Wednesday 26 May 2021 05:42 PM IST

13 തവണ അപേക്ഷ അയച്ച് ജോലി വാങ്ങാൻ സക്കീർ ഭായ്ക്ക് പറ്റുമോ? ബട്ട് ഐ കാൻ! ബ്രിട്ടീഷ് സേനയുടെ എച്ച്ആർ ആയ മലയാളി രാജീവ് നായർ പറയുന്നു

Priyadharsini Priya

Sub Editor

rajeev-nair111

ഒരു ജോലിക്ക് 13 തവണ അപേക്ഷ അയച്ചാലോ? നമ്മുടെ നാട്ടിൽ വല്ലോം ആണെങ്കിൽ ഒന്നു രണ്ടു തവണ കഴിയുമ്പോൾ തന്നെ എച്ച് ആർ ഡിപ്പാർട്ട്മെന്റുകാർ അതു വലിച്ചു കീറി ദൂരെ എറിഞ്ഞേക്കും. എന്നാൽ രാജീവ് നായരുടെ കാര്യത്തിൽ അങ്ങനെയല്ല സംഭവിച്ചത്. പതിമൂന്നാം തവണ രാജീവിന്റെ പ്രാർഥന ദൈവം കേട്ടു. വർഷങ്ങളോളം സ്വപ്നം കണ്ട ജോലി അങ്ങനെ കൈപ്പിടിയിലായി. അതും യുകെയിൽ. 

യുകെയിൽ ഇഷ്ട ജോലിക്കായി ഒന്നും രണ്ടുമല്ല, 13 തവണയാണ് രാജീവ് അപേക്ഷിച്ചത്. ഓരോ തവണ അപേക്ഷ തള്ളുമ്പോഴും മനഃസാന്നിധ്യം കൈവിടാതെ വീണ്ടും വീണ്ടും പ്രയത്നിച്ചു. ഒടുവില്‍ രാജീവിനെ തേടി ആ സൗഭാഗ്യമെത്തി. ഇന്ന് ബ്രിട്ടീഷ് സേനയുടെ എച്ച് ആർ സ്‌പെഷലിസ്റ്റ് ഓഫിസിൽ ജോലി ലഭിക്കുന്ന ആദ്യത്തെ മലയാളിയായി ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് രാജീവ്. തിരുവനന്തപുരം പാൽക്കുളങ്ങര വേങ്കെടുത്ത് വീട്ടിൽ രാജശേഖരൻ നായരുടെയും ലൈലയുടെയും മകനാണ് രാജീവ് നായർ. അപൂർവനേട്ടത്തിനു പിന്നിലെ വെല്ലുവിളികൾ വനിത ഓൺലൈനിലൂടെ പങ്കുവയ്ക്കുകയാണ് അദ്ദേഹം. 

ബ്രിട്ടീഷ് സേനയുടെ ഭാഗം 

2012 മുതൽ തുടങ്ങിയ പരിശ്രമമാണ്, മുട്ടുവിൻ തുറക്കപ്പെടും എന്ന് പറയുന്നപോലെ ഒടുക്കം എനിക്ക് മുന്നിൽ ആ വാതിൽ തുറന്നു. എസിസിഎ പഠിച്ചു കഴിഞ്ഞശേഷമാണ് ബ്രിട്ടീഷ് ആർമിയുടെ ഒരു പരീക്ഷ എഴുതാൻ ഞാൻ പോകുന്നത്. 13 തവണ പരിശ്രമിച്ചശേഷമാണ് എന്റെ ആപ്ലിക്കേഷൻ അവർ അംഗീകരിക്കുന്നത്. ഈ ജോലിയ്ക്കായി ഫിസിക്കലി ഫിറ്റ് ആയിരിക്കണം. കൂടാതെ നാലുതരം പരീക്ഷകൾ ഉണ്ടായിരുന്നു. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ടെൻത് എക്സാം, സ്പോട് എക്സാം, മാത്തമാറ്റിക് എക്സാം എന്നിങ്ങനെ. ഇതെല്ലാം കഴിഞ്ഞശേഷമാണ് ഇന്റർവ്യൂ വരുന്നത്. അതിനുശേഷം മാത്രമേ അവരുമായി നേരിട്ട് ഫൈനൽ ഇന്റർവ്യൂവിന് ശ്രമിക്കാൻ പറ്റുകയുള്ളൂ.

എച്ച് ആർ സ്‌പെഷലിസ്റ്റ് ആൻഡ് ഫിനാൻഷ്യൽ കൺട്രോളർ ആയാണ് ഡ്യൂട്ടിയിൽ ജോയിൻ ചെയ്തത്. അഡ്മിനിസ്ട്രേറ്റിവ് സെക്ഷനിലാണ് ജോലി. ഫുൾ ടൈം ഓഫിസിൽ ആയിരിക്കും. ഇതിനൊപ്പം ബ്രിട്ടീഷ് സേനയുടെ സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിലുമുണ്ട്. ആറു മാസത്തെ ട്രെയിനിങ് കഴിയുമ്പോൾ എംബസികളിലും ജോലി ചെയ്യാൻ സാധിക്കും. എജിസിയുടെ സ്‌പെഷൽ പവർ എന്നു പറയുന്നത് അതാണ്. ബ്രിട്ടീഷ് സേനയുടെ ഭാഗമായ സ്‌പെഷൽ ഇൻവെസ്റ്റിഗേഷനിലും ബ്രിട്ടീഷ് എംബസികളിലും ജോലി ചെയ്യാൻ അനുവാദം കിട്ടുന്ന ആദ്യത്തെ മലയാളിയാകും ഞാൻ. 

rajeev-nair222

പ്ലസ്ടു കഴിഞ്ഞതും പറന്നു

പട്ടം സെന്റ് മേരീസ് ഹയർസെക്കന്ററി സ്‌കൂളിലായിരുന്നു പത്തു വരെ ഞാൻ പഠിച്ചത്. പ്ലസ് ടു പഠിച്ചത് തിരുവനന്തപുരം നാലാഞ്ചിറ സെന്റ് ജോൺസ് ഹയർസെക്കന്ററി സ്‌കൂളിൽ. 2009 ൽ ആണ് ഞാൻ സ്റ്റുഡന്റ് വിസയിൽ ലണ്ടനിലെത്തുന്നത്. അവിടെ സെന്റ് ആൻഡ്രൂസ് സ്‌കൂളിലാണ് അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടൻറ്സ് (എസിസിഎ) പഠിക്കുന്നത്.

അതുകഴിഞ്ഞു 2014 ൽ ലണ്ടൻ സ്‌കൂൾ ഓഫ് ബിസിനസ് ആൻഡ് ഫിനാൻസിൽ സിമ എന്ന കോഴ്‌സ് ചെയ്തു. പിന്നീട് 2016 മുതൽ ചാർട്ടേഡ് അക്കൗണ്ടൻഡ് ആയി ജോലി ചെയ്തു വരുകയായിരുന്നു. ഇക്കാലയളവിൽ യുകെ മലയാളികളിൽ നിന്ന് എനിക്കൊരുപാട് സഹായം ലഭിച്ചിട്ടുണ്ട്. എമിഗ്രേഷനും കോളജിൽ അഡ്മിഷൻ എടുക്കാനൊക്കെ എന്നെ സഹായിച്ചത് രണ്ടുപേരാണ്, രാജു രാധാകൃഷ്ണനും ഫ്രാൻസിസും.

എന്റെ ഫാമിലിയാണ് എപ്പോഴും സപ്പോർട്ടിങ് ആയിരുന്നത്. ഭാര്യ ഐശ്വര്യയാണ് ഓരോ കാര്യത്തിനും പ്രചോദനമായത്. പരീക്ഷകൾ, ജോലി സ്ഥലത്തെ ടെൻഷൻ ഒക്കെ മാറ്റാൻ ഒപ്പം നിന്നത് ഐശ്വര്യയാണ്. ലണ്ടനില്‍ എംഎസ്‌സി വിദ്യാർഥിനി കൂടിയാണ് ഐശ്വര്യ. രണ്ടു വയസ്സുള്ള മകൻ ഇഷാനാണ് ഇപ്പോൾ ഞങ്ങളുടെ ലോകം. 

യുകെയിലെ 'നന്മ മലയാളി' 

ചാരിറ്റിയാണ് എന്റെ പ്രധാന ഹോബി. നാട്ടിലെ മിഷൻ ബെറ്റർ റ്റുമാറോ, നന്മ പോലുള്ള ചാരിറ്റി പ്രവർത്തനങ്ങൾ ഐപിഎസ് ഓഫിസർ പി വിജയൻ സാറിന്റെ അനുവാദത്തോടെ ഞാനിവിടെ തുടങ്ങിയിട്ടുണ്ട്. വിജയൻ സാറാണ് കേരളാ പൊലീസിന്റെ ഭാഗമായ 'നന്മ' തുടങ്ങിവച്ചത്. 2018 ൽ നന്മ യുകെയിൽ ഞാൻ തുടങ്ങി. 2021 ൽ അത് മിഷൻ ബെറ്റർ ടുമാറോ എന്ന വലിയ ചാരിറ്റി ഓർഗനൈസേഷൻ ആക്കിമാറ്റി. അതിന്റെ നോഡൽ ഓഫിസർ ഞാനാണ്.

മിഷൻ ബെറ്റർ ടുമാറോയുടെ ഭാഗമായി ഫീഡ് അസ് സ്റ്റോമക്ക്, നന്മ ഭവനങ്ങൾ തുടങ്ങിയ പദ്ധതികൾ നടന്നുപോകുന്നുണ്ട്. ഭക്ഷണം വിതരണം ഒക്കെ നടത്താറുണ്ട്. ഇപ്പോൾ മികച്ച ടീമായി അത് മുന്നോട്ടു പോകുന്നുണ്ട്. 2020 ൽ കോവിഡ് പ്രതിസന്ധി അതിരൂക്ഷമായിരുന്നു. ഈ സമയം ഒരുപാട് പേർ എങ്ങനെയെങ്കിലും നാട്ടിലെത്താൻ ആഗ്രഹിച്ചിരുന്നു. നന്മ മുഖേന ഇന്ത്യക്കാരായ കുറേ ആളുകളെ ഹൈകമ്മീഷൻ വഴി നാട്ടിലേക്കയക്കാൻ സാധിച്ചു. ചാർട്ടേഡ് ഫ്ലൈറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നന്മയുടെ നോഡൽ ഓഫിസർ എന്ന നിലയിൽ അവർക്കുവേണ്ടി ചെയ്തുകൊടുക്കാൻ കഴിഞ്ഞു.

rajeev-nairr455
Tags:
  • Spotlight
  • Inspirational Story