ്യവശാൽ നമ്മുടെ ഇടയിൽ ഇല്ല. അങ്ങനെയൊന്ന് സംഭവിക്കുന്ന നിമിഷം വിവാഹം രജിസ്ട്രേഷനെ കുറിച്ച് ചിന്തിക്കും. രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധത്തിനെ നിയമ നൂലാമാലകളുമായി വിളക്കി ചേർക്കാൻ താത്പര്യം ഉണ്ടായിട്ടല്ല. എന്റെ പാർട്ണർ അത് ആഗ്രഹിക്കുന്നു. അവന്റെ ഇഷ്ടത്തെ ഞാൻ ബഹുമാനിക്കുന്നു.

ഞങ്ങളുടെ പ്രണയത്തെ സമൂഹം എങ്ങനെ സ്വീകരിക്കുന്നു എന്നത് ആലോലിച്ച് എനിക്ക് ആശങ്കകളില്ല. പക്ഷേ.. നിങ്ങൾക്ക് സമാനമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവർ ഒരുപാട് ഉണ്ടാകും. ഒരു പക്ഷേ നിങ്ങളുടെ കുടുംബത്തിൽ തന്നെ സ്വവർഗാനുരാഗികളും ട്രാൻസ്ജെൻഡറുമൊക്കെ കാണും. അത് തിരിച്ചറിയുന്ന നിമിഷം അവർക്കെതിരെ വാളെടുക്കാരിതിരുന്നാൽ മതി. അവരും മനുഷ്യരാണെന്ന തിരിച്ചറിവുണ്ടായാൽ മാത്രം മതി. എന്റെയും ഉണ്ണിക്കണ്ണന്റേയും  ജീവിതം ഹാപ്പിയാണ്, എല്ലാ അർത്ഥത്തിലും– പ്രിജിത്ത് പറഞ്ഞു നിർത്തി.