Tuesday 23 March 2021 12:35 PM IST

‘വർഷയുടെ ഷൂസ് അദ്ദേഹം സ്വന്തം കൈകൊണ്ട് മാറ്റിവച്ചു’: തെരേസാസിനെ വിസ്മയിപ്പിച്ച് ‘രാഗാ’: അനുഭവം പങ്കിട്ട് വിദ്യാർത്ഥികൾ

Binsha Muhammed

raga-teresas

‘ഒന്നുകിൽ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കിൽ കളരിക്ക് പുറത്ത്.’

കളിയായിട്ടും കാര്യമായിട്ടും പറയുന്ന ഈ പഴഞ്ചൊല്ല് എറണാകുളം സെന്റ് തെരേസാസ് കോളജിൽ അന്വർത്ഥമാകുകയായിരുന്നു. ഇവിടെ തെരേസിയൻസിന് ‘അടിതട’ പഠിക്കാൻ പാറപോലെ ഉറച്ചു നിന്ന ആശാൻ, ആളൊരു സെലിബ്രിറ്റിയാണ്. പേര് രാഹുൽ ഗാന്ധി. കോൺഗ്രസ് പാർട്ടിയുടെ ചുറചുറുക്കുള്ള മുഖം.

സെന്റ് തെരേസാസ് കോളജില്‍ സംഘടിപ്പിച്ച വിദ്യാർത്ഥികളുമായുള്ള മുഖാമുഖം പരിപാടിക്കിടെയാണ് താരപരിവേഷങ്ങൾ മാറ്റിവച്ച് ‘രാഗാ’ ജാപ്പനീസ് ആയോധന കലയായ ഐക്കീഡോയുടെ ആശാനായത്. ‘താങ്കൾക്ക് ഐകീഡോ എന്ന കായികാഭ്യാസത്തിൽ പ്രാവീണ്യമുണ്ടെന്നു കേട്ടിട്ടുണ്ട്. സ്ത്രീസുരക്ഷയ്ക്കായി ഒരു ചെറിയ മുറ പരിശീലിപ്പിക്കാമോ’ എന്ന വിദ്യാർത്ഥിനിയുടെ ചോദ്യം ഒരൊറ്റ നിമിഷം കൊണ്ട് പ്രസംഗ വേദിയെ അങ്കത്തട്ടാക്കി മാറ്റുകയായിരുന്നു. ചെറിയൊരു സമയത്തേക്കെങ്കിലും രാഹുൽ ഗാന്ധിയിൽ നിന്ന് അമൂല്യമായ അടിതട രഹസ്യം പഠിക്കുകയും, ശിഷ്യത്വം സ്വീകരിക്കുകയും ചെയ്ത് വൈറലായ ശിഷ്യരിൽ ഒരാൾ ആ അനുഭവം ‘വനിത ഓൺലൈനോട്’ പങ്കുവയ്ക്കുകയാണ്. സെന്റ് തേരേസാസ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ജോർജിന വിവരിക്കുന്നു, ആ സംഘട്ടന രംഗം.

രാഗാ ഞങ്ങടെ ആശാൻ’

തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരളത്തിലെത്തിയ രാഹുൽ ഗാന്ധി ഒരു മണിക്കൂറാണ് ഞങ്ങളുടെ കോളജിൽ ചിലവഴിച്ചത്. സ്ത്രീ ശാക്തീകരണത്തെ കുറിച്ചൊക്കെ ഇംഗ്ലീഷിൽ ‘കടുകു വറുത്ത്’ പിള്ളേരെ കയ്യിലെടുക്കുകയായിരുന്നു രാഗാ. സ്ത്രീ ശാക്തീകരണത്തെ കുറിച്ചുള്ള ചോദ്യ ശരങ്ങളെ ചിരിയോടെ നേരിടുന്നതിനിടെയാണ് വൈസ് ചെയർ പേഴ്സൺ വർഷ വേണുഗോപാൽ ആ ചോദ്യം ചോദിച്ചത്.– ജോർജിന ആവേശത്തോടെ ആ നിമിഷം ഓർത്തെടുക്കുകയാണ്.

‘താങ്കൾക്ക് ഐകീഡോ എന്ന കായികാഭ്യാസത്തിൽ പ്രാവീണ്യമുണ്ടെന്നു കേട്ടിട്ടുണ്ട്. സ്ത്രീസുരക്ഷയ്ക്കായി ഒരു ചെറിയ മുറ പരിശീലിപ്പിക്കാമോ’ എന്നായിരുന്നു ചോദ്യം. രാഹുൽ ഗാന്ധിയുമായുള്ള മുഖാമുഖം അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കേയായിരുന്നു ആ ചോദ്യം. ഒരു നിമിഷം അദ്ദേഹം ചിന്തിച്ചു. നമുക്കിനി എത്രസമയം ഇവിടെ ബാക്കിയുണ്ട്? 10 മിനിറ്റെന്ന് സംഘാടകരുടെ മറുപടി. പിന്നെ വൈകിയില്ല. ചോദ്യം ചോദിച്ച വർഷയെ സ്റ്റേജിലേക്ക് വിളിച്ചു. മുട്ടുമടക്കി ഇരിക്കുന്നയാളെ കീഴ്പ്പെടുത്താൻ ഒന്നിലേറെപ്പേർ ശ്രമിക്കുമ്പോൾ പ്രതിരോധിക്കുന്ന രീതിയാണ് രാഹുൽ പരിശീലിപ്പിച്ചത്. ഒന്നിലധികം ആൾക്കാർ വേണ്ടതു കൊണ്ടു തന്നെ ഞാനുൾപ്പെടെ കുറച്ചു കുട്ടികൾ കൂടി അഭ്യാസത്തിന് തയ്യാറായി. രാഹുൽ ഗാന്ധിയാകട്ടെ മുട്ടുകുത്തി നിലത്തിരുന്നു. അദ്ദേഹം തന്നെ അഭ്യാസത്തിന് നേരിട്ട് തയ്യാറായതാണ്. പക്ഷേ ഒരു ദേശീയ നേതാവിന്റെ ശരീരം ‘പരിചയാക്കേണ്ടല്ലോ’ എന്നോർത്ത് പാവത്തിനെ വെറുതെ വിട്ടു. ഒന്നുമില്ലെങ്കിലും നമ്മുടെ പാവം രാഹുലല്ലേ... ഞങ്ങളുടെ ചീഫ് ഗസ്റ്റല്ലേ... ചോദ്യം ചോദിച്ച വൈസ് ചെയർ പേഴ്സൺ വർഷ തന്നെയാണ് അഭ്യാസത്തിനായി നിലത്തിരുന്നത്. അഭ്യാസത്തിന്റെ മാതൃക കാണിക്കുന്നതിനായി സ്റ്റേജിലെത്തിയ വർഷ അഴിച്ചുവച്ച ഷൂസ് കൈകൊണ്ട് എടുത്ത് മാറ്റിവച്ചതും രാഹുലായിരുന്നു. രാഹുൽ ഗാന്ധിയുടെ സിംപ്ലിസിറ്റി ഒരിക്കൽ കൂടി അടിവരയിട്ട നിമിഷമായിരുന്നു അത്.

അദ്ദേഹത്തെ തള്ളിമറിക്കാൻശ്രമിക്കുന്നതിനിടെ, രസികൻ കമന്റും വന്നു– ‘ഇതാണു കോൺഗ്രസിന്റെ സ്ഥിതി.’ ‘ശരിയായ സ്ഥാനത്ത് ഉറച്ചുനിന്നാൽ ആർക്കും കീഴ്പ്പെടുത്താനാകില്ല! ഈ കമന്റ് സദസിൽ കൂട്ടച്ചിരി പടർത്തി.

വലിയൊരു രഹസ്യം കൂടി പങ്കിട്ടാണ് രാഹുൽ വേദി വിട്ടത്. പുരുഷന്മാരെക്കാൾ കായികശക്തികൂടുതലുള്ളത് സ്ത്രീകൾക്കാണെന്നായിരുന്നു രാഹുൽ പറഞ്ഞ ആ രഹസ്യം. പുരുഷന്മാർ തുറന്നുപറയാറില്ലാത്ത കാര്യവും സ്ത്രീകൾക്ക് അറിയാത്തതുമായൊരു രഹസ്യം താൻ വെളിപ്പെടുത്തുകയാണെന്നുകൂടി പറഞ്ഞപ്പോൾ ആവേശത്തോടെ ആ വാക്കുകൾ സ്വീകരിച്ചു.

എന്തായാലും ഒരു മണിക്കൂർ മാത്രമേ രാഹുൽ ഗാന്ധി കോളജിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഒരിക്കലും മറക്കാത്ത ഓർമ്മകൾ സമ്മാനിച്ചാണ് അദ്ദേഹം മടങ്ങിയത്. ഞങ്ങളുടെ പിള്ളേർക്ക് ഇതിലും വലിയ എക്സ്പീരിയൻസ് ഇനി വേറെ കിട്ടാനുണ്ടോ?– ജോർജിന പറഞ്ഞു നിർത്തി.

ഐക്കീഡോ

ഊർജത്തെ ശരീരത്തിലേക്ക് ഏകോപിപ്പിച്ച് കരുത്തനാകാനുള്ള മാർഗമാണ് 'ഐക്കീഡോ'. ജപ്പാനീസ് ആയോധന കലയാണിത്. ജാപ്പനീസ് ആയോധന കലയായ ഐക്കീഡോ മുറയിൽ നിലത്തിരിക്കുന്നയാളെ മുമ്പിൽനിന്ന് എത്രശക്തമായി തള്ളിയാലും പിന്നിലേക്ക് മറിയില്ല, വർദ്ധിത ഊർജത്തോടെ പ്രതിരോധിക്കാനും സാധിക്കുമെന്നതാണ് ഐക്കീഡോയുടെ അടിസ്ഥാനതത്വം.