Wednesday 07 July 2021 12:15 PM IST

3 വയസ്സിൽ പനിയുടെ ഇഞ്ചക്ഷൻ കാൽ തളർത്തി, മുട്ടിലിഴഞ്ഞ ബാല്യം! പ്രതിസന്ധികളോടും വിധിയോടും പൊരുതി ‘മിസ്റ്റർ വേൾഡ്’ ആയ രാജേഷിന്റെ കഥ

V.G. Nakul

Sub- Editor

rajesh-john-3

ചെറിയ ചെറിയ പരിമിതികളിൽ പോലും ജീവിതം തീർന്നെന്നു കരുതി നിരാശയുടെയും നിസ്സംഗതയുടെയും കയങ്ങളിലേക്ക് സ്വയം മുങ്ങിപ്പോകുന്നവർ രാജേഷ് ജോൺ എന്ന ചെറുപ്പക്കാരന്റെ ജീവിത കഥ അറിയണം. ജനിച്ച കാലം മുതൽ തന്നെ വേട്ടയാടിയ പ്രതിസന്ധികളോടും വിധിയോടും നേർക്കു നേർ നിന്നു പൊരുതി, അടൂര്‍ സ്വദേശിയായ ഈ യുവാവ് നടന്നു കയറിയത് ലോകത്തിന്റെ നെറുകയിലേക്കാണ്. അംഗപരിമിതർക്കായുള്ള ശരീര സൗന്ദര്യ മത്സരത്തിൽ മിസ്റ്റർ കേരള, മിസ്റ്റർ ഇന്ത്യ, മിസ്റ്റർ വേൾഡ് പുരസ്കാരങ്ങൾ നേടിയ രാജേഷ് ഇപ്പോൾ ‘വീൽചെയർ ഒളിമ്പിയ’യ്ക്കായുള്ള തയാറെടുപ്പിലാണ്. മൂന്നാം വയസ്സിൽ ഇടതു കാൽ തളർന്ന്, മുട്ടിലിഴഞ്ഞു നടക്കുന്ന അവസ്ഥയിലേക്കെത്തിയ ഈ ചെറുപ്പക്കാരൻ അവിടെ നിന്നാണ് ഈ അംഗീകാരങ്ങളിലേക്കു കുതിച്ചെത്തിയത്.

‘‘ഞാൻ സഹതാപം ആഗ്രഹിക്കുന്നില്ല. എന്റെ ജീവിതം മറ്റുള്ളവർക്ക് പ്രചോദനമാക്കുകയാണ് ലക്ഷ്യം. അതിനു വേണ്ടി ഇനിയുമേറെ മുന്നോട്ടു പോകാനുണ്ട്. അതിലേക്കുള്ള യാത്രയിലാണ് ഞാൻ’’.– രാജേഷ് ‘വനിത ഓൺലൈനോട്’ പറയുന്നു.

‘‘മൂന്നാം വയസ്സിൽ ഒരു പനി വന്ന് ആശുപത്രിയിലായി. ഡിസ്ചാർജ് ചെയ്ത് പോകാനൊരുങ്ങിയപ്പോൾ ഒരു ഇഞ്ചക്ഷൻ തന്നു. അത് വെയിൻ മാറിയാണ് കുത്തിയത്. അതോടെ ഇടതു കാൽ തളർന്നു. ചികിത്സിച്ചെങ്കിലും ഗുണമുണ്ടായില്ല. ആയുർവേദം പരീക്ഷിച്ചതിനാലാണ് പൂർണമായി തളരാതിരുന്നത്. ഇപ്പോൾ കാലിപ്പർ ഇട്ടാണ് നടക്കുന്നത്’’. – രാജേഷ് പറയുന്നു.

rajesh-john-5

ഏഴ് മക്കളിൽ ഏഴാമൻ

അടൂർ, എനാത്ത്, മെതുകുമ്മേലാണ് നാട്. അച്ഛൻ ജോണിനും അമ്മ ഓമനയ്ക്കും ഏഴ് മക്കളാണ്. ഏഴാമനാണ് ഞാൻ. അച്ഛനും അമ്മയ്ക്കും പ്രായമായ ശേഷം ജനിച്ച മകനാണ്. ഏറ്റവും മൂത്ത ചേട്ടനും ഞാനും തമ്മില്‍ വലിയ പ്രായവ്യത്യാസമുണ്ട്. വീട്ടിൽ സാമ്പത്തിക പ്രതിസന്ധികളുണ്ടായിരുന്നു. അതിനാൽ ഏഴാം ക്ലാസ് വരെ തിരുവനന്തപുരത്ത് അംഗപരിമിതരായ കുട്ടികൾക്കു വേണ്ടിയുള്ള ബാലഭവനിൽ താമസിച്ച് പഠിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ പരിഹാസങ്ങളോ, അപമാനമോ കുട്ടിക്കാലത്ത് അധികം നേരിട്ടിരുന്നില്ല. വീട്ടിൽ നിന്നു മാറി നിൽക്കുന്നതിന്റെ സങ്കടം തോന്നിയിരുന്നു. ക്രിസ്മസ്, ഓണം, വേനൽ അവധികൾക്കു മാത്രമേ വീട്ടിൽ വിടൂ.

അവിടെ വച്ചാണ് പ്രയാസപ്പെട്ടെങ്കിലും എഴുന്നേറ്റ് നടക്കാൻ തുടങ്ങിയത്. ഫിസിയോതെറപ്പിയൊക്കെ ചെയ്യുന്നുണ്ടായിരുന്നു.

rajesh-john-2

അറിയപ്പെടുന്ന ആളാകണം

എട്ടാം ക്ലാസ് കഴിഞ്ഞ് നാട്ടിലെത്തി, ഇവിടുത്ത സ്കൂളിൽ ചേർന്നപ്പോഴാണ് ഈ പരിമിതിയെ മറികടന്ന് അറിയപ്പെടുന്ന ഒരാളാകണമെന്ന തോന്നലുണ്ടായത്. സാധാരണ കുട്ടികൾക്കൊപ്പം പഠിച്ചു തുടങ്ങിയപ്പോൾ അവർക്കൊപ്പം എത്തണമെന്ന വാശിയുണ്ടായി. കൂട്ടുകാരും വലിയ പിന്തുണയായിരുന്നു. അങ്ങനെയാണ് പ്ലസ് വണ്ണിന് പഠിക്കുമ്പോൾ യാദൃശ്ചികമായി ബോഡി ബിൾഡിങ്ങിലേക്ക് കടക്കുന്നത്. അതിന് കാരണം എന്റെ തൊട്ടു മൂത്ത ചേട്ടനാണ്. അദ്ദേഹം സിമന്റും കമ്പിയുമൊക്കെ വച്ച് ഡംബൽസ് ഉണ്ടാക്കി വച്ചിരുന്നു. ഒപ്പം കരാട്ടെയും പഠിക്കുന്നുണ്ടായിരുന്നു. അതു കണ്ട് ഞാനും പതിയെ ഡംബൽസ് വച്ച് ചെറിയ തോതിൽ വർക്കൗട്ട് തുടങ്ങി. പോകെപ്പോകെ ക്രേസ് ആയി. കുറച്ചു കഴിഞ്ഞപ്പോൾ കൂട്ടുകാർക്കൊപ്പം ജിമ്മിൽ പോകാൻ തുടങ്ങി. ജിമ്മിൽ ജോയിൻ ചെയ്ത് നാലാമത്തെ വർഷം മുതൽ ഞ‌ാൻ അവിടുത്തെ ട്രെയിനറായി. വരുമാനവും വന്നു തുടങ്ങി. സ്വാഭാവികമായും ജിം ആയി എന്റെ ലോകം.

rajesh-john-1

മത്സര ലോകത്തേക്ക്

2006 ൽ മിസ്റ്റർ പത്തനംതിട്ടയിലാണ് ആദ്യം മത്സരിച്ചത്. ബോഡി ബിൾഡിങ് അസോസിയേഷന്റെ സെക്രട്ടറി അരുൺകുമാറാണ് പിന്തുണച്ചത്. അതിൽ വിന്നറായി. തുടർന്ന് മിസ്റ്റർ കേരള, മിസ്റ്റർ ഇന്ത്യ വിന്നറായി. തുടർച്ചയായി മൂന്നു വർഷം ആ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റായ പ്രമോദാണ് പറഞ്ഞത് ഇന്റർനാഷനൽ മത്സരങ്ങൾക്ക് പങ്കെടുക്കണമെന്ന്. അങ്ങനെ 2016 ൽ അയർലണ്ടിൽ മിസ്റ്റർ വേൾഡ് മത്സരത്തിൽ പങ്കെടുത്ത് വിന്നറായി. 2018 ലും വിന്നറായി. അംഗപരിമിതരുടെ മത്സരത്തില്‍ വിഭാഗങ്ങളില്ല. എല്ലാവരും ഒന്നിച്ചാണ് പങ്കെടുക്കുക.

rajesh-john-2

പ്ലസ് ടൂ കഴിഞ്ഞ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് ഡിപ്ലോമ ചെയ്തു. ഇപ്പോൾ ഞാൻ സ്വന്തമായി ഒരു ജിം നടത്തുന്നുണ്ട്. അടുത്തത് ആരംഭിക്കാനൊരുങ്ങുന്നു. ഇപ്പോൾ ‘വീൽചെയർ ഒളിമ്പിയ’യ്ക്കു വേണ്ടിയുള്ള തയാറെടുപ്പിലാണ്. സെപ്തംബറിലാണ് അതിന്റെ അടുത്ത സിലക്ഷൻ. റിജോയ് തോമസ് ആണ് എന്റെ സ്പോൺസർ. ഒരു ഫിറ്റ്നസ് അക്കാഡമിയാണ് അടുത്ത ലക്ഷ്യം.